ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

കുടുംബ പ്രബോധനം ഇന്ത്യൻ സംസ്‌കാരത്തിൻ്റെ അടിസ്ഥാന തത്വമെന്ന് ഉപരാഷ്ട്രപതി  

Posted On: 12 NOV 2024 6:11PM by PIB Thiruvananthpuram

സമൂഹത്തിൽ 'കുടുംബ പ്രബോധൻ' അഥവാ കുടുംബങ്ങളെയും കുടുംബ മൂല്യങ്ങളെയും ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ പ്രാധാന്യം  ഉപരാഷ്ട്രപതി ഇന്ന് ഉജ്ജയിനിലെ അഭിസംബോധനയില്‍ എടുത്തുപറഞ്ഞു. കുടുംബ പ്രബോധനം ഇന്ത്യയുടെ സവിശേഷതയില്‍ അന്തർലീനമാണെന്നും നമ്മുടെ സംസ്കാരത്തിൻ്റെ അടിസ്ഥാന തത്വമാണെന്നും അദ്ദേഹം പറഞ്ഞു.


ഉജ്ജയിനിൽ നടക്കുന്ന 66-ാമത് അഖിലേന്ത്യാ കാളിദാസ മേളയെ അഭിസംബോധന ചെയ്യവെ ‍ഒരു സമൂഹത്തിനോ രാജ്യത്തിനോ അവകാശങ്ങൾ പ്രതിപാദിച്ചുകൊണ്ടുമാത്രം പ്രവർത്തിക്കാനാവില്ലെന്ന് പറഞ്ഞ ഉപരാഷ്ട്രപതി പൗരന്മാരുടെ കടമകളിലേക്കും ശ്രദ്ധ ക്ഷണിച്ചു. നമ്മുടെ ഭരണഘടന നമുക്ക് അവകാശങ്ങൾ നൽകുന്നുവെങ്കിലും നാം ആ അവകാശങ്ങൾ നമ്മുടെ കടമകളുമായി ഒത്തുകൊണ്ടുപോകണം. എല്ലാറ്റിനും ഉപരിയായി രാഷ്ട്രത്തെ പ്രതിഷ്ഠിക്കുകയും ഓരോ പൗരനും അതിന് സംഭാവന നൽകുകയും വേണം.  നമ്മുടെ കടമകൾ നിറവേറ്റുകയെന്നതാണ്  അതിനുള്ള ഏറ്റവും മികച്ച മാർഗം.


യുവതലമുറയുടെ സ്വഭാവരൂപീകരണത്തില്‍ പൗരത്വപരമായ കടമകളെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചും അവബോധം വളർത്തിയെടുക്കേണ്ടതിൻ്റെ ആവശ്യകത ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.


സാമൂഹ്യ ഐക്യത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെക്കുറിച്ച് പ്രതിപാദിക്കവെ സാമൂഹ്യ ഐക്യം ഇന്ന് പല കോണുകളിൽ നിന്നും വെല്ലുവിളിക്കപ്പെടുകയാണെന്ന്  ഉപരാഷ്ട്രപതി പറഞ്ഞു.  സാമൂഹ്യ ഐക്യത്തിനും ലോക സമാധാനത്തിനും എല്ലാവരുടെയും ക്ഷേമത്തിനും വേണ്ടിയാണ് ഇന്ത്യ എപ്പോഴും നിലകൊണ്ടത്.


മഹാകവി കാളിദാസിൻ്റെ കൃതികളെ പരാമർശിച്ച ഉപരാഷ്ട്രപതി പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞു.


ഇന്ത്യന്‍ നാഗരികതയുടെ സംസ്‌കാരത്തെയും പൈതൃകത്തെയും സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും  ഉപരാഷ്ട്രപതി സംസാരിച്ചു. സംസ്‌കാരവും സാംസ്‌കാരിക പൈതൃകവും സംരക്ഷിക്കാത്ത ഒരു രാഷ്ട്രത്തിനോ സമൂഹത്തിനോ നിലനിൽപ്പില്ലെന്ന്  അദ്ദേഹം പറഞ്ഞു.


66-ാമത് അഖിലേന്ത്യാ കാളിദാസ മഹോത്സവം നമ്മുടെ സംസ്കാരത്തിൻ്റെ പ്രതീകമാണ്. ലോകത്ത് നാം എത്രത്തോളം അതുല്യരാണെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. ഇന്ത്യയെപ്പോലെ ഇത്രയും സമ്പന്നമായ സാംസ്കാരിക പൈതൃകമുള്ള മറ്റൊരു രാജ്യമില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

 

SKY


(Release ID: 2072922) Visitor Counter : 20


Read this release in: Urdu , English , Hindi , Tamil