യുവജനകാര്യ, കായിക മന്ത്രാലയം

ദേശീയ ഐക്യ ദിനത്തില്‍ പ്രധാനമന്ത്രി മേരാ യുവ ഭാരത് (മൈ ഭാരത്) വേദി ഉദ്ഘാടനം ചെയ്തു


യുവജനങ്ങള്‍ നയിക്കുന്ന വികസനത്തിന് സൗകര്യമൊരുക്കുന്നവരായി പ്രവര്‍ത്തിക്കാനുള്ള വേദി

Posted On: 31 OCT 2023 7:37PM by PIB Thiruvananthpuram

ദേശീയ ഐക്യ ദിനമായ ഒകേ്ടാബര്‍ 31-ന് കര്‍ത്തവ്യ പഥില്‍ വച്ച് രാജ്യത്തെ യുവജനങ്ങള്‍ക്കായി മേരാ യുവ ഭാരത് (മൈ ഭാരത്) വേദിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സമാരംഭം കുറിച്ചു. മേരാ യുവ ഭാരത് (മൈ ഭാരത്) എന്നറിയപ്പെടുന്ന ഒരു സ്വയംഭരണ സ്ഥാപനം സ്ഥാപിക്കുന്നതിനുള്ള ചരിത്രപരമായ തീരുമാനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ 2023 ഒക്‌ടോബര്‍ 11-ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു.

വീക്ഷണം:
യുവജന വികസനത്തിനും യുവാക്കള്‍ നയിക്കുന്ന വികസനത്തിനുമുള്ള ഒരു സുപ്രധാന, സാങ്കേതികവിദ്യാധിഷ്ഠിത സൗകര്യപ്രദായകരായി  ആണ് 'മേരാ യുവ ഭാരത് (മൈ ഭാരത്)' വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. എല്ലാത്തിനുപരിയായി യുവാക്കളെ അവരുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും വികസിത് ഭാരത്  സൃഷ്ടിക്കുന്നതിന് സംഭാവന നല്‍കുന്നതിനും ഗവണ്‍മെന്റിന്റെ മുഴുവന്‍ സ്‌പെക്ട്രത്തിലും തുല്യമായ അവസരങ്ങള്‍ ലഭ്യമാക്കുകയെന്ന സമഗ്രമായ ലക്ഷ്യമാണ് ഇതിനുള്ളത്.

നമ്മുടെ രാജ്യത്തെ യുവാക്കള്‍ക്ക് പരിപാടികളുമായും മാര്‍ഗ്ഗദര്‍ശികളുമായും അവരുടെ പ്രാദേശിക സമൂഹങ്ങളുമായും തടസ്സങ്ങളില്ലാതെ ബന്ധപ്പെടാന്‍ കഴിയുന്ന ഒരു ചട്ടക്കൂട് ഇത് വിഭാവനം ചെയ്യുന്നു. പ്രാദേശിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവരുടെ ധാരണ ആഴത്തിലാക്കുന്നതിനും ക്രിയാത്മകമായ പരിഹാരങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ അവരെ പ്രാപ്തരാക്കുന്നതിനുമാണ് ഈ ഇടപെടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മേര യുവ ഭാരതിനെക്കുറിച്ച് (മൈ ഭാരത് ):
ദേശീയ യുവജന നയത്തിലെ യുവജനം എന്നതിന്റെ നിര്‍വചനത്തിന് അനുസൃതമായി, 15-29 വയസ് പ്രായമുള്ള യുവജനങ്ങള്‍ക്ക് സ്വയംഭരണ സ്ഥാപനമായ മേരാ യുവ ഭാരത് (മൈ ഭാരത്) ഗുണകരമാകും. 10-19 വയസ് പ്രായമുള്ളവരായിരിക്കും ഗുണഭോക്താക്കള്‍.
ഡിജിറ്റലായി കണക്റ്റുചെയ്യാനുള്ള അവസരത്തോടൊപ്പം ഭൗതിക പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന ഫിജിറ്റല്‍ വേദി (ഫിസിക്കല്‍ - ഡിജിറ്റല്‍) ആണ് മേരാ യുവ ഭാരത് (മൈ ഭാരത്).

