ധനകാര്യ മന്ത്രാലയം

2023-24 മൂല്യനിർണയ വര്‍ഷം സമര്‍പ്പിച്ച 6.98 കോടി ആദായനികുതി റിട്ടേണുകളില്‍ 6.84 കോടി ആദായനികുതി റിട്ടേണുകള്‍ പരിശോധിച്ചു; 2023 സെപ്തംബര്‍ 5 ​വരെ പര‌ിശോധിച്ചുറപ്പിച്ച ആദായനികുതി റിട്ടേണുകളിൽ  88 ശതമാനത്തിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി


2023-24 മൂല്യനിർണയ വര്‍ഷത്തില്‍ 2.45 കോടിയിലധികം റീഫണ്ട് നല്‍കി

Posted On: 05 SEP 2023 6:29PM by PIB Thiruvananthpuram

ആദായനികുതി റിട്ടേണുകളുടെ  (ഐടിആര്‍) നടപടിക്രമങ്ങൾ വേഗത്തിലാക്കാനും കാര്യക്ഷമമാക്കാനും ആദായനികുതി വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. 05.09.2023 വരെയുള്ള കണക്കനുസരിച്ച്, 2023-24 മൂല്യനിർണയ വര്‍ഷത്തില്‍ 6.98 കോടി ആദായനികുതി റിട്ടേണുകളാണ് ഫയല്‍ ചെയ്തത്. അതില്‍ 6.84 കോടി ആദായനികുതി റിട്ടേണുകള്‍ പരിശോധിച്ചുറപ്പിച്ചു. 05.09.2023 വരെ പരിശോധിച്ച ഐടിആറുകളില്‍ നിന്ന് 2023-24ലെ മൂല്യനിർണയ വര്‍ഷത്തില്‍ 6 കോടിയിലധികം ആദായനികുതി റിട്ടേണുകളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഇതു പരിശോധിച്ചുറപ്പിച്ച 88 ശതമാനത്തിലധികം ആദായനികുതി റിട്ടേണുകളുടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഇടയാക്കി. 2023-24 മൂല്യനിർണയ വര്‍ഷത്തില്‍ 2.45 കോടിയിലധികം റീഫണ്ടുകളാണ് ഇതിനകം നല്‍കിയത്.

തടസമില്ലാത്തതും വേഗത്തിലുള്ളതുമായ സേവനങ്ങള്‍ നികുതിദായകര്‍ക്ക് നല്‍കാനുള്ള വകുപ്പിന്റെ ശ്രമങ്ങള്‍ തുടര്‍ച്ചയായി ശക്തിപ്പെടുത്തുകയാണ്. ഇതിന് അനുസൃതമായി, സമർപ്പിച്ച റിട്ടേണുകൾക്ക് 2019-20 മൂല്യനിർണയ വർഷത്തിലെ 82 ദിവസത്തെയും 2022-23 വർഷത്തിലെ 16 ദിവസത്തെയും അപേക്ഷിച്ച്, ഐടിആറുകളുടെ ശരാശരി നടപടിക്രമസമയം (പരിശോധിച്ചതിന് ശേഷം) 2023-24 മൂല്യനിർണയ വര്‍ഷത്തില്‍ 10 ദിവസമായി കുറച്ചിട്ടുണ്ട്.

നികുതിദായകരുടെ ഭാഗത്തുനിന്ന് ചില വിവരങ്ങള്‍/നടപടികള്‍ ലഭിക്കാത്തതിനാല്‍ വകുപ്പിന് ഇനിപ്പറയുന്ന വിഭാഗത്തിലുള്ള ആദായനികുതി റിട്ടേണുകളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്നില്ല എന്നത് പ്രസക്തമാണ്:

a)  2023-24 മൂല്യനിര്‍ണയ വര്‍ഷത്തില്‍ ഏകദേശം 14 ലക്ഷം ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും 04.09.2023 വരെ അവ നികുതിദായകര്‍ പരിശോധിച്ചുറപ്പിച്ചിട്ടില്ല. റിട്ടേണുകള്‍ പരിശോധിച്ചുറപ്പിക്കുന്നതില്‍ പരാജയപ്പെടുന്നത് നടപടിക്രമങ്ങളില്‍ കാലതാമസമുണ്ടാക്കുന്നു, കാരണം നികുതിദായകന്റെ പരിശോധിച്ചുറപ്പിക്കല്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ റിട്ടേണ്‍ നടപടിക്രമങ്ങൾക്കായി സ്വീകരിക്കാന്‍ കഴിയൂ. വെരിഫിക്കേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നികുതിദായകരോട് വകുപ്പ് അഭ്യർഥിച്ചു.

b) പരിശോധിച്ചുറപ്പിച്ച ഏകദേശം 12 ലക്ഷം ആദായനികുതി റിട്ടേണുകളുണ്ട്. അവയില്‍ വകുപ്പ് കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. അതിനായി നികുതിദായകര്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത ഇ-ഫയലിങ് അക്കൗണ്ടുകള്‍ വഴി ആവശ്യമായ സന്ദേശം അയച്ചിട്ടുണ്ട്. നികുതിദായകർ അത്തരം ആശയവിനിമയങ്ങളോട് വേഗത്തില്‍ പ്രതികരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആദായനികുതി റിട്ടേണുകളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും റീഫണ്ടുകള്‍ നിർണയിക്കുകയും ചെയ്ത നിരവധി കേസുകള്‍ ഉണ്ട്. എന്നാല്‍ നികുതിദായകര്‍ റീഫണ്ട് നൽകേണ്ട അവരുടെ ബാങ്ക് അക്കൗണ്ട് ഇതുവരെ സാധൂകരിക്കാത്തതിനാല്‍ ആദായനികുതി വകുപ്പിന് അവ വിതരണം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഇ-ഫയലിങ് പോര്‍ട്ടല്‍ വഴി നികുതിദായകരോട് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ സാധൂകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ദ്രുതഗതിയിലുള്ള നടപടിക്രമങ്ങള്‍ക്കും റീഫണ്ടുകള്‍ വേഗത്തിലാക്കുന്നതിനും ഒപ്പം, നികുതിദായകരുടെ സഹകരണം തേടുന്നതിനും വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.

--NS--



(Release ID: 1954971) Visitor Counter : 103