പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 51,000-ത്തിലധികം പേര്‍ക്കുള്ള നിയമന കത്തുകള്‍ നവംബര്‍ 30-ന് നടക്കുന്ന തൊഴില്‍മേളയില്‍ പ്രധാനമന്ത്രി വിതരണം ചെയ്യും


തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കണമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് തൊഴില്‍മേള

പുതുതായി നിയമിതരാകുന്നവര്‍ വികസിത് ഭാരത് എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് തങ്ങളുടെ സംഭാവന നല്‍കും

പുതുതായി നിയമിതരാകുന്നവര്‍ കര്‍മ്മയോഗി പ്രാരംഭ് എന്ന ഓണ്‍ലൈന്‍ മൊഡ്യൂളിലൂടെ സ്വയം പരിശീലിക്കും

Posted On: 28 NOV 2023 5:03PM by PIB Thiruvananthpuram

പുതുതായി നിയമനം ലഭിച്ച 51,000-ത്തിലധികം പേര്‍ക്കുള്ള നിയമനകത്തുകള്‍ 2023 നവംബര്‍ 30 ന് വൈകുന്നേരം 4 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിതരണം ചെയ്യും. നിയമിതരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും.
രാജ്യത്തുടനീളം 37 സ്ഥലങ്ങളില്‍ തൊഴില്‍മേള നടക്കും. കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകളോടൊപ്പം ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകള്‍/കേന്ദ്ര ഭരണപ്രദേശങ്ങളിലുടനീളവും നിയമനങ്ങള്‍ നടക്കും. രാജ്യത്താകെ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പുതിയ നിയമിതര്‍ റവന്യൂ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സ്‌കൂള്‍ വിദ്യാഭ്യാസ- സാക്ഷരതാ വകുപ്പ്, സാമ്പത്തിക സേവന വകുപ്പ്, പ്രതിരോധ മന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം എന്നിവയുള്‍പ്പെടെയുള്ള ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ ചേരും.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത സാക്ഷാത്കരിക്കുന്നതിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് തൊഴില്‍മേള. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും, യുവജനങ്ങള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ പങ്കാളികളാകുന്നതിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യാനുമുള്ള ഒരു പ്രേരകമായി തൊഴില്‍മേള പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പുതുതായി നിയമിതരാകുന്നവര്‍ നൂതന ആശയങ്ങളിലൂടെയും തങ്ങളുടെ കഴിവുകളുമായി ബന്ധപ്പെട്ട ശേഷികളിലൂടെയും, മറ്റുപലതിനോടുമൊപ്പം രാജ്യത്തിന്റെ വ്യാവസായിക, സാമ്പത്തിക, സാമൂഹിക വികസനം ശക്തിപ്പെടുത്തുകയെന്ന നിയോഗത്തിനും സംഭാവനകള്‍ നല്‍കുകയും, അതിലൂടെ വികസിത് ഭാരത് എന്ന പ്രധാനമന്ത്രിയുടെ വീക്ഷണം സാക്ഷാത്കരിക്കാന്‍ സഹായിക്കുകയും ചെയ്യും.
പഠന രൂപത്തില്‍ ഏത് ഉപകരണത്തിലും എവിടെയും ലഭ്യമാകുന്ന തരത്തില്‍ 800-ലധികം ഇ-ലേണിംഗ് കോഴ്‌സുകള്‍ ലഭ്യമാക്കിയിട്ടുള്ള ഐ.ജി.ഒ.ടി കര്‍മ്മയോഗി പോര്‍ട്ടലിലെ ഓണ്‍ലൈന്‍ മൊഡ്യൂളായ കര്‍മ്മയോഗി പ്രാരംഭിലൂടെ സ്വയം പരിശീലിക്കാനുള്ള അവസരവും പുതുതായി നിയമിതരായവര്‍ക്ക് ലഭിക്കും.

 

SK



(Release ID: 1980501) Visitor Counter : 107