റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

ദേശീയപാത ഉപയോക്താക്കൾക്കായി ഏകീകൃത മൊബൈൽ ആപ്ലിക്കേഷനായ 'രാജ്മാർഗ്‌യാത്ര' എൻഎച്ച്എഐ പുറത്തിറക്കി

Posted On: 03 AUG 2023 3:37PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ആഗസ്റ്റ് 03, 2023

ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) പൗര-കേന്ദ്രീകൃത ഏകീകൃത മൊബൈൽ ആപ്ലിക്കേഷനായ 'രാജ്മാർഗ്‌യാത്ര' അവതരിപ്പിച്ചുകൊണ്ട് ഹൈവേ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിൽ ഗണ്യമായ മുന്നേറ്റം നടത്തുന്നു. ഈ ഉപയോക്തൃ സൗഹൃദ അപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോറിലും ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. ഇത് ഇന്ത്യൻ ദേശീയപാതകളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകി യാത്രക്കാരെ ശാക്തീകരിക്കുകയും കാര്യക്ഷമമായ പരാതി പരിഹാര സംവിധാനം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. നിലവില് ഹിന്ദിയിലും ഇംഗ്ലീഷിലും ആപ്പ് ലഭ്യമാണ്.

'രാജ്മാർഗ്‌യാത്ര' ആപ്ലിക്കേഷന്റെ പ്രധാന സവിശേഷതകൾ:

സമഗ്ര ഹൈവേ വിവരങ്ങൾ: ദേശീയപാത ഉപയോക്താക്കൾക്ക് അവശ്യ വിവരങ്ങളുടെ ഒറ്റത്തവണ ശേഖരമായി 'രാജ്മാർഗ്‌യാത്ര' പ്രവർത്തിക്കുന്നു. തത്സമയ കാലാവസ്ഥ, സമയബന്ധിതമായ പ്രക്ഷേപണ അറിയിപ്പുകൾ, അടുത്തുള്ള ടോൾ പ്ലാസകൾ, പെട്രോൾ പമ്പുകൾ, ആശുപത്രികൾ, ഹോട്ടലുകൾ, മറ്റ് അവശ്യ സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകി സുരക്ഷിതവും തടസരഹിതവുമായ യാത്ര ആപ്പ് ഉറപ്പാക്കുന്നു.

തടസ്സരഹിതമായ പരാതി പരിഹാരം: ഇൻ-ബിൽറ്റ് പരാതി പരിഹാരവും എസ്കലേഷൻ സംവിധാനവും അപ്ലിക്കേഷനിൽ സജ്ജീകരിച്ചിരിക്കുന്നു. ഉപയോക്താക്കൾക്ക് ഹൈവേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാനും മികച്ച വ്യക്തതയ്ക്കായി ജിയോ-ടാഗ് ചെയ്ത വീഡിയോകളോ ഫോട്ടോകളോ നൽകാനും കഴിയും. രജിസ്റ്റർ ചെയ്ത പരാതികൾ സമയബന്ധിതമായി കൈകാര്യം ചെയ്യും. എന്തെങ്കിലും കാലതാമസമുണ്ടായാൽ സിസ്റ്റം-സൃഷ്ടിച്ച എസ്കലേഷൻ മുഖേന പരാതികൾ മേലധികാരികൾക്ക് പോകും. സമ്പൂർണ്ണ സുതാര്യതയ്ക്കായി ഉപയോക്താക്കൾക്ക് അവരുടെ പരാതികളുടെ നില പരിശോധിക്കാനും കഴിയും.
 
തടസ്സമില്ലാത്ത ഫാസ്ടാഗ് സേവനങ്ങൾ: 'രാജ്മാർഗ്‌യാത്ര' അതിന്റെ സേവനങ്ങൾ വിവിധ ബാങ്ക് പോർട്ടലുകളുമായി സമന്വയിപ്പിക്കുന്നു. ഇത് ഒറ്റ പ്ലാറ്റഫോമിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഫാസ്ടാഗുകൾ റീചാർജ് ചെയ്യാനും പ്രതിമാസ പാസുകൾ നേടാനും മറ്റ് ഫാസ്ടാഗുമായി ബന്ധപ്പെട്ട ബാങ്കിംഗ് സേവനങ്ങൾ ആക്സസ് ചെയ്യാനും സൗകര്യമൊരുക്കുന്നു.

അമിതമായ വേഗത്തിന്റെ അറിയിപ്പുകൾ നൽകിയും ശബ്ദ-സഹായത്തിലൂടെയും ഉത്തരവാദിത്തമുള്ളതും സുരക്ഷിതവുമായ ഡ്രൈവിംഗ് ആപ്പ് പ്രോത്സാഹിപ്പിക്കുന്നു.

തടസ്സമില്ലാത്തതും ഉപയോക്തൃ സൗഹൃദവുമായ അനുഭവം സൃഷ്ടിക്കുക, ഇന്ത്യൻ ദേശീയപാതകളിൽ സുരക്ഷിതവും കൂടുതൽ ആസ്വാദ്യകരവുമായ യാത്ര പ്രോത്സാഹിപ്പിക്കുക എന്നിവയാണ് 'രാജ്മാർഗ്‌യാത്ര' ലക്ഷ്യമിടുന്നത്.

ആൻഡ്രോയ്ഡ് ലിങ്ക്:
https://play.google.com/store/apps/details?id=com.nhai.rajmargyatra&hl=en_US

ഐഒഎസ് ലിങ്ക്:
https://apps.apple.com/in/app/rajmargyatra/id6449488412

****



(Release ID: 1945439) Visitor Counter : 139


Read this release in: English , Urdu , Hindi , Punjabi , Odia