മന്ത്രിസഭ

ഡൽഹി മെട്രോ നാലാം ഘട്ട പദ്ധതിയുടെ ഭാഗമായി ലജ്പത് നഗർ മുതൽ സാകേത് ജി-ബ്ലോക്ക് വരെയും ഇന്ദർലോക് മുതൽ ഇന്ദ്രപ്രസ്ഥ വരെയുമുള്ള രണ്ട് ഇടനാഴികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 13 MAR 2024 3:25PM by PIB Thiruvananthpuram

 ഡൽഹി മെട്രോയുടെ നാലാം ഘട്ട പദ്ധതിയുടെ ഭാഗമായി രണ്ട് പുതിയ ഇടനാഴികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

   ഇന്ദർലോക് - ഇന്ദ്രപ്രസ്ഥ                      (12.377 കി.മീ.),
 ലജ്പത് നഗർ - സാകേത് ജി ബ്ലോക്ക്  ( 8.385 കി.മീ.) എന്നിവയാണ് രണ്ട് ഇടനാഴികൾ.


പദ്ധതിച്ചെലവും ധനസഹായവും 

 ഡൽഹി മെട്രോയുടെ നാലാം ഘട്ട പദ്ധതിയുടെ ഈ രണ്ട് ഇടനാഴികളുടെയും മൊത്തം പദ്ധതിച്ചെലവ് 8,399 കോടി രൂപയാണ്. ഇത് കേന്ദ്ര ഗവൺമെൻ്റ്, ഡൽഹി ഗവൺമെൻ്റ്, അന്താരാഷ്ട്ര ഫണ്ടിംഗ് ഏജൻസികൾ എന്നിവയിൽ നിന്ന് സമാഹരിക്കും.

 ഈ രണ്ട് പാതകൾക്കുമായി 20.762 കിലോമീറ്റർ  നീളം വരും.  ഇന്ദർലോക് - ഇന്ദ്രപ്രസ്ഥ ഇടനാഴി, ഹരിത പാതയുടെ വിപുലീകരണമായിരിക്കും. കൂടാതെ ചുവപ്പ്, മഞ്ഞ, എയർപോർട്ട് ലൈൻ, മജന്ത, വയലറ്റ്, നീല പാതകളും  ഈ ഇടനാഴിയിലൂടെ കൂട്ടിയിണക്കപ്പെടും, അതേസമയം ലജ്പത് നഗർ - സാകേത് ജി ബ്ലോക്ക് ഇടനാഴി സിൽവർ, മജന്ത, പിങ്ക്, വയലറ്റ്  പാത എന്നിവയെ ബന്ധിപ്പിക്കും.


ലജ്പത് നഗർ - സാകേത് ജി ബ്ലോക്ക് ഇടനാഴി പൂർണ്ണമായും എലിവേറ്റഡ് ആകും. കൂടാതെ ഇതിന് എട്ട് സ്റ്റേഷനുകൾ ഉണ്ടാകും.  10 സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഇന്ദർലോക് - ഇന്ദ്രപ്രസ്ഥ ഇടനാഴിയിൽ 11.349 കിലോമീറ്റർ ഭൂഗർഭ പാതയും  1.028 കിലോമീറ്റർ എലിവേറ്റഡ് പാതയും ഉണ്ടാകും.

ഇന്ദർലോക് - ഇന്ദ്രപ്രസ്ഥ പാത ഹരിയാനയിലെ ബഹദൂർഗഢ് മേഖലയിലേക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യം പ്രദാനം ചെയ്യും. ഈ പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഹരിത പാതയിലൂടെ നേരിട്ട് ഇന്ദ്രപ്രസ്ഥയിലേക്കും മധ്യ, കിഴക്കൻ ഡൽഹിയിലെ മറ്റ് വിവിധ പ്രദേശങ്ങളിലേക്കും നേരിട്ട് എത്തിച്ചേരാനാകും.


ഈ ഇടനാഴികളിൽ ഇന്ദർലോക്, നബി കരിം, ന്യൂഡൽഹി, ഡൽഹി ഗേറ്റ്, ഇന്ദ്രപ്രസ്ഥ, ലജ്പത് നഗർ, ചിരാഗ് ദില്ലി, സാകേത് ജി ബ്ലോക്ക് എന്നിവിടങ്ങളിൽ എട്ട് പുതിയ ഇൻ്റർചേഞ്ച് സ്റ്റേഷനുകൾ വരും.  ഈ സ്റ്റേഷനുകൾ ഡൽഹി മെട്രോ ശൃംഖലയുടെ എല്ലാ പ്രവർത്തന പാതകളും തമ്മിലുള്ള പരസ്പരബന്ധം ഗണ്യമായി മെച്ചപ്പെടുത്തും.


നാലാം ഘട്ട വിപുലീകരണത്തിൻ്റെ ഭാഗമായി ഡൽഹി മെട്രോ ഇതിനകം 65 കിലോമീറ്റർ ശൃംഖല നിർമിക്കുന്നുണ്ട്.  ഈ പുതിയ ഇടനാഴികൾ 2026 മാർച്ചിൽ ഘട്ടം ഘട്ടമായി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.  നിലവിൽ, 286 സ്റ്റേഷനുകൾ അടങ്ങുന്ന 391 കിലോമീറ്റർ ശൃംഖലയാണ് ഡിഎംആർസി പ്രവർത്തിപ്പിക്കുന്നത്. ഡൽഹി മെട്രോ ഇപ്പോൾ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മെട്രോ ശൃംഖലകളിൽ ഒന്നാണ്.

 ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഡിഎംആർസി), ലേലത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളും ടെൻഡർ രേഖകൾ തയ്യാറാക്കലും ആരംഭിച്ചു കഴിഞ്ഞു.

 

NK



(Release ID: 2014204) Visitor Counter : 43