വ്യോമയാന മന്ത്രാലയം

വ്യോമയാന മന്ത്രാലയത്തിന്റെ വര്‍ഷാവസാന അവലോകനം 2023


കുതിപ്പിന്റെ ആകാശം

2023 വ്യോമയാന മന്ത്രാലയത്തിന് സംഭവബഹുലമായ വര്‍ഷമാണ്. സര്‍വതല നേട്ടങ്ങളില്‍നിന്ന് ഇതു വ്യക്തമാകും.


Posted On: 23 DEC 2023 1:28PM by PIB Thiruvananthpuram

 

  • 60 പുതിയ ആര്‍സിഎസ് റൂട്ടുകള്‍ 2023-ല്‍ ആരംഭിച്ചു; ഉഡാന്‍ പ്രകാരം 154 പുതിയ ആര്‍സിഎസ് റൂട്ടുകള്‍ നല്‍കി; വടക്കുകിഴക്കന്‍ മേഖലയില്‍ 12 പുതിയ ആര്‍സിഎസ് റൂട്ടുകള്‍ ആരംഭിച്ചു

 

  • 91 ലക്ഷത്തിലധികം യാത്രക്കാര്‍ ഡിജി യാത്രയുടെ സൗകര്യം പ്രയോജനപ്പെടുത്തി, 35 ലക്ഷത്തിലധികം ഉപയോക്താക്കള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു.
  • 3 ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ കൂടി പ്രവര്‍ത്തനക്ഷമമായി
  • എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ 456 തസ്തികകള്‍ കൂടി സൃഷ്ടിച്ചു
  • 2023 നവംബര്‍ വരെ 55 ബേസുകളില്‍ പ്രവര്‍ത്തിക്കുന്ന 34 ഡിജിസിഎ അംഗീകരിച്ച എഫ്ടിഒകള്‍
  • ഡിജിസിഎ എക്കാലത്തെയും ഉയര്‍ന്ന 1562 വാണിജ്യ പൈലറ്റ് ലൈസന്‍സുകള്‍ നല്‍കി

 

ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്ഫോം വഴി ഏകദേശം ഒന്‍പതിനായിരം റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി

ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെത്തി


ഈ മേഖല പുതിയ ചിറകുകള്‍ നേടുകയും അതിവേഗം വികസിക്കുകയും ചെയ്തതോടെ 2023-ല്‍ വ്യോമയാന മന്ത്രാലയം നിരവധി നാഴികക്കല്ലുകള്‍ കൈവരിച്ചു.
മന്ത്രാലയത്തിന്റെ ചില പ്രധാന നേട്ടങ്ങള്‍:

ആര്‍സിഎസ്-ഉഡാന്‍

2016ല്‍ ആര്‍സിഎസ്-ഉഡാന്‍ ആരംഭിച്ചു. ഉഡാന്‍ ഫ്‌ളൈറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നതിന് പ്രധാന (ട്രങ്ക്) റൂട്ടുകളിലെ ഓരോ യാത്രയ്ക്കും നാമമാത്രമായ ലെവി ഈടാക്കുന്ന സ്വാശ്രയ പദ്ധതിയാണിത്.

60 പുതിയ ആര്‍സിഎസ് റൂട്ടുകള്‍ 2023 ജനുവരി 01 മുതല്‍ 2023 ഡിസംബര്‍ 21 വരെ ആരംഭിച്ചു.
06 റൂര്‍ക്കേല, ഹോളോങ്കി, ജംഷഡ്പൂര്‍, കൂച്ച് ബെഹാര്‍, ഉത്‌കേല, ശിവമോഗ എന്നീ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി.
രാജ്യത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 12 പുതിയ ആര്‍സിഎസ് റൂട്ടുകള്‍ ആരംഭിച്ചു.
ഉഡാന്‍ 4.2, 5.0 എന്നിവ പ്രകാരം 154 പുതിയ ആര്‍സിഎസ് റൂട്ടുകള്‍ നല്‍കി.
 
