പ്രധാനമന്ത്രിയുടെ ഓഫീസ്
ഒമ്പതാമത് ജി20 പാര്‍ലമെന്ററി സ്പീക്കര്‍മാരുടെ സമ്മേളനം (പി20) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
“ലോകമെമ്പാടുമുള്ള വിവിധ പാര്‍ലമെന്ററി സമ്പ്രദായങ്ങളുടെ സംഗമമാണ് ഉച്ചകോടി”
“ജനാധിപത്യത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്താണ് പി20 ഉച്ചകോടി നടക്കുന്നത്”
“ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും വിപുലമായ തെരഞ്ഞെടുപ്പ് നടക്കുന്നു എന്നു മാത്രമല്ല, തെരഞ്ഞെടുപ്പില്‍ ജനപങ്കാളിത്തം തുടര്‍ച്ചയായി വര്‍ദ്ധിക്കുകയും ചെയ്യുന്നു”
“ഇന്ത്യ തെരഞ്ഞെടുപ്പ് പ്രകിയയെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചിരിക്കുന്നു”
“ഇന്ത്യ ഇന്ന് എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നു”
“വിഭജിക്കപ്പെട്ട ലോകത്തിന് മനുഷ്യരാശി നേരിടുന്ന പ്രധാന വെല്ലുവിളികള്‍ പരിഹരിക്കാനാകില്ല”
“ഇത് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സമയമാണ്. ഒന്നിച്ചു മുന്നേറാനുള്ള സമയമാണ്. ഏവരുടെയും വളര്‍ച്ചയുടെയും ക്ഷേമത്തിന്റെയും സമയമാണിത്. പരസ്പരവിശ്വാസത്തിൽ ആഗോളതലത്തിൽ നിലനിൽക്കുന്ന പ്രതിസന്ധി മറികടന്ന് മനുഷ്യകേന്ദ്രീകൃത ചിന്തകളുമായി മുന്നോട്ട് പോകണം”
Posted On:
13 OCT 2023 12:37PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒമ്പതാമത് ജി 20 പാര്‍ലമെന്ററി സ്പീക്കര്‍മാരുടെ ഉച്ചകോടി (പി 20) ന്യൂഡല്‍ഹിയിലെ യശോഭൂമിയില്‍ ഉദ്ഘാടനം ചെയ്തു. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരേ ഭാവി’ എന്ന പ്രമേയത്തില്‍ ഇന്ത്യയുടെ ജി 20 അധ്യക്ഷതയുടെ വിശാലമായ ചട്ടക്കൂടിൻകീഴിൽ ഇന്ത്യന്‍ പാര്‍ലമെന്റാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
സദസിനെ അഭിസംബോധന ചെയ്യവേ, ഇന്ത്യയിലെ 140 കോടി ജനങ്ങളെ പ്രതിനിധാനം ചെയ്ത് ജി 20 പാര്‍ലമെന്ററി സ്പീക്കര്‍മാരുടെ ഉച്ചകോടിയിലേക്ക് വിശിഷ്ട വ്യക്തികളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ലോകാമെമ്പാടുമുള്ള പാര്‍ലമെന്ററി സമ്പ്രദായങ്ങളുടെ മഹാസമ്മേളനമാണ് ഈ ഉച്ചകോടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ സന്നിഹിതരായ എല്ലാ പ്രതിനിധികൾക്കും വിവിധ രാജ്യങ്ങളിലെ പാര്‍ലമെന്ററി ചട്ടക്കൂടില്‍ പ്രവര്‍ത്തിച്ചതിന്റെ പരിചയമുണ്ടെന്നു പറഞ്ഞ ശ്രീനരേന്ദ്രമോദി ഈ സമ്മേളനം ഏറെ സംതൃപ്തിയേകുന്നുവെന്നും വ്യക്തമാക്കി.
രാജ്യത്തെ ആഘോഷവേളയെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ ജി 20 അധ്യക്ഷപദവിയുടെ ഭാഗമായി ജി 20യുമായി ബന്ധപ്പെട്ട പരിപാടികള്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ സംഘടിപ്പിച്ചതിനാല്‍ വര്‍ഷം മുഴുവന്‍ ഉത്സവാന്തരീക്ഷം നീണ്ടുനിന്നതായി ചൂണ്ടിക്കാട്ടി. ചന്ദ്രയാന്‍ ദൗത്യം, ജി 20 ഉച്ചകോടി, പി 20 ഉച്ചകോടി എന്നിവയുടെ വിജയം ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഏതൊരു രാജ്യത്തിന്റെയും ഏറ്റവും വലിയ ശക്തി ആ രാജ്യത്തെ ജനങ്ങളും അവരുടെ ഇച്ഛാശക്തിയുമാണ്. അതാഘോഷിക്കാനുള്ള മാധ്യമമാണ് ഈ ഉച്ചകോടിയെന്നും ശ്രീ നരേന്ദ്രമോദി പറഞ്ഞു.
