ഇന്ത്യ ഗവണ്‍മെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ കാര്യാലയം

ഇന്ത്യയുടെ അധ്യക്ഷതയ്ക്കു കീഴിലുള്ള ജി20- മുഖ്യ ശാസ്ത്ര ഉപദേഷ്ടാക്കളുടെ രണ്ടാം വട്ടമേശ യോഗം സമാപിച്ചു; ഫലരേഖയും അധ്യക്ഷ സംഗ്രഹവും പുറത്തിറക്കി

Posted On: 28 AUG 2023 8:26PM by PIB Thiruvananthpuram

ഇന്ത്യന്‍ ജി20 അധ്യക്ഷതയുടെ ഷെര്‍പ്പ ട്രാക്കിന് കീഴില്‍ നടന്ന ജി20- മുഖ്യ ശാസ്ത്ര ഉപദേഷ്ടാക്കളുടെ രണ്ടാം വട്ടമേശ യോഗം  (ജി20-സിഎസ്എആര്‍) ഇന്ന് ഗുജറാത്തിലെ ഗാന്ധിനഗറില്‍ വിജയകരമായി സമാപിച്ചു. സമ്മേളനത്തില്‍, എല്ലാ ജി20 രാജ്യങ്ങളും ക്ഷണിക്കപ്പെട്ട രാജ്യങ്ങളും ഫലരേഖയുടെയും അധ്യക്ഷ സംഗ്രഹത്തിന്റെയും കാര്യത്തില്‍ സമവായത്തിലെത്തി. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ശാസ്‌ത്രോപദേശം ശക്തിപ്പെടുത്തുന്നതിനൊപ്പം, തെളിവ് അടിസ്ഥാനപ്പെടുത്തിയുള്ള നയരൂപീകരണം സാധ്യമാക്കുന്നതിനും ആഗോള ശാസ്ത്ര ഉപദേശ സംവിധാനത്തെ സമഗ്രവും പ്രവര്‍ത്തനാധിഷ്ഠിതവുമായ രീതിയില്‍ സമന്വയിപ്പിക്കുന്നതിനുള്ള ശ്രമമാണ് ജി20-സിഎസ്എആര്‍.

 

ഒരു ദിവസം നീണ്ടുനിന്ന സംഭാഷണങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന മുന്‍ഗണനാ മേഖലകള്‍ (1) മികച്ച രോഗ പ്രതിരോധം, നിയന്ത്രണം, മഹാമാരി തയ്യാറെടുപ്പ് എന്നിവയ്ക്കായി ഏകാരോഗ്യ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക; (2) പണ്ഡിതോചിത ശാസ്ത്ര വിജ്ഞാനത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനുള്ള ആഗോള ശ്രമങ്ങള്‍ സമന്വയിപ്പിക്കുക; (3) ശാസ്ത്ര-സാങ്കേതിക ആവാസവ്യവസ്ഥയില്‍ തുല്യത,  വൈവിധ്യം, ഉള്‍പ്പെടുത്തല്‍, പ്രവേശനക്ഷമത എന്നിവയും അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ വളര്‍ന്നുവരുന്ന മുന്‍ഗണനകളും ഉറപ്പാക്കുക; (4) ഏവരെയും ഉള്‍ക്കൊള്ളുന്നതും തുടര്‍ച്ചയായി പ്രവര്‍ത്തനാധിഷ്ഠിതവുമായ ആഗോള ശാസ്‌ത്രോപദേശ സംവിധാനം സൃഷ്ടിക്കുക എന്നിവയാണ്.

ജി20 അംഗ രാജ്യങ്ങള്‍, ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍, രണ്ട് അന്താരാഷ്ട്ര സംഘടനകള്‍ (ലോകാരോഗ്യ സംഘടന, യുനെസ്‌കോ) എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ G20-CSAR യോഗത്തില്‍ സജീവമായ ഇടപെടലുകള്‍ക്ക് സാക്ഷ്യം വഹിച്ചു. ഇന്ത്യാ ഗവണ്‍മെന്റിന്റെ മുഖ്യ ശാസ്‌ത്രോപദേഷ്ടാവ് (പിഎസ്എ) പ്രൊഫ. അജയ് കുമാര്‍ സൂദിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ജി 20 രാജ്യങ്ങളും ക്ഷണിക്കപ്പെട്ട രാജ്യങ്ങളും ജി 20-സിഎസ്എആര്‍ സംരംഭത്തെ സുസ്ഥിരമായ സംവിധാനമായി രൂപപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനു കാട്ടിയ പ്രതിബദ്ധതയെ അദ്ദേഹം അഭിനന്ദിച്ചു.

