വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയും കൊളംബിയയും ചലച്ചിത്ര നിർമാണത്തിലെ സഹകരണവും സാംസ്കാരിക ബന്ധവും വർദ്ധിപ്പിക്കുന്നതിനായി ദൃശ്യ ശ്രവ്യ സഹ നിർമ്മാണകരാറിൽ ഒപ്പുവച്ചു

Posted On: 15 OCT 2024 7:18PM by PIB Thiruvananthpuram
ന്യൂ ഡൽഹി :15 ഒക്ടോബർ 2024
 
ഇന്ത്യയും കൊളംബിയയും ദൃശ്യ ശ്രവ്യ സഹ നിർമ്മാണ കരാറിൽ ഒപ്പുവെച്ചു.  ഇത് ഇന്ത്യൻ, കൊളംബിയൻ ചലച്ചിത്ര സംവിധായകർക്ക്, ചലച്ചിത്ര നിർമ്മാണത്തിന്റെ വിവിധ വശങ്ങളിൽ സഹകരിക്കാനുള്ള ഒരു വേദി പ്രാപ്തമാക്കുന്നു.  ഇരു രാജ്യങ്ങളിലെയും സിനിമാ വ്യവസായ രംഗത്തെ നിർണായക മേഖലകൾ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനും അതുവഴി സഹകരണത്തിൻ്റെ പുതിയ അധ്യായം തുറക്കാനും ഈ കരാർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ.മുരുകനും, റിപ്പബ്ലിക് ഓഫ് കൊളംബിയയുടെ വിദേശകാര്യ ഉപമന്ത്രി ജോർജ്ജ് എൻറിക് റോജസ് റോഡ്രിഗസും ചേർന്ന് കരാറിൽ ഒപ്പുവച്ചു.

കൊളംബിയ - ഇന്ത്യയുമായി ദൃശ്യ ശ്രവ്യ സഹ നിർമ്മാണ കരാർ ഒപ്പിടുന്ന പതിനേഴാമത് രാജ്യം
ഇന്ത്യയും കൊളംബിയയും തമ്മിലുള്ള കരാർ ഇരു രാജ്യങ്ങളിലെയും നിർമ്മാതാക്കൾക്ക് അവരുടെ സർഗാത്മകവും കലാപരവും സാങ്കേതികവും സാമ്പത്തികവും വിപണനപരവുമായ വിഭവങ്ങൾ സഹ നിർമ്മാണത്തിനായി സമാഹരിക്കുന്നതിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കലയുടെയും സംസ്‌കാരത്തിൻ്റെയും കൈമാറ്റത്തിനും ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കിടയിൽ നല്ല ബന്ധം സൃഷ്ടിക്കുന്നതിനും അതുവഴി സാംസ്‌കാരിക ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും.


ഇന്ത്യയുടെ ' മൃദുശക്തി ' സൃഷ്ടിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഇത് അവസരമൊരുക്കും. പോസ്റ്റ്-പ്രൊഡക്ഷൻ, വിപണനം എന്നിവയുൾപ്പെടെ സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട കലാപരവും സാങ്കേതികവും സാങ്കേതികമല്ലാത്തതുമായ മനുഷ്യവിഭവശേഷിയ്ക്ക് പ്രയോജനകരമായ വിധത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ കരാർ അവസരമൊരുക്കും.

 ഇന്ത്യയും കൊളംബിയയും തമ്മിലുള്ള സാംസ്കാരികവും സഹകരണപരവുമായ ബന്ധം ശക്തിപ്പെടുത്തുന്നതായി കേന്ദ്ര വാർത്താ വിതരണ സഹമന്ത്രി ഡോ എൽ മുരുകൻ എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളുടെയും ദീർഘകാല ബന്ധത്തെക്കുറിച്ച് സംസാരിക്കവെ, കൊളംബിയയുമായുള്ള ഇന്ത്യയുടെ വൈവിധ്യവും ബഹുമുഖവുമായ സഹകരണത്തിന് മന്ത്രി ഊന്നൽ നൽകി.


“ കൊളംബിയയുമായി വർഷങ്ങളായുള്ള സമ്പന്നമായ സാംസ്കാരിക വിനിമയം ഇന്ത്യ ആസ്വദിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യ, പ്രതിരോധം, ഐഐടി, ആരോഗ്യം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളിൽ ഞങ്ങൾക്ക് സഹകരണമുണ്ട്. സഹ-നിർമ്മാണ കരാറുകളുടെ പ്രാധാന്യം ഇന്ത്യാ ഗവൺമെൻ്റ് അംഗീകരിക്കുന്നു. ഇത് അന്താരാഷ്ട്ര പങ്കാളിത്തം വളർത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്. ഞങ്ങളുടെ ആദ്യ കോ-പ്രൊഡക്ഷൻ കരാർ ഒരു നാഴികക്കല്ലായിരുന്നു. ഞങ്ങൾ ആ അടിത്തറയിൽ സ്ഥിരമായി നിർമ്മാണങ്ങൾ നടത്തുന്നു ”മന്ത്രി പറഞ്ഞു.

ഈ കരാർ ഇന്ത്യൻ പ്രദേശങ്ങൾ ചലച്ചിത്ര ചിത്രീകരണത്തിന് ഉപയോഗിക്കുന്നത് വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സിനിമാ ചിത്രീകരണത്തിന് ലോകമെമ്പാടുമുള്ള സംവിധായകർക്ക് താല്പര്യമുള്ള ഒരു സ്ഥലമെന്ന നിലയിൽ ഇന്ത്യയുടെ ദൃശ്യപരത/പ്രതീക്ഷകൾ വർദ്ധിപ്പിക്കുകയും രാജ്യത്തേക്ക് വിദേശനാണ്യത്തിൻ്റെ ഒഴുക്കിന് കാരണമാവുകയും ചെയ്യും. ഈ കരാർ സിനിമാ നിർമ്മാണത്തിന് സുതാര്യമായ ധനസഹായം നൽകുന്നതിനും കൊളംബിയൻ വിപണിയിലേക്ക് ഇന്ത്യൻ സിനിമകളുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും.

 വിവിധ രാജ്യങ്ങളുമായി ദൃശ്യ ശ്രവ്യ സഹനിർമ്മാണ കരാറുകൾ

 നേരത്തെ, 2005-ൽ ഇറ്റാലിയൻ റിപ്പബ്ലിക്, യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ, വടക്കൻ അയർലൻഡ്, 2007-ൽ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി, 2007-ൽ ഫെഡറൽ റിപ്പബ്ലിക് ഓഫ് ബ്രസീൽ,2010-ൽ, റിപ്പബ്ലിക് ഓഫ് ഫ്രാൻസ് 2011-ൽ റിപ്പബ്ലിക് ഓഫ് ന്യൂസിലാൻഡ്, 2012-ൽ റിപ്പബ്ലിക് ഓഫ് പോളണ്ട്, റിപ്പബ്ലിക്ക് ഓഫ് സ്പെയിൻ എന്നിവയുമായി സമാനമായ കരാറുകളിൽ ഇന്ത്യാ ഗവൺമെൻ്റ് ഒപ്പുവെച്ചിരുന്നു.2014, ൽ കാനഡയുമായും ചൈനയുമായും, 2015-ൽ റിപ്പബ്ലിക്ക് ഓഫ് കൊറിയയുമായും, 2016-ൽ ബംഗ്ലാദേശുമായും 2017-ൽ പോർച്ചുഗലുമായും , 2018-ൽ ഇസ്രായേലുമായും 2019ൽ റഷ്യയുമായും 2023ൽ ഓസ്‌ട്രേലിയയുമായും ബന്ധപ്പെട്ട കരാറുകളിൽ ഒപ്പിട്ടു.

 കരാറുകൾ ഗവൺമെൻ്റ് സാമ്പത്തിക സഹായവും പിന്തുണയും ഉറപ്പാക്കുന്നു.

 ഇതുവരെ ഒപ്പുവെച്ച സഹ നിർമ്മാണ കരാറുകൾ സാമ്പത്തിക, സാംസ്കാരിക, നയതന്ത്ര ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നു. ചലച്ചിത്ര നിർമ്മാതാക്കളെ സംബന്ധിച്ചിടത്തോളം, ഈ കരാറിന്റെ പ്രധാന ആകർഷണം എന്തെന്നാൽ , അത് ഓരോ പങ്കാളി രാജ്യത്തും ഒരു ദേശീയ നിർമ്മാണമായി യോഗ്യത നേടുകയും പ്രാദേശിക സിനിമയ്ക്കും ടെലിവിഷനും ലഭ്യമായ ആനുകൂല്യങ്ങൾ നേടുകയും ചെയ്യും എന്നതാണ്.അത്തരം കരാറുകളിൽ നിന്ന് ലഭിക്കുന്ന നേട്ടങ്ങളിൽ, ഗവൺമെൻ്റ് സാമ്പത്തിക സഹായം, നികുതി ഇളവുകൾ, ആഭ്യന്തര ടെലിവിഷൻ പ്രക്ഷേപണ ക്വാട്ടകളിൽ ഉൾപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്നു.


ഇന്ത്യയിലെ ഔദ്യോഗിക സഹ നിർമാണത്തിനും വിദേശ നിർമാണത്തിനും വർദ്ധിപ്പിച്ച സാമ്പത്തിക സഹായം

 സഹ നിർമാണം ഉൾപ്പെടെ ഇന്ത്യയിൽ ചലച്ചിത്ര നിർമ്മാണത്തിനുള്ള കിഴിവ് 12 മടങ്ങ് വർദ്ധിപ്പിച്ചിട്ടുണ്ട്, സാധ്യമായ പരമാവധി ഇളവ് 300 ദശലക്ഷം രൂപയാണ്. ഔദ്യോഗിക സഹ നിർമാണത്തിനുള്ള ഇൻസെൻ്റീവ് പദ്ധതി, ഇന്ത്യയിൽ ഉണ്ടാകുന്ന ചെലവിൻ്റെ 30% വരെ-പരമാവധി ₹300 ദശലക്ഷം രൂപ വരെ റീഇംബേഴ്‌സ്‌മെൻ്റ് വാഗ്ദാനം ചെയ്യുന്നു. വിദേശ നിർമ്മാണത്തിന്റെ ഭാഗമായി ഇന്ത്യയിൽ ഏറ്റെടുക്കുന്ന സേവനങ്ങൾക്ക് സുപ്രധാന ഇന്ത്യൻ ഉള്ളടക്കം പ്രദർശിപ്പിക്കുന്നതിന്,പരമാവധി ₹300 ദശലക്ഷം രൂപ നിരക്കിൽ 5% അധിക ബോണസ് ക്ലെയിം ചെയ്യാം. 15% അല്ലെങ്കിൽ അതിൽ കൂടുതൽ ഇന്ത്യൻ മനുഷ്യശക്തി പ്രയോജനപ്പെടുത്തിയാൽ 5% കൂടി ക്ലെയിം ചെയ്യാം, ഇത് ചെലവിൻ്റെ 40% ആയി റീഇംബേഴ്സ്മെൻ്റ് ഉയർത്തുന്നു.

 സിനിമ, മാധ്യമം, വിനോദം എന്നിവയിലെ മികച്ച ആഗോള വേദിയായി ഇന്ത്യയുടെ ഇനിയുള്ള പങ്കിനെക്കുറിച്ച് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ചടങ്ങിൽ സംസാരിച്ചു. "നവംബർ 20 മുതൽ, ഗോവയിൽ ഇന്ത്യ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) സംഘടിപ്പിക്കും.ഇതിൽ ആഗോളതലത്തിലെയും ഇന്ത്യക്കകത്തെയും മികച്ച സിനിമകൾ പ്രദർശിപ്പിക്കുമെന്ന് സെക്രട്ടറി പറഞ്ഞു.

2025 ഫെബ്രുവരിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES) ഇന്ത്യയിൽ സംഘടിപ്പിക്കുമെന്നും ഇത് പരമ്പരാഗത പ്രക്ഷേപണം, സിനിമകൾ, മാധ്യമങ്ങളുടെയും വിനോദത്തിൻ്റെയും പുതിയ രൂപങ്ങൾ എന്നിവയുടെ സംയോജനത്തിന് സാക്ഷ്യം വഹിക്കുമെന്നും വ്യവസായത്തിൻ്റെ ഭാവിയ്ക്ക് നിർണായകമാവും എന്നും സെക്രട്ടറി എടുത്തുപറഞ്ഞു.  

 കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിൽ നിന്നും പങ്കെടുത്തവർ

I.   ഡോ. എൽ. മുരുകൻ, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി

 II.        ശ്രീ സഞ്ജയ് ജാജു, സെക്രട്ടറി (ഐ ആൻഡ് ബി)

 III.       ശ്രീമതി നീരജ ശേഖർ, അഡീഷണൽ സെക്രട്ടറി(ഐ ആൻഡ് ബി)

 IV. ശ്രീമതി വൃന്ദ മനോഹർ ദേശായി, ജോയിൻ്റ് സെക്രട്ടറി (സിനിമ)

 V.   ശ്രീമതി ശിൽപ റാവു തനുഗുല, ഡയറക്ടർ, (IIS, IIMC, CRS)

റിപ്പബ്ലിക് ഓഫ് കൊളംബിയയിൽ നിന്നും പങ്കെടുത്തവർ

 I.റിപ്പബ്ലിക് ഓഫ് കൊളംബിയയുടെ വിദേശകാര്യ ഉപ മന്ത്രി ശ്രീ. ജോർജ് എൻറിക് റോജസ് റോഡ്രിഗസ് (പ്രതിനിധികളുടെ തലവൻ)

 II.  റിപ്പബ്ലിക് ഓഫ് കൊളംബിയയുടെ ഇന്ത്യയിലെ അംബാസഡർ ഡോ. വിക്ടർ എച്ച്. എക്ക്വേരി ജറാമില്ലോ

 III.   ജുവാൻ കാർലോസ് റോജസ്, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, ഇന്ത്യയിലെ കൊളംബിയ എംബസി

 IV.  മിസ്. ലോറ മോണ്ടെജോ എസ്പിറ്റിയ, കൊളംബിയ വിദേശകാര്യ മന്ത്രാലയം ഫസ്റ്റ് സെക്രട്ടറി

 V മിസ്. അലജാന്ദ്ര മരിയ റോഡ്രിഗസ്, സെക്കൻ്റ് സെക്രട്ടറി, കൊളംബിയയിലെ ഇന്ത്യയിലെ എംബസി

 VI. മിസ് മിന്നി സാഹ്നി, റിസോഴ്സ് പേഴ്സൺ.
 
 

(Release ID: 2065246) Visitor Counter : 39