പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള ഇന്ത്യയിലെ ആദ്യ തദ്ദേശീയ ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ ചരിത്രപരമായ “കോർ ലോഡിങ് ആരംഭിക്കുന്നതിന്” (500 മെഗാവാട്ട്)  സാക്ഷ്യം വഹിച്ചു

കോർ ലോഡിങ് പൂർത്തിയാകുമ്പോൾ, നിർണായകമെന്ന നിലയിലുള്ള ആദ്യ സമീപനം കൈവരിക്കും; തുടർന്ന് ഇതു വൈദ്യുതി ഉൽപ്പാദനത്തിലേക്ക് നയിക്കും.

സ്വയംപര്യാപ്ത ഭാരതത്തിന്റെ ചൈതന്യത്തിൽ, MSMEകൾ ഉൾപ്പെടെ 200-ലധികം ഇന്ത്യൻ വ്യവസായങ്ങളിൽ നിന്നുള്ള സംഭാവനയോടെ ഭാവിനി തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തതാണ് PFBR

ഊർജസുരക്ഷ, സുസ്ഥിരവികസനം എന്നീ ഇരട്ട ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനാണ് ഇന്ത്യയുടെ ആണവോർജ പദ്ധതി

Posted On: 04 MAR 2024 6:25PM by PIB Thiruvananthpuram

ഇന്ത്യയുടെ മൂന്ന് ഘട്ട ആണവ പദ്ധതിയുടെ സുപ്രധാനമായ രണ്ടാം ഘട്ടത്തിലേക്കുള്ള പ്രവേശനം അടയാളപ്പെടുത്തുന്ന ചരിത്രപരമായ നാഴികക്കല്ലിൽ, തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ "കോർ ലോഡിംഗ്" ആരംഭിക്കുന്നതിന് (500 മെഗാവാട്ട്) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സാക്ഷ്യം വഹിച്ചു.

റിയാക്ടർ നിലവറയും റിയാക്ടറിന്റെ കൺട്രോൾ റൂമും പ്രധാനമന്ത്രി സന്ദർശിച്ചു. ഈ റിയാക്ടറിന്റെ പ്രധാന സവിശേഷതകളെക്കുറിച്ച് അദ്ദേഹത്തോടു  വിശദീകരിച്ചു. 

ആണവ ഇന്ധന ചക്രത്തിന്റെ മുഴുവൻ സ്പെക്ട്രത്തിലും വ്യാപിക്കുന്ന സമഗ്രമായ കഴിവുകൾ ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും നൂതനമായ ആണവ റിയാക്ടർ-പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡ് (ഭാവിനി) രൂപീകരിക്കുന്നതിന് 2003-ൽ ഗവണ്മെന്റ് അംഗീകാരം നൽകിയിരുന്നു. 

സ്വയംപര്യാപ്ത ഭാരതത്തിന്റെ യഥാർത്ഥ ചൈതന്യത്തിന് അനുസൃതമായി, MSME-കൾ ഉൾപ്പെടെ 200-ലധികം ഇന്ത്യൻ വ്യവസായങ്ങളിൽ നിന്നുള്ള ഗണ്യമായ സംഭാവനയോടെയാണ് ഭാവിനി PFBR പൂർണ്ണമായും രൂപകൽപ്പന ചെയ്യുകയും തദ്ദേശീയമായി നിർമ്മിക്കുകയും ചെയ്തത്. കമ്മീഷൻ ചെയ്യുന്നതോടെ, റഷ്യക്കു ശേഷം വാണിജ്യാടിസ്ഥാനത്തിൽ ഫാസ്റ്റ് ബ്രീഡർ റിയാക്ടറുള്ള രണ്ടാമത്തെ രാജ്യമാകും ഇന്ത്യ. 

ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (എഫ്ബിആർ) തുടക്കത്തിൽ യുറേനിയം-പ്ലൂട്ടോണിയം മിക്സഡ് ഓക്സൈഡ് (MOX) ഇന്ധനം ഉപയോഗിക്കും. ഇന്ധന കേന്ദ്രത്തിനു ചുറ്റുമുള്ള യുറേനിയം-238 "ആവരണം" കൂടുതൽ ഇന്ധനം ഉൽപ്പാദിപ്പിക്കുന്നതിനായി ന്യൂക്ലിയർ പരിവർത്തനത്തിന് വിധേയമാകും, അങ്ങനെ 'ബ്രീഡർ' എന്ന പേര് ലഭിക്കും. അണുഭേദന സാധ്യതയില്ലാത്ത വസ്തുവായ ത്രോയം-232 ആവരണമായി ഉപയോഗിക്കുന്നതും ഈ ഘട്ടത്തിൽ വിഭാവനം ചെയ്യപ്പെടുന്നു. പരിവർത്തനത്തിലൂടെ, തോറിയം വിഘടന സാധ്യതയുള്ള യുറേനിയം-233 ഉൽപ്പാദിപ്പിക്കും. അത് മൂന്നാം ഘട്ടത്തിൽ ഇന്ധനമായി ഉപയോഗിക്കും. അത്തരത്തിൽ, ഇന്ത്യയുടെ സമൃദ്ധമായ തോറിയം കരുതൽ ശേഖരത്തിന്റെ പൂർണമായ ഉപയോഗത്തിന് വഴിയൊരുക്കുന്ന പരിപാടിയുടെ മൂന്നാം ഘട്ടത്തിലേക്കുള്ള ചവിട്ടുപടിയാണ് FBR. 

സുരക്ഷയുടെ കാര്യത്തിൽ, PFBR നൂതനമായ മൂന്നാം തലമുറ റിയാക്ടറാണ്, അത് അന്തർലീനമായ നിഷ്ക്രിയ സുരക്ഷാ സവിശേഷതകളോട് കൂടിയതാണ്. അത് അടിയന്തിര സാഹചര്യങ്ങളിൽ പ്ലാന്റ് വേഗത്തിലും സുരക്ഷിതമായും അടച്ചുപൂട്ടുന്നു. ആദ്യ ഘട്ടം മുതൽ ചെലവഴിച്ച ഇന്ധനം ഉപയോഗിക്കുന്നതിനാൽ, ഉൽപ്പാദിപ്പിക്കുന്ന ആണവമാലിന്യത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന കാര്യത്തിലും FBR മികച്ച നേട്ടം നൽകുന്നു. അതുവഴി വലിയ ഭൂഗർഭ നിർമാർജന സൗകര്യങ്ങളുടെ ആവശ്യകത ഒഴിവാക്കുന്നു. 

കോർ ലോഡിങ് പൂർത്തിയാകുമ്പോൾ, നിർണായകമെന്ന നിലയിലുള്ള ആദ്യ സമീപനം കൈവരിക്കും. ഇത് പിന്നീട് വൈദ്യുതി ഉൽപ്പാദനത്തിലേക്ക് നയിക്കും. 

നൂതന സാങ്കേതികവിദ്യ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, മൂലധനച്ചെലവും യൂണിറ്റ് വൈദ്യുതി ചെലവും മറ്റ് ആണവ-പരമ്പരാഗത വൈദ്യുത നിലയങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണ് എന്നത് ശ്രദ്ധേയമാണ്. 

ഊർജ സുരക്ഷ, സുസ്ഥിരവികസനം എന്നീ ഇരട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇന്ത്യൻ ആണവോർജ പദ്ധതിയുടെ വളർച്ച അത്യന്താപേക്ഷിതമാണ്. നൂതന സാങ്കേതികവിദ്യയുള്ള ഉത്തരവാദിത്വമാർന്ന ആണവശക്തി എന്ന നിലയിൽ, ആണവ- റേഡിയോളജിക്കൽ സാമഗ്രികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം, ഊർജമേഖലയിലും വൈദ്യുതി ഇതര മേഖലയിലും ആണവ സാങ്കേതികവിദ്യയുടെ സമാധാനപരമായ പ്രയോഗങ്ങൾ വിപുലീകരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

 

***

--NS--


(Release ID: 2011402) Visitor Counter : 150