പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനുമായി ടെലിഫോൺ സംഭാഷണം നടത്തി


നേതാക്കൾ പുരോഗതി അവലോകനം ചെയ്തു; തന്ത്രപരമായ ഉഭയകക്ഷിപങ്കാളിത്തത്തിന്റെ ഭാവി ചർച്ചചെയ്തു

പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ച്, പ്രത്യേകിച്ച് ഭീകരവാദം, അക്രമം, സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടൽ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചു

മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കുംവേണ്ടി കൂട്ടായി പ്രവർത്തിക്കാൻ ധാരണയായി

Posted On: 26 DEC 2023 8:33PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനുമായി ടെലിഫോൺ സംഭാഷണം നടത്തി.

2023 സെപ്റ്റംബറിൽ കിരീടാവകാശി നടത്തിയ ഇന്ത്യാസന്ദർശനത്തിന്റെ തുടർച്ചയായി തന്ത്രപരമായ ഉഭയകക്ഷിപങ്കാളിത്തത്തിന്റെ പുരോഗതി നേതാക്കൾ അവലോകനം ചെയ്തു. ഭാവിയിലേക്കുള്ള ഉഭയകക്ഷിപങ്കാളിത്ത കാര്യപരിപാടിയും ഇരുവരും ചർച്ചചെയ്തു.

പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് നേതാക്കൾ അഭ‌ിപ്രായങ്ങൾ പങ്കിട്ടു. ഭീകരവാദം, അക്രമം, സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടൽ എന്നിവയിൽ നേതാക്കൾ അഗാധമായ ആശങ്കകൾ പങ്കുവച്ചു.

ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ളതും തത്വാധിഷ്‌ഠിതവുമായ നിലപാട് ആവർത്തിച്ച പ്രധാനമന്ത്രി, ദുരിതബാധിതരായ ജനങ്ങൾക്കു മാനുഷികസഹായം തുടരാൻ ആഹ്വാനം ചെയ്തു. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കുംവേണ്ടി കൂട്ടായി പ്രവർത്തിക്കാൻ ഇരുനേതാക്കളും ധാരണയായി. സമുദ്രസുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും നിലനിർത്തേണ്ടതിന്റെ ആവശ്യകതയ്ക്കും നേതാക്കൾ ഊന്നൽ നൽകി.

എക്സ്‌പോ 2030, ഫിഫ ഫുട്‌ബോൾ ലോകകപ്പ് 2034 എന്നിവയുടെ ആതിഥേയരായി തിരഞ്ഞെടുക്കപ്പെട്ട സൗദി അറേബ്യക്കു പ്രധാനമന്ത്രി ആശംസകൾ നേർന്നു.

ആശയവിനിമയം തുടരുന്നതിന് ഇരുനേതാക്കളും ധാരണയായി.

 

NS



(Release ID: 1990622) Visitor Counter : 74