ആയുഷ്‌

2024 ലെ അന്താരാഷ്ട്ര യോഗാ ദിനത്തിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണം മന്ത്രാലയം സെക്രട്ടറി, ആയുഷ് വകുപ്പ് സെക്രട്ടറി എന്നിവർ അവലോകനം ചെയ്തു

Posted On: 07 JUN 2024 4:54PM by PIB Thiruvananthpuram

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും (I&B) ആയുഷ് മന്ത്രാലയവും 2024 ലെ അന്താരാഷ്ട്ര യോഗ ദിനം (IDY) സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ശ്രീ സഞ്ജയ് ജാജു, ഐ & ബി മന്ത്രാലയം സെക്രട്ടറി, ശ്രീ വൈദ്യ രാജേഷ് കൊടേച്ച, സെക്രട്ടറി, ആയുഷ് മന്ത്രാലയം എന്നിവർ എല്ലാ വർഷവും ജൂൺ 21-ന് ആഘോഷിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാചാരണത്തിന്റെ ഈ വർഷത്തെ (2024-)ൻ്റെ മാധ്യമ, പ്രചാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

യോഗാഭ്യാസത്തിൻ്റെ നേട്ടങ്ങളെക്കുറിച്ചുള്ള പ്രചാരണത്തോടൊപ്പം 'കോമണ് യോഗ പ്രോട്ടോകോൾ' (സിവൈപി)-നെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ മീഡിയ യൂണിറ്റുകൾ തയ്യാറെടുക്കുന്നു.

ദൂരദർശൻ (ഡിഡി)/ഓൾ ഇന്ത്യ റേഡിയോ (എഐആർ) ശൃംഖലയിലൂടെ പ്രസാർ ഭാരതി വിവിധ പരിപാടികൾ സംപ്രേഷണം / പ്രക്ഷേപണം ചെയ്യും. പ്രത്യേക തത്സമയ പ്രഭാത പരിപാടികൾ സംപ്രേഷണം ചെയ്യുന്നതിനൊപ്പം യോഗ വിദഗ്ധരുമായി അഭിമുഖങ്ങളും മറ്റു പരിപാടികളും ദൂരദർശൻ സംപ്രേഷണം ചെയ്യും.

ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയുമായി സഹകരിച്ചാണ് ആകാശവാണി പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത്.

എല്ലാ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും പങ്കിടുന്നതിനായി ആയുഷ് മന്ത്രാലയം ഒരു 'യോഗ ഗീത്' തയ്യാറാക്കിയിട്ടുണ്ട്.

യോഗ പ്രചാരണ പരിപാടികളിൽ സ്വകാര്യ മാധ്യമ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി അന്തരാഷ്‌ട്ര യോഗ ദിവസ് മീഡിയ സമ്മാൻ (എവൈഡിഎംഎസ്) നൽകുന്നത് ഐ & ബി മന്ത്രാലയം തുടരും. യോഗയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ അച്ചടി, ടിവി, റേഡിയോ എന്നീ മാധ്യമ സ്ഥാപനങ്ങളുടെ /കമ്പനികളുടെ സംഭാവനയെ AYDMS അംഗീകരിക്കുന്നു. 'യോഗയെ സംബന്ധിച്ച് മികച്ച പത്ര മാധ്യമ കവറേജ്’, ‘യോഗയെ സംബന്ധിച്ച് മികച്ച ഇലക്ട്രോണിക് മാധ്യമ കവറേജ്' (ടിവി), 'യോഗയെ സംബന്ധിച്ച് മികച്ച ഇലക്ട്രോണിക് മാധ്യമ കവറേജ്' (റേഡിയോ) എന്നീ വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകുന്നത്.

കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് യോഗ ചെയ്യാനും യോഗ ഗീത് ഉപയോഗിച്ച് റീലുകൾ അപ്‌ലോഡ് ചെയ്യാനുമുള്ള 'കുടുംബത്തോടൊപ്പം യോഗ' മത്സരം ന്യൂ മീഡിയ വിംഗ് (NMW),കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ സംഘടിപ്പിക്കും. ‘യോഗ ക്വിസ് - യോഗാസന വിദ്യ തിരിച്ചറിയുക’ എന്ന പരിപാടിയും സംഘടിപ്പിക്കും. അന്താരാഷ്ട്ര യോഗ ദിനാചരണം 2024 പോഡ്‌കാസ്റ്റ് പുറത്തിറങ്ങും.

ഇതുകൂടാതെ, ഐ& ബി മന്ത്രാലയത്തിൻ്റെ വിവിധ മാധ്യമ യൂണിറ്റുകളും സംഘടനകളും അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി യോഗയെക്കുറിച്ചുള്ള സെഷനുകൾ / ശില്പശാലകൾ സംഘടിപ്പിക്കും. ജീവനക്കാർക്കിടയിൽ യോഗയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിനായി യോഗ ക്യാമ്പുകൾ, സെമിനാറുകൾ തുടങ്ങിയവയും ഈ വർഷം നടത്തും.

********



(Release ID: 2023480) Visitor Counter : 69