പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ മോദി യുകെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

Posted On: 19 NOV 2024 6:04AM by PIB Thiruvananthpuram

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. യു കെ പ്രധാനമന്ത്രിയായി ചുമതലയേറ്റ സ്റ്റാർമറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. മൂന്നാം തവണയും ചരിത്ര വിജയം നേടി അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു കെ പ്രധാനമന്ത്രി സ്റ്റാർമറും ഊഷ്മളമായ ആശംസകൾ നേർന്നു.

ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ച ഇരു നേതാക്കളും  സമ്പദ്‌വ്യവസ്ഥ, വ്യാപാരം, പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, ഗവേക്ഷണം, നൂതനത സംരംഭങ്ങൾ , ഹരിത ധനകാര്യം, ജനങ്ങളുമായുള്ള സമ്പർക്കം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യ-യുകെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള  പ്രതിബദ്ധത അവർത്തിച്ചുറപ്പിച്ചു.  പ്രാദേശിക അന്തർദേശീയ പ്രാധാന്യവുമുള്ള വിഷയങ്ങൾ ഉൾപ്പെടെ പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ അവർ വീക്ഷണങ്ങൾ കൈമാറി.

സ്വതന്ത്ര വ്യാപാര ഉടമ്പടി ചർച്ചകൾ എത്രയും വേഗം പുനരാരംഭിക്കേണ്ടതിൻ്റെ പ്രാധാന്യം ഇരു നേതാക്കളും അടിവരയിടുകയും, സന്തുലിതവും പരസ്പര പ്രയോജനകരവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതുമായ ഒരു സ്വതന്ത്ര വ്യാപാര കരാർ രൂപീകരിക്കുന്നതിൽ ശേഷിക്കുന്ന പ്രശ്നങ്ങൾ സംതൃപ്തമായി പരിഹരിക്കാനുള്ള ചർച്ചാ സംഘങ്ങളുടെ കഴിവിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

വളർന്നുവരുന്ന ഉഭയകക്ഷി സാമ്പത്തിക, ബിസിനസ് ബന്ധങ്ങളുടെ വെളിച്ചത്തിലും യു കെ യിലെ  ഇന്ത്യൻ സമൂഹത്തിന്റെ  നയതന്ത്ര  ആവശ്യകതകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയും ഇരു രജ്ജ്യങ്ങളും തമ്മിൽ  കൂടുതൽ ഇടപഴകാനുള്ള സാധ്യതകൾ മനസ്സിലാക്കി, ബെൽഫാസ്റ്റിലും മാഞ്ചസ്റ്ററിലും രണ്ട് പുതിയ ഇന്ത്യൻ കോൺസുലേറ്റ് ജനറലുകൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി സ്റ്റാർമർ സ്വാഗതം ചെയ്തു.

യുകെയിലെ  ഇന്ത്യയിൽ നിന്നുള്ള സാമ്പത്തിക കുറ്റവാളികളുടെ പ്രശ്‌നം പരിഹരിക്കേണ്ടതിൻ്റെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കുടിയേറ്റവും സഞ്ചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുരോഗതി കൈവരിക്കേണ്ടതിൻ്റെ ആവശ്യകതയും ഇരു നേതാക്കളും അംഗീകരിച്ചു.

ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ ഭാഗമായ വിവിധ ഉടമ്പടികൾ വേഗത്തിൽ നടപ്പിലാക്കുന്നതിനായി പ്രവർത്തിക്കാൻ ഇരു നേതാക്കളും തങ്ങളുടെ മന്ത്രിമാരോടും മുതിർന്ന ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചു. നിരന്തര സംവാദങ്ങളും ചർച്ചകളും ഉണ്ടാകുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.

***

SK


(Release ID: 2074522) Visitor Counter : 25