പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി സെപ്റ്റംബര്‍ 14ന് മദ്ധ്യപ്രദേശും ഛത്തീസ്ഗഡും സന്ദര്‍ശിക്കും
മദ്ധ്യപ്രദേശില്‍, 50,700 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും.
ബിനാ റിഫൈനറിയില്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സിന് പ്രധാനമന്ത്രി തറക്കല്ലിടും
നര്‍മദാപുരത്ത് പവര്‍ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മാനുഫാക്ചറിംഗ് സോണിന്റെയും രത്‌ലമിലെ മെഗാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെയും തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും
ഇന്‍ഡോറില്‍ രണ്ട് ഐ.ടി പാര്‍ക്കുകള്‍ക്കും സംസ്ഥാനത്തുടനീളം ആറ് പുതിയ വ്യവസായ പാര്‍ക്കുകള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിടും
ഛത്തീസ്ഗഢില്‍, ഏകദേശം 6,350 കോടി രൂപയുടെ നിരവധി സുപ്രധാന റെയില്‍വേ പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.
ഛത്തീസ്ഗഡിലെ ഒമ്പത് ജില്ലകളിലെ 'ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍'ക്ക് പ്രധാനമന്ത്രി തറക്കല്ലിടും
പരിപാടിയില്‍ഒരു ലക്ഷം അരിവാള്‍ കോശ (സിക്കിള്‍ സെല്‍) കൗണ്‍സലിംഗ് കാര്‍ഡുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്യും
Posted On:
13 SEP 2023 10:41AM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2023 സെപ്റ്റംബര്‍ 13
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 സെപ്തംബര്‍ 14-ന് മദ്ധ്യപ്രദേശും ഛത്തീസ്ഗഢും സന്ദര്‍ശിക്കും. പകല്‍ ഏകദേശം 11:15 മണിക്ക് മദ്ധ്യപ്രദേശിലെ ബിനയില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രി ബിനാ റിഫൈനറിയിലെ പെട്രോകെമിക്കല്‍ കോംപ്ലക്‌സിനും സംസ്ഥാനത്തുടനീളമുള്ള പത്ത് പുതിയ വ്യവസായ പദ്ധതികള്‍ക്കും ഉള്‍പ്പെടെ 50,700 കോടിയിലധികം രൂപയുടെ പദ്ധതികളുടെ തറക്കല്ലിടല്‍ അവിടെ നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് 3:15 മണിക്ക് ഛത്തീസ്ഗഡിലെ റായ്ഗഢില്‍ എത്തിച്ചേരുന്ന അദ്ദേഹം നിരവധി സുപ്രധാന റെയില്‍വേ പദ്ധതികള്‍ അവിടെ വച്ച് രാജ്യത്തിന് സമര്‍പ്പിക്കും. പരിപാടിയില്‍ ഛത്തീസ്ഗഡിലെ ഒമ്പത് ജില്ലകളിലെ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകളുടെ തറക്കല്ലിടലും ഒരു ലക്ഷം അരിവാള്‍ കോശ രോഗ കൗണ്‍സലിംഗ് (സിക്കിള്‍ സെല്‍ കൗണ്‍സിലിംഗ്)കാര്‍ഡുകളുടെ വിതരണവും പ്രധാനമന്ത്രി നിര്‍വഹിക്കും.
