പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാലി സന്‍സദ് ഖേല്‍ മഹാമേളയില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

Posted On: 03 FEB 2024 12:42PM by PIB Thiruvananthpuram

എന്റെ പ്രിയ യുവ സുഹൃത്തുക്കളേ,

പാലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ കളിക്കാര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. കായികരംഗത്ത് ഒരിക്കലും നഷ്ടമില്ല. സ്‌പോര്‍ട്‌സില്‍, ഒന്നുകില്‍ നിങ്ങള്‍ വിജയിക്കും അല്ലെങ്കില്‍ നിങ്ങള്‍ പഠിക്കും. അതിനാല്‍, എല്ലാ കായിക പ്രതിഭകള്‍ക്കും ഒപ്പം അവിടെ സന്നിഹിതരായ അവരുടെ പരിശീലകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു.

സുഹൃത്തുക്കളേ,

സന്‍സദ് ഖേല്‍ മഹാമേളയില്‍ കാണുന്ന ആവേശവും ആത്മവിശ്വാസവും തീക്ഷ്ണതയും ചൈതന്യവും ഓരോ കളിക്കാരുടെയും യുവാക്കളുടെയും തിരിച്ചറിയല്‍ ഉപാധിയായി മാറിയിരിക്കുന്നു. കളിക്കളത്തിലെ കളിക്കാര്‍ക്കുള്ള അതേ ഉന്മേഷമാണ് ഇന്ന് ഗവണ്‍മെന്റിനും കായികരംഗത്തുള്ളത്. താഴേത്തട്ടില്‍ കളിക്കാനും അവരുടെ ഗ്രാമങ്ങളില്‍ കളിക്കാനും സ്‌കൂളുകളില്‍ കളിക്കാനും യൂണിവേഴ്സിറ്റികളില്‍ കളിക്കാനും ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ കളിക്കാനും കൂടുതല്‍ അവസരങ്ങള്‍ നമ്മുടെ കളിക്കാര്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. കളിക്കാരുടെ ഊര്‍ജ്ജത്തെ ഭാരതീയ ജനതാ പാര്‍ട്ടി സന്‍സദ് ഖേല്‍ മഹാമേള് വളരെയധികം പിന്തുണയ്ക്കുന്നു. പാര്‍ലമെന്റ് അംഗങ്ങള്‍ മുഖേന ഇത്തരം കായികമേളകള്‍ സംഘടിപ്പിച്ചതിന് ഭാരതീയ ജനതാ പാര്‍ട്ടിയെ പ്രത്യേകം അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ സംരംഭം വര്‍ഷങ്ങളായി തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുകയുമാണ്. ബി.ജെ.പി സന്‍സദ് ഖേല്‍ മഹാമേള ലക്ഷക്കണക്കിന് പ്രതിഭാധനരായ കളിക്കാര്‍ക്ക് ജില്ലകളിലും സംസ്ഥാനങ്ങളിലും പുറത്തും കളിക്കാനുള്ള അവസരം നല്‍കി. പുതിയ കളിക്കാരെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള സുപ്രധാന വേദിയായി ഈ ഖേല്‍ മഹാമേള മാറുകയാണ്, ഇപ്പോള്‍ ബിജെപി എംപിമാര്‍ പെണ്‍കുട്ടികള്‍ക്കായി പ്രത്യേക ഖേല്‍ മഹേമേള സംഘടിപ്പിക്കാനും പദ്ധതിയിടുന്നു. ഈ സുപ്രധാന പ്രചാരണത്തിന് ബിജെപിയെയും അതിന്റെ എംപിമാരെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

സന്‍സദ് ഖേല്‍ മഹാമേളയില്‍ പാലിയിലെ 1100-ലധികം സ്‌കൂള്‍ കുട്ടികള്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. രണ്ട് ലക്ഷത്തിലധികം താരങ്ങളാണ് കളിക്കാന്‍ മുന്നോട്ട് വന്നത്. ഈ മഹാകുംഭത്തിലൂടെ ഈ രണ്ട് ലക്ഷം കളിക്കാര്‍ക്ക് ലഭിച്ച ശ്രദ്ധയും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരവും അഭൂതപൂര്‍വമാണ്. പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ പി പി ചൗധരിയെ ഞാന്‍ അഭിനന്ദിക്കുന്നു, ഇത്രയും ഗംഭീരമായ ഒരു പരിപാടി സംഘടിപ്പിച്ചതിന്. ധീരദേശമായ രാജസ്ഥാനിലെ യുവാക്കള്‍ എല്ലായ്‌പ്പോഴും സൈന്യം മുതല്‍ കായികമേഖല വരെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി. നിങ്ങളെല്ലാവരും ഈ പൈതൃകം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്കറിയാമോ, സ്പോര്‍ട്സിന്റെ ഏറ്റവും മികച്ച കാര്യം, അവര്‍ വിജയിക്കാനുള്ള ശീലം വളര്‍ത്തിയെടുക്കുക മാത്രമല്ല, മികച്ചവരാകാന്‍ നിങ്ങളെ നിരന്തരം പഠിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. മഹത്വത്തിന് ആത്യന്തികമായ ഒരു പരിധിയില്ലെന്ന് കായികമേഖല നമ്മെ പഠിപ്പിക്കുന്നു; നാം നമ്മുടെ സര്‍വ്വ ശക്തിയോടെയും പ്രയത്‌നിക്കണം. അതിനാല്‍, ഈ ഖേല്‍ മഹാമേള ഒരു തരത്തില്‍, നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു വലിയ 'യജ്ഞം' ആണ്.

സുഹൃത്തുക്കളേ,

യുവജനങ്ങളെ പല തിന്മകളില്‍ നിന്നും സംരക്ഷിക്കുന്നു എന്നതാണ് കായികരംഗത്തിന്റെ മറ്റൊരു വലിയ ശക്തി. സ്പോര്‍ട്സ് ഇച്ഛാശക്തിയെ ശക്തിപ്പെടുത്തുകയും ലക്ഷ്യബോധം വര്‍ദ്ധിപ്പിക്കുകയും നമ്മുടെ ശ്രദ്ധയെ വ്യക്തമായി നിലനിര്‍ത്തുകയും ചെയ്യുന്നു. മയക്കുമരുന്നിന്റെ കെണിയോ മറ്റ് ലഹരിവസ്തുക്കളോടുള്ള ആസക്തിയോ ആകട്ടെ, കളിക്കാര്‍ ഇവയില്‍ നിന്നെല്ലാം അകന്നുനില്‍ക്കുന്നു. അതുകൊണ്ട് തന്നെ വ്യക്തിത്വ രൂപീകരണത്തില്‍ കായിക വിനോദങ്ങള്‍ക്ക് വലിയ പങ്കുണ്ട്.

എന്റെ പ്രിയ സുഹൃത്തുക്കളേ,

ബിജെപി ഗവണ്മെന്റ് സംസ്ഥാന തലത്തിലായാലും കേന്ദ്ര തലത്തിലായാലും യുവാക്കളുടെ ക്ഷേമത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി. കളിക്കാരെ തിരഞ്ഞെടുക്കുന്നതില്‍ സുതാര്യത ഉറപ്പാക്കി. എല്ലാ വിഭവങ്ങളും ലഭ്യമാക്കി. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒരുപാട് സഹായങ്ങള്‍ ലഭിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, കായികരംഗത്തെ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഞങ്ങള്‍ മൂന്നിരട്ടി ബജറ്റ് വര്‍ദ്ധിപ്പിച്ചു. നൂറുകണക്കിന് കായികതാരങ്ങള്‍ നിലവില്‍ ടോപ്‌സ് സ്‌കീമിന് കീഴില്‍ ദേശീയമായും അന്തര്‍ദേശീയമായും പരിശീലനവും കോച്ചിംഗും നല്‍കിവരുന്നു. കൂടാതെ,ഖേലോ ഇന്ത്യ ഗെയിംസിന് കീഴില്‍ 3,000-ലധികം അത്ലറ്റുകള്‍ക്ക് പ്രതിമാസം 50000 രൂപ വീതം ധനസഹായം നല്‍കുന്നുണ്ട്. താഴേത്തട്ടിലുള്ള ആയിരത്തോളം ഖേലോ ഇന്ത്യ കേന്ദ്രങ്ങളിലൂടെ ലക്ഷക്കണക്കിന് കായികതാരങ്ങള്‍ പരിശീലനം നേടുന്നു. അതിന്റെ ഫലങ്ങളും നമ്മുടെ മുന്നിലുണ്ട്. ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസില്‍ നൂറിലധികം മെഡലുകള്‍ നേടി നമ്മുടെ കളിക്കാര്‍ റെക്കോര്‍ഡ് സ്ഥാപിച്ചു. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ നിരവധി താരങ്ങള്‍ ഖേലോ ഇന്ത്യ ഗെയിംസില്‍ നിന്നും ഉയര്‍ന്നുവന്നവരാണ്.


