നിതി ആയോഗ്‌

നിതി ആയോഗിൻ്റെ ഒമ്പതാമത് ഗവേണിങ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി


കേന്ദ്രത്തിൻ്റെയും സംസ്ഥാനങ്ങളുടെയും കൂട്ടായ ശ്രമങ്ങൾ വികസിത ഭാരതം@2047 എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ ഇടയാക്കും: പ്രധാനമന്ത്രി

വികസിത ഭാരതമെന്ന കാഴ്ചപ്പാട് വികസിത സംസ്ഥാനങ്ങളിലൂടെ സാക്ഷാത്കരിക്കാനാകുമെന്ന് പ്രധാനമന്ത്രി; വികസിതഭാരതം @ 2047 സാക്ഷാത്കരിക്കാൻ  ഓരോ സംസ്ഥാനവും ജില്ലയും 2047 എന്ന ലക്ഷ്യത്തിനായി കാഴ്ചപ്പാട് സൃഷ്ടിക്കണം

നിക്ഷേപം ആകർഷിക്കാൻ 'നിക്ഷേപ സൗഹൃദ ചാർട്ടർ' തയ്യാറാക്കാൻ പ്രധാനമന്ത്രി നിതി ആയോഗിന് നിർദ്ദേശം നൽകി

ജലസ്രോതസ്സുകൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനായി സംസ്ഥാന തലത്തിൽ നദീശൃംഖല സൃഷ്ടിക്കുന്നതിനു പ്രധാനമന്ത്രി പ്രോത്സാഹനമേകി

ഭാവിയിൽ ജനസംഖ്യാവാർദ്ധക്യത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജനസംഖ്യ ​കൈകാര്യം ചെയ്യൽ പദ്ധതികൾക്കു തുടക്കം കുറിക്കാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചു

യുവാക്കളെ തൊഴിൽ സജ്ജരാക്കുന്നതിന് അവരുടെ നൈപുണ്യത്തിനും പരിശീലനത്തിനും പ്രധാനമന്ത്രി ഊന്നൽ നൽകി

ദാരിദ്ര്യം ഒഴിവാക്കുന്നതിന് വികസിത ഭാരതത്തിൽ നാം മുൻഗണന നൽകണം: പ്രധാനമന്ത്രി

യോഗത്തിൽ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും നിർദ്ദേശങ്ങൾ പഠിക്കാൻ പ്രധാനമന്ത്രി നിതി ആയോഗിന് നിർദ്ദേശം നൽകി

20 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണപ്രദേശങ്ങളും യോഗത്തിൽ പങ്കെടുത്തു

Posted On: 27 JUL 2024 7:12PM by PIB Thiruvananthpuram

നിതി ആയോഗിൻ്റെ ഒമ്പതാമത് ഗവേണിങ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് അധ്യക്ഷത വഹിച്ചു. ന്യൂഡൽഹി രാഷ്ട്രപതിഭവൻ സാംസ്കാരിക കേന്ദ്രത്തിലായിരുന്നു യോഗം. 20 സംസ്ഥാനങ്ങളെയും 6 കേന്ദ്രഭരണപ്രദേശങ്ങളെയും പ്രതിനിധാനം ചെയ്ത് മുഖ്യമന്ത്രിമാർ/ലഫ്റ്റനൻ്റ് ഗവർണർമാർ പങ്കെടുത്തു.

വികസിതഭാരതം@2047 എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിൻ്റെയും സഹകരണത്തിനും കൂട്ടായ പരിശ്രമത്തിനും പ്രധാനമന്ത്രി ഊന്നൽ നൽകി.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യ സ്ഥിരമായ വളർച്ച കൈവരിച്ചതായി പ്രധാനമന്ത്രി നിരീക്ഷിച്ചു. 2014-ൽ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2024-ഓടെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നു. ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുക എന്നതു ഗവണ്മെന്റിന്റെയും എല്ലാ പൗരന്മാരുടെയും കൂട്ടായ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹികവും സാമ്പത്തികവുമായ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തി കഴിഞ്ഞ പത്തുവർഷത്തിനിടെ നമ്മുടെ രാജ്യം വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമായും ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയിൽ നിന്ന്, ഇന്ത്യ ഇപ്പോൾ ലോകത്തിലേക്ക് നിരവധി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി. പ്രതിരോധം, ബഹിരാകാശം, സ്റ്റാർട്ടപ്പുകൾ, കായികം തുടങ്ങിയ വിശാലമായ മേഖലകളിൽ രാജ്യം ലോകവേദിയിൽ മുദ്ര പതിപ്പിച്ചു. നമ്മുടെ രാജ്യത്തിൻ്റെ പുരോഗതിക്ക് പിന്നിലെ ചാലകശക്തിയായ 140 കോടി പൗരന്മാരുടെ ആത്മവിശ്വാസത്തെയും ഉത്സാഹത്തെയും അദ്ദേഹം അഭിനന്ദിച്ചു.

വിവിധ മേഖലകളിൽ ധാരാളം അവസരങ്ങൾ കൊണ്ടുവരുന്ന മാറ്റത്തിൻ്റെ ദശകമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താനും നയങ്ങൾ രൂപീകരിക്കാനും നയരൂപീകരണത്തിലും നിർവഹണത്തിലും നൂതനമായ സമീപനങ്ങളിലൂടെ വികസനത്തിന് ഉതകുന്ന ഭരണപരിപാടികൾ ആരംഭിക്കാനും അദ്ദേഹം സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചു.

വികസിത ഭാരതമെന്ന കാഴ്ചപ്പാട് വികസിത സംസ്ഥാനങ്ങളിലൂടെ സാക്ഷാത്കരിക്കാനാകുമെന്നും വികസിത ഭാരതമെന്ന തീവ്രമായ അ‌ഭിവാഞ്ഛ താഴെത്തട്ടിൽ, അതായത് ഓരോ ജില്ലയിലും ബ്ലോക്കിലും ഗ്രാമത്തിലും, എത്തണമെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇതിനായി, ഓരോ സംസ്ഥാനവും ജില്ലയും 2047-ൽ വികസിതഭാരതം @ 2047 എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള കാഴ്ചപ്പാട് സൃഷ്ടിക്കണം.

നിതി ആയോഗ് ചുക്കാൻ പിടിച്ച വികസനം കാംക്ഷിക്കുന്ന ജില്ല പരിപാടിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അളക്കാവുന്ന മാനദണ്ഡങ്ങളു​ടെ തുടർച്ചയായതും ഓൺലൈനിലൂടെയുള്ളതുമായ നിരീക്ഷണമാണ് അതിൻ്റെ വിജയത്തിൻ്റെ താക്കോലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് വിവിധ ഗവണ്മെന്റ് പദ്ധതികളിലെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ജില്ലകൾക്കിടയിൽ ആരോഗ്യകരമായ മത്സരം സൃഷ്ടിച്ചു.

നൈപുണ്യമുള്ള മനുഷ്യവിഭവശേഷിക്കായി ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നതിനാൽ യുവാക്കളെ തൊഴിൽ സജ്ജരാക്കുന്നതിന് നൈപുണ്യത്തിനും പരിശീലനത്തിനും പ്രധാനമന്ത്രി ഊന്നൽ നൽകി.

നിക്ഷേപക സൗഹൃദ അന്തരീക്ഷം  ഒരുക്കാൻ അദ്ദേഹം സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചു. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി നടപ്പാക്കേണ്ട നയങ്ങളും പരിപാടികളും പ്രക്രിയകളും ഉൾപ്പെടുന്ന മാനദണ്ഡങ്ങളുടെ ‘നിക്ഷേപ സൗഹൃദ ചാർട്ടർ’ തയ്യാറാക്കാൻ അദ്ദേഹം നിതി ആയോഗിനെ ചുമതലപ്പെടുത്തി. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി സംസ്ഥാനങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിന് ഈ മാനദണ്ഡങ്ങളിലെ നേട്ടം സംസ്ഥാനങ്ങൾ നിരീക്ഷിച്ചേക്കാം. പ്രോത്സാഹനത്തിനുപകരം നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന്  ക്രമസമാധാനം, സദ്ഭരണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ പ്രാധാന്യത്തിനും അദ്ദേഹം അടിവരയിട്ടു.

