പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

16-ാം ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തു

Posted On: 23 OCT 2024 5:42PM by PIB Thiruvananthpuram

റഷ്യയുടെ അധ്യക്ഷതയില്‍ കസാനില്‍ നടന്ന 16-ാം ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

ബഹുരാഷ്ട്രവാദത്തിനു കരുത്തേകൽ, ഭീകരവാദം ചെറുക്കൽ, സാമ്പത്തികവളര്‍ച്ചയും സുസ്ഥിരവികസനവും പ്രോത്സാഹിപ്പിക്കൽ, ഗ്ലോബൽ സൗത്തിന്റെ  ആശങ്കകളിലേക്കു വെളിച്ചം വീശൽ തുടങ്ങിയ കാര്യങ്ങളില്‍ ബ്രിക്സ് നേതാക്കള്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തി. ബ്രിക്സിൽ പങ്കാളികളായ 13 പുതിയ രാജ്യങ്ങളെ നേതാക്കള്‍ സ്വാഗതം ചെയ്തു.

ബ്രിക്സ് ഉച്ചകോടിയുടെ രണ്ട് സെഷനുകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. സംഘര്‍ഷങ്ങള്‍, പ്രതികൂലകാലാവസ്ഥാ പ്രത്യാഘാതങ്ങള്‍, സൈബര്‍ ഭീഷണികള്‍ എന്നിവയുള്‍പ്പെടെ നിരവധി അനിശ്ചിതത്വങ്ങളും വെല്ലുവിളികളും ലോകം അഭിമുഖീകരിക്കുന്ന സമയത്താണ് ഉച്ചകോടി നടക്കുന്നതെന്നു പ്രധാനമന്ത്രി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ഈ വെല്ലുവിളികൾ നേരിടാന്‍ ജനകേന്ദ്രീകൃത സമീപനം ബ്രിക്സ് സ്വീകരിക്കണമെന്നു പ്രധാനമന്ത്രി നിർദേശിച്ചു. ഭീകരവാദ ഭീഷണിയെ ചെറുക്കാൻ ഐക്യരാഷ്ട്രസഭയില്‍ അന്താരാഷ്ട്ര ഭീകരതയെക്കുറിച്ചുള്ള സമഗ്ര സമ്മേളനം എത്രയും വേഗം അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി അടിവരയിട്ടു.

ആഗോള ഭരണപരിഷ്‌കാരങ്ങള്‍ക്കു മുന്‍കൈയെടുക്കാന്‍ ബ്രിക്സിനോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ജി-20 അധ്യക്ഷപദത്തിനിടെ ഇന്ത്യ ആതിഥേയത്വം വഹിച്ച ‘വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത്’ ഉച്ചകോടി അനുസ്മരിച്ച അദ്ദേഹം, ഗ്ലോബല്‍ സൗത്ത് മേഖലകളുടെ ആശങ്കകള്‍ക്കു ബ്രിക്സ് പ്രഥമപരിഗണന നല്‍കണമെന്നതിന് ഊന്നൽ നൽകി. ഇന്ത്യയിലെ ഗിഫ്റ്റ് സിറ്റിയിൽ ഉള്‍പ്പെടെ ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ പ്രാദേശിക സാന്നിധ്യം പുതിയ മൂല്യങ്ങളും സ്വാധീനങ്ങളും സൃഷ്ടിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സാമ്പത്തികവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബ്രിക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, കാര്‍ഷികമേഖലയിലെ വ്യാപാരം സുഗമമാക്കല്‍, പുനരുജ്ജീവനശേഷിയുള്ള വിതരണശൃംഖലകള്‍, ഇ-കൊമേഴ്സ്, പ്രത്യേക സാമ്പത്തിക മേഖലകള്‍ എന്നിവയ്ക്കുള്ള ശ്രമങ്ങള്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കു മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ആരംഭിക്കാനിരിക്കുന്ന, ഇന്ത്യ നിർദേശിച്ച ബ്രിക്സ് സ്റ്റാര്‍ട്ടപ്പ് വേദി, ബ്രിക്സ് സാമ്പത്തിക കാര്യപരിപാടിയുടെ മൂല്യം ഗണ്യമായി വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര സൗരസഖ്യം, ദുരന്തനിവാരണ അടിസ്ഥാനസൗകര്യസഖ്യം, മിഷന്‍ ലൈഫ്, സിഒപി 28ന്റെ സമയത്തു പ്രഖ്യാപിച്ച ഗ്രീന്‍ ക്രെഡിറ്റ് സംരംഭം എന്നിവയുള്‍പ്പെടെ ഇന്ത്യ അടുത്തിടെ കൈക്കൊണ്ട ഹരിതസംരംഭങ്ങളെക്കുറിച്ചു പ്രധാനമന്ത്രി വിശദീകരിച്ചു. ഈ സംരംഭങ്ങളില്‍ പങ്കാളികളാകാന്‍ അദ്ദേഹം ബ്രിക്‌സ് രാജ്യങ്ങളെ ക്ഷണിച്ചു.

16-ാം ബ്രിക്‌സ് ഉച്ചകോടിക്കു വിജയകരമായി ആതിഥേയത്വം വഹിച്ചതിനു പ്രസിഡന്റ് പുടിനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ബ്രിക്സ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന ബ്രസീലിന് ആശംസകള്‍ നേരുകയും ചെയ്തു. ഉച്ചകോടിയുടെ സമാപനത്തില്‍ നേതാക്കള്‍ ‘കസാന്‍ പ്രഖ്യാപനം’ അംഗീകരിച്ചു.

സമാപനസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ.here.

പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. here.

***

SK


(Release ID: 2067481) Visitor Counter : 45