പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജി20 ഡിജിറ്റൽ സാമ്പത്തിക മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


“ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാൻ ബംഗളൂരുവിനേക്കാൾ മികച്ച ഇടമില്ല”

“ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിനു കരുത്തേകുന്നത് നൂതനാശയങ്ങളിലുള്ള അചഞ്ചലമായ വിശ്വാസവും വേഗത്തിൽ നടപ്പിലാക്കാനുള്ള പ്രതിബദ്ധതയുമാണ്”

“ഭരണത്തെ പരിവർത്തനം ചെയ്യുന്നതിനും അത് കൂടുതൽ കാര്യക്ഷമവും സമഗ്രവും വേഗതയേറിയതും സുതാര്യവുമാക്കുന്നതിന് രാഷ്ട്രം സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു”

“ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ ആഗോള വെല്ലുവിളികൾക്ക് വിപുലവും സുരക്ഷിതവും സമഗ്രവുമായ പ്രതിവിധികൾ വാഗ്ദാനം ചെയ്യുന്നു”

“ഇത്തരം വൈവിധ്യങ്ങളുള്ള ഇന്ത്യ, പ്രതിവിധികൾക്ക് അനുയോജ്യമായ പരീക്ഷണശാലയാണ്. ഇന്ത്യയിൽ വിജയം കാണുന്ന പ്രതിവിധികൾ ലോകത്തെവിടെയും എളുപ്പത്തിൽ പ്രയോഗിക്കാൻ കഴിയും”

“സുരക്ഷിതവും വിശ്വസനീയവും അതിജീവനശേഷിയുള്ളതുമായ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്കായി ജി20 ഉന്നതതല തത്വങ്ങളിൽ സമവായം ഉണ്ടാക്കേണ്ടത് പ്രധാനമാണ്”

“മനുഷ്യരാശി നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പ്രതിവിധികളുടെ സമ്പൂർണ ആവാസവ്യവസ്ഥ നിർമിക്കാൻ കഴിയും. അതിനു നമുക്കുവേണ്ടത് ഉറച്ച വിശ്വാസം, പ്രതിബദ്ധത, ഏകോപനം, സഹകരണം എന്നീ നാല് ‘സി’കളാണ്”

Posted On: 19 AUG 2023 9:48AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബംഗളൂരുവിൽ ജി 20 ഡിജിറ്റൽ സാമ്പത്തിക മന്ത്രിമാരുടെ യോഗത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സംരംഭകത്വ മനോഭാവത്തിന്റെയും ആസ്ഥാനമായ ബംഗളൂരു നഗരത്തിലേക്ക് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇതിലും നല്ല ഇടം വേറെയില്ലെന്ന് അഭിപ്രായപ്പെട്ടു.

