രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു എംഎൻഐടി ജയ്പൂരിൻ്റെ 18-ാമത് ബിരുദദാന സമ്മേളനത്തിൽ പങ്കെടുത്തു
Posted On:
18 SEP 2024 2:23PM by PIB Thiruvananthpuram
ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (സെപ്റ്റംബർ 18, 2024) രാജസ്ഥാനിലെ ജയ്പൂരിൽ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (എംഎൻഐടി) 18-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്ത് ഗുണനിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കാനാണ് എൻഐടികൾ സ്ഥാപിച്ചതെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. നൈപുണ്യവും കഴിവുമുള്ള മനുഷ്യവിഭവശേഷി നൽകുന്നതിൽ അവർ വലിയ പങ്കുവഹിക്കുന്നു. എൻഐടികളുടെ പ്രാധാന്യം കണക്കിലെടുത്താണ് അവയ്ക്ക് 'ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ' എന്ന പദവി നൽകിയിരിക്കുന്നത്.
എൻഐടികളിലെ പകുതിയോളം വിദ്യാർഥികൾ സ്വന്തം സംസ്ഥാനത്തുനിന്നുള്ളവരാണെന്നും ബാക്കി പകുതി പേർ റാങ്കിങ്ങിൻ്റെ അടിസ്ഥാനത്തിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരാണെന്നും രാഷ്ട്രപതി പറഞ്ഞു. അങ്ങനെ, ഒരു വശത്ത്, ഈ സംവിധാനം പ്രാദേശിക പ്രതിഭകളെ പ്രാത്സാഹാപ്പിക്കുമ്പോൾ, മറുവശത്ത്, രാജ്യത്തിൻ്റെ 'നാനാത്വത്തിൽ ഏകത്വത്തിൻ്റെ ആത്മാവിനെ' ശക്തിപ്പെടുത്താനും ഇത് പ്രവർത്തിക്കുന്നു.
ഇന്ത്യയെ ഗവേഷണ, നൂതന ആശയ കേന്ദ്രമാക്കി മാറ്റുന്നതിൽ എൻഐടി പോലുള്ള സാങ്കേതിക സ്ഥാപനങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തിൻ്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് മാത്രമല്ല നമ്മുടെ പെൺമക്കളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ഗവേഷണ-വികസന മേഖലയിൽ സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തം പ്രധാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു.
വിദ്യാർഥികൾ തങ്ങളുടെ ജീവിതത്തിൻ്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. അവർക്ക് പുതിയ വെല്ലുവിളികളും അവസരങ്ങളും നേരിടേണ്ടിവരും. എംഎൻഐടിയിൽ നിന്ന് നേടിയെടുത്ത അറിവും വൈദഗ്ധ്യവും ഉപയോഗിച്ച് അവർക്ക് ആ വെല്ലുവിളികളെ നേരിടാനും ഉയർന്നുവരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക - https://static.pib.gov.in/WriteReadData/specificdocs/documents/2024/sep/doc2024918396801.pdf
**************
(Release ID: 2056015)
Visitor Counter : 59