നിയമ, നീതി മന്ത്രാലയം

ഗോവ സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ പട്ടികവർഗ പ്രാതിനിധ്യം പുനഃക്രമീകരിക്കുന്നതിനുള്ള 2024ലെ ബില്ലിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


ഗോവയിലെ പട്ടികവർഗക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതാണ് ബിൽ

Posted On: 07 MAR 2024 8:33PM by PIB Thiruvananthpuram

ഗോവ സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ പട്ടികവർഗ പ്രാതിനിധ്യം പുനഃക്രമീകരിക്കുന്നതിനുള്ള നിയമ നീതിന്യായ മന്ത്രാലയത്തിന്റെ നിർദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.

ഗോവ സംസ്ഥാനത്തെ പട്ടികവർഗ വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ, 2008 ലെ പാർലമെന്ററി, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തിനിർണയ ഉത്തരവിൽ ഭേദഗതികൾ വരുത്താനും ഗോവ സംസ്ഥാനത്തെ പട്ടികവർഗക്കാർക്കായി നിയമസഭയിലെ സീറ്റുകൾ പുനഃക്രമീകരിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനെ അധികാരപ്പെടുത്തുന്ന  വ്യവസ്ഥകൾ പ്രാപ്തമാക്കുന്നതിന് നിയമം കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്.

നിർദ്ദിഷ്ട ബില്ലിന്റെ പ്രധാന സവിശേഷതകൾ ഇനി പറയുന്നു:-

(i) 2001-ലെ സെൻസസ് പ്രസിദ്ധീകരിച്ചതിന് ശേഷം പട്ടികവർഗങ്ങളായി പ്രഖ്യാപിക്കപ്പെട്ട ഗോത്രങ്ങളുടെ ജനസംഖ്യാ കണക്കുകൾ കണക്കിലെടുത്ത് ഗോവ സംസ്ഥാനത്തെ പട്ടികവർഗ്ഗക്കാരുടെ ജനസംഖ്യ കണ്ടെത്താനും നിർണയിക്കാനും സെൻസസ് കമ്മീഷണർക്ക് ഇത് അധികാരം നൽകുന്നു. ഇന്ത്യൻ ഗസറ്റിൽ തിരിച്ചറിയുകയും നിർണയിക്കുകയും ചെയ്തിട്ടുള്ള വ്യത്യസ്ത ജനസംഖ്യാ കണക്കുകൾ അറിയിക്കുകയും അതിനുശേഷം, അത്തരം ജനസംഖ്യാ കണക്കുകൾ അന്തിമ കണക്കുകളായി കണക്കാക്കുകയും ഭരണഘടനയുടെ അനുച്ഛേ​ദം 332-ൽ നൽകിയിരിക്കുന്നതു പ്രകാരം പട്ടികവർഗക്കാർക്ക് ആനുപാതിക പ്രാതിനിധ്യം നൽകുന്നതിനായി മുമ്പ് പ്രസിദ്ധീകരിച്ച എല്ലാ കണക്കുകളും അസാധുവാക്കുകയും ചെയ്യും.

(ii) നിയമസഭയിലെ നിയോജക മണ്ഡലങ്ങൾ പുനഃക്രമീകരിച്ച് ഗോവയിലെ നിയമസഭയിൽ പട്ടികവർഗക്കാർക്ക് ശരിയായ പ്രാതിനിധ്യം നൽകുന്നതിനായി, 2008-ലെ പാർലമെന്ററി, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തിനിർണയ ഉത്തരവിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനെ ഇത് അധികാരപ്പെടുത്തുന്നു.

(iii) പട്ടികവർഗ്ഗക്കാരുടെ പുതുക്കിയ ജനസംഖ്യാ കണക്കുകൾ തിരഞ്ഞെടുപ്പു കമ്മീഷൻ കണക്കിലെടുക്കുകയും ഭരണഘടനയുടെ അനുച്ഛേദം 170, 332, 2002 ലെ  അതിർത്തിനിർണയ നിയമത്തിന്റെ വകുപ്പ് എട്ടിന്റെയും വ്യവസ്ഥകൾ കണക്കിലെടുത്ത് നിയമസഭാ മണ്ഡലം പുനഃക്രമീകരിക്കുകയും ചെയ്യും

(iv) നിയമസഭാ മണ്ഡലങ്ങളുടെ പുനഃക്രമീകരണത്തിനായി, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വന്തം നടപടിക്രമം നിർണയിക്കുകയും അതിന് സിവിൽ കോടതിയുടെ ചില അധികാരങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും

(v) അതിർത്തിനിർണയ ഉത്തരവിലും അതിന്റെ പ്രവർത്തന തീയതികളിലും വരുത്തിയ ഭേദഗതികൾ ഗസറ്റിൽ പ്രസിദ്ധീകരിക്കാൻ ഇത് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ അധികാരപ്പെടുത്തുന്നു. പിരിച്ചുവിടുന്നതുവരെ നിലവിലുള്ള നിയമസഭയുടെ ഭരണഘടനയെ പുതുക്കിയ അതിർത്തിനിർണയ ഉത്തരവ് ബാധിക്കില്ല.

(vi) പ്രസ്തുത അതിർത്തിനിർണയ ഉത്തരവിലെ പിഴവുകൾ തിരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനെ നിർദിഷ്ട ബിൽ അധികാരപ്പെടുത്തുന്നു.

 

SK



(Release ID: 2012495) Visitor Counter : 46