പ്രധാനമന്ത്രി മദ്ധ്യപ്രദേശില്‍
സംസ്ഥാനത്തെ വ്യവസായ വികസനത്തിന് വലിയ ഉത്തേജനം നല്‍കുന്ന നടപടിയുടെ ഭാഗമായി, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബി.പി.സി.എല്‍) ബിനാ റിഫൈനറിയില്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. ഏകദേശം 49,000 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന ഈ അത്യാധുനിക റിഫൈനറിയില്‍ പ്രതിവര്‍ഷം ഏകദേശം 1200 കിലോ ടണ്‍ (കെ.ടി.പി.എ) എഥിലീന്‍, പ്രൊപിലീന്‍ എന്നിവ ഉല്‍പ്പാദിപ്പിക്കും, മറ്റ് മേഖലകള്‍ക്കൊപ്പം ടെക്‌സ്‌റൈല്‍സ്, പാക്കേജിംഗ്്, ഫാര്‍മ തുടങ്ങിയ വിവിധ മേഖലകള്‍ക്കും ആവശ്യമായ സുപ്രധാന ഘടകമാണിവ. ഇത് രാജ്യത്തിന്റെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന പ്രധാനമന്ത്രിയുടെ
വീക്ഷണം പൂര്‍ത്തീകരിക്കുന്നതിനുള്ള ഒരു ചുവടുവയ്പായി മാറുകയും ചെയ്യും. മെഗാ പദ്ധതി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പെട്രോളിയം മേഖലയിലെ താഴ്ന്ന വ്യവസായങ്ങളുടെ വികസനത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും.
നര്‍മ്മദാപുരം ജില്ലയിലെ പവര്‍ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മാനുഫാക്ചറിംഗ് സോണ്‍, ഇന്‍ഡോറിലെ രണ്ട് ഐ.ടി പാര്‍ക്കുകള്‍; രത്‌ലാമിലെ ഒരു മെഗാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്; മദ്ധ്യപ്രദേശിലുടനീളമുള്ള്ആറ് പുതിയ വ്യവസായ മേഖലകള്‍ എന്നിങ്ങനെ പത്തു പദ്ധതികളുടെ തറക്കല്ലിടലും പരിപാടിയില്‍, പ്രധാനമന്ത്രി നിര്‍വഹിക്കും.
ഈ മേഖലയിലെ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഒരു ചുവടുവയ്പായിരിക്കും 460 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന നര്‍മ്മദാപുരം പവര്‍ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മാനുഫാക്ചറിംഗ് സോണ്‍. ഏകദേശം 550 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ഇന്‍ഡോറിലെ ഐ.ടി പാര്‍ക്ക് 3 ഉം 4ഉം ഐ.ടി, ഐ.ടി.ഇ.എസ് മേഖലകള്‍ക്ക് ഉത്തേജനം നല്‍കുകയും യുവജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ തുറക്കുകയും ചെയ്യും.
മറ്റുള്ളവയ്‌ക്കൊപ്പം ടെക്‌സ്‌റ്റൈല്‍സ്, ഓട്ടോമൊബൈല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ സുപ്രധാന മേഖലകളുടെ ഒരു പ്രധാന കേന്ദ്രമായി മാറുന്ന തരത്തിലാണ് 460 കോടി രൂപ ചെലവില്‍ രത്‌ലാമില്‍ നിര്‍മ്മിക്കുന്ന മെഗാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ഡല്‍ഹി മുംബൈ അതിവേഗപാതയുമായി നല്ല രീതിയില്‍ ബന്ധിപ്പിച്ചിരിക്കുന്ന ഈ പാര്‍ക്ക് യുവജനങ്ങള്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്, ഈ മേഖലയിലാകെ സാമ്പത്തിക വികസനത്തിന് വലിയ ഉത്തേജനവും നല്‍കും.
സംസ്ഥാനത്ത് സന്തുലിതമായ പ്രാദേശിക വികസനവും ഏകീകൃത തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷാജാപൂര്‍, ഗുണ, മൗഗഞ്ച്, അഗര്‍ മാള്‍വ, നര്‍മ്മദാപുരം, മക്‌സി എന്നിവിടങ്ങളില്‍ 310 കോടി രൂപ ചെലവില്‍ ആറ് പുതിയ വ്യവസായ മേഖലകള്‍ വികസിപ്പിക്കുന്നതും.
