ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ഡിജിറ്റൽ സാങ്കേതികവിദ്യ മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
Posted On:
11 OCT 2023 3:22PM by PIB Thiruvananthpuram
ഡിജിറ്റൽ സാങ്കേതികവിദ്യ മേഖലയിലെ സഹകരണത്തിനായി ഇന്ത്യയുടെ ഇലക്ട്രോണിക്‌സ്- വിവരസാങ്കേതിക മന്ത്രാലയവും ഫ്രാൻസിന്റെ സാമ്പത്തിക- ധനകാര്യ – വ്യാവസായിക - ഡിജിറ്റൽ പരമാധികാര മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.
വിശദാംശങ്ങൾ:
ഡിജിറ്റൽ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട കൂടുതൽ സഹകരണവും വിവരവിനിമയവും പ്രോത്സാഹിപ്പിക്കാനും, ധാരണാപത്രത്തിന് അനുസൃതമായി തങ്ങളുടെ രാജ്യത്ത് ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഓരോ പങ്കാളിയുടെയും ലക്ഷ്യത്തെ പരസ്പരം പിന്തുണയ്ക്കാനും ധാരണാപത്രം ഉദ്ദേശിക്കുന്നു.
പ്രധാന ഫലം:
ഡിജിറ്റൽ സാങ്കേതികവിദ്യ മേഖലയിൽ ജി2ജി, ബി2ബി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തും. ഐടി മേഖലയിൽ തൊഴിലവസരങ്ങളിലേക്കു നയിക്കുന്ന മെച്ചപ്പെട്ട സഹകരണം ധാരണാപത്രം വിഭാവനം ചെയ്യുന്നു.
നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:
ഈ ധാരണാപത്രത്തിന് കീഴിലുള്ള സഹകരണം ഇരുപങ്കാളികളും ഒപ്പിട്ട തീയതി മുതൽ ആരംഭിക്കുകയും അഞ്ചുവർഷം നീണ്ടുനിൽക്കുകയും ചെയ്യും.
പശ്ചാത്തലം:
ഉഭയകക്ഷി-പ്രാദേശിക സഹകരണ ചട്ടക്കൂടിന് കീഴിൽ, വിവരസാങ്കേതികവിദ്യയുടെ ഉയർന്നുവരുന്ന മേഖലകളിൽ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഇലക്ട്രോണിക്സ് – വിവരസാങ്കേതിക മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യ മേഖലയിൽ അന്താരാഷ്ട്ര സഹകരണം വളർത്തിയെടുക്കാനുള്ള ശ്രമത്തിൽ, കേന്ദ്ര ഇലക്ട്രോണിക്സ് – വിവരസാങ്കേതിക മന്ത്രാലയം വിവിധ രാജ്യങ്ങളിലെ സമാന സംഘടനകൾ/ഏജൻസികൾ എന്നിവയുമായി ഉഭയകക്ഷി അല്ലെങ്കിൽ ബഹുകക്ഷി ധാരണാപത്രങ്ങളിൽ/ ഉടമ്പടികളിൽ ഏർപ്പെട്ടിട്ടുണ്ട്. മാറിവരുന്ന ഈ മാതൃകയിൽ, വ്യാവസായിക അവസരങ്ങൾ കണ്ടെത്തുകയും പരസ്പര സഹകരണത്തിലൂടെ ഡിജിറ്റൽ മേഖലയിൽ നിക്ഷേപം ആകർഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ഇന്ത്യയും ഫ്രാൻസും ഇന്തോ-യൂറോപ്യൻ മേഖലയിൽ ദീർഘകാലമായി തന്ത്രപ്രധാന പങ്കാളികളാണ്. പൗരന്മാരെ ശാക്തീകരിക്കുകയും ഡിജിറ്റൽ നൂറ്റാണ്ടിൽ അവരുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്ന വികസിത ഡിജിറ്റൽ ആവാസവ്യവസ്ഥ പരിപോഷിപ്പിക്കുന്നതിനും സഹകരണം കെട്ടിപ്പടുക്കുന്നതിനും ഇന്ത്യയും ഫ്രാൻസും പ്രതിജ്ഞാബദ്ധരാണ്.
2019ൽ പ്രഖ്യാപിച്ച സൈബർ സുരക്ഷയും ഡിജിറ്റൽ സാങ്കേതികവിദ്യയും സംബന്ധിച്ച ഇന്ത്യ-ഫ്രാൻസ് മാർഗരേഖയുടെ അടിസ്ഥാനത്തിൽ, ഇന്ത്യയും ഫ്രാൻസും നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ, പ്രത്യേകിച്ച് സൂപ്പർ കമ്പ്യൂട്ടിങ്, ക്ലൗഡ് കമ്പ്യൂട്ടിങ്, നിർമിതബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യകൾ, നിർമിത ബുദ്ധിയിലെ ആഗോള പങ്കാളിത്തത്തിനായുള്ള ചട്ടക്കൂട് (GPAI) എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ, ഉഭയകക്ഷി സഹകരണം പിന്തുടരുകയാണ്.
--NS--
(Release ID: 1966627)
Visitor Counter : 112