പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തിലെ കൊച്ച്റാബ് ആശ്രമവും സബര്‍മതി ആശ്രമ പദ്ധതിയുടെ ബൃഹദ് ആസൂത്രണവും ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 12 MAR 2024 2:26PM by PIB Thiruvananthpuram

ഗുജറാത്ത് ഗവര്‍ണര്‍, ശ്രീ ആചാര്യ ദേവവ്രത് ജി; ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍; മുലുഭായ് ബേര, നര്‍ഹരി അമിന്‍, സി.ആര്‍. പാട്ടീല്‍, കിരിത്ഭായ് സോളങ്കി, മേയര്‍ ശ്രീമതി. പ്രതിഭാ ജെയിന്‍ ജി, ഭായ് കാര്‍ത്തികേയ ജി, മറ്റ് പ്രമുഖര്‍, മഹതികളേ മാന്യരേ!

ആരാധ്യനായ ബാപ്പുവിന്റെ സബര്‍മതി ആശ്രമം തുടര്‍ച്ചയായി സമാനതകളില്ലാത്ത ഊര്‍ജ്ജം പ്രസരിപ്പിച്ചിട്ടുണ്ട്, ഇത് ഒരു ഊര്‍ജ്ജസ്വല കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. മറ്റു പലരെയും പോലെ, ഞങ്ങള്‍ക്ക് സന്ദര്‍ശിക്കാനുള്ള അവസരം ലഭിക്കുമ്പോഴെല്ലാം, ബാപ്പുവിന്റെ സ്ഥായിയായ പ്രചോദനം ഞങ്ങള്‍ക്കും അനുഭവപ്പെടുന്നു. ബാപ്പു നെഞ്ചേറ്റിയ സത്യം, അഹിംസ, രാഷ്ട്രത്തോടുള്ള ഭക്തി, അധഃസ്ഥിതരെ സേവിക്കാനുള്ള മനോഭാവം എന്നിവയുടെ മൂല്യങ്ങള്‍ ഇപ്പോഴും സബര്‍മതി ആശ്രമം ഉയര്‍ത്തിപ്പിടിക്കുന്നു. സബര്‍മതി ആശ്രമത്തിന്റെ പുനര്‍വികസനത്തിനും വിപുലീകരണത്തിനും ഇന്ന് ഞാന്‍ തറക്കല്ലിട്ടത് തീര്‍ച്ചയായും ശുഭകരമാണ്. കൂടാതെ, ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ബാപ്പു ആദ്യം താമസിച്ചിരുന്ന കൊച്ച്റാബ് ആശ്രമവും നവീകരിച്ചു, അതിന്റെ ഉദ്ഘാടനം ഇന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. കൊച്ച്‌റാബ് ആശ്രമത്തിലാണ് ഗാന്ധിജി ആദ്യമായി ചര്‍ക്ക നൂല്‍ക്കുകയും മരപ്പണി പഠിക്കുകയും ചെയ്തത്. അവിടെ രണ്ടുവര്‍ഷത്തെ താമസത്തിനുശേഷം ഗാന്ധിജി സബര്‍മതി ആശ്രമത്തിലേക്ക് മാറി. അതിന്റെ പുനര്‍നിര്‍മ്മാണത്തോടെ, കൊച്ച്‌റാബ് ആശ്രമത്തില്‍ ഗാന്ധിജിയുടെ ആദ്യകാല ഓര്‍മ്മകള്‍ കൂടുതല്‍ നന്നായി സംരക്ഷിക്കപ്പെടും. ബഹുമാനപ്പെട്ട ബാപ്പുവിന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഈ സുപ്രധാനവും പ്രചോദനാത്മകവുമായ സ്ഥലങ്ങളുടെ വികസനത്തിന് രാജ്യവാസികളെയാകെ ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന്, മാര്‍ച്ച് 12 ന് ചരിത്രപരമായ പ്രാധാന്യമുണ്ട്. ഈ ദിവസം, ബാപ്പു സ്വാതന്ത്ര്യസമരത്തിന്റെ ഗതിയെ ഐതിഹാസികമായ ദണ്ഡി മാര്‍ച്ചിലൂടെ മാറ്റിമറിച്ചു, അത് ചരിത്രത്തിന്റെ ഓര്‍മപ്പുസ്തകത്തില്‍ രേഖപ്പെടുത്തി. സ്വതന്ത്ര ഭാരതത്തിലും, ഈ തീയതി മറ്റൊരു ചരിത്ര സന്ദര്‍ഭത്തിന് സാക്ഷ്യം വഹിക്കുന്നു, ഒരു പുതിയ യുഗത്തിന്റെ ഉദയം അടയാളപ്പെടുത്തുന്നു. 