രാഷ്ട്രപതിയുടെ കാര്യാലയം
അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻ്റെയും ഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റലിൻ്റെയും പത്താമത് ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു.
Posted On:
30 SEP 2024 7:50PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു ഇന്ന് (സെപ്റ്റംബർ 30, 2024) ന്യൂഡല്‍ഹിയില്‍ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻ്റെയും ഡോ. റാം മനോഹർ ലോഹ്യ ആശുപത്രിയുടെയും പത്താം ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.
മരുന്നിനും ഉപദേശങ്ങള്‍ക്കുമൊപ്പം ഡോക്ടര്‍മാരുടെ പെരുമാറ്റത്തിൽ രോഗശാന്തിയുടെ സ്‌പർശംകൂടി ഉണ്ടായിരിക്കണമെന്ന് ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു. പലപ്പോഴും രോഗികളുടെ കുടുംബാംഗങ്ങൾ വലിയ ആഘാതത്തിന്റെ മാനസികാവസ്ഥയിലേക്ക് പോകാറുണ്ടെന്ന് അവര്‍ പറഞ്ഞു. ഡോക്ടർമാർ അവരെ ആശ്വസിപ്പിക്കുകയും സഹാനുഭൂതി കാണിക്കുകയും വേണം. വിഷമകരമായ സാഹചര്യങ്ങളിൽ പോലും ജാഗരൂകയായിരിക്കണമെന്നും അവർ ഡോക്ടർമാരെ ഉപദേശിച്ചു. സദാസന്നദ്ധതയും അനുകമ്പയും ഉള്‍പ്പെടെ മൂല്യങ്ങൾ നമ്മുടെ പ്രവർത്തന ശൈലി മെച്ചപ്പെടുത്തുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.
പല സാഹചര്യങ്ങളിലും രോഗികളുടെ കുടുംബാംഗങ്ങൾ ആരോഗ്യപ്രവർത്തകരോട് ദേഷ്യം പ്രകടിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്യാറുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. അത് തെറ്റും അത്യന്തം അപലപനീയവുമാണ്. രോഗിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്ന് എല്ലാവരും മനസ്സിലാക്കണം. എന്നിരുന്നാലും, അപ്പോഴും എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ അതിന് ഡോക്ടർമാരോടോ ആശുപത്രി ജീവനക്കാരോടോ മോശമായി പെരുമാറരുത്. രോഗികളെ ദ്രോഹിക്കുന്നതിനെക്കുറിച്ച് ഒരു ഡോക്ടറും ചിന്തിക്കുന്നില്ല. പക്ഷേ, ചില സാഹചര്യങ്ങളില്‍ ശാസ്ത്രത്തിൽ പോലും പരിഹാരമുണ്ടാവണമെന്നില്ല. ജീവിതവും മരണവുമായി അടുത്തിടപെടുന്ന ഡോക്ടർമാർ സാധാരണയായി ഈ പരിമിതികൾ മനസ്സിലാക്കുന്നു. ജീവന്റെയും മരണത്തിന്റയും കാരണങ്ങൾ ഡോക്ടർമാർക്ക് പോലും എപ്പോഴും മനസ്സിലാക്കാനാവില്ലെന്ന് രോഗികളും അവരുടെ കുടുംബാംഗങ്ങളും ജനങ്ങളും ഓർക്കേണ്ടതുണ്ട്. മനുഷ്യശരീരവുമായി ബന്ധപ്പെട്ട പല നിഗൂഢതകളും പരിഹരിക്കാൻ വൈദ്യശാസ്ത്രത്തിന് ഇപ്പോഴും സാധിച്ചിട്ടില്ല. രോഗികളെ ചികിത്സിക്കുമ്പോൾ ഡോക്ടർമാർക്ക് പലപ്പോഴും ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ എടുക്കേണ്ടിവരുന്നു. വളരെയധികം സമ്മർദം നിറഞ്ഞ അന്തരീക്ഷത്തിലാണ് അവർ ജോലി ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തിൽ ചിലപ്പോൾ അവർ അക്ഷമരായേക്കാം. അതിനർത്ഥം അവർ രോഗികളെ ഗൗരവത്തില്‍ സമീപിക്കുന്നില്ല എന്നല്ല.
സ്ത്രീ ശാക്തീകരണത്തിലൂടെ നമ്മുടെ രാജ്യം മുന്നേറുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ത്രീകളായ രോഗികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വൈദ്യശാസ്ത്ര മേഖലയില്‍ ഗവേഷണങ്ങള്‍ കുറവാണെന്ന കാര്യം അവർ എടുത്തുപറഞ്ഞു. ഗവേഷകരുള്‍പ്പെടെ വൈദ്യശാസ്ത്ര കൂട്ടായ്മയുമായി ബന്ധപ്പെട്ട എല്ലാവരോടും സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ പരിഗണിച്ച് ഗവേഷണം നടത്താൻ രാഷ്ട്രപതി അഭ്യർത്ഥിച്ചു. ഇത് രോഗങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണ വർധിപ്പിക്കുമെന്നും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുമെന്നും അവർ പറഞ്ഞു.
ശാസ്ത്രസാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഇന്ന് സംഭവിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ടെലിമെഡിസിൻ സേവനത്തിലൂടെ വിദൂര പ്രദേശങ്ങളിലേക്ക് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ വ്യാപിപ്പിക്കാനായി. രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും നിര്‍മിതബുദ്ധി കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുന്നത് സംബന്ധിച്ച് പരിശോധിച്ചുവരുന്നു. പഠിക്കാനുള്ള അഭിനിവേശം നിലനിർത്താണമെന്ന് അവർ ഡോക്ടർമാരെ ഉപദേശിച്ചു. ഡോക്ടര്‍മാര്‍ പുതിയ ഗവേഷണ പ്രബന്ധങ്ങൾ വായിക്കുകയും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് രാഷ്ട്രപതി പറഞ്ഞു. രോഗികളെ മികച്ച രീതിയില്‍ ചികിത്സിക്കാൻ ഇത് അവരെ പ്രാപ്തരാക്കും.
(Release ID: 2060512)
Visitor Counter : 29