ഡിജി യാത്ര
ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി (എഫ്ആര്‍ടി) അടിസ്ഥാനമാക്കി വിമാനത്താവളങ്ങളില്‍ യാത്രക്കാരെ സമ്പര്‍ക്കരഹിതവും തടസ്സമില്ലാത്തതുമായ പ്രോസസ്സിംഗ് നേടുന്നതിന് വിഭാവനം ചെയ്ത പദ്ധതിയാണ് ഡിജി യാത്ര. പേപ്പറില്ലാതെയും സമ്പര്‍ക്കമില്ലാതെയുമുള്ള മാര്‍ഗത്തിലൂടെ ഏതൊരു യാത്രക്കാരനും വിമാനത്താവളത്തിലെ വിവിധ ചെക്ക് പോയിന്റുകളിലൂടെ കടന്നുപോകാമെന്ന് പദ്ധതി അടിസ്ഥാനപരമായി വിഭാവനം ചെയ്യുന്നു. യാത്രക്കാര്‍ക്ക് അവരുടെ വീട്ടിലിരുന്ന് പ്ലാറ്റ്ഫോമില്‍ എന്റോള്‍ ചെയ്യാം. ഇതുവരെ 35 ലക്ഷത്തിലധികം ഉപയോക്താക്കള്‍ ഡിജി യാത്ര ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.
ഇനിപ്പറയുന്ന 13 വിമാനത്താവളങ്ങളില്‍ ഡിജി യാത്ര ആരംഭിച്ചു:-

  • 01.12.2022ന് ഡല്‍ഹി, ബെംഗളൂരു, വാരണാസി വിമാനത്താവളങ്ങളില്‍
  • 31.03.2023ന് ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത, വിജയവാഡ വിമാനത്താവളങ്ങളില്‍
  • 2023 ഓഗസ്റ്റില്‍ അഹമ്മദാബാദ്, മുംബൈ, കൊച്ചി, ഗുവാഹത്തി, ജയ്പൂര്‍, ലഖ്നൗ എന്നീ ആറ് വിമാനത്താവളങ്ങളില്‍.


ആരംഭിച്ചതിന് ശേഷം 91 ലക്ഷത്തിലധികം യാത്രക്കാര്‍ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യാനുള്ള ഡിജി യാത്രാസൗകര്യം പ്രയോജനപ്പെടുത്തി. ക്രമേണ, എല്ലാ വിമാനത്താവളങ്ങളിലും ഘട്ടംഘട്ടമായി ഡിജി യാത്ര നടപ്പാക്കും.

ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടുകള്‍
ഇന്ത്യയില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടുകള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും വ്യവസ്ഥകളും നല്‍കുന്ന ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് നയം, 2008ന് കേന്ദ്ര ഗവണ്‍മെന്റ് രൂപം നല്‍കി. ഗോവയിലെ മോപ, നവി മുംബൈ, മഹാരാഷ്ട്രയിലെ ഷിര്‍ദി, സിന്ധുദുര്‍ഗ്, കര്‍ണാടകയിലെ കലബുറഗി, വിജയപുര, ഹാസന്‍, ശിവമോഗ, മധ്യപ്രദേശിലെ ദാബ്ര (ഗ്വാളിയോര്‍), ഉത്തര്‍പ്രദേശിലെ കുശിനഗര്‍, നോയിഡ (ജേവാര്‍), ഗുജറാത്തിലെ ധോലേര, രാജ്കോട്ട്, പുതുച്ചേരിയിലെ കാരക്കല്‍, ആന്ധ്രാപ്രദേശിലെ ദഗദാര്‍ത്തി, ഭോഗാപുരം, ഒറവക്കല്‍ (കര്‍ണൂല്‍), പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂര്‍, സിക്കിമിലെ പക്യോങ്, കേരളത്തിലെ കണ്ണൂര്‍, അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍ എന്നിങ്ങനെ 21 ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് ഇതുവരെ തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഇതില്‍ ദുര്‍ഗാപൂര്‍, ഷിര്‍ദി, സിന്ധുദുര്‍ഗ്, പക്യോങ്, കണ്ണൂര്‍, കലബുറഗി, ഒറവക്കല്‍, കുശിനഗര്‍, ഇറ്റാനഗര്‍, മോപ്പ, ശിവമൊഗ്ഗ, രാജ്കോട്ട് എന്നിങ്ങനെ 12 ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനക്ഷമമായി. 2023-ല്‍ മൂന്ന് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍, അതായത് മോപ്പ, ശിവമോഗ, രാജ്‌കോട്ട് എന്നിവ പ്രവര്‍ത്തനക്ഷമമാക്കി.

എടിസിഒകളുടെ കുറവ് പരിഹരിക്കുന്നു

എടിസിഒകളുടെ രൂക്ഷമായ ക്ഷാമം രാജ്യം അഭിമുഖീകരിക്കുകയായിരുന്നു. ഡിപിഇയുടെ സമ്മതത്തോടെ 2023 ഏപ്രിലില്‍ 456 എടിസിഒ തസ്തികകള്‍ കൂടി സൃഷ്ടിക്കുന്നതിനു മന്ത്രാലയം അനുമതി നല്‍കി.

