പ്രധാനമന്ത്രിയുടെ ഓഫീസ്
റഷ്യയിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
Posted On:
09 JUL 2024 2:40PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യയിലെ ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. മോസ്കോയിൽ നടന്ന പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ ആശയവിനിമയം. ഊഷ്മളമായും സവിശേഷ സ്നേഹത്തോടെയും ഇന്ത്യൻ സമൂഹം അദ്ദേഹത്തെ സ്വാഗതം ചെയ്തു.
ഏവരെയും അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഊഷ്മളമായ സ്വീകരണത്തിന് ഇന്ത്യൻ പ്രവാസികൾക്ക് നന്ദി പറയുകയും ഇന്ത്യ-റഷ്യ ബന്ധം മെച്ചപ്പെടുത്തുന്നതിൽ അവർ നൽകിയ സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്തു. 140 കോടി ഇന്ത്യക്കാർക്ക് വേണ്ടി അവരെ അഭിവാദ്യം ചെയ്യുന്നതിനിടയിൽ, ചരിത്രപരമായ മൂന്നാം കാലയളവിൽ ഇന്ത്യൻ പ്രവാസികളെ ഇതാദ്യമായാണ് അഭിസംബോധന ചെയ്യുന്നത് എന്നതിനാൽ, റഷ്യയിലെ ഇന്ത്യൻ സമൂഹവുമായുള്ള ആശയവിനിമയം പ്രത്യേകതകൾ നിറഞ്ഞതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യയിൽ സംഭവിച്ച പ്രകടമായ പരിവർത്തനത്തെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. ഇത് എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ മൂന്നാം കാലയളവിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുക എന്നതാണു ഗവണ്മെന്റിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആഗോള വളർച്ചയുടെ ഗണ്യമായ ശതമാനം വരുന്ന ഇന്ത്യയുടെ സാമ്പത്തിക വളർച്ച; ഡിജിറ്റൽ - ഫിൻടെക് മുന്നേറ്റം; ഹരിത വികസന നേട്ടങ്ങൾ; സാധാരണക്കാരെ ശാക്തീകരിക്കുന്ന ഫലപ്രദമായ സാമൂഹിക-സാമ്പത്തിക പരിപാടികൾ എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. 140 കോടി ഇന്ത്യക്കാരുടെ അർപ്പണബോധവും പ്രതിബദ്ധതയും സംഭാവനയും കാരണമാണ് ഇന്ത്യയുടെ പരിവർത്തനവിജയം സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അവരിൽ ഓരോരുത്തരും ഇന്ന് ഇന്ത്യ വികസിത രാജ്യമാകുന്നതു സ്വപ്നം കാണുന്നു. കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നതുമുതൽ സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെയുള്ള പ്രതിജ്ഞാബദ്ധമായ ശ്രമങ്ങളിലൂടെ ഇന്ത്യ, ആഗോള അഭിവൃദ്ധിയിലേക്ക് വിശ്വബന്ധു അഥവാ ലോകത്തിന്റെ സുഹൃത്ത് എന്ന നിലയിൽ, ഗണ്യമായ സംഭാവനകൾ നൽകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സമാധാനത്തിനും സംഭാഷണത്തിനും നയതന്ത്രത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ ആഹ്വാനം എല്ലായിടത്തും പ്രതിധ്വനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുമായി കൂടുതൽ കരുത്തുറ്റതും ആഴമേറിയതുമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിൽ തുടർന്നും സജീവ പങ്കുവഹിക്കാൻ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ പ്രോത്സാഹിപ്പിച്ചു. കസാനിലും എകാറ്റെറിൻബർഗിലും രണ്ട് പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ തുറക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ടെന്നും, ഇതു ജനങ്ങൾ തമ്മിലുള്ള ബന്ധത്തിനു കൂടുതൽ ഉത്തേജനം പകരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വൻ കരഘോഷത്തോടെയാണ് ഈ പ്രഖ്യാപനം സ്വീകരിക്കപ്പെട്ടത്. രാജ്യത്ത് ഇന്ത്യൻ സാംസ്കാരിക പാരമ്പര്യങ്ങൾ പരിപോഷിപ്പിക്കുന്നതിനും റഷ്യൻ ജനതയുമായി അതിന്റെ ഊർജസ്വലത പങ്കിടുന്നതിനുമുള്ള ഇന്ത്യൻ സമൂഹത്തിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
-NK-
(Release ID: 2031736)
Visitor Counter : 49
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada