വാണിജ്യ വ്യവസായ മന്ത്രാലയം

ഇൻഡോ-പസഫിക് ഇക്കണോമിക് ഫ്രെയിംവർക്ക് ഫോർ പ്രോസ്പെരിറ്റി (ഐപിഇഎഫ്) ക്ലീൻ ഇക്കണോമി ഇൻവെസ്റ്റർ ഫോറത്തിൽ ഇന്ത്യ പങ്കെടുത്തു 

Posted On: 06 JUN 2024 3:12PM by PIB Thiruvananthpuram

ന്യൂഡൽഹി :ജൂൺ 06, 2024

 വാണിജ്യ വകുപ്പ് സെക്രട്ടറി ശ്രീ സുനിൽ ബർത്ത്‌വാളിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം,  ഇൻഡോ-പസഫിക് ഇക്കണോമിക് ഫ്രെയിംവർക്ക് ഫോർ പ്രോസ്പെരിറ്റി (ഐപിഇഎഫ്) ക്ലീൻ ഇക്കണോമി ഇൻവെസ്റ്റർ ഫോറത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. മേഖലയിലെ പ്രമുഖ നിക്ഷേപകരെയും ക്ലീൻ  ഇക്കോണമി  കമ്പനികളെയും സ്റ്റാർട്ടപ്പുകളേയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സംരംഭം ആണിത് .സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥാ സാങ്കേതികവിദ്യ, പുനരുപയോഗ ഊർജ പദ്ധതികൾ എന്നിവയിലേക്ക് നിക്ഷേപം സമാഹരിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഐപിഇഎഫ് ഫോറം.

ഐപിഇഎഫ് ക്ലീൻ ഇക്കണോമി ഇൻവെസ്റ്റർ ഫോറത്തിൻ്റെ ഉദ്ഘാടന വേളയിൽ വാണിജ്യ സെക്രട്ടറി ശ്രീ ബർത്ത്‌വാൾ, ആഗോള നിക്ഷേപകർ, പദ്ധതി പ്രചാരകർ , നയരൂപകർത്താക്കൾ, അക്കാദമിക സമൂഹം എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന സവിശേഷമായ വേദിയാണ് ഈ ഫോറമെന്ന് അഭിപ്രായപ്പെട്ടു. ഇന്തോ -പസഫിക് മേഖലയിൽ സുസ്ഥിര അടിസ്ഥാന വികസത്തിന് ഇത് സഹായകമാകും.

പുനരുപയോഗ ശേഷിയുള്ള ഊർജ സ്രോതസ്സുകൾ,ഹരിത ഹൈഡ്രജൻ, ഇ.വി എന്നിവയടങ്ങുന്ന ശുദ്ധമായ ഊർജ്ജ മൂല്യ ശൃംഖലയ്‌ക്കും 2030 ഓടെ അതിൻ്റെ അടിസ്ഥാന സൗകര്യ പരിവർത്തനത്തിനും ഇന്ത്യ വാഗ്ദാനം ചെയ്യുന്ന 500 ബില്യൺ ഡോളറിലധികം നിക്ഷേപ അവസരങ്ങൾ, ഐപിഇഎഫിന് കീഴിലുള്ള നിക്ഷേപക ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ ബർത്ത്‌വാൾ ചൂണ്ടിക്കാട്ടി.

രണ്ട് ദിവസത്തെ പരിപാടിയിൽ, ഐപിഇഎഫ്ന്റെ ഭാഗമായുള്ള ധനകാര്യ സ്ഥാപനങ്ങൾ, ബഹുമുഖ വികസന ബാങ്കുകൾ, വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ, പ്രോജക്ട് ഉടമകൾ, സംരംഭകർ, ഗവണ്മെന്റ് ഏജൻസികൾ എന്നിവിടങ്ങളിൽ നിന്നുള്ള 300-ലധികം പേർ 'സുസ്ഥിര അടിസ്ഥാന സൗകര്യവും ക്ലൈമറ്റ് ടെക് എൻഗേജ്‌മെന്റും' എന്ന സെഷന് കീഴിൽ സജീവമായി പങ്കെടുത്തു.

 ഇന്തോ-പസഫിക്കിലെ സുസ്ഥിര അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി 23 ബില്യൺ യുഎസ് ഡോളറിൻ്റെ നിക്ഷേപ അവസരങ്ങളാണ് ഇത്തരത്തിലുള്ള ആദ്യ ഫോറം സൃഷ്ടിച്ചത്.

ഐപിഇഎഫ് പങ്കാളികളും സ്വകാര്യ അടിസ്ഥാന സൗകാര്യ വികസന ഗ്രൂപ്പും ഐപിഇഎഫ് കാറ്റലിറ്റിക് ക്യാപിറ്റൽ ഫണ്ടിൻ്റെ പ്രവർത്തന ആരംഭം പ്രഖ്യാപിച്ചു. ഇത്,  ഉയർന്നുവരുന്നതും, ഉയർന്ന മധ്യ വിഭാഗത്തിൽ പെടുന്നതുമായ സാമ്പത്തിക വ്യവസ്ഥയുള്ള രാജ്യങ്ങളിൽ ഗുണമേന്മയുള്ളതും പുനരു ജീവന ശേഷിയുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ശുദ്ധ സമ്പദ് വ്യവസ്ഥ അടിസ്ഥാന സൗകര്യ പദ്ധതികൾ വിപുലീകരിക്കുന്നതിന് സഹായിക്കുന്നു.

കുറഞ്ഞ നിരക്കിൽ ധനസഹായം, സാങ്കേതിക സഹായം, ശേഷി വർദ്ധിപ്പിക്കൽ പിന്തുണ എന്നിവ ഇതിലൂടെ നിർവഹിക്കും. ഫണ്ടിന് പിന്തുണ നൽകുന്ന രാജ്യങ്ങളിൽ ഓസ്‌ട്രേലിയ, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവ ഉൾപ്പെടുന്നു. സ്വകാര്യ നിക്ഷേപത്തിൽ 3.3 ബില്യൺ ഡോളർ വരെ സമാഹരിക്കുന്നതിന് 33 ദശലക്ഷം യുഎസ് ഡോളറിന്റെ പ്രാരംഭ ഗ്രാൻ്റ് ഫണ്ടിംഗ് നൽകാൻ പദ്ധതിയിടുന്നു.

സിംഗപ്പൂരിലെ തെമെസേക് (Temasek), ജി ഐ സി എന്നിവയുൾപ്പെടെയുള്ള നിക്ഷേപകരുടെ കൂട്ടായ്മ, യുഎസും നിരവധി ഏഷ്യാ-പസഫിക് രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഖ്യത്തിൻ്റെ ഭാഗമായി വളർന്നുവരുന്ന വിപണികളിൽ 25 ബില്യൺ യുഎസ് ഡോളറിന്റെ അടിസ്ഥാന സൗകര്യ നിക്ഷേപം നടത്താൻ പ്രതിജ്ഞാബദ്ധമാണ്.

 
SKY


(Release ID: 2023221) Visitor Counter : 57