പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഫെബ്രുവരി 26-ന് ഭാരത് ടെക്‌സ് 2024 ഉദ്ഘാടനം ചെയ്യും
പ്രധാനമന്ത്രിയുടെ 5 എഫ് വിഷനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്, ഭാരത് ടെക്‌സ് 2024-ടെക്‌സ്‌റ്റൈല്‍സ് മൂല്യശൃംഖലയിലാകമാനം ശ്രദ്ധ കേന്ദ്രീകരിക്കും
100-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തത്തോടെ, രാജ്യത്ത് സംഘടിപ്പിക്കുന്ന എക്കാലത്തെയും ഏറ്റവും വലിയ ആഗോള ടെക്‌സ്‌റ്റൈല്‍ പരിപാടികളിലൊന്നാണിത്
വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുന്നതിനും ടെക്‌സ്‌റ്റൈല്‍ മേഖലയിലെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനും ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നു
Posted On:
25 FEB 2024 3:31PM by PIB Thiruvananthpuram
രാജ്യത്ത് സംഘടിപ്പിക്കുന്ന എക്കാലത്തെയും ഏറ്റവും വലിയ ആഗോള ടെക്‌സ്‌റ്റൈല്‍ ഇവന്റുകളിലൊന്നായ ഭാരത് ടെക്‌സ് 2024 ഫെബ്രുവരി 26 ന് രാവിലെ 10:30 ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
2024 ഫെബ്രുവരി 26 മുതല്‍ 29 വരെയാണ് ഭാരത് ടെക്‌സ് 2024 സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ 5എഫ് വീക്ഷണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്, ഫൈബര്‍ (നൂല്‍), ഫാബ്രിക് (തുണി), ഫാഷന്‍ ഫോക്കസ് എന്നിവയിലൂടെ ടെക്‌സ്‌റ്റൈല്‍ മേഖലയിലെ മുഴുവന്‍ മൂല്യ ശൃംഖലയും ഉള്‍ക്കൊള്ളുന്ന ഈ പരിപാടി ഫാം മുതല്‍ വിദേശം വരെയുള്ളവയെ കൂട്ടിയോജിപ്പിക്കും. ടെക്‌സ്‌റ്റൈല്‍ മേഖലയിലെ ഇന്ത്യയുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്ന ഈ പരിപാടി ആഗോള ടെക്‌സ്‌റ്റൈല്‍ ശക്തികേന്ദ്രം എന്ന നിലയിലെ ഇന്ത്യയുടെ സ്ഥാനം വീണ്ടും ഉറപ്പിക്കുകയും ചെയ്യും.
സുസ്ഥിരതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും ഇരട്ട സ്തംഭങ്ങളിലാണ് 11 ടെക്‌സ്‌റ്റൈല്‍ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലുകളുടെ ഒരു കണ്‍സോര്‍ഷ്യം സംഘടിപ്പിക്കുന്നതും ഗവണ്‍മെന്റിന്റെ പിന്തുണയുള്ളതുമായ ഭാരത് ടെക്‌സ് 2024, നിര്‍മ്മിച്ചിരിക്കുന്നത്. നാല് ദിവസത്തെ പരിപാടിയില്‍ അവതരിപ്പിക്കുന്ന 65-ലധികം വിജ്ഞാന സെഷനുകളില്‍ 100-ലധികം ആഗോള പാനലിസ്റ്റുകള്‍ ഈ മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. സുസ്ഥിരതയുടെയും ചാക്രികതയുടെയും സമര്‍പ്പിത പവലിയനുകളും, ഒരു 'ഇന്ദി ഹാത്തും', ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍സ് പാരമ്പര്യം, സുസ്ഥിരത, ആഗോള ഡിസൈനുകള്‍ തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന ആശയങ്ങളിലുള്ള ഫാഷന്‍ അവതരണങ്ങളും, അതോടൊപ്പം ഇന്ററാക്ടീവ് ഫാബ്രിക് ടെസ്റ്റിംഗ് സോണുകളും, ഉല്‍പ്പന്ന പ്രദര്‍ശനങ്ങളും ഇതിലുണ്ടാകും.
ടെക്‌സ്‌റ്റൈല്‍ വിദ്യാര്‍ത്ഥികള്‍, നെയ്ത്തുകാര്‍, കരകൗശല തൊഴിലാളികള്‍, ടെക്‌സ്‌റ്റൈല്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് പുറമെ നയരൂപീകരണം നടത്തുന്നവരുടെയും ആഗോള സി.ഇ.ഒമാരുടെയും 35,000 ലധികം പ്രദര്‍ശകരുടെയും 100 രാജ്യങ്ങളില്‍ നിന്നുള്ള 3,000 ലധികം ബയര്‍മാരുടെയും 40,000 വ്യാപാരസന്ദര്‍ശകരുടെയും പങ്കാളിത്തവും ഭാരത് ടെക്‌സ് 2024-ല്‍ പ്രതീക്ഷിക്കുന്നു. 50-ലധികം പ്രഖ്യാപനങ്ങളും ധാരണാപത്രങ്ങളും ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടി, ടെക്‌സ്‌റ്റൈല്‍ മേഖലയിലെ നിക്ഷേപത്തിനും വ്യാപാരത്തിനും കൂടുതല്‍ ഉത്തേജനം നല്‍കുന്നതിനും കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സഹായത്തിനുമാണ് വിഭാവനം ചെയ്യുന്നത്. ആത്മനിര്‍ഭര്‍ ഭാരത്, വികസിത് ഭാരത് എന്നീ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പു കൂടിയാണിത്.
--SK--
(Release ID: 2008851)
Visitor Counter : 102
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu