പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
സായിയിൽ നവീകരിച്ച ഗോൾഫ് കോഴ്സും പെൺകുട്ടികളുടെ ഹോസ്റ്റലും കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്യും
Posted On:
18 OCT 2024 3:16PM by PIB Thiruvananthpuram
കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ രണ്ട് സുപ്രധാന
പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബർ 20 (ഞായറാഴ്ച) കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ നിർവഹിക്കും. സായിയിലെ നവീകരിച്ച ഗോൾഫ് കോഴ്സ് കവടിയാറിൽ രാവിലെ 10.00 ന് കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക ടൂറിസം സഹമന്ത്രി ശ്രീ. സുരേഷ് ഗോപി ചടങ്ങിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന കായിക മന്ത്രി ശ്രീ. വി.അബ്ദുറഹിമാൻ,ശ്രീ. വി കെ പ്രശാന്ത് എംഎൽഎ,ചീഫ് സെക്രട്ടറി ശ്രീമതി. ശാരദാ മുരളീധരൻ,കേന്ദ്ര ടൂറിസം മന്ത്രാലയം അഡീഷണൽ സെക്രട്ടറി സുമൻ ബില്ല ഐഎഎസ്, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ടിജിസി സെക്രട്ടറി ശ്രീ എസ്.എൻ. രഘുചന്ദ്രൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ഒക്ടോബർ 20 (ഞായറാഴ്ച)12 മണിക്ക് നടക്കുന്ന ചടങ്ങിൽ സായി എൽഎൻസിപിഇയിൽ പുതുതായി നിർമ്മിച്ച 300 കിടക്കകളുള്ള പെൺകുട്ടികളുടെ ഹോസ്റ്റലും കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും. 32.88 കോടി ചെലവിൽ നിർമ്മിച്ച മൂന്ന് നിലകളുള്ള ഹോസ്റ്റലിൻ്റെ ആകെ വിസ്തീർണ്ണം 7,470.60 ചതുരശ്ര മീറ്റർ ആണ്. പെൻ്റഗൺ ആകൃതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഹോസ്റ്റലിൽ അഞ്ച് ബ്ലോക്കുകൾ ഉൾപ്പെടുന്നു.ഈ നൂതന വാസ്തുവിദ്യ കൂടുതൽ ഇടം നൽകുകയും നല്ല അന്തരീക്ഷം പരിപോഷിപ്പിക്കുകയും ചെയ്യുന്നു.108 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഭക്ഷണ സ്ഥലവും, സ്റ്റോറേജ് റൂമുകളും, സ്റ്റാഫ് ഡോർമിറ്ററിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. താഴത്തെ നിലയിൽ ശുചിമുറിയോട് കൂടിയ18 സ്റ്റുഡിയോ മുറികളും,വിശ്രമത്തിനായി രണ്ട് പൊതുവായ മുറികളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. വാപ്‌കോസിനായിരുന്നു നിർമാണ ചുമതല.
പരിപാടിയിൽ കായിക മന്ത്രി ശ്രീ. വി.അബ്ദുറഹിമാൻ, പദ്മശ്രീ കെ എം ബീന മോൾ, ഖേൽ രത്‌ന അവാർഡ് ജേതാവ് ശ്രീമതി പത്മിനി തോമസ്, അർജുന അവാർഡ് ജേതാവും മുൻ അന്താരാഷ്‌ട്ര വോളിബോൾ താരവുമായ ശ്രീ. എസ് ഗോപിനാഥ് ഐപിഎസ് (റിട്ട.), സായി ആർസി എൽഎൻസിപി പ്രിൻസിപ്പൽ & റീജിയണൽ ഹെഡ് ഡോ. ജി. കിഷോർ, വാപ്‌കോസ് ചീഫ് എൻജിനീയർ ശ്രീ. രാജേഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരിക്കും.
***
SK
(Release ID: 2066053)
Visitor Counter : 62