ജനാധിപത്യത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യത്താണ് പി 20 ഉച്ചകോടി നടക്കുന്നത് എന്ന് മാത്രമല്ല ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് ഇതു സംഘടിപ്പിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ വിവിധ രാജ്യങ്ങളിലെ പാര്‍ലമെന്റ് പ്രതിനിധികളോട് സംവദിക്കവേ, പാര്‍ലമെന്റില്‍ ചര്‍ച്ചകളുടെയും ആശയസംവാദങ്ങളുടെയും പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ചരിത്രത്തില്‍ നിന്ന് ഇതിന് കൃത്യമായ ഉദാഹരണങ്ങളും എടുത്തു പറഞ്ഞു. സമൂഹ നന്മയ്ക്കായി കൂട്ടായ തീരുമാനങ്ങള്‍ എടുക്കാന്‍ സഭകളും സമിതികളും ഉണ്ടായിരുന്നതായി 5000 വര്‍ഷം പഴക്കമുളള വേദങ്ങളിലും ധര്‍മ്മശാസ്ത്രങ്ങളിലും പരാമര്‍ശമുണ്ട്.
രാജ്യത്തെ ഏറ്റവും പഴക്കമുളള വേദഗ്രന്ഥമായ ഋഗ്വേദത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ‘നാം ഒരുമിച്ച് നടക്കണം. പരസ്പരം സംസാരിക്കണം. അങ്ങനെ നമ്മുടെ മനസ് യോജിപ്പിലെത്തണം’ എന്നര്‍ത്ഥമുളള സംസ്കൃതശ്ലോകം ഉദ്ധരിച്ചു. ഗ്രാമതലത്തിലുളള വിഷയങ്ങള്‍ ചര്‍ച്ചകളിലൂടെയാണ് പരിഹരിച്ചിരുന്നത്. ഗ്രീക്ക് നയതന്ത്രജ്ഞനായ മെഗസ്‌തെനീസിനെ ഇത് വിസ്‌മയിപ്പിക്കുകയും അദ്ദേഹം ഇതേക്കുറിച്ച് വിശദമായി എഴുതുകയും ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗ്രാമസഭകളുടെ ചട്ടങ്ങളും നിയമങ്ങളും സംബന്ധിച്ച് തമിഴ്‌നാട്ടില്‍ ഒമ്പതാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന ശിലാലിഖിതങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. “അംഗത്തിന് അയോഗ്യത കല്‍പ്പിക്കാനുളള ചട്ടങ്ങളെക്കുറിച്ച് 1200 വര്‍ഷം പഴക്കമുളള ശിലാലിഖിതത്തില്‍ പോലും പറയുന്നുണ്ട്” - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാഗ്നകാര്‍ട്ട നിലവില്‍ വരുന്നതിന് മുമ്പ് 12-ാം നൂറ്റാണ്ട് മുതല്‍ ഇന്ത്യയില്‍ നിലവിലിരുന്ന ‘അനുഭവ മണ്ഡപ’ പാരമ്പര്യത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഇവിടെ ജാതി-മതഭേദമില്ലാതെ ഏവര്‍ക്കും ആശയങ്ങള്‍ അവതരിപ്പിക്കാനും ചര്‍ച്ചകളില്‍ ഭാഗാഭാക്കാകാനും കഴിയുമായിരുന്നു. “ജഗദ്ഗുരു ബസവേശ്വര തുടക്കം കുറിച്ച അനുഭവ മണ്ഡപ ഇന്നും ഇന്ത്യക്ക് അഭിമാനമേകുന്നു.”- അയ്യായിരം വര്‍ഷം പഴക്കമുളള ലിഖിതങ്ങള്‍ മുതല്‍ ഇന്ന് വരെയുളള ഇന്ത്യയുടെ യാത്ര, രാജ്യത്തിന് മാത്രമല്ല, ലോകത്തിനാകെ പാര്‍ലമെന്ററി പൈതൃകമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.
കാലാനുസൃതമായി ഇന്ത്യയിലെ പാര്‍ലമന്ററി പാരമ്പര്യം വികസിക്കുകയും ശ്ക്തിപ്പെടുകയും ചെയ്തതായും പ്രധാനമന്ത്രി പരാമര്‍ശിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം 17 പൊതുതെരഞ്ഞെടുപ്പുകളും 300ല്‍ അധികം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഇന്ത്യയില്‍ നടന്നു. വിശാലമായ ഈ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനപങ്കാളിത്തം തുടര്‍ച്ചയായി വര്‍ദ്ധിച്ചുവരികയാണ്. തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയ 2019ലെ പൊതു തെരഞ്ഞെടുപ്പ് മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രകിയ ആയിരുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ 600 ദശലക്ഷം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഈ വേളയില്‍ 910 ദശലക്ഷം പേര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നതെന്നും യൂറോപ്പിലെ മുഴുവന്‍ ജനസംഖ്യയേക്കാള്‍ വലുതാണിതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിലെ 70 ശതമാനം പോളിംഗ് ഇന്ത്യാക്കാര്‍ക്ക് പാര്‍ലമെന്റി ജനാധിപത്യത്തില്‍ ആഴത്തിലുളള വിശ്വാസമുളളത് കൊണ്ടാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ റെക്കോഡ് പങ്കാളിത്തം കണ്ടു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 600ല്‍ അധികം രാഷ്ട്രീയകക്ഷികള്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് നടത്താന്‍ 10 ദശലക്ഷം ഗവണ്‍മെന്റ് ജീവനക്കാര്‍ പ്രവര്‍ത്തിച്ചു. ഒരു ദശലക്ഷം പോളിംഗ് സ്‌റ്റേഷനുകളാണ് വോട്ടിങ്ങിനായി സജ്ജമാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രക്രിയ ആധുനികവൽക്കരിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. കഴിഞ്ഞ 25 വര്‍ഷമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുകയും തെരഞ്ഞെടുപ്പ് ഫലം വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പുറത്തുവിടാന്‍ സഹായിക്കുകയും ചെയ്തു. അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ 100 കോടി പേർ പങ്കെടുക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിന് സാക്ഷ്യം വഹിക്കാന്‍ സമ്മേളന പ്രതിനിധികളെ ക്ഷണിക്കുകയും ചെയ്തു.
പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യാന്‍ അടുത്തിടെ എടുത്ത തീരുമാനത്തെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ മൂന്ന് ദശലക്ഷത്തിലധികം ജനപ്രതിനിധികളില്‍ 50 ശതമാനത്തോളം സ്ത്രീകളാണ്. ഇന്ന് ഇന്ത്യ സ്ത്രീകളെ എല്ലാ രംഗങ്ങളിലും പ്രോത്സാഹിപ്പിക്കുന്നു. വനിതാസംവരണം സംബന്ധിച്ച് അടുത്തിടെ പാര്‍ലമെന്റ് എടുത്ത തീരുമാനം നമ്മുടെ പാര്‍ലമെന്ററി പാരമ്പര്യത്തെ കൂടുതല്‍ സമ്പന്നമാക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ പാര്‍ലമെന്ററി പാരമ്പര്യത്തില്‍ ജനങ്ങള്‍ക്കുളള അചഞ്ചലമായ വിശ്വാസം എടുത്തുകാട്ടിയ പ്രധാനമന്ത്രി അതിന്റെ നാനാത്വവും ഊര്‍ജസ്വലതയും ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. “ഇവിടെ എല്ലാ മതവിശ്വാസികളും ഉണ്ട്. നൂറുകണക്കിന് തരം ഭക്ഷണം, വൈവിധ്യമാര്‍ന്ന ജീവിതശൈലി, ധാരാളം ഭാഷകള്‍, ഭാഷാഭേദങ്ങള്‍ എന്നിവയുണ്ട്”- അദ്ദേഹം പറഞ്ഞു. രാജ്യത്ത് 28 ഭാഷകളിലായി 900ത്തിലധികം ടി വി ചാനലുകള്‍ ജനങ്ങള്‍ക്ക് തത്സമയം വിവരങ്ങൾ നല്‍കുന്നു. ഇരുന്നൂറോളം ഭാഷകളിലായി 33,000 വിവിധ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. വ്യത്യസ്ത സമൂഹമാധ്യമ വേദികളിൽ മൂന്ന് ബില്യൺ ഉപയോക്താക്കളുണ്ട്. വിവരങ്ങള്‍ വലിയ തോതില്‍ ജനങ്ങളിലെത്തുന്നുണ്ടെന്നു പറഞ്ഞ ശ്രീ മോദി ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ തലത്തെക്കുറിച്ചും വ്യക്തമാക്കി. “ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഈ ഊര്‍ജസ്വലതയും നാനാത്വത്തില്‍ ഏകത്വവുമാണ് ഇന്ത്യയുടെ ശക്തി. ഈ ഊര്‍ജസ്വലത ഏത് വെല്ലുവിളിയും നേരിടാനും പ്രതിസന്ധികള്‍ പരിഹരിക്കാനും നമ്മെ പ്രാപ്തമാക്കുന്നു” - പ്രധാനമന്ത്രി വ്യക്തമാക്കി.
പരസ്പരം കൂട്ടിയിണക്കപ്പെട്ടിരിക്കുന്ന ലോകത്ത് സംഘര്‍ഷങ്ങളും പോരാട്ടങ്ങളും ഗുണം ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഭിന്നിച്ച് നില്‍ക്കുന്ന ലോകത്തിന് മാനുഷികത നേരിടുന്ന പ്രധാന വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്താനാകില്ല. ഇത് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സമയമാണ്. എല്ലാവരും ഒരുമിച്ച് നീങ്ങണം. എല്ലാവരുടെയും വളര്‍ച്ചയ്ക്കും ക്ഷേമത്തിനുമായുളള വേളയാണിത്. ലോകത്തുളള വിശ്വാസരാഹിത്യം മറികടന്ന് മനുഷ്യകേന്ദ്രീകൃത ചിന്തകളുമായി നമുക്ക് മുന്നോട്ട് നീങ്ങണം. ഒരു ഭൂമി , ഒരു കുടുംബം, ഒരേ ഭാവി എന്ന് ആശയമുള്‍ക്കൊണ്ട് ലോകത്തെ നോക്കി കാണണം” – അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ തീരുമാനമെടുക്കുമ്പോള്‍ കൂടുതല്‍ വിശാലമായ പങ്കാളിത്തം ഉണ്ടാവേണ്ടതുണ്ട്. ജി 20യില്‍ ആഫ്രിക്കന്‍ യൂണിയനെ ഉള്‍പ്പെടുത്താനുളള നിര്‍ദ്ദേശം ഇത് മുന്നില്‍ കണ്ടായിരുന്നു. അത് എല്ലാ അംഗരാജ്യങ്ങളും അംഗീകരിച്ചു. പി 20 വേദിയില്‍ ആഫ്രിക്കന്‍ പ്രാതിനിധ്യം ഉണ്ടായതില്‍ ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ഇന്ത്യ പതിറ്റാണ്ടുകളായി നേരിടുന്ന അതിര്‍ത്തികടന്നുളള ഭീകരപ്രവര്‍ത്തനങ്ങളില്‍ ആയിരക്കണക്കിന് നിരപരാധികളാണ് കൊല്ലപ്പെട്ടതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇരുപത് വര്‍ഷം മുമ്പ് സമ്മേളനകാലത്ത് പാര്‍ലമെന്റിന് നേര്‍ക്ക് ഭീകരാക്രമണമുണ്ടായതും ശ്രീ മോദി ഓര്‍മ്മിപ്പിച്ചു. അന്ന് പാര്‍ലമെന്റംഗങ്ങളെ ബന്ദികളാക്കി അവരെ കൊലപ്പെടുത്താനാണ് ഭീകരര്‍ ശ്രമിച്ചത്. “ഇത്തരം നിരവധി ഭീകര പ്രവര്‍ത്തനങ്ങള്‍ നേരിട്ടാണ് ഇന്ത്യ കടന്നുവന്നത്”. ലോകത്ത് ഭീകരത വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരാക്രമണം എവിടെ ഉണ്ടായാലും എന്ത് കാരണത്തലാണെങ്കിലും ഏത് രൂപത്തിലാണെങ്കിലും അത് മാനുഷികതയ്ക്ക് എതിരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് നേരിടുന്നതില്‍ വിട്ടുവീഴ്ച പാടില്ല. ഭീകരതയുടെ വ്യാഖ്യാനം സംബന്ധിച്ച് ആഗോളതലത്തില്‍ അഭിപ്രായസമന്വയം ഇല്ലാത്തതും അദ്ദേഹം പരാമര്‍ശിച്ചു. ഐക്യരാഷ്ട്ര സഭയില്‍ ഭീകരതയുടെ വ്യാഖ്യാനം സംബന്ധിച്ച് അഭിപ്രായ സമന്വയമുണ്ടാകാന്‍ കാത്തിരിക്കുകയാണ് ഭീകരത നേരിടാനുളള അന്താരാഷ്ട്ര കണ്‍വെന്‍ഷനെന്നതും ശ്രീ മോദി ചൂണ്ടിക്കാട്ടി. ലോകത്തിന്റെ ഈ സമീപനം മനുഷ്യരാശിയുടെ ശത്രുക്കള്‍ ആയുധമാക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭീകരതയെ നേരിടാനുളള