മന്ത്രിസഭ
ബഹിരാകാശമേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്‌ഡിഐ) നയത്തിലെ ഭേദഗതിക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുന്നോട്ടുവച്ച സ്വയംപര്യാപ്ത ഇന്ത്യ എന്ന കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നതിനാണ് എഫ്‌ഡിഐ നയഭേദഗതി നടപ്പാക്കിയത്
ഇപ്പോൾ, നിർദിഷ്ട ഉപമേഖലകളിൽ/പ്രവർത്തനങ്ങളിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തിനായി ബഹിരാകാശ മേഖല ഉദാരവൽക്കരിക്കപ്പെട്ടു
എഫ്‌ഡിഐ നയപരിഷ്കരണം രാജ്യത്തു വ്യവസായനടത്തിപ്പു കൂടുതൽ സുഗമമാക്കും; ഇതു വിദേശ നിക്ഷേപം കൂടുതൽ എത്തുന്നതിലേക്കു നയിക്കുകയും നിക്ഷേപം, വരുമാനം, തൊഴിൽ എന്നിവയുടെ വളർച്ചയ്ക്കു കാരണമാകുകയും ചെയ്യും
Posted On:
21 FEB 2024 10:23PM by PIB Thiruvananthpuram
ബഹിരാകാശമേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്‌ഡിഐ) നയത്തിലെ ഭേദഗതിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇപ്പോൾ, ഉപഗ്രഹ ഉപമേഖലയെ മൂന്നു വ്യത്യസ്ത പ്രവർത്തനങ്ങളായി തിരിച്ചു. അത്തരത്തിലുള്ള ഓരോ മേഖലയിലും വിദേശ നിക്ഷേപത്തിന് പരിധികൾ നിർവചിച്ചു.
വർധിച്ച സ്വകാര്യപങ്കാളിത്തത്തിലൂടെ ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ സാധ്യതകൾ തുറക്കുന്നതിനുള്ള കാഴ്ചപ്പാടു നടപ്പാക്കുന്നതിനുള്ള സമഗ്രവും സംയോജിതവും ചലനാത്മകവുമായ ചട്ടക്കൂടായാണ് 2023ലെ ഇന്ത്യൻ ബഹിരാകാശ നയം വിജ്ഞാപനം ചെയ്തത്. ബഹിരാകാശശേഷി വർധിപ്പിക്കൽ; ബഹിരാകാശത്ത് അഭിവൃദ്ധി പ്രാപിക്കുന്ന വാണിജ്യസാന്നിധ്യം വികസിപ്പിക്കൽ; സാങ്കേതിക വികസനത്തിന്റെയും അനുബന്ധ മേഖലകളിലെ നേട്ടങ്ങളുടെയും ചാലകശക്തിയായി ബഹിരാകാശം ഉപയോഗിക്കൽ; അന്താരാഷ്ട്ര ബന്ധങ്ങൾ പിന്തുടരുകയും എല്ലാ പങ്കാളികൾക്കിടയിലും ബഹിരാകാശ ആപ്ലിക്കേഷനുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനായി ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യൽ എന്നിവ ഈ നയം ലക്ഷ്യമിടുന്നു.
നിലവിലുള്ള എഫ്‌ഡിഐ നയം അനുസരിച്ച്, ഗവൺമെന്റ് അനുമതിയിലൂടെ മാത്രമേ ഉപഗ്രഹങ്ങൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും എഫ്‌ഡിഐ അനുവദിക്കൂ. 2023ലെ ഇന്ത്യൻ ബഹിരാകാശ നയത്തിനു കീഴിലുള്ള കാഴ്ചപ്പാടിനും തന്ത്രത്തിനും അനുസൃതമായി, വിവിധ ഉപമേഖലകൾക്കായി/പ്രവർത്തനങ്ങൾക്കായി ഉദാരവൽക്കരിച്ച എഫ്‌ഡിഐ പരിധി നിശ്ചയിച്ച്, കേന്ദ്രമന്ത്രിസഭ ബഹിരാകാശമേഖലയിലെ എഫ്‌ഡിഐ നയം ലഘൂകരിച്ചു.
IN-SPAce, ISRO, NSIL തുടങ്ങിയ ആഭ്യന്തര പങ്കാളികളുമായും നിരവധി വ്യവസായ പങ്കാളികളുമായും ബഹിരാകാശ വകുപ്പു കൂടിയാലോചിച്ചു. ഉപഗ്രഹങ്ങളുടെയും വിക്ഷേപണ വാഹനങ്ങളുടെയും മേഖലകളിൽ എൻജിഇകൾ കഴിവുകളും വൈദഗ്ധ്യവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. വർധിച്ച നിക്ഷേപത്തിലൂടെ, ഉൽപ്പന്നങ്ങളുടെ സങ്കീർണതയും ആഗോളതലത്തിലുള്ള പ്രവർത്തനങ്ങളും ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ മെച്ചപ്പെടുത്തിയ വിഹിതവും കൈവരിക്കാൻ അവയ്ക്കു കഴിയും.
നിർദിഷ്ട പരിഷ്കാരങ്ങൾ ഉദാരവൽകൃത പ്രവേശനപാത നിർദേശിക്കൽ; ഉപഗ്രഹങ്ങൾ, വിക്ഷേപണ വാഹനങ്ങൾ, അനുബന്ധ സംവിധാനങ്ങൾ അല്ലെങ്കിൽ ഉപസംവിധാനങ്ങൾ എന്നിവയിൽ വിദേശനിക്ഷേപത്തിനു വ്യക്തത നൽകൽ; ബഹിരാകാശ പേടകങ്ങൾ വിക്ഷേപിക്കുന്നതിനും സ്വീകരിക്കുന്നതിനുമായി ബഹിരാകാശപോർട്ടുകൾ സൃഷ്ടിക്കൽ; ബഹിരാകാശവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെയും സംവിധാനങ്ങളുടെയും നിർമാണം എന്നിവയിൽ ബഹിരാകാശ മേഖലയിലെ എഫ്‌ഡിഐ നയവ്യവസ്ഥകൾ ഉദാരവൽക്കരിക്കാൻ ശ്രമിക്കുന്നു.
പ്രയോജനങ്ങൾ:
ഭേദഗതി ചെയ്ത എഫ്‌ഡിഐ നയം അനുസരിച്ചു ബഹിരാകാശ മേഖലയിൽ 100% വിദേശനിക്ഷേപം അനുവദനീയമാണ്. ബഹിരാകാശത്ത് ഇന്ത്യൻ കമ്പനികളിൽ നിക്ഷേപം നടത്താൻ സാധ്യതയുള്ള നിക്ഷേപകരെ ആകർഷിക്കുക എന്ന ലക്ഷ്യമാണു ഭേദഗതി വരുത്തിയ നയത്തിനു കീഴിലുള്ള ഉദാരവൽക്കൃത പ്രവേശനപാതകൾക്കുള്ളത്.
ഭേദഗതി വരുത്തിയ നയത്തിനു കീഴിലുള്ള വിവിധ പ്രവർത്തനങ്ങൾക്കുള്ള പ്രവേശനപാത ഇനി പറയുന്നു:
a. ഓട്ടോമാറ്റിക് റൂട്ടിലൂടെ 74% വരെ: ഉപഗ്രഹങ്ങൾ-നിർമാണവും പ്രവർത്തനവും, സാറ്റലൈറ്റ് ഡാറ്റ ഉൽപ്പന്നങ്ങളും ഗ്രൗണ്ട് സെഗ്‌മെന്റും ഉപയോക്തൃ വിഭാഗവും. 74 ശതമാനത്തിനപ്പുറം ഈ പ്രവർത്തനങ്ങൾ ഗവണ്മെന്റ് മുഖേനയാണ്.
b. ഓട്ടോമാറ്റിക് റൂട്ടിലൂടെ 49% വരെ: വിക്ഷേപണവാഹനങ്ങളും അനുബന്ധ സംവിധാനങ്ങളും അല്ലെങ്കിൽ ഉപസംവിധാനങ്ങളും; ബഹിരാകാശ പേടകം വിക്ഷേപിക്കുന്നതിനും സ്വീകരിക്കുന്നതിനുമായി ബഹിരാകാശപോർട്ടുകളുടെ സൃഷ്ടി. 49 ശതമാനത്തിനപ്പുറം ഈ പ്രവർത്തനങ്ങൾ ഗവണ്മെന്റ് മുഖേനയാണ്.
c. ഓട്ടോമാറ്റിക് റൂട്ടിലൂടെ 100% വരെ: ഉപഗ്രഹങ്ങൾ, ഗ്രൗണ്ട് സെഗ്‌മെന്റ്, ഉപയോക്തൃ വിഭാഗം എന്നിവയ്ക്കായുള്ള ഘടകങ്ങളുടെയും സംവിധാനങ്ങളുടെയും/ ഉപ-സംവിധാനങ്ങളുടെയും നിർമാണം.
സ്വകാര്യമേഖലയുടെ ഈ വർധിച്ച പങ്കാളിത്തം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യ ആഗിരണം ചെയ്യുന്നതിനും മേഖലയെ സ്വയംപര്യാപ്തമാക്കുന്നതിനും സഹായിക്കും. ഇത് ഇന്ത്യൻ കമ്പനികളെ ആഗോള മൂല്യശൃംഖലയിലേക്കു സംയോജിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതോടെ, ഗവൺമെന്റിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ സംരംഭങ്ങൾക്കു പ്രോത്സാഹനമേകി കമ്പനികൾക്കു നിർമാണസൗകര്യങ്ങൾ രാജ്യത്തു സ്ഥാപിക്കാൻ കഴിയും.
--NS--
(Release ID: 2007882)
Visitor Counter : 175
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu