വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
iffi banner
0 3

IFFI 2024 ൽ നവാഗത പ്രതിഭകളായ അഞ്ച് രാജ്യാന്തര സംവിധായകരും രണ്ട് ഇന്ത്യൻ സംവിധായകരും രജത മയൂരത്തിനായി മത്സരിക്കും

പുതുശബ്ദങ്ങൾ, ധീരമായ കാഴ്ചപ്പാടുകൾ: നവാഗത പ്രതിഭകൾക്ക് വേദിയൊരുക്കി 55-ാമത് അന്താരാഷ്ട്ര ചലച്ചിതോത്സവം (IFFI 2024)

55-ാമത് അന്താരാഷ്ട്ര ചലച്ചിതോത്സവത്തിൽ (IFFI 2024) നവാഗത പ്രതിഭകളായ അഞ്ച് രാജ്യാന്തര സംവിധായകരും രണ്ട് ഇന്ത്യൻ സംവിധായകരും ഒരുക്കിയ ചിത്രങ്ങൾ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരമായ രജത മയൂരത്തിനായി മത്സരിക്കും.10 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് വിജയിക്ക്  സമ്മാനമായി ലഭിക്കുക.

ജൂറി ചെയർപേഴ്സണും ഇന്ത്യൻ ചലച്ചിത്രകാരനുമായ അശുതോഷ് ഗോവാരിക്കർ, സിംഗപ്പൂർ സംവിധായകനും തിരക്കഥാകൃത്തുമായ ആൻ്റണി ചെൻ, അമേരിക്കൻ-ബ്രിട്ടീഷ് ചലച്ചിത്ര നിർമ്മാതാവ് എലിസബത്ത് കാൾസൺ, സ്പാനിഷ് നിർമ്മാതാവ് ഫ്രാൻ ബോർജിയ, ഓസ്‌ട്രേലിയൻ എഡിറ്റർ ജിൽ ബിൽകോക്ക് എന്നിവർ ചേർന്ന് ജേതാവിനെ തീരുമാനിക്കും.

തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രങ്ങളുടെ പട്ടിക:

1.ബെറ്റാനിയ
സംവിധായകൻ: മാർസെലോ ബോട്ട

പരിസ്ഥിതി, സാമൂഹിക -ജീവിതം, അസാധാരണത്വം എന്നീ സങ്കീർണ്ണമായ പ്രമേയങ്ങളുടെ ചലച്ചിത്രാവിഷ്‌ക്കാരത്തിലൂടെ  ഈ സിനിമ ബ്രസീലിയൻ പൂർവ്വിക പൈതൃകത്തിലേക്കുള്ള ഭാവഗീതം നെയ്തെടുക്കുന്നു. പുളിനോപ്രാന്തപ്രദേശങ്ങളിൽ ഒറ്റപ്പെട്ട് പോയ തൻ്റെ ഗ്രാമത്തിന് ഊർജം പകരാനായി സാമൂഹിക നേതൃത്വമേറ്റെടുത്ത് പതിറ്റാണ്ടുകൾ പോരാടിയ മരിയ ഡോ സെൽസോയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


2.ബൗണ്ട്‌ ഇൻ ഹെവൻ
സംവിധായകൻ: ഹുവോ സിൻ

അക്രമം, മരണം, കുടുംബബന്ധം എന്നിവയുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന ഒരു സവിശേഷ പ്രണയ-കുറ്റകൃത്യ ദൃശ്യാവിഷ്‌ക്കാരമാണിത്. അക്രമത്തിൽ അകപ്പെട്ട ഒരു വനിത, മാരകരോഗം പിടിപെട്ട ഒരു പുരുഷൻ, ആകസ്മികമായ ഇഴചേർന്ന ഏകാന്തമായ രണ്ട് ആത്മാക്കൾ എന്നിവരെക്കുറിച്ചാണ് ഈ ചലച്ചിത്രം.

3. ബ്രിങ് ദെം ഡൌൺ
സംവിധായകൻ: ക്രിസ്റ്റഫർ ആൻഡ്രൂസ്

ആഭ്യന്തര കലഹം, കുടുംബത്തിനുള്ളിലെ ശത്രുത, സഹ കർഷകനുമായുള്ള മത്സരം തുടങ്ങിയ സംഘർഷങ്ങളിലേക്ക് തള്ളിവിടപ്പെട്ട ഐറിഷ് ഇടയ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ഈ ചലച്ചിത്രം പുരോഗമിക്കുന്നത്. ചലച്ചിത്രത്തിന്റെ പരിണാമഗതിയിൽ പൈതൃകം, പാരമ്പര്യം, തലമുറകളുടെ വൈകാരികമായ ആഘാതം എന്നിവ അയർലണ്ടിൻ്റെ സാംസ്കാരിക പരിസരത്തിലൂടെ സംവിധായകൻ വരച്ചുകാട്ടുന്നു.

4.ഫെമിലിയർ ടച്ച്
സംവിധായിക: സാറ ഫ്രീഡ്‌ലാൻഡ്

പഴമനസ്സിന്റെ ചലച്ചിത്രാവിഷ്ക്കരമാണ് ഫെമിലിയർ ടച്ച്. മങ്ങിയ ഓർമ്മകൾ, പ്രായസ്വത്വം, ആഗ്രഹങ്ങൾ എന്നിവയ്ക്കിടയിൽ സ്വന്തം വ്യക്തിത്വവുമായും പരിചാരകരുമായും കലഹിച്ച് സഹായിയുടെ പിന്തുണയോടെയുള്ള (അസിസ്റ്റഡ് ലിവിംഗ്) ജീവിതത്തിലേക്ക് പരിണമിക്കുന്ന ഒരുഎൺപതുകാരിയുടെ മനോവ്യാപാരങ്ങൾ ചലച്ചിത്രം പിന്തുടരുന്നു.


5. റ്റു എ ലാൻഡ് അൺ നോൺ
സംവിധായകൻ: മഹ്ദി ഫ്ലീഫെൽ

കുടിയൊഴിപ്പിക്കപ്പെട്ടവരും അഭയാർത്ഥികളുമായ, കസിൻബന്ധത്തിലുള്ള രണ്ട് പേർ മെച്ചപ്പെട്ട ജീവിതം തേടുന്നതിനെ വിശദീകരിക്കുന്ന അത്യന്തം സ്തോഭജനകമായ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്‌ക്കാരം

6.ജിപ്സി
സംവിധായകൻ: ശശി ചന്ദ്രകാന്ത് ഖണ്ഡാരെ

മറാത്തി സംവിധായകൻ ശശി ചന്ദ്രകാന്ത് ഖണ്ഡാരെയുടെ ആദ്യ ചലച്ചിത്രം. സ്ഥാനഭ്രംശം, ദാരിദ്യ്രം, പട്ടിണി എന്നീ പ്രമേയങ്ങളെ ഇഴകീറി പരിശോധിക്കുന്ന ഹൃദ്യമായ ദൃശ്യാവിഷ്‌കാരം.

7. 35 ചിന്ന കഥ കാട്
സംവിധായകൻ: ഇമാനി വി എസ് നന്ദ കിഷോർ

തെലുങ്ക് കാല്പനികസാഹിത്യകാരനും ചലച്ചിത്ര നിർമ്മാതാവുമായ ഇമാനി വി എസ് നന്ദ കിഷോറിൻ്റെ അരങ്ങേറ്റം.

തിരുപ്പതി ക്ഷേത്രത്തിനടുത്തുള്ള ഒരു സാധാരണ ഭവനമാണ്  ചലച്ചിത്രത്തിന്റെ പശ്ചാത്തലം. അവിടെ 28 കാരിയായ വീട്ടമ്മ സരസ്വതിയും ബസ് കണ്ടക്ടറായ ഭർത്താവ് പ്രസാദും രണ്ട് ആൺമക്കളുമായി താമസിക്കുന്നു. പ്രസാദിനോടുള്ള സ്നേഹം മൂത്താണ് 16-ാം വയസ്സിൽ സരസ്വതി വിദ്യാഭ്യാസത്തിനു പകരം വിവാഹം തിരഞ്ഞെടുത്തത്. മകൻ അരുൺ (10) ഗണിതവുമായി മല്ലിടുമ്പോൾ ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ അഭാവം സരസ്വതിയ്ക്ക് വെല്ലുവിളിയായി മാറുന്നു. മകനെ സഹായിക്കാൻ തീരുമാനിച്ച സരസ്വതി സ്വയം കണക്ക് പഠിക്കാൻ തുടങ്ങി. അവരുടെ സ്ഥിരോത്സാഹവും കുടുംബത്തിൻ്റെ പിന്തുണയും സമൂഹത്തിൻ്റെ ഇടപെടലുകളുംമുന്നോട്ടുള്ള പ്രയാണത്തിൽ  പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുന്നതിന് പകർന്നു നൽകുന്ന ശക്തി ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു.

******************

iffi reel

(Release ID: 2073853) Visitor Counter : 41