പ്രധാനമന്ത്രി ഛത്തീസ്ഗഡില്‍
റായ്ഗഡിലെ പൊതുപരിപാടിയില്‍ ഏകദേശം 6,350 കോടി രൂപയുടെ പ്രധാനപ്പെട്ട റെയില്‍ മേഖല പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നതോടെ രാജ്യത്തുടനീളമുള്ള ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തണമെന്ന പ്രധാനമന്ത്രിയുടെ ഊന്നലിന് ഉത്തേജനം ലഭിക്കും. ഛത്തീസ്ഗഡ് ഈസ്റ്റ് റെയില്‍ പ്രോജക്ട് ഒന്നാം ഘട്ടം, ചമ്പയ്ക്കും ജംഗയ്ക്കും ഇടയിലുള്ള മൂന്നാം റെയില്‍ പാത, പെന്ദ്ര റോഡില്‍ നിന്ന് അനുപ്പൂരിലേക്കുള്ള മൂന്നാമത്തെ റെയില്‍ പാത, തലൈപ്പള്ളി കല്‍ക്കരി ഖനിയെ എന്‍.ടി.പി.സിയുടെ (നാഷണല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പ്പറേഷന്‍) ലാറ സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്‌റ്റേഷനുമായി (എസ്.ടി.പി.എസ്) ബന്ധിപ്പിക്കുന്ന എം.ജി.ആര്‍ (മെറി-ഗോ-റൗണ്ട്) സംവിധാനം എന്നിവയാണ് പദ്ധതികള്‍). ഈ മേഖലയിലെ യാത്രക്കാരുടെ സഞ്ചാരവും ചരക്ക് ഗതാഗതവും സുഗമമാക്കുന്നതിലൂടെ ഈ റെയില്‍ പദ്ധതികള്‍ സാമൂഹിക സാമ്പത്തിക വികസനത്തിന് ഉത്തേജനം നല്‍കും.
ഗാരെ-പെല്‍മയിലേക്കുള്ള ഒരു സ്പര്‍ ലൈനും ചാല്‍, ബറൂദ്, ദുര്‍ഗാപൂര്‍, മറ്റ് കല്‍ക്കരി ഖനികള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന 3 ഫീഡര്‍ ലൈനുകളും ഉള്‍പ്പെടെ ഖാര്‍സിയയില്‍ നിന്ന് ധരംജയ്ഗഡിലേക്കുള്ള 124.8 കിലോമീറ്റര്‍ റെയില്‍ പാതയാണ് അഭിമാന പദ്ധതിയായ പ്രധാനമന്ത്രി ഗതിശക്തി - ദേശീയ മാസ്റ്റര്‍ പ്ലാനിന് കീഴില്‍ വികസിപ്പിച്ചെടുക്കുന്ന ഛത്തീസ്ഗഡ് ഈസ്റ്റ് റെയില്‍ പ്രോജക്റ്റ് ഘട്ടം 1. വൈദ്യുതീകരിച്ച ബ്രോഡ്‌ഗേജ് ലെവല്‍ ക്രോസിംഗുകളും യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളോടുകൂടിയ ഫ്രീ പാര്‍ട്ട് ഡബിള്‍ ലൈനും സജ്ജീകരിച്ചിരിക്കുന്നതാണ് 3,055 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ റെയില്‍വേ പാത. ഛത്തീസ്ഗഡിലെ റായ്ഗഡില്‍ സ്ഥിതി ചെയ്യുന്ന മാന്‍ഡ്-റായ്ഗഡ് കല്‍ക്കരിപ്പാടങ്ങളില്‍ നിന്ന് കല്‍ക്കരി കൊണ്ടുപോകുന്നതിനുള്ള റെയില്‍ ബന്ധിപ്പിക്കല്‍ ഇതിലൂടെ ലഭ്യമാകും.