മാര്‍ഗ്ഗങ്ങള്‍ ലോക രാജ്യങ്ങളിലെ പാര്‍ലമെന്റുകളും പ്രതിനിധികളും ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ലോകത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ പൊതുജനപങ്കാളിത്തത്തേക്കാള്‍ മികച്ച മറ്റൊരു സംവിധാനമില്ലെന്ന് പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. “ഭൂരിപക്ഷം കൊണ്ട് ഗവണ്‍മെന്റ് രൂപീകരിക്കാം. എന്നാല്‍ രാജ്യം ഭരിക്കുന്നത് അഭിപ്രായ സമന്വയത്തിലൂടെയാകണമെന്നാണ് തന്റെ കാഴ്ചപ്പാട്” – പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ പാര്‍ലമെന്റുകള്‍ക്കും ഈ പി 20 ഉച്ചകോടിക്കും ഈ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താനാകും. സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും ലോകത്തെ പുരോഗതിയിലേക്ക് നയിക്കാനുളള പ്രയത്‌നം തീര്‍ച്ചയായും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, അന്തര്‍ പാര്‍ലമെന്ററി യൂണിയന്‍ അധ്യക്ഷന്‍ ദുയാര്‍തെ പചേകോ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.
പശ്ചാത്തലം
ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിയുടെ പ്രമേയത്തിന് സമാനമായി, ഒമ്പതാമത് പി 20 ഉച്ചകോടിയുടെ പ്രമേയം ‘ഒരു ഭൂമി, ഒരു കുടുംബം, ഒരേ ഭാവി എന്നിവയ്ക്കായുളള പാര്‍ലമെന്റുകള്‍’ എന്നതാണ്. ജി 20 അംഗരാജ്യങ്ങളിലെ പാര്‍ലമെന്റ് സ്പീക്കര്‍മാരും ക്ഷണിക്കപ്പെട്ട രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു. ആഫ്രിക്കന്‍ യൂണിയന്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 സമ്മേളനത്തില്‍ അംഗത്വം നേടിയ സാഹചര്യത്തിൽ ഇതാദ്യമായി ആഫ്രിക്കന്‍ രാജ്യങ്ങളിലെ പാര്‍ലമെന്റ് പ്രതിനിധികളും പങ്കെടുത്തു.
പൊതു ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ജനജീവിതത്തില്‍ പരിവര്‍ത്തനം കൊണ്ടുവരിക, വനിതകളുടെ നേതൃത്വത്തിലുളള വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഊര്‍ജ്ജിതമാക്കൽ, സുസ്ഥിര ഊര്‍ജ പരിവര്‍ത്തനം എന്നീ വിഷയങ്ങളില്‍ ഉച്ചകോടിയില്‍ ചര്‍ച്ച നടക്കും.
പ്രകൃതിയുമായി ഇണങ്ങി ഹരിതവും സുസ്ഥിവുമായ ഭാവിക്കായുളള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനായി, പരിസ്ഥിതിക്ക് വേണ്ടിയുളള ജീവിതശൈലി (ലൈഫ്) എന്ന വിഷയത്തില്‍ പാര്‍ലമെന്ററി സമിതിയുടെ ഉച്ചകോടി 2023 ഒക്ടോബർ 12ന് സംഘടിപ്പിച്ചിരുന്നു.
NS
(Release ID: 1967475)
Visitor Counter : 143
Read this release in:
Tamil
,
Kannada
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu