പരിസ്ഥിതി, വനം മന്ത്രാലയം

ആറാമത് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി അസംബ്ലിയിൽ അംഗീകരിച്ച സുസ്ഥിര ജീവിതശൈലി സംബന്ധിച്ച പ്രമേയം നടപ്പിലാക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് ശ്രീ ഭൂപേന്ദർ യാദവ് ബ്രിക്‌സ് രാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചു

Posted On: 28 JUN 2024 4:04PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 28 ജൂൺ 2024 


2024 ജൂൺ 28 ന് റഷ്യൻ ഫെഡറേഷൻ്റെ അധ്യക്ഷതയിൽ ബ്രിക്സ് പരിസ്ഥിതി മന്ത്രിമാരുടെ പത്താമത് യോഗം ഹൈബ്രിഡ് ഫോർമാറ്റിൽ നടന്നു.  യോഗത്തിൽ  കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് വെർച്വലായി പങ്കെടുത്തു. ഈജിപ്ത്, ഇത്യോപ്യ, ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ എന്നീ അഞ്ച് പുതിയ അംഗങ്ങൾ ചേർന്നതിന് ശേഷം ബ്രിക്സ് പരിസ്ഥിതി മന്ത്രിമാരുടെ ആദ്യ യോഗമായിരുന്നു ഇത്.

വിപുലീകരിച്ച ബ്രിക്‌സിന് ഇപ്പോൾ പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുന്നതിനുള്ള കാര്യപരിപാടിയും   മുൻഗണനകളും മുന്നോട്ടുള്ള വഴിയും സജ്ജമാക്കാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി പ്രസ്താവിച്ചു. ആഗോള പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിൽ സുസ്ഥിരമായ ജീവിതശൈലിയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ആറാമത് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി അസംബ്ലിയിൽ അംഗീകരിച്ച സുസ്ഥിര ജീവിതശൈലി സംബന്ധിച്ച പ്രമേയം നടപ്പിലാക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ബ്രിക്സ് രാജ്യങ്ങളോട് അഭ്യർത്ഥിച്ചു.

വികസ്വര രാജ്യങ്ങൾക്ക് തുല്യമായ പരിഗണന ആവശ്യമാണെന്ന് ശ്രീ യാദവ് ഊന്നിപ്പറഞ്ഞു. യുഎൻഎഫ്സിസിസി സിഓപി, സിബിഡി സിഓപി, എന്നിവയിൽ ഉറപ്പ് നൽകിയിട്ടുള്ള സാമ്പത്തിക സഹായം  ഉൾപ്പെടെയുള്ള തങ്ങളുടെ വാഗ്ദാനങ്ങൾ നിറവേറ്റാൻ വികസിത രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രിക്സ് രാജ്യങ്ങൾ തമ്മിൽ യോജിച്ച പ്രവർത്തനവും സഹകരണവും ശക്തിപ്പെടുത്തുകയും, വിപുലീകരിക്കുകയും ചെയ്യുക, ബഹുമുഖ വേദികളിൽ അടുത്ത സഹകരണം തുടരുക, സമത്വത്തിന്റെയും സിബിഡിആർ-ആർസിയുടെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരുമിച്ച് നിൽക്കുക എന്നിവയുടെ ആവശ്യകതയും കേന്ദ്രമന്ത്രി അടിവരയിട്ടു.  

2024 ജൂൺ 28-ന് റഷ്യയിലെ നിസ്നി നോവ്ഗൊറോഡിൽ നടന്ന പത്താം ബ്രിക്സ് പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിൻ്റെ പ്രസ്താവനയും അംഗീകരിച്ചു.

 



(Release ID: 2029335) Visitor Counter : 38