ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ, കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃഗങ്ങളുടെ ക്വാറൻ്റൈൻ, സർട്ടിഫിക്കേഷൻ സേവന കേന്ദ്രം  ഉദ്ഘാടനം ചെയ്തു

Posted On: 10 OCT 2024 3:46PM by PIB Thiruvananthpuram

കൊച്ചി : 10 ഒക്ടോബർ 2024

എല്ലാ ജീവ ജാലങ്ങളെയും  സ്നേഹിക്കുക എന്ന് ഭാരതീയ പാരമ്പര്യം നിലനിർത്തിക്കൊണ്ടുള്ള
 ഒരു സംരംഭമാണ് ക്വാറൻ്റൈൻ, സർട്ടിഫിക്കേഷൻ സേവന കേന്ദ്രം എന്ന്  കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന വകുപ്പ് സഹമന്ത്രി ശ്രീ ജോർജ് കുര്യൻ പറഞ്ഞു. "ജീവിതം സുഗമമാക്കുക" എന്നതിലേക്കുള്ള തുടർ ചുവടുവയ്പ്പാണ് ഈ സംരംഭം എന്നും മന്ത്രി പറഞ്ഞു .വിദേശത്ത് നിന്ന് വളർത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ ഇറക്കുമതി ചെയ്യുന്നതിനുള്ള ആനിമൽ ക്വാറൻ്റൈൻ, സർട്ടിഫിക്കറ്റ് സേവനങ്ങൾ (എക്യുസിഎസ്) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സൗകര്യം സമൂഹത്തിനും മൃഗങ്ങൾക്കും ഒരുപോലെ ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു. വളർത്തുമൃഗങ്ങൾക്ക് ചില രോഗങ്ങൾ പിടിപെടുന്നതിനാൽ ക്വാറൻ്റൈൻ സൗകര്യങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചി  വിമാനത്താവളത്തിൽ  എ.ക്യു.സി.എസ് ഓഫീസിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൻ്റെ പരിസരത്ത് ആനിമൽ ക്വാറൻ്റൈൻ സൗകര്യങ്ങൾ പ്രവർത്തിപ്പിക്കുന്നതിന്,കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയത്തിലെ മൃഗസംരക്ഷണ, ക്ഷീര വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീമതി വർഷ ജോഷി ഐഎഎസ്‌ , കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി കരാർ ഒപ്പിട്ടു.

വളർത്തുമൃഗങ്ങളുള്ള യാത്രക്കാർക്ക് സൗകര്യമൊരുക്കുന്ന കേന്ദ്ര  ഗവൺമെൻ്റിൻ്റെ ഈ തീരുമാനം ,അവരുടെ ദീർഘകാല ആവശ്യം പൂർത്തീകരിച്ചതായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള   മാനേജിംഗ് ഡയറക്ടർ ശ്രീ എസ്.സുഹാസ് പറഞ്ഞു.

മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ (ട്രേഡ്) ഡോ.ഗഗൻ ഗർഗ്, ചെന്നൈയിലെ അനിമൽ ക്വാറൻ്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസ് ജോയിൻ്റ് കമ്മീഷണർ ഡോ. ഡി.ബിശ്വാസ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.

രാജ്യത്ത് വളർത്തുമൃഗങ്ങൾ ഉൾപ്പെടെയുള്ള ജീവനുള്ള മൃഗങ്ങളെ അനിമൽ ക്വാറൻ്റൈൻ, സർട്ടിഫിക്കേഷൻ സർവീസ് സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്ന  ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള  6 എൻട്രി പോയിൻ്റുകൾ വഴി  ഇറക്കുമതി ചെയ്യുന്നു. വളർത്തുമൃഗങ്ങളെ വിദേശത്ത് നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാനുള്ള വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്നവരുടെയും ഉടമകളുടെയും ചെലവും പരിശ്രമവും കൊച്ചിയിലെ സിയാലിലെ പുതിയ സൗകര്യം കുറയ്ക്കും. ഈ സേവനത്തെ പിന്തുണയ്ക്കുന്നതിനായി, സിയാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എയർകണ്ടീഷൻ ചെയ്ത പെറ്റ് സ്റ്റേഷൻ, ഒരു പ്രത്യേക കാർഗോ വിഭാഗം, വെറ്ററിനറി ഡോക്ടർ ഓൺ കോൾ സൗകര്യം , ഒരു കസ്റ്റംസ് ക്ലിയറൻസ് സെൻ്റർ, വളർത്തുമൃഗങ്ങൾക്കൊപ്പമുള്ള വ്യക്തികൾക്കായി ഒരു ഫെസിലിറ്റേഷൻ സെൻ്റർ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

 


(Release ID: 2063837) Visitor Counter : 40


Read this release in: English , Urdu , Hindi , Tamil , Telugu