50 കിലോമീറ്റര്‍ നീളമുള്ള പെന്ദ്ര റോഡില്‍ നിന്ന് അനുപ്പൂരിലേക്കുള്ള മൂന്നാമത്തെ റെയില്‍ പാത ഏകദേശം 516 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചമ്പയ്ക്കും ജംഗയ്ക്കും ഇടയില്‍ 98 കിലോമീറ്റര്‍ നീളമുള്ള മൂന്നാമത്തെ പാത ഏകദേശം 796 കോടി ചെലവിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ പുതിയ റെയില്‍വേ പാതകള്‍ മേഖലയിലെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും വിനോദസഞ്ചാരവും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
65 കിലോമീറ്റര്‍ നീളമുള്ള വൈദ്യുതീകരിച്ച എം.ജി.ആര്‍ (മെറി-ഗോ-റൗണ്ട്) സംവിധാനം എന്‍.ടി.പി.സിയുടെ തലൈപ്പള്ളി കല്‍ക്കരി ഖനിയില്‍ നിന്ന് ഛത്തീസ്ഗഡിലെ 1600 മെഗാവാട്ട് എന്‍.ടി.പി.സി ലാറ സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്‌റ്റേഷനിലേക്ക് കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന ഗ്രേഡ് കല്‍ക്കരി എത്തിക്കും. ഇത് എന്‍.ടി.പി.സി ലാറയില്‍ നിന്ന് കുറഞ്ഞ ചെലില്‍ വിശ്വാസയോഗ്യമായ വൈദ്യുതിയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും അങ്ങനെ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യും. 2070 കോടിയിലധികം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച എം.ജി.ആര്‍ സംവിധാനം കല്‍ക്കരി ഖനികളില്‍ നിന്ന് പവര്‍ സ്‌റ്റേഷനുകളിലേക്കുള്ള കല്‍ക്കരിയുടെ നീക്കം മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക വിസ്മയമാണ്.
ഛത്തീസ്ഗഡിലെ ഒമ്പത് ജില്ലകളിലായി 50 കിടക്കകളുള്ള ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകളുടെ തറക്കല്ലിടലും പരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. ദുര്‍ഗ്, കൊണ്ടഗാവ്, രാജ്‌നന്ദ്ഗാവ്, ഗാരിയാബന്ദ്, ജഷ്പൂര്‍, സൂരാജ്പൂര്‍, സര്‍ഗുജ, ബസ്തര്‍, റായ്ഗഡ് ജില്ലകളില്‍ 210 കോടിയിലിധികം രൂപ ചെലവില്‍ പ്രധാന്‍ മന്ത്രി - ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ (പി.എം-എ.ബി.എച്ച്.ഐ.എം) കീഴിലാണ് ഈ ഒന്‍പത് ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍ നിര്‍മ്മിക്കുന്നത്.
അരിവാള്‍ കോശ രോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പ്രത്യേകിച്ചു ഗോത്രവര്‍ഗക്കാരുടെ ഇടയിലുള്ളവ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ, തെരഞ്ഞെടുക്കപ്പെട്ട ജനങ്ങള്‍ക്ക് ഒരു ലക്ഷം സിക്കിള്‍ സെല്‍ കൗണ്‍സിലിംഗ് കാര്‍ഡുകളും പ്രധാനമന്ത്രി വിതരണം ചെയ്യും. 2023 ജൂലൈയില്‍ മദ്ധ്യപ്രദേശിലെ ഷാഹ്‌ദോലില്‍ പ്രധാനമന്ത്രി സമാരംഭം കുറിച്ച ദേശീയ സിക്കിള്‍ സെല്‍ അനീമിയ എലിമിനേഷന്‍ മിഷന് (എന്‍.എസ്.എ.ഇ.എം)കീഴിലാണ് സിക്കിള്‍ സെല്‍ കൗണ്‍സിലിംഗ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.
--NS--
(Release ID: 1956888)
Visitor Counter : 94
Read this release in:
Urdu
,
Odia
,
Assamese
,
English
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada