ജൽ ശക്തി മന്ത്രാലയം

ഉത്തര കോയൽ ജലസംഭരണി പദ്ധതിയുടെ ബിഹാറിലെയും ഝാർഖണ്ഡി​ലെയും ശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനുള്ള പുതുക്കിയ ചെലവിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 04 OCT 2023 4:03PM by PIB Thiruvananthpuram

ഉത്തര കോയൽ ജലസംഭരണി പദ്ധതിയുടെ ശേഷിക്കുന്ന പ്രവൃത്തികൾ 2,430.76 കോടി രൂപ (കേന്ദ്രവിഹിതം: 1,836.41 കോടി രൂപ) എന്ന പുതുക്കിയ ചെലവിൽ പൂർത്തിയാക്കുന്നതിനുള്ള, ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ജലവിഭവ-നദീവികസന-ഗംഗ പുനരുജ്ജീവന വകുപ്പിന്റെ  നിർദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി. 1,622.27 കോടി രൂപ (കേന്ദ്ര വിഹിതം: 1,378.60 കോടി രൂപ) നേരത്തെ 2017 ഓഗസ്റ്റിൽ അംഗീകരിച്ചിരുന്നു.

ബാക്കിയുള്ള പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ, ഝാർഖണ്ഡിലെയും ബിഹാറിലെയും നാലു വരൾച്ചബാധിത ജില്ലകളിലെ 42,301 ഹെക്ടറിലേക്ക് അധിക വാർഷിക ജലസേചനമൊരുക്കാൻ പദ്ധതിക്കാകും.

ബിഹാർ, ഝാർഖണ്ഡ് എന്നീ രണ്ട് സംസ്ഥാനങ്ങളിൽ സ്ഥിതിചെയ്യുന്ന പ്രധാന അന്തർസംസ്ഥാന ജലസേചന പദ്ധതിയാണ് ഉത്തര കോയൽ ജലസംഭരണി പദ്ധതി.  കുട്കു ഗ്രാമത്തിനടുത്തുള്ള (ഝാർഖണ്ഡിലെ ലാത്തേഹാർ ജില്ല) ഉത്തര കോയൽ നദിയിലെ, അണക്കെട്ടിന് 96 കിലോമീറ്റർ താഴെയുള്ള തടയണ (മുഹമ്മദ്ഗഞ്ച്, പലാമു ജില്ല, ഝാർഖണ്ഡ്), പ്രധാന വലതു കനാൽ (ആർഎംസി), പ്രധാന ഇടത് കനാൽ (എൽഎംസി) എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. 1972ൽ ബിഹാർ ഗവണ്മെന്റ് സ്വന്തം വിഭവങ്ങളിൽ നിന്ന് അണക്കെട്ടിന്റെയും അനുബന്ധ പ്രവർത്തനങ്ങളുടെയും നിർമാണം ആരംഭിച്ചു.  1993 വരെ തുടർന്ന പ്രവൃത്തി ആ വർഷം വനംവകുപ്പ് നിർത്തിവച്ചു. അണക്കെട്ടിൽ അടിഞ്ഞുകൂടിയ വെള്ളം ബേത്‌ല ദേശീയോദ്യാനത്തിനും പലാമു കടുവ സംരക്ഷണകേന്ദ്രത്തിനും ഭീഷണിയാകുമെന്ന ആശങ്കയെത്തുടർന്ന് അണക്കെട്ടിന്റെ നിർമാണം നിലച്ചു. 71,720 ഹെക്ടറിന് വാർഷിക ജലസേചന സൗകര്യമൊരുക്കുന്ന പദ്ധതിയാണ് മുടങ്ങിയത്.

2000 നവംബറിൽ ബിഹാർ വിഭജനത്തിനുശേഷം, അണക്കെട്ടും തടയണയും സ്ഥിതിചെയ്യുന്നത് ഝാർഖണ്ഡിലാണ്. കൂടാതെ മുഹമ്മദ്ഗഞ്ച് തടയണയിൽ നിന്നുള്ള 11.89 കിലോമീറ്റർ വരുന്ന പ്രധാന ഇടത് കനാൽ (എൽഎംസി) ഝാർഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്. പ്രധാന വലത് കനാലിന്റെ (ആർഎംസി) ​ആകെയുള്ള 110.44 കിലോ മീറ്ററിൽ ആദ്യത്തെ 31.40 കി.മീ. ഝാർഖണ്ഡിലും ബാക്കി 79.04 കി.മീ. ബിഹാറിലുമാണ്. 2016-ൽ ഉത്തര കോയൽ ജലസംഭരണി പദ്ധതിയുടെ ശേഷിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് സഹായം നൽകാൻ ഇന്ത്യാഗവൺമെന്റ് തീരുമാനിച്ചിരുന്നു. പലാമു കടുവാ സങ്കേതത്തിന്റെ സുപ്രധാന മേഖല സംരക്ഷിക്കാൻ ജലസംഭരണിയുടെ ജലനിരപ്പു കുറയ്ക്കാൻ തീരുമാനിച്ചു. 1622.27 കോടി രൂപ ചെലവിൽ പദ്ധതിയുടെ ബാക്കി പ്രവൃത്തികൾ പൂർത്തിയാക്കാനുള്ള നിർദേശത്തിന് 2017 ഓഗസ്റ്റിൽ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

തുടർന്ന്, രണ്ട് സംസ്ഥാന ഗവണ്മെന്റുകളുടെയും അഭ്യർഥനപ്രകാരം,  മറ്റ് ചില ഘടകങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കണ്ടെത്തി. വിഭാവനം ചെയ്ത ജലസേചന സാധ്യതകൾ ലഭിക്കുന്നതിന് സാങ്കേതിക പരിഗണനകളിൽ നിന്ന് ആർഎംസിയുടെയും എൽഎംസിയുടെയും സമ്പൂർണ്ണ ലൈനിങ് അനിവാര്യമാണെന്ന് കണക്കാക്കപ്പെട്ടു. അതിനാൽ, ഗയ വിതരണ സംവിധാനം, ആർഎംസി, എൽഎംസി എന്നിവയുടെ ലൈനിങ്, വഴിമധ്യേയുള്ള നിർമിതികളുടെ പുനർനിർമാണം, പുതിയ ഘടനകൾ നിർമിക്കൽ, പദ്ധതിയാൽ ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ (പിഎഎഫ്) പുനഃസ്ഥാപനത്തിനും പുനരധിവാസത്തിനുമുള്ള ഒറ്റത്തവണ പ്രത്യേക പാക്കേജ് എന്നിവയുടെ പുതുക്കിയ ചെലവ് എസ്റ്റിമേറ്റിൽ നൽകേണ്ടതുണ്ട്. ഇതനുസരിച്ച് പദ്ധതിയുടെ പുതുക്കിയ ചെലവ് എസ്റ്റിമേറ്റ് തയ്യാറാക്കി. ബാക്കിയുള്ള പ്രവൃത്തികൾക്കായുള്ള 2430.76 കോടി രൂപയിൽ 1836.41 കോടി രൂപ കേന്ദ്രം നൽകും.

 

NS



(Release ID: 1964267) Visitor Counter : 66