2022 മാര്‍ച്ച് 12-ന് സബര്‍മതി ആശ്രമത്തില്‍ നിന്ന് രാജ്യം 'സ്വാതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവം' ആരംഭിച്ചു. സ്വതന്ത്ര ഭാരതത്തിന്റെ പവിത്ര ഭൂമിക രൂപപ്പെടുത്തുന്നതില്‍ ദണ്ഡി മാര്‍ച്ച് നിര്‍ണായക പങ്ക് വഹിച്ചു. അമൃത മഹോത്സവത്തിന്റെ തുടക്കം 'അമൃത് കാല'ത്തിലേക്കുള്ള ഭാരതത്തിന്റെ പ്രവേശനത്തെ അറിയിച്ചു. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് സാക്ഷ്യം വഹിച്ചതിന് സമാനമായ പൊതുപങ്കാളിത്തം രാജ്യത്തുടനീളം അത് ഉണര്‍ത്തി. 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ'ത്തിന്റെ വ്യാപക ആഘോഷത്തിലും ഗാന്ധിയുടെ ആദര്‍ശങ്ങളുടെ പ്രതിഫലനത്തിലും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കും. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിന്റെ ഈ ആഘോഷവേളയില്‍ 3 കോടിയിലധികം ആളുകള്‍ പഞ്ച് പ്രാണിനോട് കൂറ് പ്രഖ്യാപിച്ചു പ്രതിജ്ഞ ചെയ്തു. 2 കോടിയിലധികം മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ച് അവയുടെ സമഗ്രവികസനത്തിനായി ശ്രമിച്ചുകൊണ്ട് രാജ്യവ്യാപകമായി 2 ലക്ഷത്തിലധികം അമൃതവാടികള്‍ സ്ഥാപിക്കപ്പെട്ടു. കൂടാതെ, 70,000-ലധികം അമൃത സരോവരങ്ങളുടെ നിര്‍മ്മാണത്തിലൂടെ ജലസംരക്ഷണത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചു. 'ഹര്‍ ഘര്‍ തിരംഗ' പ്രചാരണ പരിപാടി രാജ്യവ്യാപകമായി ദേശസ്നേഹത്തിന്റെ ശക്തമായ പ്രകടനമായി ഉയര്‍ന്നു. 'മേരി മാതി, മേരാ ദേശ്' പദ്ധതിയിലൂടെ കോടിക്കണക്കിന് രാജ്യവാസികള്‍ രാജ്യത്തിന്റെ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. അമൃത മഹോത്സവത്തില്‍ 2 ലക്ഷത്തിലധികം സ്മരണിക ശിലാഫലകങ്ങള്‍ സ്ഥാപിച്ചു. തല്‍ഫലമായി, സബര്‍മതി ആശ്രമം സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമായി മാത്രമല്ല, ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന്റെ സാക്ഷ്യപത്രമായും മാറി.

