രാഷ്ട്രപതിയുടെ കാര്യാലയം
മംഗാർ ധാമിൽ ആദി ഗൗരവ് സമ്മാൻ സമരോഹ് ചടങ്ങിൽ രാഷ്‌ട്രപതി പങ്കെടുത്തു
Posted On:
04 OCT 2024 5:52PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (ഒക്‌ടോബർ 4, 2024) രാജസ്ഥാനിലെ ബൻസ്വാരയിലെ മംഗാർ ധാമിൽ നടന്ന ആദി ഗൗരവ് സമ്മാൻ സമരോഹിൽ പങ്കെടുത്തു.
'ആദി ഗൗരവ് സമ്മാൻ ' ലഭിച്ച എല്ലാവരെയും ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി അഭിനന്ദിച്ചു. പുരസ്‌കാരത്തിന് അർഹരായ വനിതകളുടെ എണ്ണം കൂടുതലാണെന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു . ഇത് ഗോത്ര സമൂഹത്തിനും രാജസ്ഥാൻ സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനകരമാണെന്ന് അവർ പറഞ്ഞു. കാരണം സ്ത്രീകളുടെ പുരോഗതി ഏതൊരു സമൂഹത്തിൻ്റെയും വികസനത്തിൻ്റെ കണ്ണാടിയാണ്. ഈ അവാർഡ് ദാന ചടങ്ങ്, ഗോത്ര ജനതയുടെ ബഹുമുഖമായ കഴിവുകളുടെയും വിവിധ മേഖലകളിലെ അവരുടെ വിലമതിക്കാനാകാത്ത സംഭാവനകളുടെയും തെളിവാണെന്നും അവർ പറഞ്ഞു.
രാജസ്ഥാനിലെ ഗോത്ര യുവാക്കൾ തങ്ങളുടെ സമൂഹത്തിന് മാത്രമല്ല, കായിക മത്സരങ്ങളിൽ രാജസ്ഥാനും രാജ്യത്തിനും മഹത്വം കൊണ്ടുവരുന്നതിൽ രാഷ്ട്രപതി സന്തോഷം രേഖപ്പെടുത്തി . രാജസ്ഥാനിലെ എല്ലാ കായിക താരങ്ങളെയും അവർ അഭിനന്ദിച്ചു.
അടുത്തിടെ ആരംഭിച്ച ധർത്തി ആബ ജൻജാതി ഗ്രാം ഉത്കർഷ് അഭിയാൻ, ഗോത്ര വിഭാഗത്തിലെ അഞ്ച് കോടിയിലധികം ആളുകൾക്ക് പ്രയോജനം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു. ഗോത്ര സമൂഹത്തിൻ്റെ അഭിമാനം വർധിപ്പിക്കാനുള്ള ശക്തമായ മാധ്യമമായി ഈ പദ്ധതി മാറുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, ആദർശ് വിദ്യാലയം, ഹോസ്റ്റലുകൾ, കായിക സൗകര്യങ്ങൾ തുടങ്ങിയ വിദ്യാഭ്യാസ സംരംഭങ്ങളിൽ നിന്ന് ഗോത്രവർഗ വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ അവസരങ്ങൾ ലഭിക്കാൻ പ്രോത്സാഹിപ്പിക്കണമെന്ന് അവർ എല്ലാവരോടും അഭ്യർത്ഥിച്ചു.
(Release ID: 2062693)
Visitor Counter : 25