പ്രധാനമന്ത്രിയുടെ ഓഫീസ്
നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്ട് ടാക്സസ് & നര്‍ക്കോട്ടിക്സ് (NACIN) ഉദ്ഘാടനവേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം
Posted On:
16 JAN 2024 6:23PM by PIB Thiruvananthpuram
ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ശ്രീ എസ്. അബ്ദുള്‍ നസീര്‍ ജി, മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, നിര്‍മല സീതാരാമന്‍ ജി, പങ്കജ് ചൗധരി ജി, ഭഗവത് കിഷന്റാവു കരാദ് ജി, മറ്റ് പ്രതിനിധികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ,
നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്ട് ടാക്സസ്, നര്‍ക്കോട്ടിക്സ് (NACIN) ന്റെ ഗംഭീരമായ കാമ്പസില്‍ സന്നിഹിതരായിരിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ശ്രീ സത്യസായി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കാമ്പസ് തന്നെ സവിശേഷമാണ്. ആത്മീയത, രാഷ്ട്രനിര്‍മാണം, സദ്ഭരണം എന്നിവയുമായി ബന്ധപ്പെട്ട നമ്മുടെ പൈതൃകത്തെ ഈ പ്രദേശം പ്രതിനിധീകരിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ശ്രീ സത്യസായി ബാബയുടെ ജന്മസ്ഥലമാണ് പുട്ടപര്‍ത്തി. മഹാനായ സ്വാതന്ത്ര്യ സമര സേനാനി പത്മശ്രീ കല്ലൂര്‍ സുബ്ബ റാവുവിന്റെ നാടാണിത്. പ്രശസ്ത പാവകളി കലാകാരനായ ദളവായ് ചലപതി റാവുവിന് ഈ ദേശം ഒരു പുതിയ വ്യക്തിത്വം നല്‍കി. വിജയനഗരത്തിലെ മഹത്തായ രാജവംശത്തിന്റെ ഭരണത്തിന് പ്രചോദനം നല്‍കുന്ന നാടാണിത്. അത്തരമൊരു പ്രചോദനാത്മകമായ സ്ഥലത്താണ് 'NACIN'-ന്റെ ഈ പുതിയ കാമ്പസ് സ്ഥാപിച്ചിരിക്കുന്നത്. ഈ കാമ്പസ് നല്ല ഭരണത്തിന് പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുമെന്നും രാജ്യത്തെ വ്യാപാര-വ്യവസായ മേഖലകള്‍ക്ക് പുത്തന്‍ ഉത്തേജനം നല്‍കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന് തിരുവള്ളുവര്‍ ദിനം കൂടിയാണ്. വിശുദ്ധ തിരുവള്ളുവര്‍ പറഞ്ഞു, उरुपोरुळुम उल्गु-पोरुळुम तन्-वोन्नार, तिरु-पोरुळुम वेन्दन पोरुळ ഇതിനര്‍ഥം, നികുതിപ്പണത്തിലൂടെ ലഭിക്കുന്ന വരുമാനത്തിലും ശത്രുക്കളില്‍ നിന്നും പിടിച്ചെടുക്കുന്ന സ്വത്തിലും രാജാവിന് അവകാശമുണ്ടായിരുന്നു. എന്നാല്‍ ജനാധിപത്യത്തില്‍ രാജാക്കന്മാരില്ല. ഭരിക്കുന്നത് ജനങ്ങളാണ്, പ്രജകളെ സേവിക്കാന്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നു. അതിനാല്‍, ഗവണ്‍മെന്റിന് മതിയായ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ നിങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
സുഹൃത്തുക്കളേ ,
ഇന്ന് എനിക്ക് ഇവിടെ വരുന്നതിന് മുമ്പ് പുണ്യ ലേപാക്ഷിയിലെ വീരഭദ്ര ക്ഷേത്രം സന്ദര്‍ശിക്കാനുള്ള ഭാഗ്യം ലഭിച്ചു. ക്ഷേത്രത്തില്‍ വച്ച് രംഗനാഥ രാമായണം കേള്‍ക്കാനുള്ള ഭാഗ്യം ലഭിച്ചു. അവിടെയുള്ള ഭക്തര്‍ക്കൊപ്പം ഞാനും 'ഭജന്‍ കീര്‍ത്തന'ത്തില്‍ പങ്കെടുത്തു. ശ്രീരാമന്‍ ജടായുവുമായി ഈ സ്ഥലത്തിനടുത്തെവിടെയോ സംസാരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങള്‍ക്കറിയാവുന്നതുപോലെ, അയോധ്യയിലെ ശ്രീരാമന്റെ മഹത്തായ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള 11 ദിവസത്തെ ആചാരമാണ് ഞാന്‍ ആചരിക്കുന്നത്. ഈ മംഗളകരമായ കാലത്ത് ഇവിടെ ദൈവത്തില്‍ നിന്ന് അനുഗ്രഹം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഈ ദിവസങ്ങളില്‍, രാജ്യം മുഴുവന്‍ രാമന്റെ ചൈതന്യത്താല്‍ നിറഞ്ഞിരിക്കുന്നു, കൂടാതെ ശ്രീരാമനോടുള്ള ഭക്തി വ്യാപകമാണ്. എന്നിരുന്നാലും, സുഹൃത്തുക്കളേ, ശ്രീരാമന്റെ ജീവിതവും പ്രചോദനവും വിശ്വാസത്തിന്റെയും ഭക്തിയുടെയും സീമയ്ക്ക് അപ്പുറമാണ്. സാമൂഹ്യ ജീവിതത്തിലെ ഭരണത്തിന്റെ പ്രതീകമാണ് ഭഗവാന്‍ രാമന്‍, അത് നിങ്ങളുടെ സ്ഥാപനത്തിനും വലിയ പ്രചോദനമായി വര്‍ത്തിക്കും.
സുഹൃത്തുക്കളേ,
'രാമരാജ്യം' എന്ന ആശയം യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ സത്തയാണെന്ന് മഹാത്മാഗാന്ധി പറയാറുണ്ടായിരുന്നു. ഗാന്ധിജിയുടെ പ്രസ്താവന വര്‍ഷങ്ങളുടെ പഠനവും അദ്ദേഹത്തിന്റെ കാഴ്ചപ്പാടും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഓരോ പൗരന്റെയും ശബ്ദം കേള്‍ക്കുന്ന ജനാധിപത്യത്തെ രാമരാജ്യം പ്രതിനിധീകരിക്കുന്നു, അവര്‍ക്ക് ശരിയായ ബഹുമാനം ലഭിക്കുന്നു. രാമരാജ്യത്തിലെ പൗരന്‍മാരോട് ഇങ്ങനെ പറഞ്ഞു, रामराज्यवासी त्वम्, प्रोच्छ्रयस्व ते शिरम्। न्यायार्थं यूध्य्स्व, सर्वेषु समं चर। परिपालय दुर्बलं, विद्धि धर्मं वरम्। प्रोच्छ्रयस्व ते शिरम्, रामराज्यवासी त्वम्। 'ഹേ രാമരാജ്യ നിവാസികളേ, നിങ്ങളുടെ തല ഉയര്‍ത്തിപ്പിടിക്കുക, നീതിക്കുവേണ്ടി പോരാടുക, എല്ലാവരേയും തുല്യമായി കാണുക, ദുര്‍ബലരെ സംരക്ഷിക്കുക, ധര്‍മ്മത്തെ പരമോന്നതമായി കണക്കാക്കുക' എന്നാണ് ഇതിനര്‍ത്ഥം. എല്ലാവര്‍ക്കും അന്തസ്സോടെ, ഭയമില്ലാതെ, എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിക്കുന്നിടത്ത്, ദുര്‍ബ്ബലരുടെ സംരക്ഷണം ഉറപ്പാക്കുന്നിടത്ത്, ധര്‍മ്മം പരമോന്നതമായി കണക്കാക്കുന്ന, സദ്ഭരണത്തിന്റെ ഈ നാല് തൂണുകളിലാണ് രാമരാജ്യം നിലകൊണ്ടത്. ഇന്ന്, നിങ്ങളുടെ ആധുനിക സ്ഥാപനത്തിന്റെ 21-ാം നൂറ്റാണ്ടിലെ നാല് പ്രധാന ലക്ഷ്യങ്ങള്‍ ഈ തത്വങ്ങളെ ചുറ്റിപ്പറ്റിയാണ്. ഒരു ഭരണാധികാരി എന്ന നിലയിലും നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്ന ഒരു യൂണിറ്റിന്റെ റോളിലും നിങ്ങള്‍ ഇത് എപ്പോഴും ഓര്‍ക്കണം.