അത്തരം ഒരു സ്ഥാപനത്തിന്റെ ആവശ്യം:

●      അമൃത് കാലത്ത് യുവജനങ്ങളുടെ പങ്ക്:  രാജ്യത്തിന്റെ ഭാവി നിര്‍വചിക്കുന്നതില്‍ ഇന്ത്യയുടെ യുവജനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കേണ്ടതുണ്ട് - പ്രത്യേകിച്ചും 2047 ഓടെ അമൃത് ഭാരത് നിര്‍മ്മിക്കുന്നതിന് വേണ്ടി അടുത്ത 25 വര്‍ഷത്തെ വികസനയാത്രയിലെ സമീപനത്തില്‍ രാജ്യം അടിസ്ഥാനമാറ്റത്തിന് തുടക്കം കുറിയ്ക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം എന്ന ഈ സുപ്രധാന ഘട്ടത്തില്‍.

●      വിവിധ മേഖലകളിൽ നിന്നുള്ള യുവാക്കളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിന് കീഴിൽ കൊണ്ടുവരുന്നതിനുള്ള ഒരു ചട്ടക്കൂട് സ്ഥാപിക്കുക: വിഷൻ 2047 ന് ഗ്രാമീണ-നഗര-പട്ടണ മേഖലയിലെ യുവാക്കളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരാൻ കഴിയുന്ന ഒരു ചട്ടക്കൂട് ആവശ്യമാണ്. ഗവൺമെന്റിന്റെ നിലവിലുള്ള പദ്ധതികൾ നമ്മുടെ സമൂഹത്തിലെ ഗ്രാമീണ യുവാക്കളുടെ ആവശ്യങ്ങളെക്കുറിച്ച് അന്ന് നിലനിന്നിരുന്ന ധാരണയോടെ കഴിഞ്ഞ 50 വർഷമായി വിവിധ ഘട്ടങ്ങളിൽ രൂപകല്പന ചെയ്ത് നിർവഹിച്ചു പോരുന്നതാണ്. നഗര-ഗ്രാമ മേഖലയിലെ ചലനാത്മകമായ മാറ്റങ്ങൾ കാരണം ഈ സമീപനങ്ങളുടെ പുനർമൂല്യനിർണയം ആവശ്യമായി വന്നിരിക്കുന്നു. ഗ്രാമീണ, നഗര, പട്ടണ പ്രദേശങ്ങളിലെ യുവാക്കളെ ഒരു പൊതു പ്ലാറ്റ്‌ഫോമിൽ ഒന്നിപ്പിക്കുന്ന ഒരു ചട്ടക്കൂട് സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത്തരമൊരു ചട്ടക്കൂട് ഉണ്ടാക്കാൻ മേരാ യുവ ഭാരത് സഹായിക്കും.

●      ഇന്നത്തെ യുവജനങ്ങളുമായി ഇടപഴകാൻ സമകാലിക സാങ്കേതികവിദ്യ അധിഷ്ഠിതമായ പ്ലാറ്റ്ഫോം സ്ഥാപിക്കുന്നു: ഇന്നത്തെ അതിവേഗ ലോകത്ത്, ദ്രുത ആശയവിനിമയം, സമൂഹ മാധ്യമങ്ങളുടെ വ്യാപനം, പുതിയ ഡിജിറ്റൽ ഉപകരണങ്ങളുടെയും അത്യാധുനിക സാങ്കേതികവിദ്യകളുടെയും ആവിർഭാവം എന്നിവയിലൂടെ സാങ്കേതികവിദ്യാധിഷ്ഠിത പ്ലാറ്റ്‌ഫോമിന് യുവാക്കളെ അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പദ്ധതികളുമായും സാമൂഹ്യ പ്രവർത്തനങ്ങളുമായും ബന്ധിപ്പിക്കാൻ കഴിയും.