ഫ്‌ളയിംഗ് ട്രെയിനിംഗ് ഓര്‍ഗനൈസേഷന്‍ (എഫ്ടിഒ)

2023 നവംബര്‍ 30 വരെ രാജ്യത്ത് 55 കേന്ദ്രങ്ങളില്‍ 34 ഡിജിസിഎ അംഗീകൃത എഫ്ടിഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ അമേത്തിയിലെ (യുപി) ഇഗ്രുഅ കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലാണ്, എട്ടെണ്ണം സംസ്ഥാന ഗവണ്‍മെന്റുകളുടെ കീഴിലും 25 എണ്ണം സ്വകാര്യ മേഖലയുടെ ഉടമസ്ഥതയിലുമാണ്.

ഇന്ത്യയുടെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെത്തി

ഈ വര്‍ഷം നവംബര്‍ 19 ന് ഇന്ത്യയിലെ എയര്‍ലൈനുകള്‍ക്ക് 4,56,910 ആഭ്യന്തര യാത്രക്കാരെ ലഭിച്ചു. മഹാവ്യാധിക്കു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ യാത്രക്കാരായിരുന്നു അത്.  കോവിഡിന് മുമ്പുള്ള ശരാശരിയേക്കാള്‍ ശ്രദ്ധേയമായ 7.4% കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തപ്പെട്ടത്.
2023-ല്‍ പിപിപി വിമാനത്താവളങ്ങളുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി

• ഡല്‍ഹി വിമാനത്താവളത്തില്‍ നാലാമത്തെ റണ്‍വേയും ഈസ്റ്റേണ്‍ ക്രോസ് ടാക്‌സിവേയും കമ്മീഷന്‍ ചെയ്തു.

• ആഭ്യന്തര, അന്തര്‍ദേശീയ പ്രവര്‍ത്തനങ്ങളുമായി പുതിയ ടി2 ടെര്‍മിനല്‍ ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ കമ്മീഷന്‍ ചെയ്തു

• ഹൈദരാബാദ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ കെട്ടിടം വികസിപ്പിച്ചു.

• മുംബൈ വിമാനത്താവളത്തിലെ പ്രീ-എംബാര്‍ക്കേഷന്‍ സെക്യൂരിറ്റി ചെക്ക് ഏരിയ പുനഃക്രമീകരണം നടത്തി.

പൂര്‍ണമായും ഹരിതോര്‍ജത്തിലാണു വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നത്

പരമ്പരാഗത ഊര്‍ജ സ്രോതസ്സുകളുടെ ഉപയോഗമാണ് വിമാനത്താവളങ്ങളില്‍ കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ പ്രധാന കാരണം. അതിനാല്‍ ഹരിത ഊര്‍ജ്ജം ഉപയോഗപ്പെടുത്തുന്നത് വിമാനത്താവളങ്ങളില്‍നിന്നുള്ള കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍,  ഹരിതോര്‍ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. നിലവില്‍, രാജ്യത്തുടനീളമുള്ള 66 വിമാനത്താവളങ്ങള്‍ 100% ഹരിതോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നു.

വിമാനത്താവളങ്ങളില്‍ തിരക്ക്

കഴിഞ്ഞ വര്‍ഷത്തെ ഉത്സവ സീസണിലും ശീതകാലത്തും പ്രധാന വിമാനത്താവളങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടു. ഇത് ആശങ്കയ്ക്ക് കാരണമായി, കാരണം വിവിധ ടച്ച് പോയിന്റുകളില്‍ യാത്രക്കാരെ കൈകാര്യംചെയ്യുന്നതിനു കൂടുതല്‍ സമയമെടുത്തു.
എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, ബിസിഎഎസ്, എംഎച്ച്എ, സിഐഎസ്എഫ്, ബിഒഐ തുടങ്ങി എല്ലാ പങ്കാളികളുമായും സഹകരിച്ച് വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലുള്ള തടസ്സങ്ങള്‍ കണ്ടെത്തുന്നതിന് വ്യോമയാന മന്ത്രാലയം കഠിന ശ്രമങ്ങള്‍ നടത്തി. ആദ്യഘട്ടത്തില്‍, ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ വിമാനത്താവളങ്ങളിലെ മെട്രോ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ക്ക് യാത്രക്കാരെ കൈകാര്യംചെയ്യുന്നതിലെ തടസ്സങ്ങള്‍ തിരിച്ചറിയാനും, വര്‍ദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അവരുടെ ശേഷി വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന്, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ഗോവ, പട്ന, ജയ്പൂര്‍, ഗുവാഹത്തി, ലഖ്നൗ, അഹമ്മദാബാദ്, തിരുവനന്തപുരം, കൊച്ചി എന്നീ 10 വിമാനത്താവളങ്ങളില്‍ക്കൂടി ആവശ്യമുള്ളിടത്ത് ശേഷി വര്‍ദ്ധിപ്പിച്ച് തിരക്ക് ഒഴിവാക്കുന്നതിന് സക്രിയ നടപടികള്‍ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരെ ബോധവല്‍ക്കരിച്ചു.

