പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസിന് സമാരംഭം കുറിയ്ക്കുന്ന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 14 OCT 2023 8:21AM by PIB Thiruvananthpuram

ആദരണീയരെ, സഹോദരീ സഹോദരന്മാരേ, നമസ്‌കാരം, ആയുബോവന്‍, വണ്ണകം!

സുഹൃത്തുക്കളെ,
ഈ സുപ്രധാന അവസരത്തില്‍ നിങ്ങളോടൊപ്പം ചേരാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങളില്‍ നാം ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിയ്ക്കുകയാണ്. നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്നതിലെ ഒരു സുപ്രധാന നാഴികല്ലാണ് നാഗപട്ടണത്തിനും കാങ്കേശന്‍തുറൈയ്ക്കും ഇടയില്‍ സമാരംഭം കുറിയ്ക്കുന്ന ഈ ഫെറി സര്‍വീസ്.
സുഹൃത്തുക്കളെ,
സംസ്‌കാരത്തിന്റെയും വാണിജ്യത്തിന്റെയും നാഗരികതയുടെയും ആഴത്തിലുള്ള ചരിത്രം ഇന്ത്യയും ശ്രീലങ്കയും പങ്കിടുന്നുണ്ട്. നാഗപട്ടണവും അതിനടുത്തുള്ള പട്ടണങ്ങളും ശ്രീലങ്കയുള്‍പ്പെടെ പല രാജ്യങ്ങളുമായുള്ള കടല്‍ വ്യാപാരത്തിന് പണ്ടേ പേരുകേട്ടവയാണ്. പൂംപുഹാര്‍ എന്ന ചരിത്ര തുറമുഖത്തെ ഒരു കേന്ദ്രമായി പുരാതന തമിഴ് സാഹിത്യത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സംഘകാല സാഹിത്യങ്ങളായ പട്ടിനപ്പാളൈ, മണിമേഖല എന്നിവ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ സഞ്ചരിക്കുന്ന ബോട്ടുകളെയും കപ്പലുകളെയും കുറിച്ച് പറയുന്നുണ്ട്. മഹാകവി സുബ്രഹ്‌മണ്യ ഭാരതി തന്റെ 'സിന്ധു നദിയിന്‍ മിസൈ' എന്ന ഗാനത്തില്‍ നമ്മുടെ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാലത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഈ ഫെറി സര്‍വീസ് ചരിത്രപരവും സാംസ്‌കാരികവുമായ ആ എല്ലാ ബന്ധങ്ങളെയും സജീവമാക്കും.
സുഹൃത്തുക്കളെ,
പ്രസിഡന്റ് വിക്രമസിംഗെയുടെ സമീപകാലത്തെ സന്ദര്‍ശന വേളയില്‍ നമ്മുടെ സാമ്പത്തിക പങ്കാളിത്തത്തിനായുള്ള വിഷന്‍ ഡോക്യുമെന്റ് ഞങ്ങള്‍ സംയുക്തമായി അംഗീകരിച്ചിരുന്നു. ബന്ധിപ്പിക്കലായിരുന്നു ഈ പങ്കാളിത്തത്തിലെ കേന്ദ്ര വിഷയം. ബന്ധിപ്പിക്കുക എന്നത് രണ്ട് നഗരങ്ങളെ അടുപ്പിക്കുക എന്നത് മാത്രമല്ല. അത് നമ്മുടെ രാജ്യങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു, നമ്മുടെ ആളുകളെ കൂടുതല്‍ അടുപ്പിക്കുന്നു, നമ്മുടെ ഹൃദയങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു. വ്യാപാരം, വിനോദസഞ്ചാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുന്നു. അത് ഇരു രാജ്യങ്ങളിലെയും യുവജനങ്ങള്‍ക്ക് അവസരങ്ങളും സൃഷ്ടിക്കുന്നു.
സുഹൃത്തുക്കളെ,
2015-ലെ എന്റെ ശ്രീലങ്കന്‍ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഡല്‍ഹിക്കും കൊളംബോയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചന്നതിന് നാം സാക്ഷ്യം വഹിച്ചു. പിന്നീട്, ശ്രീലങ്കയില്‍ നിന്നുള്ള ആദ്യത്തെ അന്താരാഷ്ട്ര വിമാനം തീര്‍ഥാടന നഗരമായ കുശിനഗറില്‍ ഇറങ്ങിയത് നാം ആഘോഷിച്ചു. 2019-ല്‍ ചെന്നൈയ്ക്കും ജാഫ്‌നയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിച്ചു. ഇപ്പോള്‍, നാഗപട്ടണത്തിനും കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസ് ഈ ദിശയിലെ മറ്റൊരു സുപ്രധാന ചുവടുവയ്പാണ്.
സുഹൃത്തുക്കളെ,
ബന്ധിപ്പിക്കലിനെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് ഗതാഗത മേഖലയ്ക്കുമപ്പുറമാണ്. ഫിന്‍-ടെക്, ഊര്‍ജ്ജം പോലുള്ള വിവിധ മേഖലകളില്‍ ഇന്ത്യയും ശ്രീലങ്കയും അടുത്ത് സഹകരിക്കുന്നുണ്ട്. യു.പി.ഐ കാരണം ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ ഒരു ബഹുജനപ്രസ്ഥാനവും ജീവിതരീതിയും ആയി മാറിയിരിക്കുന്നു. യു.പി.ഐയേയും ലങ്കപേയേയും ബന്ധിപ്പിച്ച് ഫിന്‍-ടെക് മേഖലാ ബന്ധിപ്പിക്കലില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. നമ്മുടെ വികസന യാത്രയെ ശക്തിപ്പെടുത്തുന്നതിന് നമ്മുടെ രാജ്യങ്ങള്‍ക്ക് ഊര്‍ജ്ജ സുരക്ഷ നിര്‍ണായകമാണ്. ഊര്‍ജ സുരക്ഷയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനായി ഞങ്ങള്‍ ഊര്‍ജ്ജ ഗ്രിഡുകളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ്.
സുഹൃത്തുക്കളെ,
നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ശക്തമായ തൂണുകളില്‍ ഒന്നാണ് പുരോഗതിക്കും വികസനത്തിനുമുള്ള പങ്കാളിത്തം. ആരെയും ഉപേഷിക്കാതെ എല്ലാവരിലേക്കും വികസനം എത്തിക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിന് അനുസൃതമായി, ഇന്ത്യന്‍ സഹായത്തോടെ ശ്രീലങ്കയില്‍ നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിച്ചു. പാര്‍പ്പിടം, വെള്ളം, ആരോഗ്യം, ഉപജീവന സഹായം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ വടക്കന്‍ പ്രവിശ്യയില്‍ പൂര്‍ത്തിയായി. കാങ്കേശന്‍തുറൈ ഹാര്‍ബറിന്റെ നവീകരണത്തിന് നമ്മള്‍ പിന്തുണ നല്‍കിയതില്‍ എനിക്ക് സന്തോഷമുണ്ട്. വടക്കും തെക്കും ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനുകളുടെ പുനരുദ്ധാരണമായാലും; പ്രതീകാത്മകമായ ജാഫ്‌ന സാംസ്‌കാരിക കേന്ദ്രത്തിന്റെ നിര്‍മ്മാണമായാലും; ശ്രീലങ്കയിലുടനീളം അടിയന്തര ആംബുലന്‍സ് സേവനം ആരംഭിക്കുന്നതായാലും; അല്ലെങ്കില്‍ ഡിക്ക് ഓയയിലെ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആയാലും അതെന്തായാലും തന്നെ എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം എല്ലാവരുടെയും വിശ്വാസം എല്ലാവരുടെയൂം പ്രയത്‌നം (സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്ക പ്രയാസ്)എന്ന കാഴ്ചപ്പാടോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

സുഹൃത്തുക്കളെ,
ഇന്ത്യ അടുത്തിടെ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച കാര്യം നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. വസുധൈവ കുടുംബകം എന്ന ഞങ്ങളുടെ കാഴ്ചപ്പാടിനെ അന്താരാഷ്ട്ര സമൂഹം സ്വാഗതം ചെയ്തിട്ടുണ്ട്. ആ വീക്ഷണത്തിന്റെ ഭാഗമാണ് നമ്മുടെ അയല്‍പക്കത്തിന് പ്രഥമപരിഗണന നല്‍കുക, പുരോഗതിയും സമൃദ്ധിയും പങ്കിടുക എന്നിവ. ജി20 ഉച്ചകോടിക്കിടെ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് സമാരംഭം കുറിച്ചു. ഒരു സുപ്രധാന ബന്ധിപ്പിക്കല്‍ ഇടനാഴിയായ ഇത് മുഴുവന്‍ മേഖലയിലും വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കും. നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമാതൃകാ ബന്ധിപ്പക്കല്‍ ശക്തിപ്പെടുത്തുന്നതിനാല്‍ ശ്രീലങ്കയിലെ ജനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഇന്ന് ഈ ഫെറിസര്‍വീസ് വിജയകരമായി ആരംഭിച്ചതിന് ശ്രീലങ്കയിലെ പ്രസിഡന്റിനും ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഇന്നത്തെ തുടക്കത്തോടെ, രാമേശ്വരത്തിനും തലൈമന്നാറിനും ഇടയിലുള്ള ഫെറി സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ നടത്തും.
സുഹൃത്തുക്കളെ,
നമ്മുടെ ജനങ്ങളുടെ പരസ്പര ഗുണത്തിനായി നമ്മുടെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ശ്രീലങ്കയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. നിങ്ങള്‍ക്ക് നന്ദി!

 

NS


(Release ID: 1967607) Visitor Counter : 151