2015ൽ ആരംഭിച്ച ഡിജിറ്റൽ ഇന്ത്യ സംരംഭം കഴിഞ്ഞ 9 വർഷത്തിനിടയിൽ ഇന്ത്യയിൽ നടന്ന അഭൂതപൂർവമായ ഡിജിറ്റൽ പരിവർത്തനത്തിന് കാരണമായതായി പ്രധാനമന്ത്രി പറഞ്ഞു. നൂതനാശയങ്ങളിലുള്ള അചഞ്ചലമായ വിശ്വാസവും വേഗത്തിൽ നടപ്പാക്കാനുള്ള പ്രതിബദ്ധതയുമാണ് ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിന് കരുത്തേകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈ പരിവർത്തനത്തിന്റെ തോതും വേഗതയും വ്യാപ്തിയും എടുത്തുകാട്ടിയ പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഡാറ്റ ആസ്വദിക്കുന്ന ഇന്ത്യയിലെ 850 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളുടെ കാര്യം പരാമർശിച്ചു. ഭരണനിർവഹണം പരിവർത്തനം ചെയ്യുന്നതിനും അത് കൂടുതൽ കാര്യക്ഷമവും സമഗ്രവും വേഗതയേറിയതും സുതാര്യവുമാക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ശ്രീ മോദി പരാമർശിച്ചു. 130 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ അതുല്യ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനമായ ആധാർ അദ്ദേഹം ഉദാഹരിച്ചു. ജെഎഎം (ജൻധൻ ബാങ്ക് അക്കൗണ്ടുകൾ, ആധാർ, മൊബൈൽ) സംവിധാനം സാമ്പത്തിക ഉൾച്ചേർക്കലിൽ വിപ്ലവം സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. യുപിഐ പണമിടപാടു സംവിധാനത്തിലൂടെ  പ്രതിമാസം ആയിരം കോടി ഇടപാടുകൾ നടക്കുന്നു. ആഗോള തത്സമയ പണമിടപാടുകളുടെ 45 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം വ്യവസ്ഥിതിയിലെ ചോർച്ച തടയുകയും 3300 കോടി ഡോളറിലധികം ലാഭിക്കുകയും ചെയ്തതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ കോവിഡ് വാക്‌സിനേഷൻ യജ്ഞത്തെ പിന്തുണച്ച കോവിൻ പോർട്ടലിനെക്കുറിച്ചു പരാമർശിച്ച പ്രധാമന്ത്രി, ഡിജിറ്റലായി പരിശോധിക്കാവുന്ന സർട്ടിഫിക്കറ്റുകൾക്കൊപ്പം 200 കോടിയിലധികം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യാൻ ഇത് സഹായിച്ചതായും  പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങളും ലോജിസ്റ്റിക്സും രേഖപ്പെടുത്തുന്നതിന് സാങ്കേതികവിദ്യയും സ്ഥലങ്ങളുമായി ബന്ധപ്പെട്ട ആസൂത്രണവും ഉപയോഗിക്കുന്ന ഗതി-ശക്തി സംവിധാനത്തെക്കുറിച്ചും ശ്രീ മോദി പരാമർശിച്ചു. അതുവഴി ആസൂത്രണം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനും വിതരണവേഗത വർധിപ്പിക്കുന്നതിനുമാകുന്നു. പ്രക്രിയയിൽ സുതാര്യതയും സത്യസന്ധതയും  കൊണ്ടുവന്ന ഓൺലൈൻ പൊതു സംഭരണ സംവിധാനമായ ഗവണ്മെന്റ് ഇ-മാർക്കറ്റ്‌പ്ലേസ്, ഇ-കൊമേഴ്‌സിനെ ജനാധിപത്യവൽക്കരിക്കുന്ന ഡിജിറ്റൽ വ്യാപാരത്തിനായുള്ള ഓപ്പൺ ശൃംഖല എന്നിവയും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. “പൂർണമായി ഡിജിറ്റൽ രൂപത്തിലാക്കിയ നികുതി സംവിധാനങ്ങൾ സുതാര്യതയും ഇ-ഗവേണൻസും പ്രോത്സാഹിപ്പിക്കുന്നു”- അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ വൈവിധ്യമാർന്ന എല്ലാ ഭാഷകളിലും ഡിജിറ്റൽ ഉൾപ്പെടുത്തലിനെ പിന്തുണയ്ക്കുന്ന നിർമിത ബുദ്ധി അടിസ്ഥാനമാക്കിയ പരിഭാഷാസംവിധാനമായ ഭാഷിണിയുടെ വികസനത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.

"ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ ആഗോള വെല്ലുവിളികൾക്കായി വിപുലവും സുരക്ഷിതവും സമഗ്രവുമായ പ്രതിവിധികൾ വാഗ്ദാനം ചെയ്യുന്നു"- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ അവിശ്വസനീയമായ വൈവിധ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ത്യക്ക് ഡസൻ കണക്കിന് ഭാഷകളും നൂറുകണക്കിന് ഭാഷാഭേദങ്ങളും ഉണ്ടെന്ന് വ്യക്തമാക്കി. ലോകമെമ്പാടുമുള്ള എല്ലാ മതങ്ങളുടെയും എണ്ണമറ്റ സാംസ്കാരിക ആചാരങ്ങളുടെയും ആസ്ഥാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "പുരാതന പാരമ്പര്യങ്ങൾ മുതൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ വരെ, എല്ലാവർക്കും വേണ്ടിയുള്ള എന്തെങ്കിലും ഇന്ത്യയിലുണ്ട്"- പ്രധാനമന്ത്രി പറഞ്ഞു. അത്തരം വൈവിധ്യങ്ങളോടെ, പരിഹാരങ്ങൾക്കുള്ള അനുയോജ്യമായ പരീക്ഷണശാലയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ വിജയം കാണുന്ന പ്രതിവിധി ലോകത്തെവിടെയും എളുപ്പത്തിൽ പ്രയോഗിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ അതിന്റെ അനുഭവങ്ങൾ ലോകവുമായി പങ്കുവയ്ക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, കോവിഡ് മഹാമാരിയുടെ കാലത്ത് ആഗോള നന്മയ്ക്കായി കോവിൻ സംവിധാനം വാഗ്ദാനം ചെയ്തത് അദ്ദേഹം ഉദാഹരണമാക്കി. ഇന്ത്യ ഓൺലൈൻ ആഗോള പൊതു ഡിജിറ്റൽ സാമഗ്രികളുടെ സംഭരണിയായ ഇന്ത്യ സ്റ്റാക്ക് സൃഷ്‌ടിച്ചതായി അദ്ദേഹം പറഞ്ഞു. ആരും, വിശേഷിച്ച് ഗ്ലോബൽ സൗത്ത് മേഖലയിൽ നിന്നുള്ളവർ ഒഴിവാക്കപ്പെടുന്നില്ലെന്ന് ഇന്ത്യ സ്റ്റാക്ക് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകസമിതി ജി20 വെർച്വൽ ആഗോള ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യ സംഭരണി സൃഷ്ടിക്കുന്നതിൽ സംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യത്തിനായുള്ള പൊതുവായ ചട്ടക്കൂടിലെ പുരോഗതി ഏവർക്കും സുതാര്യവും ഉത്തരവാദിത്വമുള്ളതും നീതിയുക്തവുമായ ഡിജിറ്റൽ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സഹായിക്കുമെന്നും ചൂണ്ടിക്കാട്ടി. ഡിജിറ്റൽ ​നൈപുണ്യങ്ങളുടെ രാജ്യാന്തര താരതമ്യത്തിനും ഡിജിറ്റൽ നൈപുണ്യത്തിൽ മികവിന്റെ വെർച്വൽ കേന്ദ്രം സ്ഥാപിക്കുന്നതിനുമുള്ള മാർഗരേഖ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്തു. ഭാവിയിലേക്കു സജ്ജമാക്കുന്ന തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സുപ്രധാന ശ്രമങ്ങളാണിവയെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ആഗോളതലത്തിൽ പടരുമ്പോൾ സുരക്ഷാ ഭീഷണികളും വെല്ലുവിളികളും നേരിടേണ്ടിവരുമെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, സുരക്ഷിതവും വിശ്വസനീയവും അതിജീവനശേഷിയുള്ളതുമായ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്കായി ജി20 ഉന്നതതല തത്വങ്ങളിൽ സമവായം ഉണ്ടാക്കേണ്ടത് പ്രധാനമാണെന്നു ചൂണ്ടിക്കാട്ടി.

“സാങ്കേതികവിദ്യ നമ്മെ മുമ്പെങ്ങുമില്ലാത്തവിധം കൂട്ടിയിണക്കിയിരിക്കുന്നു. ഏവരേയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനമാണ് ഇതു വാഗ്ദാനം ചെയ്യുന്നത്”- സമഗ്രവും സമൃദ്ധവും സുരക്ഷിതവുമായ ആഗോള ഡിജിറ്റൽ ഭാവിക്ക് അടിത്തറയിടാൻ ജി20 രാജ്യങ്ങൾക്ക് സവിശേഷമായ അവസരമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളിലൂടെ സാമ്പത്തിക ഉൾച്ചേർക്കലും ഉൽപ്പാദനക്ഷമതയും മെച്ചപ്പെടുത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കർഷകരും ചെറുകിട വ്യവസായികളും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും ആഗോള ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ചട്ടക്കൂട് സ്ഥാപിക്കണമെന്നും നിർമിതബുദ്ധിയുടെ സുരക്ഷിതവും ഉത്തരവാദിത്വമുള്ളതുമായ ഉപയോഗത്തിനായി ചട്ടക്കൂട് വികസിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. മാനവരാശി നേരിടുന്ന വെല്ലുവിളികൾ അഭിസംബോധന ചെയ്യുന്നതിന് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പ്രതിവിധികളുടെ സമ്പൂർണ ആവാസവ്യവസ്ഥ നിർമിക്കാൻ കഴിയുമെന്ന് ശ്രീ മോദി പറഞ്ഞു. “അതിനായി നമുക്കുവേണ്ടത് ഉറച്ച വിശ്വാസം, പ്രതിബദ്ധത, ഏകോപനം, സഹകരണം (Conviction, Commitment, Coordination, and Collaboration) എന്നീ നാല് 'സി'കളാണ്” - കർമസമിതി ആ ദിശയിലേക്ക് നമ്മെ നയിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി ഉപസംഹരിച്ചു.

Sharing my remarks at G20 Digital Economy Ministers Meeting in Bengaluru. @g20org https://t.co/ai6pbrR6wl

— Narendra Modi (@narendramodi) August 19, 2023

NS


(Release ID: 1950352) Visitor Counter : 145