സുഹൃത്തുക്കളേ,
'NACIN' ന്റെ പങ്ക് രാജ്യത്തിന് ഒരു ആധുനിക ആവാസവ്യവസ്ഥ പ്രദാനം ചെയ്യുകയാണ്, അത് ഇന്ത്യയില്‍ വ്യാപാരവും വ്യവസായവും സുഗമമാക്കുകയും ആഗോള വ്യാപാരത്തില്‍ ഇന്ത്യയെ നിര്‍ണായക പങ്കാളിയാക്കുകയും സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. നികുതി, കസ്റ്റംസ്, നര്‍കോട്ടിക്‌സ് തുടങ്ങിയ മേഖലകളില്‍ രാജ്യത്ത് എളുപ്പത്തില്‍ ബിസിനസ്സ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും തെറ്റായ കീഴ്‌വഴക്കങ്ങളെ ശക്തമായി നേരിടാനും ഇത് ലക്ഷ്യമിടുന്നു. കുറച്ച് മുമ്പ്, ഞാന്‍ കുറച്ച് യുവ ട്രെയിനികളെ കണ്ടുമുട്ടി. 'അമൃത് കാല'ത്തില്‍ നേതൃത്വം നല്‍കുന്ന തലമുറയാണ് ഇവര്‍. നിങ്ങള്‍ക്ക് എല്ലാവര്‍ക്കുമായി ഗവണ്‍മെന്റ് വിവിധ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ ശക്തികളുടെ ഉപയോഗം നിങ്ങളുടെ വിവേചനാധികാരത്തെ ആശ്രയിച്ചിരിക്കുന്നു, ശ്രീരാമന്റെ ജീവിതത്തില്‍ നിന്ന് നിങ്ങള്‍ക്ക് പ്രചോദനം ലഭിക്കും. ഒരു സന്ദര്‍ഭത്തില്‍, ശ്രീരാമന്‍ ലക്ഷ്മണനോട് പറയുന്നു - नेयं मम मही सौम्य दुर्लभा सागराम्बरा । न हीच्छेयम धर्मेण शक्रत्वमपि लक्ष्मण ॥ ഇതിനര്‍ത്ഥം, സമുദ്രത്താല്‍ ചുറ്റപ്പെട്ട ഈ ഭൂമി എനിക്ക് അപൂര്‍വമല്ല. അന്യായമായി നേടിയാല്‍ ഇന്ദ്രന്റെ രാജ്യം പോലും എനിക്ക് അഭികാമ്യമല്ല. എന്നിരുന്നാലും, പലപ്പോഴും ചെറിയ പ്രലോഭനങ്ങളില്‍ ആളുകള്‍ തങ്ങളുടെ കടമകളും പ്രതിജ്ഞകളും മറക്കുന്നത് നാം കാണുന്നു. അതിനാല്‍, നിങ്ങളുടെ ഭരണകാലത്ത് ശ്രീരാമന്റെ വാക്കുകള്‍ എപ്പോഴും ഓര്‍ക്കുക.
സുഹൃത്തുക്കളേ,
നിങ്ങള്‍ നികുതി സമ്പ്രദായവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. രാമരാജ്യത്തില്‍ നികുതി പിരിച്ചെടുത്തതെങ്ങനെയെന്ന് ഗോസ്വാമി തുളസീദാസ് ജി പറഞ്ഞത് വളരെ പ്രസക്തമാണ്. ഗോസ്വാമി തുളസീദാസ് ജി പറയുന്നു - बरसत हरषत लोग सब, करषत लखै न कोइ, तुलसी प्रजा सुभाग ते, भूप भानु सो होइ। അതായത്, സൂര്യന്‍ ഭൂമിയില്‍ നിന്ന് വെള്ളം വലിച്ചെടുക്കുന്നതുപോലെ, അത് മേഘങ്ങളായി മാറുകയും ഭൂമിയില്‍ മഴയായി മടങ്ങുകയും സമൃദ്ധി കൊണ്ടുവരികയും ചെയ്യുന്നു. നമ്മുടെ നികുതി സമ്പ്രദായം പ്രകൃതിയ്ക്ക് സമാനമായിരിക്കണം. പൊതുജനങ്ങളില്‍ നിന്ന് നികുതിയിനത്തില്‍ പിരിച്ചെടുക്കുന്ന ഓരോ ചില്ലിക്കാശും പൊതുക്ഷേമത്തിനായി നിക്ഷേപിക്കുകയും അത് അഭിവൃദ്ധിയെ പ്രോത്സാഹിപ്പിക്കുകയും വേണം. ഇതേ കാഴ്ചപ്പാടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങള്‍ നികുതി സമ്പ്രദായത്തില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ നടത്തിയതായി പഠിക്കുകയാണെങ്കില്‍ നിങ്ങള്‍ കണ്ടെത്തും. സാധാരണ പൗരന് എളുപ്പം മനസ്സിലാകാത്ത വിവിധ നികുതി സമ്പ്രദായങ്ങള്‍ നേരത്തെ രാജ്യത്തുണ്ടായിരുന്നു. സുതാര്യതയുടെ അഭാവം മൂലം, സത്യസന്ധരായ നികുതിദായകരും ബിസിനസുമായി ബന്ധപ്പെട്ട ആളുകളും ബുദ്ധിമുട്ടിലായി. രാജ്യത്തിന് ആധുനിക സംവിധാനം ലഭ്യമാക്കാനാണ് ഞങ്ങള്‍ ജിഎസ്ടി കൊണ്ടുവന്നത്. ആദായനികുതി സമ്പ്രദായവും സര്‍ക്കാര്‍ ലളിതമാക്കി. മുഖമില്ലാത്ത നികുതി വിലയിരുത്തല്‍ സംവിധാനം ഞങ്ങള്‍ രാജ്യത്ത് ആരംഭിച്ചു. ഈ പരിഷ്‌കാരങ്ങളുടെയെല്ലാം ഫലമായി രാജ്യം ഇപ്പോള്‍ റെക്കോര്‍ഡ് നികുതി പിരിവിന് സാക്ഷ്യം വഹിക്കുന്നു. സര്‍ക്കാരിന്റെ നികുതി പിരിവ് വര്‍ധിക്കുമ്പോള്‍ വിവിധ പദ്ധതികളിലൂടെ സര്‍ക്കാരും പൊതുജനങ്ങളുടെ പണം തിരികെ നല്‍കുന്നുണ്ട്. 2014ല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് മാത്രമാണ് നികുതി ഇളവ് ലഭിച്ചിരുന്നത്. ഞങ്ങള്‍ ഈ പരിധി 2 ലക്ഷത്തില്‍ നിന്ന് 7 ലക്ഷം രൂപയായി ഉയര്‍ത്തി. 2014 മുതല്‍, നമ്മുടെ സര്‍ക്കാര്‍ നികുതിയിളവ് നല്‍കുകയും പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു, അതിന്റെ ഫലമായി പൗരന്മാര്‍ക്ക് ഏകദേശം 2.5 ലക്ഷം കോടി രൂപ നികുതി ലാഭിക്കാനായി. പൊതുജനക്ഷേമത്തിനായി സര്‍ക്കാര്‍ വലിയ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്, ആധുനിക അടിസ്ഥാന സൗകര്യങ്ങളില്‍ റെക്കോര്‍ഡ് നിക്ഷേപം നടത്തുന്നു. ഇന്ന്, നികുതിദായകര്‍ തങ്ങളുടെ പണം ശരിയായി വിനിയോഗിക്കുന്നുവെന്ന് കാണുമ്പോള്‍, അവര്‍ നികുതി അടയ്ക്കാന്‍ സന്നദ്ധതയോടെ മുന്നോട്ട് വരുന്നു. അതിനാല്‍, സമീപ വര്‍ഷങ്ങളില്‍ നികുതിദായകരുടെ എണ്ണം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനര്‍ത്ഥം ഞങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ചതെല്ലാം പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു എന്നാണ്. ഇതാണ് നല്ല ഭരണം, ഇതാണ് രാമരാജ്യത്തിന്റെ സന്ദേശം.
സുഹൃത്തുക്കളേ,
രാമരാജ്യത്തില്‍ വിഭവങ്ങളുടെ പരമാവധി വിനിയോഗത്തില്‍ പ്രത്യേക ശ്രദ്ധയാണ് ചെലുത്തുന്നത്. മുന്‍കാലങ്ങളില്‍ പദ്ധതികളില്‍ കാലതാമസം ഉണ്ടാവുകയും നിര്‍ത്തിവെക്കുകയും, വ്യതിയാനം വരുത്തുകയും ചെയ്യുന്ന പ്രവണത ഉണ്ടായിട്ടുണ്ട്, ഇത് രാജ്യത്തിന് കാര്യമായ നഷ്ടമുണ്ടാക്കുന്നു. അത്തരം പ്രവണതകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്ന ശ്രീരാമന്‍ ഭരതനുമായി രസകരമായ ഒരു സംഭാഷണത്തില്‍ ഏര്‍പ്പെടുന്നു. രാമന്‍ ഭരതനോട് പറയുന്നു - कच्चिदर्थं विनिश्चित्य लघुमूलं महोदयम्। क्षिप्रमारभसे कर्तुं न दीर्घयसि राघव।। അര്‍ത്ഥം, നിങ്ങള്‍ കാര്യങ്ങള്‍ വേഗത്തില്‍ തീരുമാനിക്കുമെന്നും അനാവശ്യ കാലതാമസമില്ലാതെ ജോലി ഉടന്‍ ആരംഭിക്കുമെന്നും കുറഞ്ഞ ചെലവില്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. കഴിഞ്ഞ 10 വര്‍ഷമായി ഗവണ്‍മെന്റ് ചെലവു കുറച്ച് പദ്ധതികള്‍ ചെയ്യാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഗോസ്വാമി തുളസീദാസ് ജി പറയുന്നു, 'माली भानु किसानु सम नीति निपुन नरपाल । प्रजा भाग बस होहिंगे कबहुँ कबहुँ कलिकाल। ഇതിനര്‍ഥം, ഗവണ്‍മെന്റിന് തോട്ടക്കാരന്‍, സൂര്യന്‍, കര്‍ഷകന്‍ തുടങ്ങിയവയുടെ ഗുണങ്ങള്‍ ഉണ്ടായിരിക്കണം. തോട്ടക്കാരന്‍ ദുര്‍ബലമായ സസ്യങ്ങളെ പരിപാലിച്ച് വളര്‍ത്തുകയും അവയുടെ ശരിയായ പോഷണം കവര്‍ന്നെടുക്കുന്നവരെ നീക്കം ചെയ്യുകയും ചെയ്യുന്നു. അതുപോലെ, സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ ശാക്തീകരിക്കുകയും ശക്തിപ്പെടുത്തുകയും വേണം. സൂര്യന്‍ ഇരുട്ടിനെ അകറ്റുകയും പരിസ്ഥിതിയെ ശുദ്ധീകരിക്കുകയും മഴയെ സഹായിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 10 വര്‍ഷമായി, ദരിദ്രരെയും കര്‍ഷകരെയും സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരും സമൂഹത്തിന്റെ അടിത്തട്ടില്‍ നില്‍ക്കുന്നവരുമായവര്‍ക്കാണ് നാം മുന്‍ഗണന നല്‍കിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 10 കോടിയോളം വ്യാജ ഗുണഭോക്താക്കളെ ഞങ്ങള്‍ രേഖകളില്‍ നിന്ന് ഒഴിവാക്കി. ഇന്ന്, ഡല്‍ഹിയില്‍ നിന്ന് പോകുന്ന ഓരോ പൈസയും ശരിയായ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നു. ഞങ്ങള്‍ അഴിമതിക്കെതിരെ പോരാടിയിട്ടുണ്ട്, അഴിമതിക്കാരായ വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കുക എന്നത് സര്‍ക്കാരിന്റെ മുന്‍ഗണനയായി തുടരുന്നു. ഈ മുന്‍ഗണനകള്‍ മനസ്സില്‍ വെച്ചുകൊണ്ടാകണം എല്ലാവരും സ്വന്തം ജോലി തുടരേണ്ടത്.
സുഹൃത്തുക്കളേ,
രാഷ്ട്രത്തിന്റെ വികസനം സംസ്ഥാനങ്ങളുടെ പുരോഗതിയുമായി അന്തര്‍ലീനമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന മനോഭാവത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ മികച്ച ഫലങ്ങള്‍ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. നീതി ആയോഗ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം. ഒരു ഗവണ്‍മെന്റ് പാവപ്പെട്ടവരോട് കരുണ കാണിക്കുമ്പോള്‍, അധഃസ്ഥിതരുടെ പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ ഒരു ഗവണ്‍മെന്റ് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമ്പോള്‍, അതിന്റെ ഫലം ദൃശ്യമാകും. നിതി ആയോഗിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, നമ്മുടെ സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷത്തെ ഭരണത്തില്‍ നമ്മുടെ രാജ്യത്ത് ഏകദേശം 25 കോടി ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. 'ഗരീബി ഹഠാവോ' (ദാരിദ്ര്യം തുടച്ചുനീക്കുക) എന്ന മുദ്രാവാക്യങ്ങള്‍ പതിറ്റാണ്ടുകളായി മുഴങ്ങിയ ഒരു രാജ്യത്ത്, വെറും ഒമ്പത് വര്‍ഷം കൊണ്ട് ഏകദേശം 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയ ചരിത്ര നേട്ടം സമാനതകളില്ലാത്തതാണ്. 2014 ല്‍ അധികാരത്തില്‍ വന്നതിനുശേഷം, ഞങ്ങളുടെ സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കി, ഇതിന്റെ ഫലങ്ങള്‍ ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ്.. നമ്മുടെ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് വിഭവങ്ങളും അവസരങ്ങളും നല്‍കിയാല്‍ അവര്‍ക്ക് ദാരിദ്ര്യത്തെ മറികടക്കാനുള്ള കഴിവുണ്ടെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. ആ വിശ്വാസത്തിന്റെ സാക്ഷാത്കാരത്തിനാണ് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നത്. പാവപ്പെട്ടവരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട് അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയ്ക്കായി നമ്മുടെ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ദരിദ്രരുടെ കഴിവുകള്‍ വര്‍ധിക്കുകയും അവര്‍ക്ക് സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തപ്പോള്‍ അവര്‍ ദാരിദ്ര്യത്തെ അതിജീവിച്ച് അതിനപ്പുറത്തേക്ക് നീങ്ങാന്‍ തുടങ്ങി. ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാജ്യത്തിന് മറ്റൊരു ശുഭകരമായ സംഭവവികാസമാണിത്. ഇന്ത്യയിലെ ദാരിദ്ര്യം കുറയ്ക്കുന്നത് എല്ലാവരിലും ഒരു പുതിയ ആത്മവിശ്വാസം പകരുന്നു, രാജ്യത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തുന്നു. ഇന്ത്യയില്‍ ദാരിദ്ര്യം കുറയുമ്പോള്‍, നവ മധ്യവര്‍ഗ വിഭാഗം തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു. വളര്‍ന്നുവരുന്ന മധ്യവര്‍ഗം സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ സംഭാവന നല്‍കുന്നുവെന്ന് സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ലോകത്തെ പരിചയമുള്ളവര്‍ക്ക് അറിയാം. നിസ്സംശയമായും, അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളും NACIN ഉം അവരുടെ ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ നിറവേറ്റണം.
സുഹൃത്തുക്കളേ,
ചെങ്കോട്ടയില്‍ നിന്ന് 'സബ്കാ പ്രയാസിന്റെ' (എല്ലാവരുടെയും പരിശ്രമം) പ്രാധാന്യത്തെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ശ്രീരാമന്റെ ജീവിതത്തിലും 'സബ്കാ പ്രയാസിന്റെ' പ്രാധാന്യം പ്രകടമാണ്. ലങ്കയുടെ സമ്പന്നനായ ഭരണാധികാരിയായ പണ്ഡിതനും ശക്തനുമായ രാവണന്റെ വലിയ വെല്ലുവിളിയെ ശ്രീരാമന്‍ നേരിട്ടു. ഈ വെല്ലുവിളിയെ മറികടക്കാന്‍, അദ്ദേഹം ചെറിയ വിഭവങ്ങള്‍ ശേഖരിച്ചു, വിവിധ ജീവികളെ ഒന്നിപ്പിച്ചു, അവരുടെ സംയോജിതമായ ശ്രമങ്ങളെ വലിയ ശക്തിയാക്കി മാറ്റി, ഒടുവില്‍ വിജയിച്ചു. അതുപോലെ, 'വികസിത് ഭാരത്' സൃഷ്ടിക്കുന്നതില്‍ ഓരോ ഉദ്യോഗസ്ഥനും, ഓരോ ജീവനക്കാരനും, ഓരോ പൗരനും നിര്‍ണായക പങ്കുണ്ട്. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും രാജ്യത്ത് ബിസിനസ്സ് എളുപ്പമാക്കുന്നതിനും നമ്മള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. 'സബ്കാ പ്രയാസ്' എന്ന ചൈതന്യത്തോടെ മുന്നോട്ട് പോകുക എന്നതാണ് മന്ത്രം. NACIN-ന്റെ പുതിയ കാമ്പസ് 'അമൃത് കാലില്‍' സദ്ഭരണത്തിനുള്ള പ്രചോദനമായി മാറട്ടെ എന്ന ഈ ആഗ്രഹത്തോടെ, ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. നന്ദി!
SK
(Release ID: 1998332)
Visitor Counter : 95
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada
,
Malayalam