 

''ഈ സംരംഭം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ശക്തവുമായ ആഗോള ശാസ്‌ത്രോപദേശ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള അടിസ്ഥാന തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് എല്ലാവര്‍ക്കും തുല്യമായി പ്രയോജനപ്പെടുത്തുകയും ഞങ്ങള്‍ പങ്കുവയ്ക്കുന്ന കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഈ ഉദ്യമത്തിന് ദേശീയ അന്തര്‍ദേശീയ പങ്കാളികളില്‍ നിന്നുള്ള വലിയ പിന്തുണ ലഭിക്കുന്നത് സന്തോഷകരമാണ്.'' - G20-CSAR യോഗത്തെ അഭിസംബോധന ചെയ്ത് പ്രൊഫ. സൂദ് പറഞ്ഞു.

'മെച്ചപ്പെട്ട രോഗ പ്രതിരോധം, നിയന്ത്രണം, മഹാമാരി തയ്യാറെടുപ്പ് എന്നിവയ്ക്കായി ഏകാരോഗ്യത്തിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക' എന്ന പ്രമേയത്തിന് കീഴില്‍, ജി 20 രാജ്യങ്ങള്‍, മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും പരിസ്ഥിതിക്കും പരസ്പരാശ്രിത ആരോഗ്യ ഭീഷണികളെ ആരോഗ്യ സമീപനത്തിലൂടെ കൂട്ടായി അഭിമുഖീകരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടി. രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട അറിവുകള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കും വേണ്ടി സഹകരണത്തിനും ശേഷിവികസനത്തിനും വെര്‍ച്വല്‍ ഇടങ്ങള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയ്ക്കും രാജ്യങ്ങള്‍ ഊന്നല്‍ നല്‍കി. ഈ മേഖലയില്‍ സഹകരണം സുഗമമാക്കുന്നതിന് 'ഏകാരോഗ്യ സ്ഥാപനങ്ങള്‍' തമ്മിലുള്ള ബന്ധങ്ങളും തുടര്‍ച്ചയായ ഇടപെടലുകളും ശുപാര്‍ശ ചെയ്യപ്പെട്ടു.

'പണ്ഡിത ശാസ്ത്ര വിജ്ഞാനത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനുള്ള ആഗോള ശ്രമങ്ങളെ സമന്വയിപ്പിക്കല്‍' എന്ന പ്രമേയത്തിന് കീഴില്‍, ജി20 അംഗങ്ങള്‍ക്കുള്ളിലും പുറത്തുമുള്ള സമൂഹങ്ങള്‍ക്ക് ഉചിതമായ പൊതു ധനസഹായത്തോടെയുള്ള പണ്ഡിതോചിത ശാസ്ത്രീയ അറിവിലേക്ക് ഉടനടി സാര്‍വത്രിക പ്രവേശനം പ്രാപ്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജി20 രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തു. പൊതു ധനസഹായത്തോടെയുള്ള ഗവേഷണ പ്രസിദ്ധീകരണങ്ങളിലേക്ക് ഉടനടി സൗജന്യ പ്രവേശനം നല്‍കുന്നതിനുള്ള സമീപനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ പ്രാധാന്യം അംഗീകരിക്കപ്പെട്ടു.

