വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്തെ യുവാക്കൾ ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തിക പരിമിതികൾ തടസം സൃഷ്ടിക്കാതിരിക്കാൻ, യോഗ്യതയുള്ള വിദ്യാർഥികൾക്കു സാമ്പത്തികസഹായം നൽകുന്നതിനുള്ള പിഎം-വിദ്യാലക്ഷ്മി പദ്ധതിക്കു കേന്ദ്രമന്ത്രിസഭാംഗീകാരം


രാജ്യത്തെ മികച്ച ഗുണനിലവാരമുള്ള 860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന അ‍ർഹരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസവായ്പകൾ വിപുലീകരിക്കുന്നതിനു ദൗത്യമെന്ന നിലയിലുള്ള സംവിധാനം സഹായിക്കും; ഇത് പ്രതിവർഷം 22 ലക്ഷത്തിലധികം വിദ്യാർഥികൾക്കു സഹായകമാകും

പ്രത്യേക വായ്പാസംവിധാനം ഈടുരഹിത-ജാമ്യരഹിത സൗജന്യ വിദ്യാഭ്യാസ വായ്പ പ്രാപ്തമാക്കും; ലളിതവും സുതാര്യവും വിദ്യാർഥിസൗഹൃദവുമായ വായ്പ പൂർണമായും ഡിജിറ്റൽ അപേക്ഷാപ്രക്രിയയിലൂടെ ലഭ്യമാക്കും

വ്യാപ്തി വർധിപ്പിക്കുന്നതിന് ബാങ്കുകൾക്കു പിന്തുണയായി, 7.5 ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് ഇന്ത്യാ ഗവണ്മെന്റ് 75% വായ്പാ ഈട് നൽകും

കൂടാതെ, 8 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള വിദ്യാർഥികൾക്ക്, 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 3% പലിശ ഇളവും പദ്ധതി വഴി നൽകും

4.5 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള വിദ്യാർഥികൾക്ക് ഇതിനകം വാഗ്ദാനം നൽകിയിട്ടുള്ള മുഴുവൻ പലിശ ഇളവിനു പുറമേയാണിത്

യുവാക്കൾക്ക് ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം പരമാവധി ലഭ്യമാക്കുന്നതിനായി കഴിഞ്ഞ ദശകത്തിൽ സ്വീകരിച്ച സംരംഭങ്ങളുടെ വ്യാപ്തിയും വ്യാപനവും പിഎം വിദ്യാലക്ഷ്മി മെച്ചപ്പെടുത്തും

Posted On: 06 NOV 2024 3:16PM by PIB Thiruvananthpuram

രാജ്യത്തെ യുവാക്കൾ ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തിക പരിമിതികൾ തടസം സൃഷ്ടിക്കാതിരിക്കാൻ, യോഗ്യതയുള്ള വിദ്യാർഥികൾക്കു സാമ്പത്തികസഹായം നൽകുന്നതിനുള്ള പിഎം-വിദ്യാലക്ഷ്മി പദ്ധതിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽനിന്ന് ഉരുത്തിരിഞ്ഞ പ്രധാന സംരംഭമാണ് പിഎം വിദ്യാലക്ഷ്മി. പൊതു-സ്വകാര്യ എച്ച്ഇഐകളിൽ വിവിധ നടപടികളിലൂടെ മികച്ച വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് നയത്തിൽ ശുപാർശ ചെയ്തിരുന്നു. പിഎം വിദ്യാലക്ഷ്മി പദ്ധതിക്കു കീഴിൽ, ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ (ക്യുഎച്ച്ഇഐ) പ്രവേശനം നേടുന്ന ഏതൊരു വിദ്യാർഥിക്കും കോഴ്‌സുമായി ബന്ധപ്പെട്ട മുഴുവൻ ട്യൂഷൻ ഫീസും മറ്റ് ചെലവുകളും വഹിക്കുന്നതിന് ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും ഈടുരഹിത-ജാമ്യരഹിത വായ്പ ലഭിക്കാൻ അർഹതയുണ്ട്. ലളിതവും സുതാര്യവും വിദ്യാർഥിസൗഹൃദവുമായ സംവിധാനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരസ്പര പ്രവർത്തനക്ഷമമായ പദ്ധതി പൂർണമായും ഡിജിറ്റലായിരിക്കും.

NIRF റാങ്കിങ്ങുകൾ നിർണയിക്കുന്ന രാജ്യത്തെ ഉയർന്ന നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ പദ്ധതി ബാധകമാകും. മൊത്തത്തിലുള്ള, വിഭാഗത്തിന് അനുസൃതവും മേഖലാനുസൃതവുമായ റാങ്കിങ്ങുകളിൽ എൻഐആർഎഫിലെ ആദ്യ 100 സ്ഥാനങ്ങളിൽ ഇടം നേടിയ മുഴുവൻ ഗവണ്മെന്റ്-സ്വകാര്യ എച്ച്ഇഐകൾ; എൻഐആർഎഫിലും കേന്ദ്ര ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപനങ്ങളിലുമായി 101-200 സ്ഥാനത്തുള്ള സംസ്ഥാന ഗവണ്മെന്റ് എച്ച്ഇഐകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും പുതിയ NIRF റാങ്കിങ് ഉപയോഗിച്ച് ഈ പട്ടിക എല്ലാ വർഷവും പുതുക്കും. കൂടാതെ, യോഗ്യതയുള്ള 860 QHEI-കളിൽ നിന്ന് ആരംഭിക്കുന്ന പദ്ധതി, 22 ലക്ഷത്തിലധികം വിദ്യാർഥികൾക്ക്, അവർ ആഗ്രഹിക്കുന്നുവെങ്കിൽ, പിഎം-വിദ്യാലക്ഷ്മിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കും.