അന്താരാഷ്ട്ര കണക്റ്റിവിറ്റി
ഇന്ത്യ അന്താരാഷ്ട്ര വിമാനങ്ങളുടെ വിപുലമായ ശൃംഖല പ്രവര്‍ത്തിപ്പിക്കുന്നു. നിലവില്‍ 116 രാജ്യങ്ങളുമായി എയര്‍ സര്‍വീസസ് കരാറുകളുണ്ട്. ഇന്ത്യ നിലവില്‍ 52 ലധികം രാജ്യങ്ങളിലേക്ക് നേരിട്ട് കണക്റ്റിവിറ്റി നല്‍കുന്നു, അതേസമയം നേരിട്ടല്ലാതെ 100 ലധികം രാജ്യങ്ങളെ ബന്ധിപ്പിക്കുന്നു. ഉഭയകക്ഷി എഎസ്എയുടെ വ്യവസ്ഥകള്‍ അനുസരിച്ച് വിദേശ എയര്‍ലൈനുകള്‍ക്ക് അവസരം നല്‍കുന്നതിന് സൗകര്യമൊരുക്കി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കണക്റ്റിവിറ്റി സുസ്ഥിരമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. 2014 മുതല്‍, ഇന്ത്യ 57 രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പുവച്ചു, അതില്‍, 2023ല്‍ തന്നെ റഷ്യ, വിയറ്റ്‌നാം, ഇന്തോനേഷ്യ, ന്യൂസിലാന്‍ഡ് എന്നിവയുമായി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു/പരിഷ്‌കരിച്ചു.

എയര്‍ ഇന്ത്യയുടെ കലാപരമായ വസ്തുക്കളും പുരാവസ്തുക്കളും എന്‍ജിഎംഎയ്ക്ക് കൈമാറുക:

എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലിന്റെ പശ്ചാത്തലത്തില്‍, എയര്‍ ഇന്ത്യയുടെ കൈവശമുള്ള കലാപരമായ വസ്തുക്കളും പുരാവസ്തുക്കളും എന്‍ജിഎംഎയ്ക്ക് കൈമാറാന്‍ എയര്‍ ഇന്ത്യ സ്‌പെസിഫിക് ആള്‍ട്ടര്‍നേറ്റീവ് മെക്കാനിസം (എഐഎസ്എം) തീരുമാനിച്ചു. അതനുസരിച്ച്, എയര്‍ ഇന്ത്യയുടെ കലാ ശേഖരങ്ങള്‍ എന്‍ജിഎംഎയ്ക്ക് കൈമാറുന്നതിനുള്ള ധാരണാപത്രം സാംസ്‌കാരിക മന്ത്രാലയം, വ്യോമയാന മന്ത്രാലയം, എഐ അസറ്റ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്നിവ തമ്മില്‍ 18.01.2023 ന് ഒപ്പുവച്ചു.
 
ഹജ് എയര്‍ ചാര്‍ട്ടര്‍ ഓപ്പറേഷന്‍സ് 2023:
ഹജ് എയര്‍ ചാര്‍ട്ടര്‍ പ്രവര്‍ത്തനങ്ങള്‍ 2023 21.05.2023ന് ആരംഭിച്ച് 03.08.2023 ന് പൂര്‍ത്തിയായി. ഈ വര്‍ഷം, എയര്‍ ഇന്ത്യ, എഐ എക്സ്പ്രസ്, ഇന്‍ഡിഗോ, വിസ്താര, സ്പൈസ്ജെറ്റ്, ഒപ്പം സൗദിയ, ഫ്ൈളനാസ്, ഫ്ളയാഡീല്‍ എന്നീ മൂന്ന് സൗദി വിമാനക്കമ്പനികള്‍ എന്നിവ  ഹജ് എയര്‍ ചാര്‍ട്ടര്‍ ഓപ്പറേഷന്‍ 2023-ല്‍ പങ്കെടുക്കുകയും 1,39,429 തീര്‍ഥാടകരെ 20 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്നായി എത്തിക്കുകയും ചെയ്തു.

--NS--



(Release ID: 1991439) Visitor Counter : 99