ഷിപ്പിങ് മന്ത്രാലയം

ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്റ് തുറമുഖമായ വിഴിഞ്ഞത്ത് ആദ്യ മദർഷിപ്പിനെ സ്വീകരിച്ച് കേന്ദ്രമന്ത്രി ശ്രീ സർബാനന്ദ സോണോവാൾ


9000 ടിഇയു ശേഷിയുള്ള എംവി സാൻ ഫെർണാണ്ടോ കപ്പലിന്റെ വരവ് അടുത്തതലമുറ ലോകോത്തര തുറമുഖ അടിസ്ഥാനസൗകര്യങ്ങളിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റം അടയാളപ്പെടുത്തുന്നു: ശ്രീ സോണോവാൾ

“വിഴിഞ്ഞം തുറമുഖം വലിയ അവസരങ്ങൾ തുറക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്തതുപോലെ, രാജ്യത്തിന്റെ തുറമുഖമേഖലയിൽ പുതിയ യുഗത്തിനാണു തുടക്കം കുറിച്ചത്”

‘മേക്ക് ഇൻ ഇന്ത്യ’ എന്ന കാഴ്ചപ്പാടു നിറവേറ്റുന്നതിനായി, വിഴിഞ്ഞം തുറമുഖം പിഎം ഗതിശക്തി ദേശീയ ലോജിസ്റ്റിക്സ് നയവും ‘മാരിടൈം അമൃത് കാൽ വിഷൻ 2047’ ഉം പ്രാവർത്തികമാക്കുന്നു: ശ്രീ സോണോവാൾ


Posted On: 12 JUL 2024 6:05PM by PIB Thiruvananthpuram

ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്റ് തുറമുഖമായ വിഴിഞ്ഞത്ത് ആദ്യ മദർഷിപ്പിനെ സ്വീകരിച്ച് കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജലപാതാ മന്ത്രി ശ്രീ സർബാനന്ദ സോണോവാൾ. തുറമുഖത്തിന്റെ പ്രവർത്തനത്തിനു തുടക്കംകുറിച്ച് ആദ്യ മദർഷിപ്പ് ‘എം വി സാൻ ഫെർണാണ്ടോ’യാണ് ഇന്നെത്തിയത്. 9000 ടിഇയു വരെ ശേഷിയുള്ള കപ്പൽ, മെഗാമാക്സ് കണ്ടെയ്‌നർഷിപ്പുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഉൾപ്പെടെയുള്ള കപ്പലുകളുടെ ചരക്കുനീക്കം വേഗത്തിലാക്കുന്നതിനായി വലിയ തോതിലുള്ള സ്വയംനിയന്ത്രണസംവിധാനം ഉറപ്പാക്കുന്ന, അത്യാധുനിക സൗകര്യങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വയംനിയന്ത്രണസംവിധാനമുള്ള തുറമുഖത്താണു പ്രവേശിച്ചത്. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ചടങ്ങിൽ സന്നിഹിതനായി.

 

“ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെർമിനലായ വിഴിഞ്ഞത്തു കന്നി മദർഷിപ്പ് പ്രവേശിക്കുമ്പോൾ ഇന്ത്യയുടെ സമുദ്രമേഖലയ്ക്ക് ഇന്നു ചരിത്രപരമായ ദിവസമാണ്. കേരള ഗവണ്മെന്റും ഇന്ത്യാ ഗവണ്മെന്റും അദാനി തുറമുഖ പ്രത്യേക സാമ്പത്തിക മേഖലയും തമ്മിലുള്ള പിപിപി സഹകരണം ഇന്ത്യയുടെ സമുദ്രമേഖലയുടെ വളർച്ചയ്ക്ക് അത്ഭുതകരമായ ആസ്തി സൃഷ്ടിച്ച ‘മേക്ക് ഇൻ ഇന്ത്യ’ എന്ന കാഴ്ചപ്പാടിന്റെ തെളിവാണിത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനു കീഴിൽ, ഇന്ത്യ സംരംഭക ഉദ്യമങ്ങൾ സജ്ജീകരിക്കുകയും പ്രാപ്തമാക്കുകയും രാഷ്ട്രനിർമാണത്തിനായി ശേഷി വർധിപ്പിക്കുന്നതിന് ആവശ്യമുള്ളപ്പോൾ സഹകരിക്കുകയും ചെയ്യുന്നു. ഈ അത്ഭുതകരമായ നേട്ടം രാജ്യത്തിന്റെ തുറമുഖ മേഖലയിൽ പുതിയ യുഗത്തിനാണു തുടക്കം കുറിക്കുന്നത്. രാജ്യത്തു ലോകോത്തര തുറമുഖ അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നതിനുള്ള വലിയ ചുവടുവയ്പാണിത്. രാഷ്ട്രനിർമാണത്തിന്റെ അതേ ചൈതന്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ദീർഘവീക്ഷണമുള്ള മാർഗനിർദേശത്തിനു കീഴിൽ, മഹാരാഷ്ട്രയിലെ വാധ്‌വനിലെ എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കുന്ന ഡീപ് ഡ്രാഫ്റ്റ് തുറമുഖം, ഗാലത്തിയ ബേയിലെ അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെർമിനൽ (ICTT) എന്നിവയുൾപ്പെടെയുള്ള മെഗാ തുറമുഖ പദ്ധതികളുടെ നിർവഹണത്തിനായി നമ്മുടെ മന്ത്രാലയം ദൗത്യമെന്ന നിലയിൽ പ്രവർത്തിക്കുന്നു” -  ശ്രീ സോണോവാൾ പറഞ്ഞു.

