സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

രണ്ടു പ്രധാന വാണിജ്യകേന്ദ്രങ്ങളായ മുംബൈയും ഇന്ദോറും തമ്മിലുള്ള ഏറ്റവും ദൈർഘ്യം കുറഞ്ഞ റെയിൽ ഗതാഗതസൗകര്യമൊരുക്കാൻ 309 കിലോമീറ്റർ നീളമുള്ള പുതിയ റെയിൽപ്പാത പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാംഗീകാരം

വാണിജ്യകേന്ദ്രങ്ങളായ മുംബൈയെയും ഇന്ദോറിനെയും ഏറ്റവും ചെറിയ റെയിൽ പാതയിലൂടെ കൂട്ടിയിണക്കുന്നതിനു പുറമെ, മഹാരാഷ്ട്രയിലെ 2 ജില്ലകളിലൂടെയും മധ്യപ്രദേശിലെ 4 ജില്ലകളിലൂടെയും കടന്നുപോകുന്ന പാത ഇരുസംസ്ഥാനങ്ങളിലെയും സമ്പർക്കസൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളെ കൂട്ടിയിണക്കുന്ന പദ്ധതിക്കും അംഗീകാരം

2028-29ഓടെ പൂർത്തിയാകുന്ന പദ്ധതിയുടെ ആകെ ചെലവ് 18,036 കോടി രൂപ

നിർമാണവേളയിൽ ഏകദേശം 102 ലക്ഷം തൊഴിൽദിനങ്ങളോടെ പദ്ധതി നേരിട്ടു തൊഴിലവസരം സൃഷ്ടിക്കും



Posted On: 02 SEP 2024 3:30PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (സിസിഇഎ) റെയിൽവേ മന്ത്രാലയത്തിനു കീഴിൽ മൊത്തം 18,036 കോടി രൂപ (ഏകദേശം) ചെലവുവരുന്ന പുതിയ റെയിൽപ്പാത പദ്ധതിക്ക് അംഗീകാരം നൽകി. ഇന്ദോറിനും മൻമാഡിനും ഇടയിലുള്ള നിർദിഷ്ടപാത നേരിട്ടുള്ള സമ്പർക്കസൗകര്യം പ്രദാനം ചെയ്യുകയും ചലനക്ഷമത മെച്ചപ്പെടുത്തുകയും ഇന്ത്യൻ റെയിൽവേയ്ക്കു മെച്ചപ്പെട്ട കാര്യക്ഷമതയും സേവനവിശ്വാസ്യതയും നൽകുകയും ചെയ്യും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യ എന്ന കാഴ്ചപ്പാടിന് അനുസൃതമാണ് ഈ പദ്ധതി. മേഖലയിലെ സമഗ്രമായ വികസനത്തിലൂടെ പദ്ധതി ഈ മേഖലയിലെ ജനങ്ങളെ സ്വയംപര്യാപ്തരാക്കും. അവരുടെ തൊഴിൽ/സ്വയംതൊഴിൽ അവസരങ്ങൾ വർധിപ്പിക്കും.

സംയോജിത ആസൂത്രണത്തിലൂടെ സാധ്യമായ ബഹുതല സമ്പർക്കസൗകര്യത്തിനായുള്ള പിഎം-ഗതി ശക്തി ദേശീയ ആസൂത്രണപദ്ധതിയുടെ ഫലമാണ് ഈ പദ്ധതി. ഇതു ജനങ്ങളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും നീക്കത്തിന് തടസ്സരഹിത സമ്പർക്കസൗകര്യമൊരുക്കും.

മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ രണ്ടു സംസ്ഥാനങ്ങളിലെ ആറുജില്ലകൾ ഉൾക്കൊള്ളുന്ന പദ്ധതി, ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 309 കിലോമീറ്റർ വർധിപ്പിക്കും.

