പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഒക്ടോബർ 20ന് വാരാണസി സന്ദർശിക്കും



6100 കോടി രൂപ ചെലവുവരുന്ന വിവിധ വിമാനത്താവള പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

ആർജെ ശങ്കര നേത്രാലയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

വാരാണസിയിൽ വിവിധ വികസനസംരംഭങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും

Posted On: 19 OCT 2024 5:40PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 20ന് വാരാണസി സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ടിന് അദ്ദേഹം ആർജെ ശങ്കര നേത്രാലയം ഉദ്ഘാടനം ചെയ്യും. അതിനുശേഷം, വൈകുന്നേരം 4.15 ന് അദ്ദേഹം വാരാണസിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.

ആർജെ ശങ്കര നേത്രാലയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വിവിധ നേത്രരോഗങ്ങൾക്കുള്ള സമഗ്ര പരിശോധനയും  ചികിത്സകളും ആശുപത്രി ലഭ്യമാക്കും. ചടങ്ങിൽ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യും.

സമ്പർക്കസൗകര്യം വർധിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, വിമാനത്താവള റൺവേ വിപുലീകരിക്കുന്നതിനും പുതിയ ടെർമിനൽ കെട്ടിടത്തിന്റെ നിർമ്മാണത്തിനും 2870 കോടി രൂപ ചെലവിൽ വാരാണസിയിലെ ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്കും പ്രധാനമന്ത്രി തറക്കല്ലിടും. ആഗ്ര വിമാനത്താവളത്തിൽ 570 കോടിയിലധികം രൂപയും ദർഭംഗ വിമാനത്താവളത്തിൽ 910 കോടി രൂപയും   ബാഗ്ഡോഗ്ര വിമാനത്താവളത്തിൽ ഏകദേശം  1550 കോടി രൂപയും ചെലവു വരുന്ന പുതിയ സിവിൽ എൻക്ലേവിനും അദ്ദേഹം തറക്കല്ലിടും.

രേവ വിമാനത്താവളം, മാ മഹാമായ വിമാനത്താവളം, അംബികാപൂർ - സർസാവ വിമാനത്താവളം എന്നിവിടങ്ങളിൽ 220 കോടിയിലധികം രൂപ ചെലവിട്ടു നിർമിച്ച പുതിയ ടെർമിനൽ കെട്ടിടങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ വിമാനത്താവളങ്ങളിലെ മൊത്തം യാത്രികരുടെ ഉൾക്കൊള്ളൽശേഷി  പ്രതിവർഷം 2.3 കോടിയിലധികമായി വർധിക്കും. ഈ വിമാനത്താവളങ്ങളുടെ രൂപകൽപ്പന പ്രദേശത്തിന്റെ പൈതൃക ഘടനകളുടെ പൊതുവായ ഘടകങ്ങളിൽ നിന്ന് സ്വാധീനം ചെലുത്തി രൂപപ്പെടുത്തിയതാണ്.

കായികരംഗത്തിന് ഉയർന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയെന്ന കാഴ്ചപ്പാടിന് അനുസൃതമായി, ഖേലോ ഇന്ത്യ പദ്ധതിക്കും സ്മാർട്ട് സിറ്റി ദൗത്യത്തിനും കീഴിൽ 210 കോടിയിലധികം രൂപ ചെലവിൽ വാരാണസി കായിക സമുച്ചയത്തിന്റെ   പുനർവികസനത്തിന്റെ 2, 3 ഘട്ടങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മികവിന്റെ ദേശീയ കേന്ദ്രം, കളിക്കാരുടെ ഹോസ്റ്റലുകൾ, സ്‌പോർട്‌സ് സയൻസ് സെന്റർ, വിവിധ കായിക ഇനങ്ങൾക്കായുള്ള പരിശീലന ഇടങ്ങൾ, ഇൻഡോർ ഷൂട്ടിങ് റേഞ്ചുകൾ, കോംബാറ്റ് സ്‌പോർട്‌സ് അരീനകൾ എന്നിവ ഉൾക്കൊള്ളുന്ന അത്യാധുനിക കായിക സമുച്ചയം സൃഷ്ടിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. ലാൽപൂരിലെ ഡോ. ഭീംറാവു അംബേദ്കർ സ്‌പോർട്‌സ് സ്റ്റേഡിയത്തിൽ 100 കിടക്കകളുള്ള പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഹോസ്റ്റലുകളുടെയും പൊതു പവലിയന്റെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.

സാരാനാഥിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട പ്രദേശങ്ങളുടെ വിനോദ സഞ്ചാര വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കാൽനടയാത്രക്കാർക്ക് അനുയോജ്യമായ തെരുവുകൾ, പുതിയ മലിനജലനിർഗമന സംവിധാനം, നവീകരിച്ച ഡ്രെയിനേജ് സംവിധാനം, പ്രാദേശിക കരകൗശല വിൽപ്പനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ആധുനിക രീതിയിലുള്ള വിൽപ്പന ശാലകളുള്ള ഏകോപിപ്പിച്ച കച്ചവട മേഖല എന്നിവ ഈ വികസനപദ്ധതികളിൽ ഉൾപ്പെടുന്നു.

ബാണാസൂർ ക്ഷേത്രം, ഗുരുധാം ക്ഷേത്രം എന്നിവിടങ്ങളിലെ വിനോദസഞ്ചാര വികസന പ്രവർത്തനങ്ങൾ, പാർക്കുകളുടെ സൗന്ദര്യവൽക്കരണം, പുനർവികസനം തുടങ്ങിയ നിരവധി സംരംഭങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

***

NK



(Release ID: 2066363) Visitor Counter : 22