രാഷ്ട്രപതിയുടെ കാര്യാലയം

രാഷ്ട്രപതി ഭവനിൽ സർവമത സമ്മേളനത്തിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു 

Posted On: 25 OCT 2023 1:44PM by PIB Thiruvananthpuram
ന്യൂ ഡല്‍ഹി: ഒക്ടോബര്‍ 25 , 2023
 
രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് (2023 ഒക്ടോബർ 25) രാഷ്ട്രപതി ഭവനിൽ സർവമത സമ്മേളനത്തെ അഭിസംബോധന ചെയ്തു. നമ്മുടെ ജീവിതത്തിൽ മതത്തിന് പ്രധാന സ്ഥാനമുണ്ടെന്ന് ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിൽ നമുക്ക് ആശ്വാസവും പ്രതീക്ഷയും ഊർജ്ജവും പകർന്നു നൽകാൻ മതപരമായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും കഴിയും . പ്രാർത്ഥനയിലൂടെയും ധ്യാനത്തിലൂടെയും മനുഷ്യന് സമാധാനം, വൈകാരിക നിയന്ത്രണം എന്നിവ കൈവരുന്നു.  എന്നാൽ സമാധാനം, സ്നേഹം, വിശുദ്ധി, സത്യം തുടങ്ങിയ അടിസ്ഥാന ആത്മീയ മൂല്യങ്ങളാണ് നമ്മുടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്നത്. ഈ മൂല്യങ്ങളില്ലാത്ത മതപരമായ ആചാരങ്ങൾ നമുക്ക് ഗുണം ചെയ്യില്ല. സമൂഹത്തിൽ സമാധാനവും മൈത്രിയും വളർത്തുന്നതിന് , സഹിഷ്ണുതയുടെയും പരസ്പര ബഹുമാനത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യം മനസ്സിലാക്കേണ്ടതാണ് .

 ഓരോ മനുഷ്യനും സ്നേഹവും ആദരവും അർഹിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സ്വയം തിരിച്ചറിഞ്ഞ് , ആത്മീയ ഗുണങ്ങളോടെ ജീവിതം നയിക്കുക,  ദൈവവുമായി ഒരു ആത്മീയ ബന്ധം ഉണ്ടായിരിക്കുക   എന്നിവയാണ് സാമുദായിക ഐക്യത്തിനും വൈകാരിക സംയോജനത്തിനുമുള്ള സ്വാഭാവിക മാർഗങ്ങൾ.

സ്‌നേഹം, ദയ എന്നീ ഗുണങ്ങളില്ലാതെ മനുഷ്യരാശിക്ക് നിലനിൽക്കാനാവില്ലെന്നും വിവിധമതസ്ഥർ ഒത്തൊരുമയോടെ ജീവിക്കുമ്പോൾ സമൂഹത്തിന്റെയും രാജ്യത്തിന്റെയും  ഘടനാശക്തി വർദ്ധിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. ഇത് രാജ്യത്തിന്റെ ഐക്യത്തെ കൂടുതൽ കരുത്തുറ്റതാക്കി പുരോഗതിയുടെ പാതയിലേക്ക് നയിക്കുമെന്നും അവർ വ്യക്തമാക്കി . 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും രാഷ്‌ട്രപതി പറഞ്ഞു .


(Release ID: 1970824) Visitor Counter : 93