ഈ പദ്ധതിയിലൂടെ 30 പുതിയ സ്റ്റേഷനുകൾ നിർമിക്കും. ഇത് വികസനം കാംക്ഷിക്കുന്ന ജില്ലയായ ബർവാനിയിലേക്കുള്ള സമ്പർക്കസൗകര്യം മെച്ചപ്പെടുത്തും. പുതിയ പാത പദ്ധതി ഏകദേശം 1000 ഗ്രാമങ്ങളിലേക്കും 30 ലക്ഷത്തോളം വരുന്ന ജനസംഖ്യയിലേക്കും സമ്പർക്കസൗകര്യമൊരുക്കും.

രാജ്യത്തിന്റെ പടിഞ്ഞാറൻ / തെക്ക്-പടിഞ്ഞാറൻ ഭാഗങ്ങൾക്കിടയിൽ മധ്യ ഇന്ത്യയിലേക്കുള്ള ഏറ്റവും ചെറിയ പാത ഒരുക്കി, ഈ മേഖലയിലെ വിനോദസഞ്ചാരത്തെ പദ്ധതി പ്രോത്സാഹിപ്പിക്കും. ശ്രീ മഹാകാലേശ്വർ ജ്യോതിർലിംഗ ക്ഷേത്രം ഉൾപ്പെടെ, ഉജ്ജൈൻ-ഇന്ദോർ മേഖലയിലെ വിവിധ വിനോദസഞ്ചാര/ആരാധന കേന്ദ്രങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാനും പദ്ധതിക്കാകും.

ജെഎൻപിഎ തുറമുഖ കവാടത്തിൽനിന്നും മറ്റു സംസ്ഥാന തുറമുഖങ്ങളിൽ നിന്നും പീഥംപുരിലെ (90 വൻകിട യൂണിറ്റുകളും 700 ചെറുകിട ഇടത്തരം വ്യവസായങ്ങളും ഉൾപ്പെടുന്ന) ഓട്ടോ ക്ലസ്റ്ററിലേക്ക് പദ്ധതി നേരിട്ടു സമ്പർക്കസൗകര്യമൊരുക്കും. മധ്യപ്രദേശിൽ ചെറുധാന്യം ഉൽപ്പാദിപ്പിക്കുന്ന ജില്ലകളിലേക്കും മഹാരാഷ്ട്രയിൽ ഉള്ളി ഉൽപ്പാദിപ്പിക്കുന്ന ജില്ലകളിലേക്കും പദ്ധതി നേരിട്ടു സമ്പർക്കസൗകര്യമൊരുക്കും. ഇതു രാജ്യത്തിന്റെ വടക്കൻ-തെക്കൻ ഭാഗങ്ങളിലേക്കു വിതരണത്തിനും കൂടുതൽ സൗകര്യമൊരുക്കും.

കാർഷികോൽപ്പന്നങ്ങൾ, വളം, കണ്ടെയ്നറുകൾ, ഇരുമ്പയിര്, ഉരുക്ക്, സിമന്റ്, പിഒഎൽ തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് അനിവാര്യമായ മാർഗമാണ‌ിത്. ശേഷി വർധിപ്പിക്കൽ പ്രവർത്തനങ്ങൾ ഏകദേശം 26 MTPA (പ്രതിവർഷം ദശലക്ഷം ടൺ) അധിക ചരക്കുഗതാഗതത്തിനു കാരണമാകും. പരിസ്ഥിതിസൗഹൃദവും ഊർജ കാര്യക്ഷമതയുള്ള ഗതാഗത മാർഗമാണു റെയിൽവേ എന്നതിനാൽ, കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക് ചെലവു കുറയ്ക്കുന്നതിനും എണ്ണ ഇറക്കുമതി (18 കോടി ലിറ്റർ) കുറയ്ക്കുന്നതിനും 5.5 കോടി മരങ്ങൾ നടുന്നതിനു തുല്യമായ നിലയിൽ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ (138 കോടി കിലോഗ്രാം) കുറയ്ക്കുന്നതിനും പദ്ധതി സഹായിക്കും.

****

NS



(Release ID: 2050898) Visitor Counter : 66