ജലസ്രോതസ്സുകൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനായി സംസ്ഥാന തലത്തിൽ നദീശൃംഖലകൾ സൃഷ്ടിക്കുന്നതിനെ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചു.

ദാരിദ്ര്യം ഒഴിവാക്കൽ വികസിതഭാരതത്തിൻ്റെ മുൻഗണനയായി നാം കാണണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കേവലം പദ്ധതിതലത്തിൽ എന്നതിലുപരി വ്യക്തിഗത അടിസ്ഥാനത്തിൽ ദാരിദ്ര്യത്തെ നേരിടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താഴെത്തട്ടിൽ ദാരിദ്ര്യം ഇല്ലാതാക്കുന്നത് നമ്മുടെ രാജ്യത്ത് പരിവർത്തന ഫലമുണ്ടാക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.

കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമതയും വൈവിധ്യവൽക്കരണവും വർദ്ധിപ്പിക്കാനും കർഷകർക്ക് വിപണി ബന്ധം നൽകാനും പ്രധാനമന്ത്രി എല്ലാ സംസ്ഥാനങ്ങളെയും പ്രോത്സാഹിപ്പിച്ചു. മണ്ണിൻ്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്താനും കുറഞ്ഞ ചെലവിൽ കർഷകർക്ക് മികച്ചതും വേഗത്തിലുള്ളതുമായ ആദായം ഉറപ്പാക്കാനും ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി പ്രദാനം ചെയ്യാനും കഴിയുന്ന പ്രകൃതിദത്ത കൃഷിരീതികൾ അവലംബിക്കുന്നതിലും അദ്ദേഹം ഊന്നൽ നൽകി.

ഭാവിയിൽ ജനസംഖ്യാവാർദ്ധക്യത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജനസംഖ്യ ​കൈകാര്യം ചെയ്യൽ പദ്ധതികൾക്കു തുടക്കം കുറിക്കാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചു.

എല്ലാ തലങ്ങളിലുമുള്ള ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ ശേഷി വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെടുകയും അതിനായി ശേഷിവികസന കമ്മീഷനുമായി സഹകരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

വികസിത ഭാരതം @ 2047 എന്ന കാഴ്ചപ്പാടിനായി മുഖ്യമന്ത്രിമാരും ലഫ്റ്റനന്റ് ഗവർണർമാരും വിവിധ നിർദ്ദേശങ്ങൾ നൽകി. വിവിധ സംസ്ഥാനങ്ങളിൽ സ്വീകരിച്ച നടപടികൾ ചർച്ച ചെയ്തു. കൃഷി, വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം, കുടിവെള്ളം, നിയന്ത്രണങ്ങൾ കുറയ്ക്കൽ, ഭരണം, ഡിജിറ്റൽവൽക്കരണം, സ്ത്രീശാക്തീകരണം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലെ ചില പ്രധാന നിർദ്ദേശങ്ങളും മികച്ച പ്രവർത്തനങ്ങളും എടുത്തുപറഞ്ഞു. 2047-ലേക്കായി സംസ്ഥാനതല കാഴ്ചപ്പാട് സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളും നിരവധി സംസ്ഥാനങ്ങൾ പങ്കുവച്ചു.

യോഗത്തിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും നിർദ്ദേശങ്ങൾ പഠിക്കാൻ പ്രധാനമന്ത്രി നിതി ആയോഗിന് നിർദ്ദേശം നൽകി.

യോഗത്തിൽ പങ്കെടുത്തതിനും അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവച്ചതിനും എല്ലാ മുഖ്യമന്ത്രിമാർക്കും ലഫ്​റ്റനന്റ് ഗവർണർമാർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. സഹകരണ ഫെഡറലിസത്തിൻ്റെ കരുത്തിലൂടെ വികസിത ഭാരതം @2047 എന്ന കാഴ്ചപ്പാട് നിറവേറ്റുന്നതിനുള്ള പാതയിലാണ് ഇന്ത്യ മുന്നേറുന്നതെണന്ന് അദ്ദേഹംആത്മവിശ്വാസം പ്രകടിപ്പിച്ചു.

--NS--
 



(Release ID: 2038004) Visitor Counter : 23