ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വനിതാ ശിശുവികസന-ന്യൂനപക്ഷകാര്യ മന്ത്രി ശ്രീമതി സ്മൃതി സുബിന്‍ ഇറാനി, വിദേശകാര്യ സഹമന്ത്രി ശ്രീ മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം സൗദി അറേബ്യയിലെ മദീനയില്‍ ചരിത്രപരമായ സന്ദര്‍ശനം നടത്തി


ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് സുഖപ്രദമായ ഹജ്ജ് 2024 ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിനാണ് സന്ദര്‍ശനം

Posted On: 08 JAN 2024 8:51PM by PIB Thiruvananthpuram

കേന്ദ്ര വനിതാ ശിശുവികസന-ന്യൂനപക്ഷകാര്യ മന്ത്രി ശ്രീമതി സ്മൃതി സുബിന്‍ ഇറാനി, വിദേശകാര്യ സഹമന്ത്രി ശ്രീ മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് ഇസ്ലാമിലെ ഏറ്റവും പുണ്യനഗരങ്ങളിലൊന്നായ മദീനയില്‍ ചരിത്രപരമായ സന്ദര്‍ശനം നടത്തി. സംഘത്തിന്റെ സൗദി അറേബ്യൻ സന്ദര്‍ശനത്തിന്റെ ഭാഗമായാണിത്. സന്ദർശനത്തിനിടെ 2024 ജനുവരി 7ന് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഹജ്ജ് 2024-നുള്ള ഉഭയകക്ഷി ഹജ്ജ് കരാര്‍ ഒപ്പുവച്ചിരുന്നു.
പ്രതിനിധി സംഘം മദീനയിലെ മര്‍കസിയ മേഖലയിലെ പ്രവാചകന്റെ പള്ളി (അല്‍ മസ്ജിദ് അല്‍ നബ്വി) സന്ദര്‍ശിച്ചു. തുടര്‍ന്ന് ഉഹുദ് പര്‍വതവും ഖുബാ പള്ളിയും സന്ദര്‍ശിച്ചു. ഖുബ പള്ളി ഇസ്ലാമിലെ ആദ്യത്തെ പള്ളിയാണ്, ആദ്യകാല ഇസ്ലാമിക രക്തസാക്ഷികളുടെ അന്ത്യവിശ്രമ സ്ഥലമാണ് ഉഹുദ് പര്‍വതം.

 

  
2023ലെ ഹജ്ജ് വേളയില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സമര്‍പ്പിതവും നിസ്വാര്‍ഥവുമായ സേവനം നല്‍കുന്ന ഇന്ത്യന്‍ സന്നദ്ധപ്രവര്‍ത്തകരുമായി പ്രതിനിധിസംഘം ആശയവിനിമയം നടത്തി. ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുമായും പ്രതിനിധിസംഘം സംവദിച്ചു.


ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് സുഖപ്രദമായ ഹജ്ജ് 2024 ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളെക്കുറിച്ചുള്ള നേരിട്ടുള്ള ഉള്‍ക്കാഴ്ച നല്‍കാന്‍ ഈ സന്ദര്‍ശനം സഹായിക്കും. ഹജ്ജ് തീര്‍ഥാടനം നടത്തുന്ന ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് സൗകര്യങ്ങളും സേവനങ്ങളും ഒരുക്കുന്നതിനും അതുവഴി അവര്‍ക്ക് സുഖകരവും സംതൃപ്തവുമായ അനുഭവം നല്‍കുന്നതിനും ഇന്ത്യാ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.


ഇന്ത്യയും സൗദി അറേബ്യയും ഊഷ്മളവും സൗഹാർദപരവുമായ ബന്ധമാണു പങ്കിടുന്നത്. മദീനയിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധിസംഘത്തിന്റെ ഈ സന്ദര്‍ശനത്തിന് സൗകര്യമൊരുക്കിയ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പ്രത്യേക നടപടിയെ ഇന്ത്യാ ഗവണ്‍മെന്റ് ഗാഢമായി അഭിനന്ദിക്കുന്നു. ഹജ്ജ് തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് ഇത് ഏറെ സഹായകമാകും.

 

****

NS

(Release ID: 1994376) Visitor Counter : 109


Read this release in: English , Urdu , Hindi , Punjabi