ഏഴരലക്ഷം രൂപ വരെയുള്ള വായ്പത്തുകയ്ക്ക്, കുടിശ്ശികയുള്ളതിന്റെ 75% വായ്പ ഉറപ്പിനും വിദ്യാർഥിക്ക് അർഹതയുണ്ട്. പദ്ധതിപ്രകാരം വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിന് ഇത് ബാങ്കുകൾക്ക് പിന്തുണ നൽകും.

മേൽപ്പറഞ്ഞവ കൂടാതെ, 8 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള, മറ്റേതെങ്കിലും ഗവണ്മെന്റ് സ്കോളർഷിപ്പ്, അല്ലെങ്കിൽ, പലിശ ഇളവു പദ്ധതികൾക്ക് കീഴിലുള്ള ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്ത വിദ്യാർഥികൾക്ക്, 10 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് മൊറട്ടോറിയം കാലയളവിൽ 3 ശതമാനം പലിശ ഇളവും നൽകും. പ്രതിവർഷം ഒരു ലക്ഷം വിദ്യാർഥികൾക്ക് പലിശ ഇളവു നൽകും. ഗവണ്മെന്റ് സ്ഥാപനങ്ങളിൽ നിന്നും സാങ്കേതിക/പ്രൊഫഷണൽ കോഴ്സുകൾ തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികൾക്ക് മുൻഗണന നൽകും. ഇതിനായി 2024-25 മുതൽ 2030-31 വരെയുള്ള കാലയളവിൽ 3600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ കാലയളവിൽ 7 ലക്ഷം പുതിയ വിദ്യാർഥികൾക്ക് ഈ പലിശ ഇളവിന്റെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് “പിഎം-വിദ്യാലക്ഷ്മി” എന്ന ഏകീകൃത പോർട്ടൽ ഉണ്ടായിരിക്കും. അതിൽ എല്ലാ ബാങ്കുകൾക്കും ഉപയോഗിക്കാനാകുന്ന ലളിതമായ അപേക്ഷാ പ്രക്രിയയിലൂടെ, വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പയ്ക്കും പലിശ ഇളവിനും അപേക്ഷിക്കാൻ കഴിയും. ഇ-വൗച്ചർ, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) വാലറ്റുകൾ എന്നിവ വഴി പലിശ ഇളവു നൽകും.

ഇന്ത്യയിലെ യുവാക്കൾക്ക് ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി, വിദ്യാഭ്യാസം, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നീ മേഖലകളിൽ കഴിഞ്ഞ ദശകത്തിൽ ഇന്ത്യാ ഗവൺമെന്റ് ഏറ്റെടുത്തിട്ടുള്ള സംരംഭങ്ങളുടെ വ്യാപ്തിയും വ്യാപനവും പിഎം വിദ്യാലക്ഷ്മി മെച്ചപ്പെടുത്തും. ഇത് ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പിഎം-യുഎസ്‌പിയുടെ രണ്ട് ഘടകപദ്ധതികളായ സെൻട്രൽ സെക്ടർ പലിശ സബ്‌സിഡി (സിഎസ്ഐഎസ്), വിദ്യാഭ്യാസ വായ്പകൾക്കുള്ള വായ്പ ഈട് നിധി പദ്ധതി (സിജിഎഫ്എസ്ഇഎൽ) എന്നിവയ്ക്ക് അനുബന്ധമായി നൽകും. PM-USP CSIS-ന് കീഴിൽ, 4.5 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവരും അംഗീകൃത സ്ഥാപനങ്ങളിൽ സാങ്കേതിക/പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവരുമായ വിദ്യാർഥികൾക്ക് 10 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകൾക്ക് മൊറട്ടോറിയം കാലയളവിൽ പൂർണ പലിശ ഇളവ് ലഭിക്കും. അതിലൂടെ, PM വിദ്യാലക്ഷ്മിയും PM-USP-യും ചേർന്ന് അർഹരായ എല്ലാ വിദ്യാർഥികൾക്കും ഗുണനിലവാരമുള്ള HEI-കളിൽ ഉന്നത വിദ്യാഭ്യാസവും അംഗീകൃത HEI-കളിൽ സാങ്കേതിക/പ്രൊഫഷണൽ വിദ്യാഭ്യാസവും നേടുന്നതിന് സമഗ്ര പിന്തുണ നൽകും.

--SK--




(Release ID: 2071275) Visitor Counter : 12