●      ഒരു 'ഫിജിറ്റൽ' ആവാസവ്യവസ്ഥ സൃഷ്ടിച്ച് പ്രവേശനക്ഷമത ഉറപ്പാക്കുന്നു: മേരാ യുവ ഭാരത് പ്ലാറ്റ്‌ഫോം ഒരു 'ഫിജിറ്റൽ' ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും സാമൂഹ്യ പരിവർത്തനത്തിന് ഉത്തേജകമായി മാറാൻ യുവാക്കളെ പ്രാപ്തരാക്കുകയും ചെയ്യും. അവർ ഗവണ്മെന്റിനെ അതിന്റെ പൗരന്മാരുമായി ബന്ധിപ്പിക്കുന്ന "യുവസേതു" ആയി പ്രവർത്തിക്കും. അടുത്തിടെ, യുവജനകാര്യ വകുപ്പിന്റെ ഒരു വെബ് പോർട്ടൽ, yuva.gov.in, "മേരി മാട്ടി മേരാ ദേശ്" എന്ന ദേശീയ പരിപാടി സംഘടിപ്പിച്ചു. അതിൽ 50 ദശലക്ഷം യുവജനങ്ങൾ പങ്കെടുക്കുകയും രാജ്യവ്യാപകമായി അമൃത വാടിക നിർമ്മിക്കുന്നതിന് 23 ദശലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ സഹായിക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് യുവാക്കളെ ഒരു ശൃംഖലയിൽ തടസ്സങ്ങളില്ലാതെ ബന്ധിപ്പിക്കുന്ന അത്തരമൊരു ഫിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കാനും നിലനിർത്താനും മേരാ യുവ ഭാരത് സഹായിക്കും.

ലക്ഷ്യങ്ങൾ:

മേരാ യുവഭാരതിന്റെ (മൈ ഭാരത്) പ്രാഥമിക ലക്ഷ്യം യുവാക്കളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന  ഒരു സമർപ്പിത, സമഗ്ര ഗവണ്മെന്റ് പ്ലാറ്റ്ഫോമാകുക എന്നതാണ്. ലക്ഷ്യങ്ങൾ:  

●      യുവജനങ്ങളിലെ നേതൃത്വ വികസനം

o   ഒറ്റപ്പെട്ട ശാരീരിക ഇടപെടലുകളിൽ നിന്ന് പ്രോഗ്രാമാറ്റിക് കഴിവുകളിലേക്ക് മാറുന്നതിലൂടെ, അനുഭവപരമായ പഠനത്തിലൂടെ നേതൃത്വ കഴിവുകൾ മെച്ചപ്പെടുത്തുക

o   യുവാക്കളെ സാമൂഹിക നൂതനാശയമുള്ളവരും സമൂഹത്തിലെ നേതാക്കന്മാരും ആക്കി മാറ്റുന്നതിന് നിക്ഷേപം നടത്തുക

●      യുവാക്കളുടെ അഭിലാഷങ്ങളും സമൂഹത്തിന്റെ ആവശ്യങ്ങളും തമ്മിൽ കൂടുതൽ സംയോജനം ഉറപ്പാക്കുക.

●      നിലവിലുള്ള പദ്ധതികളുടെ സംയോജനത്തിലൂടെ കാര്യക്ഷമത വർദ്ധിപ്പിക്കുക

●      യുവാക്കൾക്കും മന്ത്രാലയങ്ങൾക്കും ഒരു 'വൺ-സ്റ്റോപ്പ് ഷോപ്' ആയി പ്രവർത്തിക്കുക

●      ഒരു കേന്ദ്രീകൃത യുവജന ഡാറ്റാബേസ് സൃഷ്ടിക്കുക

●      യുവജന ഗവണ്മെന്റ് സംരംഭങ്ങളെയും യുവാക്കളുമായി ഇടപഴകുന്ന മറ്റ് പങ്കാളികളുടെ പ്രവര്ത്തനങ്ങളെയും ബന്ധിപ്പിക്കുന്നതിന് മെച്ചപ്പെട്ട ദ്വിമുഖ ആശയവിനിമയം

●      ഒരു 'ഫിജിറ്റൽ' ആവാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ട് പ്രവേശനക്ഷമത ഉറപ്പാക്കുക - ഭൗതികവും ഡിജിറ്റൽ അനുഭവങ്ങളുടെയും മിശ്രിതം.

***



(Release ID: 1973613) Visitor Counter : 270