സുഹൃത്തുക്കളേ,

പൈതൃകത്തെ അവഗണിക്കുന്ന ഒരു രാഷ്ട്രം അതിന്റെ ഭാവിയെ അപകടത്തിലാക്കുന്നു. ബാപ്പുവുമായി ബന്ധപ്പെട്ട ഒരു ചരിത്ര പൈതൃകമായ സബര്‍മതി ആശ്രമം ഭാരതത്തിന് മാത്രമല്ല, എല്ലാ മനുഷ്യരാശിക്കും പ്രാധാന്യമുള്ളതാണ്. എന്നിരുന്നാലും, സ്വാതന്ത്ര്യാനന്തരം, ഈ പൈതൃകത്തിന് അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ല. ഒരുകാലത്ത് 120 ഏക്കര്‍ വ്യാപിച്ചുകിടന്നിരുന്ന ആശ്രമം വിവിധ കാരണങ്ങളാല്‍ ഇപ്പോള്‍ വെറും 5 ഏക്കര്‍ മാത്രമാണ്. ഒരുകാലത്ത് 63 ചെറിയ വാസസ്ഥലങ്ങള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 36 വീടുകള്‍ മാത്രമേ ഉള്ളൂ, ഇതില്‍ 3 വീടുകള്‍ മാത്രമേ സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളൂ. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ വലിയ പങ്കുവഹിക്കുകയും ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുകയും ചെയ്യുന്ന ചരിത്രത്തെ രൂപപ്പെടുത്തിയ സബര്‍മതി ആശ്രമം സംരക്ഷിക്കേണ്ടത് 140 കോടി ഇന്ത്യക്കാരുടെയും കടമയാണ്.

ഒപ്പം സുഹൃത്തുക്കളേ,

സബര്‍മതി ആശ്രമത്തിന്റെ ഇന്നത്തെ നിലയിലുള്ള വിപുലീകരണത്തിനും വികസനത്തിനും ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. ഇവരുടെ സഹകരണത്തോടെയാണ് ആശ്രമത്തിന്റെ 55 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചത്. ഈ ഉദ്യമത്തില്‍ നല്ല പങ്കുവഹിച്ച കുടുംബങ്ങള്‍ക്ക് ഞാന്‍ ആത്മാര്‍ത്ഥമായ അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. ആശ്രമത്തിലെ എല്ലാ പഴയ കെട്ടിടങ്ങളും അവയുടെ യഥാര്‍ത്ഥ അവസ്ഥയില്‍ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം. പരമ്പരാഗത നിര്‍മ്മാണ ശൈലികള്‍ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, അടിത്തറയില്‍ നിന്ന് പുനര്‍നിര്‍മ്മാണം ആവശ്യമുള്ള വീടുകള്‍ തിരിച്ചറിയാന്‍ ഞാന്‍ ശ്രമിക്കുകയാണ്. ആവശ്യം ഉടനടി ഉണ്ടാകുന്നില്ലെങ്കിലും, ആവശ്യമായതെല്ലാം ഏറ്റെടുക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. ഈ പുനര്‍നിര്‍മ്മാണ ശ്രമം ഭാവിയില്‍ ആഭ്യന്തരവും അന്തര്‍ദേശീയവുമായ കാഴ്ചക്കാരെ ആകര്‍ഷിക്കും.

സുഹൃത്തുക്കളേ,

നമ്മുടെ രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാനുള്ള ദീര്‍ഘവീക്ഷണവും രാഷ്ട്രീയ ഇച്ഛാശക്തിയും സ്വാതന്ത്ര്യാനന്തരം നിലനിന്ന ഗവണ്‍മെന്റുകള്‍ക്ക് ഇല്ലായിരുന്നു. നിര്‍ബന്ധിത പീണനത്തിനൊപ്പം ഒരു വിദേശ കണ്ണിലൂടെ ഭാരതത്തെ വീക്ഷിക്കുന്ന പ്രവണതയും ഉണ്ടായിരുന്നു. ഇതു നമ്മുടെ സമ്പന്നമായ പൈതൃകത്തെ അവഗണിക്കുന്നതിലും നശിപ്പിക്കുന്നതിലും കലാശിച്ചു. കൈയേറ്റങ്ങളും വൃത്തികേടുകളും ക്രമക്കേടുകളും നമ്മുടെ പൈതൃക സ്ഥലങ്ങളെ ബാധിച്ചു. കാശിയില്‍ നിന്നുള്ള എംപി എന്ന നിലയില്‍ എനിക്ക് കാശി വിശ്വനാഥ് ധാമിന്റെ ഉദാഹരണം നല്‍കാന്‍ കഴിയും. 10 വര്‍ഷം മുമ്പുള്ള പ്രദേശത്തിന്റെ അവസ്ഥ ജനങ്ങള്‍ക്ക് സുപരിചിതമാണ്. എന്നാല്‍, ഗവണ്‍മെന്റിന്റെ നിശ്ചയദാര്‍ഢ്യത്തോടെയും പൊതുജന സഹകരണത്തോടെയും കാശി വിശ്വനാഥ് ധാമിന്റെ പുനര്‍നിര്‍മ്മാണത്തിനായി 12 ഏക്കര്‍ സ്ഥലം കണ്ടെത്തി. ഇന്ന്, മ്യൂസിയങ്ങള്‍, ഭക്ഷണശാലകള്‍, അതിഥി മന്ദിരങ്ങള്‍, യാത്രികര്‍ക്കുള്ള ആതിഥേയ കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഈ ഭൂമിയില്‍ വികസിപ്പിച്ചെടുത്തു, വെറും രണ്ട് വര്‍ഷം കൊണ്ട് 12 കോടി ഭക്തരെ ആകര്‍ഷിക്കുന്നു. അതുപോലെ, അയോധ്യയിലെ ശ്രീരാമജന്മഭൂമിയുടെ വിപുലീകരണത്തിനായി 200 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു, അത് മുമ്പ് നിബിഡമായി നിര്‍മ്മിച്ചതാണ്. ഇന്ന് രാമപാത, ഭക്തി പാത, ജന്മഭൂമി പാത തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. അയോധ്യയില്‍ കഴിഞ്ഞ 50 ദിവസത്തിനുള്ളില്‍ മാത്രം ഒരു കോടിയിലധികം ഭക്തരാണ് ശ്രീരാമനെ ദര്‍ശിച്ചത്. ദ്വാരക ജിയിലും ഞാന്‍ അടുത്തിടെ നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.

ആയതിനാല്‍ സുഹൃത്തുക്കളെ,

തീര്‍ച്ചയായും, രാജ്യത്ത് പൈതൃക സംരക്ഷണത്തിന് ഗുജറാത്ത് മാതൃകാപരമായ ഒരു മാതൃകയാണ് സ്ഥാപിച്ചത്. സര്‍ദാര്‍ സാഹിബിന്റെ നേതൃത്വത്തില്‍ സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ഒരു ചരിത്ര നാഴികക്കല്ലായി നിലകൊള്ളുന്നു. അഹമ്മദാബാദിനെ ലോക പൈതൃക നഗരമായി അംഗീകരിക്കുന്ന ഗുജറാത്ത് അത്തരം നിരവധി പൈതൃക സ്ഥലങ്ങളുടെ ആസ്ഥാനമാണ്. റാണി കി വാവ്, ചമ്പാനര്‍, ധോലവീര എന്നിവയും ലോക പൈതൃക സ്ഥലങ്ങളായി നിശ്ചയിച്ചിട്ടുണ്ട്. പുരാതന തുറമുഖ നഗരമായ ലോത്തല്‍ ലോകമെമ്പാടും ചര്‍ച്ചാ വിഷയമാണ്. ഗിര്‍നാര്‍, പാവഗഢ്, മൊധേര, അംബാജി എന്നിവയും മറ്റ് പ്രധാന പൈതൃക സ്ഥലങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

സ്വാതന്ത്ര്യ സമരത്തിന്റെ പൈതൃകവും നമ്മുടെ ദേശീയ പ്രചോദനവുമായി ബന്ധപ്പെട്ട ഇടങ്ങള്‍ക്കായി ഞങ്ങള്‍ ഒരു വികസന പ്രചാരണ പരിപാടി ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ രാജ്പഥ് ഒരു കര്‍ത്തവ്യ പാതയായി മാറിയത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഞങ്ങള്‍ കര്‍ത്തവ്യ പാതയില്‍ സ്ഥാപിച്ചു. കൂടാതെ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ സ്വാതന്ത്ര്യ സമരവും നേതാജിയുമായി ബന്ധപ്പെട്ട ഇടങ്ങള്‍ ഞങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. അവയ്ക്ക് അര്‍ഹമായ അംഗീകാരം നല്‍കുന്നു. ബാബാ സാഹിബ് അംബേദ്കറുമായി ബന്ധപ്പെട്ട സ്ഥലങ്ങളും പഞ്ചതീര്‍ത്ഥമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഏകതാ നഗറിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ആഗോള ആകര്‍ഷണമായി മാറിയിരിക്കുന്നു, ആയിരക്കണക്കിന് ആളുകള്‍ സര്‍ദാര്‍ പട്ടേലിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു. ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ദണ്ഡിയും കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. സബര്‍മതി ആശ്രമത്തിന്റെ വികസനവും വിപുലീകരണവും ഈ ദിശയിലെ മറ്റൊരു സുപ്രധാന ചുവടുവെപ്പാണ്.

സുഹൃത്തുക്കളേ,

ഈ ആശ്രമത്തിലെ വരാനിരിക്കുന്ന തലമുറകള്‍ക്കും സന്ദര്‍ശകര്‍ക്കും സബര്‍മതിയിലെ സന്യാസി, ചര്‍ക്കയുടെ ശക്തിയിലൂടെ എങ്ങനെയാണ് രാജ്യത്തിന്റെ ഹൃദയങ്ങളെയും മനസ്സിനെയും ഇളക്കിമറിച്ചത് എന്നതിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച ലഭിക്കും. അദ്ദേഹം ജനങ്ങളുടെ അവബോധം ഉണര്‍ത്തുകയും സ്വാതന്ത്ര്യ സമരത്തിന്റെ ഒന്നിലധികം ധാരകളെ മുന്നോട്ട് നയിക്കുകയും ചെയ്തു. നൂറ്റാണ്ടുകളുടെ കൊളോണിയല്‍ ഭരണത്തില്‍ നിന്നും അടിമത്തത്തില്‍ നിന്നും നിരാശയോടെ പൊരുതിയിരുന്ന ഒരു രാജ്യത്ത്, ഒരു ബഹുജന പ്രസ്ഥാനത്തെ ജ്വലിപ്പിച്ചുകൊണ്ട് ബാപ്പു പുതിയ പ്രതീക്ഷയും വിശ്വാസവും പകര്‍ന്നു. ഇന്നും, അദ്ദേഹത്തിന്റെ ദര്‍ശനം നമ്മുടെ രാജ്യത്തിന്റെ വാഗ്ദാനമായ ഭാവിക്ക് വ്യക്തമായ ദിശാബോധം നല്‍കുന്നു. 'ഗ്രാമ സ്വരാജും' (ഗ്രാമ സ്വയംഭരണം) സ്വാശ്രയ ഭാരതവും ബാപ്പു വിഭാവനം ചെയ്തു. ഇക്കാലത്ത്, 'തദ്ദേശീയമായത് പ്രോല്‍സാഹിപ്പിക്കുക' എന്ന ആശയം പതിവായി ചര്‍ച്ച ചെയ്യപ്പെടുന്നു. സമകാലിക വീക്ഷണവും പ്രയോഗവും അറിയിക്കുന്നതിനാണ് ഈ പദം ഉപയോഗിക്കുന്നത്. ഉപയോഗിച്ച പ്രത്യേക പദങ്ങള്‍ പരിഗണിക്കാതെ തന്നെ, അടിസ്ഥാനപരമായി, അത് ഗാന്ധിജിയുടെ സ്വദേശിയും അതുപോലെ 'സ്വാശ്രയ ഭാരതം' എന്ന വികാരത്തെ ഉള്‍ക്കൊള്ളുന്നു, അതില്‍ കൂടുതലൊന്നുമില്ല. ഇന്ന്, ജൈവകൃഷിയോടുള്ള തന്റെ ദൗത്യത്തെക്കുറിച്ച് ആചാര്യജി എന്നെ അറിയിച്ചു. ഗുജറാത്തില്‍ മാത്രം 9 ലക്ഷം കര്‍ഷക കുടുംബങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ 9 ലക്ഷം കുടുംബങ്ങള്‍ ജൈവകൃഷിയിലേക്ക് മാറി, രാസരഹിത കൃഷി എന്ന ഗാന്ധിജിയുടെ ദര്‍ശനം സാക്ഷാത്ക്കരിച്ചു. ഈ മാറ്റം ഗുജറാത്തില്‍ യൂറിയയുടെ ഉപയോഗം 3 ലക്ഷം മെട്രിക് ടണ്‍ കുറയ്ക്കാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു. ഇത് ഭൂമി മാതാവിനെ സംരക്ഷിക്കുന്നതിനുള്ള ഒരു കൂട്ടായ ശ്രമത്തെ സൂചിപ്പിക്കുന്നു. ഇത് മഹാത്മാഗാന്ധിയുടെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെങ്കില്‍, മറ്റെന്താണ്? ആചാര്യയുടെ നേതൃത്വത്തില്‍ ഗുജറാത്ത് വിദ്യാപീഠം നവോന്മേഷം പ്രാപിച്ചു. ഈ മഹത് വ്യക്തിത്വങ്ങള്‍ നമുക്ക് സമ്പന്നമായ ഒരു പൈതൃകം സമ്മാനിച്ചു. അത് ആധുനിക കാലവുമായി പൊരുത്തപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്. ഖാദിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഈ ഉദ്യമത്തിലേക്കുള്ള എന്റെ സംഭാവനയുടെ ഉദാഹരണം. ഖാദിയുടെ സ്വാധീനവും വ്യാപ്തിയും ഗണ്യമായി വളര്‍ന്നു. ഖാദി ഇത്രയധികം വികസിക്കുന്നതിന് സാക്ഷ്യം വഹിക്കുന്നത് ശ്രദ്ധേയമാണ്-മുമ്പ് കൂടുതലും രാഷ്ട്രീയക്കാര്‍ ഉപയോഗിക്കുന്നതിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു, ഞങ്ങള്‍ അതിന്റെ ആകര്‍ഷണം വിപുലീകരിച്ചു. ഗാന്ധിയുടെ പൈതൃകത്തെ ആദരിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നമ്മുടെ ഗവണ്‍മെന്റ് ഗ്രാമീണ സമൂഹങ്ങളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുകയും ആത്മനിര്‍ഭര ഭാരത് അഭിയാന് നേതൃത്വം നല്‍കുകയും ചെയ്യുന്നു. ബാപ്പുവിന്റെ ഗ്രാമസ്വരാജ് ദര്‍ശനം പ്രകടമാക്കിക്കൊണ്ട് ഇന്ന് ഗ്രാമങ്ങള്‍ തഴച്ചുവളരുകയാണ്. സ്വയം സഹായ സംഘങ്ങളിലൂടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയില്‍ സ്ത്രീകള്‍ തങ്ങളുടെ നിര്‍ണായക പങ്ക് വീണ്ടെടുക്കുന്നു. ഒരു കോടിയിലധികം സഹോദരിമാര്‍ സ്വയം സഹായ സംഘങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

നമ്മുടെ മൂന്നാം ഭരണത്തില്‍ 3 കോടി സഹോദരിമാരെ ഈ പദവിയിലേക്ക് ഉയര്‍ത്തുകയെന്നത് എന്റെ അഭിലാഷമാണ്. ഇന്ന്, ഗ്രാമത്തിലെ സ്വയം സഹായ സംഘങ്ങളില്‍ നിന്നുള്ള ഈ സ്ത്രീകള്‍ ആധുനിക കാര്‍ഷിക രീതികള്‍ സ്വീകരിച്ച് ഡ്രോണ്‍ പൈലറ്റുമാരായി മാറിയിരിക്കുന്നു. ഈ ശ്രമങ്ങള്‍ കരുത്തുറ്റ ഭാരതത്തെ ഉദാഹരിക്കുകയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭാരതത്തിന് അടിവരയിടുകയും ചെയ്യുന്നു. നമ്മുടെ ശ്രമങ്ങളിലൂടെ, ദരിദ്രര്‍ക്ക് ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള ആത്മവിശ്വാസം ലഭിച്ചു. നമ്മുടെ ഗവണ്‍മെന്റിന്റെ നയങ്ങള്‍ കാരണം കഴിഞ്ഞ ദശകത്തില്‍ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. ആദരണീയനായ ബാപ്പുവിന്റെ ആത്മാവ് എവിടെയുണ്ടോ അവിടെയെല്ലാം അത് നമുക്ക് അനുഗ്രഹങ്ങള്‍ ചൊരിയുന്നുണ്ടെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇന്ന്, സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് ഭാരതം അഭൂതപൂര്‍വമായ നാഴികക്കല്ലുകള്‍ കൈവരിക്കുമ്പോള്‍, ഭൂമി, ബഹിരാകാശ, വികസന അഭിലാഷങ്ങള്‍ എന്നിവയില്‍ മുന്നേറുമ്പോള്‍, മഹാത്മാഗാന്ധിയുടെ വാസസ്ഥലത്തിന്റെ വിശുദ്ധി നമ്മെയെല്ലാം പ്രചോദിപ്പിക്കുന്നു. സബര്‍മതി ആശ്രമം, കൊച്ചുറാബ് ആശ്രമം, ഗുജറാത്ത് വിദ്യാപീഠം എന്നിവ ആധുനിക യുഗത്തെ നമ്മുടെ പൈതൃകവുമായി ബന്ധിപ്പിക്കുന്ന വഴിവിളക്കുകളായി വര്‍ത്തിക്കുന്നു. അവ നമ്മുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയും വികസിത ഭാരതം എന്ന കാഴ്ചപ്പാടിനെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ സബര്‍മതി ആശ്രമത്തിന്റെ ദര്‍ശനം യാഥാര്‍ത്ഥ്യമായാല്‍, അതിന്റെ ചരിത്രം മനസ്സിലാക്കാനും ബാപ്പുവിനെക്കുറിച്ച് പഠിക്കാനും ആഗ്രഹിക്കുന്ന ആയിരക്കണക്കിന് സന്ദര്‍ശകരെ അത് ആകര്‍ഷിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ട്, ഗുജറാത്ത് ഗവണ്‍മെന്റിനോടും അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനോടും ഒരു ഗൈഡ് മത്സരം സംഘടിപ്പിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, നിരവധി വ്യക്തികളെ മുന്നോട്ട് നയിക്കാനും ഗൈഡുകളായി സേവിക്കാനും പ്രോത്സാഹിപ്പിക്കുന്നു. ഈ പൈതൃക നഗരം കുട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം വളര്‍ത്തിയെടുക്കും. ആര്‍ക്കാണ് മികച്ച വഴികാട്ടിയാകാന്‍ കഴിയുക. സബര്‍മതി ആശ്രമത്തില്‍ ഗൈഡുകളായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വ്യക്തികളെ നാം കണ്ടെത്തണം. കുട്ടികള്‍ക്കിടയില്‍ മത്സരം ഉണ്ടായാല്‍, അത് എല്ലാ സ്‌കൂളുകളിലും പെരുകുകയും, സബര്‍മതി ആശ്രമത്തിന്റെ സ്ഥാപനവും പ്രാധാന്യവും ഓരോ കുട്ടിക്കും പരിചയമുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. രണ്ടാമതായി, വര്‍ഷത്തില്‍ 365 ദിവസവും അഹമ്മദാബാദിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് കുറഞ്ഞത് 1000 കുട്ടികളെങ്കിലും സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് ഒരു മണിക്കൂറെങ്കിലും അവിടെ ചിലവഴിക്കണമെന്നാണ് നിര്‍ദേശം. അവരുടെ സ്‌കൂളുകളില്‍ ഗൈഡുകളായി പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ ആശ്രമത്തിലെ ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കഥകള്‍ വിവരിക്കും, ഇത് ചരിത്രവുമായി ആഴത്തിലുള്ള ബന്ധം വളര്‍ത്തിയെടുക്കും. ഈ സംരംഭത്തിന് അധിക ബജറ്റോ പരിശ്രമമോ ആവശ്യമില്ല; ഒരു പുതിയ കാഴ്ചപ്പാട് മാത്രമേ ആവശ്യമുള്ളൂ. ബാപ്പുവിന്റെ ആദര്‍ശങ്ങളും അദ്ദേഹവുമായി ബന്ധപ്പെട്ട പ്രചോദനാത്മകമായ സ്ഥലങ്ങളും നമ്മുടെ രാഷ്ട്രനിര്‍മ്മാണ യാത്രയില്‍ തുടര്‍ന്നും നമ്മെ നയിക്കുമെന്നും നമുക്ക് പുതിയ ശക്തി നല്‍കുമെന്നും എനിക്ക് ഉറപ്പുണ്ട്.
എന്റെ സഹവാസികള്‍ക്ക്, ഇന്ന് ഞാന്‍ ഈ പുതിയ പദ്ധതി താഴ്മയോടെ സമര്‍പ്പിക്കുന്നു. മുഖ്യമന്ത്രിയായിരുന്ന കാലം മുതലുള്ള ദീര്‍ഘനാളത്തെ ആഗ്രഹമായതിനാല്‍ ഈ ഉദ്യമത്തിന് എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. ആളുകള്‍ വ്യത്യസ്ത പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ വിവിധ വെല്ലുവിളികളും നിയമപോരാട്ടങ്ങളും പോലും അഭിമുഖീകരിച്ചുകൊണ്ട് ഞാന്‍ ഗണ്യമായ സമയവും പരിശ്രമവും ഈ ആവശ്യത്തിനായി നീക്കിവച്ചു. അതിന് കേന്ദ്ര ഗവണ്‍മെന്റും അന്ന് തടസ്സം നിന്നിരുന്നു. തടസ്സങ്ങള്‍ക്കിടയിലും, ദൈവിക അനുഗ്രഹങ്ങളാലും, പൊതുജനങ്ങളുടെ അചഞ്ചലമായ പിന്തുണയാലും, എല്ലാ പ്രശ്നങ്ങളെയും അതിജീവിച്ച് ഞങ്ങള്‍ ഇപ്പോള്‍ ഈ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. സംസ്ഥാന ഗവണ്‍മെന്റിനോടുള്ള എന്റെ ഒരേയൊരു അഭ്യര്‍ത്ഥന, ഈ പദ്ധതിയുടെ പൂര്‍ത്തീകരണം മരങ്ങളും സസ്യങ്ങളും നട്ടുപിടിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഈ പദ്ധതി കാലതാമസം കൂടാതെ ആരംഭിക്കുകയും വേഗത്തിലാക്കുകയും ചെയ്യുക എന്നതാണ്. കാടിനോട് സാമ്യമുള്ള സമൃദ്ധമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വളര്‍ച്ചയ്ക്ക് സമയം വേണ്ടിവരും, പക്ഷേ അതിന്റെ ഗുണഫലം പൊതുജനങ്ങള്‍ക്ക് സ്പഷ്ടമാകും. ഒരിക്കല്‍ കൂടി, മൂന്നാം തവണ...എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

എനിക്ക് കൂടുതലൊന്നും ചേര്‍ക്കാനില്ല

വളരെ നന്ദി. 

--NS--


(Release ID: 2015060) Visitor Counter : 88