എന്റെ പ്രിയ കളിക്കാരെ,

ഒരു കളിക്കാരന്‍ ഒരു ടീമിനായി കളിക്കുമ്പോള്‍, അവര്‍ തന്റെ ടീമിന്റെ ലക്ഷ്യങ്ങള്‍ക്ക് വ്യക്തിഗത ലക്ഷ്യങ്ങളേക്കാള്‍ മുന്‍ഗണന നല്‍കുന്നു. തന്റെ ടീമിനും സംസ്ഥാനത്തിനും രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ക്കും ഒപ്പം തോളോട് തോള്‍ ചേര്‍ന്ന് അദ്ദേഹം മാര്‍ച്ച് ചെയ്യുന്നു. 'അമൃത് കാലത്ത്' ഈ യുവത്വത്തിനൊപ്പം ഇന്ന് രാഷ്ട്രവും മുന്നേറുകയാണ്. ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ച ബജറ്റും ഒരു തരത്തില്‍ രാജ്യത്തെ യുവജനങ്ങള്‍ക്കായാണ് സമര്‍പ്പിക്കുന്നത്. റെയില്‍പാതകള്‍ക്കും ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി 11 ലക്ഷം കോടി രൂപ ചെലവഴിക്കാന്‍ പോവുകയാണ് ഗവണ്മെന്റ്. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ യുവാക്കള്‍ ആയിരിക്കും. ആരാണ് നല്ല റോഡുകള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്? അത് നമ്മുടെ യുവത്വമാണ്. പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ കണ്ടതില്‍ ഏറ്റവും സന്തോഷിക്കുന്നത് ആരാണ്? അത് നമ്മുടെ യുവതലമുറയാണ്. ബജറ്റില്‍ 40,000 വന്ദേ ഭാരത് പോലുള്ള കോച്ചുകള്‍ ഉണ്ടാക്കുമെന്ന പ്രഖ്യാപനം ആര്‍ക്കാണ് പ്രയോജനം ചെയ്യുക? അത് നമ്മുടെ യുവത്വമാണ്. ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 11 ലക്ഷം കോടി ചെലവഴിക്കുന്നത് യുവാക്കള്‍ക്ക് ഏറ്റവും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഭാരതത്തിലെ യുവാക്കള്‍ക്കായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് രൂപീകരിച്ചു. അതുവഴി അവര്‍ക്ക് കായികരംഗത്തോ മറ്റ് മേഖലകളിലോ പുതിയ വഴികള്‍ കണ്ടെത്താനും അവരുടെ സ്വന്തം വലിയ കമ്പനികള്‍ സ്ഥാപിക്കാനും കഴിയും. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതി ഇളവുകളും ഗവണ്‍മെന്റ് നീട്ടിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

ചുറ്റുപാടും നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പാലിയുടെ വിധിയെ മാറ്റുകയും പാലിയുടെ പ്രതിച്ഛായയില്‍ പരിവര്‍ത്തനമുണ്ടാക്കുകയും ചെയ്തു. പാലി ലോക്സഭാ മണ്ഡലത്തില്‍ മാത്രം 13,000 കോടി രൂപയുടെ റോഡുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളുടെ വികസനം, റെയില്‍വേ പാലങ്ങള്‍, റെയില്‍വേ ലൈനുകളുടെ ഇരട്ടിപ്പിക്കല്‍, അങ്ങനെയുള്ള നിരവധി വികസന പദ്ധതികള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും പ്രയോജനകരമാണ്. പാലിയിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിലും അവരുടെ നൈപുണ്യ വികസനത്തിലും ഗവണ്‍മെന്റിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പാലിയില്‍ നിരവധി പുതിയ ഐടി കേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെട്ടു, കൂടാതെ രണ്ട് സെന്‍ട്രല്‍ സ്‌കൂളുകളും തുറന്നിട്ടുണ്ട്. ഗവണ്‍മെന്റ്
സ്‌കൂളുകളില്‍ പുതിയ ക്ലാസ് മുറികള്‍ നിര്‍മിക്കുന്നതിനോ പുതിയ കമ്പ്യൂട്ടര്‍ ലാബുകള്‍ നിര്‍മിക്കുന്നതിനോ എല്ലാ ദിശയിലും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇവിടെ ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കല്‍, പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, ഗ്രാമങ്ങളില്‍ സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിക്കല്‍ - ഇതെല്ലാം പാലിയിലെ ജനങ്ങളുടെ ജീവിതം എളുപ്പമാക്കി. ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന് കീഴില്‍, പാലി ഉള്‍പ്പെടെയുള്ള രാജസ്ഥാനിലെ എല്ലാ പൗരന്മാരെയും ശാക്തീകരിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. ബിജെപി ഗവണ്‍മെന്റിന്റെ ഈ ശ്രമങ്ങള്‍ പാലിയിലെയും ഈ പ്രദേശത്തെയും യുവാക്കളുടെ ജീവിതം എളുപ്പമാക്കുന്നു. ജീവിതത്തില്‍ വെല്ലുവിളികള്‍ കുറയുമ്പോള്‍, ആളുകള്‍ കളിയില്‍ താല്‍പ്പര്യം വളര്‍ത്തിയെടുക്കുന്നു; ഒപ്പം വിജയിക്കാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. ഒരിക്കല്‍ കൂടി, എല്ലാ കളിക്കാരെയും ഞാന്‍ അഭിനന്ദിക്കുന്നു.

വളരെ നന്ദി.
...
നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. ഹിന്ദിയിലായിരുന്നു യഥാര്‍ത്ഥ പ്രസംഗം.

--NS--



(Release ID: 2004961) Visitor Counter : 45