 

കേരളത്തിലെ തിരുവനന്തപുരത്തിനടുത്തുള്ള തന്ത്രപ്രധാനമായ സമുദ്രപദ്ധതിയാണു വിഴിഞ്ഞം തുറമുഖം. 18,000 കോടി രൂപയിലധികം മുതൽമുടക്കിൽ ഒരു സംസ്ഥാന ഗവണ്മെന്റ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് തുറമുഖ പദ്ധതിയാണിത്. പൊതു-‌സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ വികസിപ്പിച്ചെടുത്ത ഇതു രാജ്യത്തെ തുറമുഖമേഖലയിലെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നാണ്. അന്താരാഷ്ട്ര കപ്പൽപാതകൾക്കു സമീപമുള്ള വിഴിഞ്ഞത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം കപ്പലുകളുടെ ഗതാഗതസമയം ഗണ്യമായി കുറയ്ക്കുകയും ഇതു സമുദ്ര വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി മാറുകയും ചെയ്യും. ഇന്ത്യയിലെ ചുരുക്കംചില പ്രകൃതിദത്ത ആഴക്കടൽ തുറമുഖങ്ങളിൽ ഒന്നായ വിഴിഞ്ഞത്തിന്, വലിയ ചരക്കുകപ്പലുകളും കണ്ടെയ്‌നർ കപ്പലുകളും കാര്യക്ഷമമായി ഉൾക്കൊള്ളാൻ കഴിയും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനം തൊഴിലവസരങ്ങൾ സൃഷ്ടിച്ചും വ്യാപാരം വർധിപ്പിച്ചും നിക്ഷേപങ്ങൾ ആകർഷിച്ചും കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടും. ആധുനിക കണ്ടെയ്‌നർ ടെർമിനലുകൾ, സംഭരണശാലകൾ, ലോജിസ്റ്റിക് പാർക്കുകൾ എന്നിവയുൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെ തുറമുഖത്തെ സജ്ജീകരിക്കുകയാണു നിലവിലുള്ള അടിസ്ഥാനസൗകര്യ പദ്ധതികൾ ലക്ഷ്യമിടുന്നത്. തെക്കുകിഴക്കൻ ഏഷ്യ, മധ്യപൂർവേഷ്യ, ആഫ്രിക്ക എന്നിവയ്ക്കിടയിലുള്ള വാണിജ്യകവാടമായി പ്രവർത്തിക്കുന്ന വിഴിഞ്ഞം പ്രാദേശിക വ്യാപാരത്തിൽ പ്രധാന പങ്കാളിയായി മാറുകയും ചെയ്യും.

“പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ഊർജസ്വലമായ നേതൃത്വത്തിനു കീഴിൽ, വരുംവർഷങ്ങളിൽ മികച്ച നാവിക ആഗോള ശക്തിയാകാൻ നാം ലക്ഷ്യമിടുന്നതിനാൽ, രാജ്യത്തെ തുറമുഖ മേഖലയിൽ ഇന്ത്യ അതിവേഗം വികസനം നടപ്പാക്കുകയാണ്. ഇന്ന്, വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമായതോടെ, ഈ മേഖലയിൽ സൃഷ്ടിക്കുന്ന അവസരങ്ങൾ കൊയ്യാനും കൊളംബോ, സിംഗപ്പൂർ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകളുമായി ആരോഗ്യകരമായ മത്സരം നടത്താനും ഇന്ത്യ ഒരുങ്ങുകയാണ്. തുറമുഖ-ഷിപ്പിങ്-ജലപാതാ മന്ത്രാലയത്തിന്റെ പ്രധാന പരിപാടിയായ സാഗർമാല പദ്ധതിക്കു കീഴിൽ 24,000 കോടിയിലധികം രൂപയുടെ പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതിനാൽ ഇന്ത്യയുടെ സമുദ്രമേഖലയെ പ്രാപ്തമാക്കാനും സജ്ജമാക്കാനും ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. ചലനാത്മകമായ ആഗോള സാഹചര്യം സമുദ്രമേഖലയെ സ്വാധീനിക്കുന്നതിനാൽ, ആഗോള വിതരണശൃംഖലയിലെ തടസ്സങ്ങൾ ലഘൂകരിക്കുന്നതിന് ഈ തുറമുഖം പ്രായോഗിക ബദലും പ്രധാന കപ്പൽപാതകൾക്കുള്ള അവസരവും വാഗ്ദാനം ചെയ്യുന്നു.” - ശ്രീ സോണോവാൾ കൂട്ടിച്ചേർത്തു.

-NK-
 



(Release ID: 2032867) Visitor Counter : 40