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വ്യവസ്ഥയിലെ വൈവിധ്യം, തുല്യത, ഉള്‍പ്പെടുത്തല്‍, പ്രവേശനക്ഷമത (DEI&A) എന്ന പ്രമേയത്തിന് കീഴില്‍, ജി20 രാജ്യങ്ങള്‍ പരമ്പരാഗതവും തദ്ദേശീയവുമായ വിജ്ഞാന സംവിധാനങ്ങളുടെ സംഭാവനയെ അംഗീകരിച്ചു. സാംസ്‌കാരികമായി പ്രചോദിതവും പ്രാദേശികമായി പ്രസക്തവുമായ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നവീകരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഈ സംവിധാനങ്ങള്‍ സമകാലിക ശാസ്ത്രത്തോടൊപ്പം പരിഗണിക്കണമെന്ന് ശുപാര്‍ശ ചെയ്തു.  നിലവിലുള്ള വിജ്ഞാന അസമത്വങ്ങളെ തുല്യമായ ആഗോള സാമൂഹിക നേട്ടത്തിനായി അഭിസംബോധന ചെയ്യുക എന്ന ലക്ഷ്യത്തോടെ, ഉള്‍പ്പെടുത്തലുമായി ബന്ധപ്പെട്ട നയ വ്യവഹാരത്തില്‍ ഭാഷകളുടെയും വിജ്ഞാന സംവിധാനങ്ങളുടെയും ബഹുസ്വരത തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

'സമഗ്രവും തുടര്‍ച്ചയായതും പ്രവര്‍ത്തനാധിഷ്ഠിതവുമായ ഒരു ആഗോള ശാസ്ത്ര ഉപദേശ സംവിധാനം സൃഷ്ടിക്കല്‍' എന്ന നാലാമത്തെ വിഷയത്തില്‍ മുന്നോട്ടുള്ള വഴി ചര്‍ച്ച ചെയ്ത്, സുസ്ഥിരമായ ഇടപഴകലിനായി ശക്തവും പ്രസക്തവും ഫലപ്രദവുമായ സംവിധാനം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ജി20 രാജ്യങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചു. അംഗങ്ങള്‍ക്കും അന്താരാഷ്ട്ര സംഘടനകള്‍ക്കും മള്‍ട്ടിഡിസിപ്ലിനറി വിഷയങ്ങളില്‍ ഒത്തുചേരാനും സിനര്‍ജിസ്റ്റിക് ശാസ്‌ത്രോപദേശം നല്‍കാനും വിവിധ പങ്കാളികള്‍ തമ്മിലുള്ള സമന്വയം വര്‍ദ്ധിപ്പിക്കുന്നതിന് സയന്‍സ് നയതന്ത്രം ഉപയോഗിക്കാനും കഴിയുന്ന കൂടുതല്‍ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുന്നതിന് ജി 20-സിഎസ്എആര് പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാണ് ജി 20 രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്.

 

ഇന്ത്യന്‍ അധ്യക്ഷതയ്ക്കു കീഴില്‍ പുതുതായി ആരംഭിച്ച G20-CSAR സംരംഭം, സ്വമേധയാ അറിവിനും വിഭവങ്ങള്‍ പങ്കിടലിനും ഇടം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. ഉള്‍പ്പെടുത്തല്‍, വൈവിധ്യം, പരസ്പരാശ്രിതത്വം, സുതാര്യത, വൈദഗ്ധ്യത്തിന്റെ ബഹുത്വം, കൂട്ടായ താല്‍പ്പര്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്ര ഉപദേശ പ്രക്രിയയിലെ മികച്ച സമ്പ്രദായങ്ങള്‍ കൈമാറ്റം ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

2023 മാര്‍ച്ച് 28 മുതല്‍ 30 വരെ ഉത്തരാഖണ്ഡിലെ രാംനഗറിലാണ് ആദ്യ ജി 20 സിഎസ്എആര്‍ യോഗം നടന്നത്. അതിനുശേഷം, നാല് ഇന്റര്‍സെഷണല്‍ യോഗങ്ങളും ആറ് അനുബന്ധ പരിപാടികളും നിരവധി ഉഭയകക്ഷി യോഗങ്ങളും ഫലരേഖയിലും അധ്യക്ഷ സംഗ്രഹത്തിലുമെത്തുന്നതിനായി സംഘടിപ്പിച്ചു.

G20-CSAR സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നതിന് ബാറ്റണ്‍ ബ്രസീലിന് കൈമാറി.

ഫലരേഖയുടെയും അധ്യക്ഷസംഗ്രഹത്തിന്റെയും ലിങ്ക്: https://www.g20.org/content/dam/

പരിപാടിക്കു ശേഷമുള്ള വാര്‍ത്താസമ്മേളനത്തിന്റെ ലിങ്ക്: https://youtube.com/live/x0DJJ53iuHs?feature=share



(Release ID: 1953073) Visitor Counter : 175