പ്രധാനമന്ത്രിയുടെ ഓഫീസ്‌

മധ്യപ്രദേശിലെ ഷാഹ്ദോലില്‍ സിക്കിള്‍ സെല്‍ അനീമിയ മുക്തി ദൗത്യത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 01 JUL 2023 8:03PM by PIB Thiruvananthpuram

ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
പരിപാടിയില്‍ പങ്കെടുക്കുന്ന മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, മുഖ്യമന്ത്രി ശ്രീ ശിവരാജ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ മന്‍സുഖ് മാണ്ഡവ്യ ജി, ശ്രീ ഫഗ്ഗന്‍ സിംഗ് കുലസ്‌തേ ജി, പ്രൊഫസര്‍ എസ്.പി. സിംഗ് ബാഗേല്‍ ജി, ശ്രീമതി. രേണുക സിംഗ് സരുത ജി, ഡോ. ഭാരതി പവാര്‍ ജി, ശ്രീ ബിശ്വേശ്വര് ടുഡു ജി, പാര്‍ലമെന്റ് അംഗം ശ്രീ വി.ഡി. ശര്‍മ്മ ജി, മധ്യപ്രദേശ് ഗവണ്‍മെന്റിലെ മന്ത്രിമാരെ, നിയമസഭാംഗങ്ങളെ, ഈ പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഞങ്ങളോടൊപ്പം ചേരുന്ന മറ്റ് ബഹുമാനപ്പെട്ട അതിഥികളെ, ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കാന്‍ ഇവിടെ എത്തിയ, എണ്ണത്തില്‍ ഏറെയുള്ള എന്റെ പ്രിയ സഹോദരീസഹോദരന്മാരെ!

ജയ് സേവ, ജയ് ജോഹര്‍. ഇന്ന്, റാണി ദുര്‍ഗാവതി ജിയുടെ ഈ പുണ്യഭൂമിയില്‍ നിങ്ങളുടെ എല്ലാവരുടെയും ഇടയിലായിരിക്കാന്‍ സാധിച്ച ഞാന്‍ ഭാഗ്യവാനാണ്. റാണി ദുര്‍ഗ്ഗാവതി ജിയുടെ പാദങ്ങളില്‍ ഞാന്‍ ഹൃദയംഗമമായ പ്രണാമം അര്‍പ്പിക്കുന്നു. അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 'സിക്കിള്‍ സെല്‍ അനീമിയ മുക്തി ദൗത്യം' എന്ന ബൃഹത്തായ പ്രചരണം ഇന്ന് ആരംഭിക്കുകയാണ്. ഇന്ന്, മധ്യപ്രദേശിലെ ഒരു കോടി ഗുണഭോക്താക്കള്‍ക്ക് ആയുഷ്മാന്‍ കാര്‍ഡും നല്‍കുന്നു. ഈ രണ്ട് ശ്രമങ്ങളുടെയും പ്രാഥമിക ഗുണഭോക്താക്കള്‍ നമ്മുടെ ഗോണ്ട്, ഭില്‍, മറ്റ് ആദിവാസി വിഭാഗങ്ങള്‍ എന്നിവയാണ്. നിങ്ങള്‍ക്കും മധ്യപ്രദേശിലെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിനും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

സുഹൃത്തുക്കളെ,
ഷാഹ്ദോലിന്റെ ഈ ഭൂമിയില്‍ ഇന്ന് രാജ്യം ഒരു സുപ്രധാന ദൃഢനിശ്ചയം എടുക്കുകയാണ്. നമ്മുടെ ആദിവാസി സഹോദരങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാണ് ഈ ദൃഢനിശ്ചയം. സിക്കിള്‍ സെല്‍ അനീമിയയില്‍ നിന്നുള്ള മോചനത്തിനാണ് ഈ ദൃഢനിശ്ചയം. ഓരോ വര്‍ഷവും സിക്കിള്‍ സെല്‍ അനീമിയ ബാധിക്കുന്ന 2.5 ലക്ഷം കുട്ടികളുടെയും അവരുടെ 2.5 ലക്ഷം കുടുംബങ്ങളുടെയും ജീവന്‍ രക്ഷിക്കാനാണ് ഈ ദൃഢനിശ്ചയം.

സുഹൃത്തുക്കളെ,
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗോത്രവര്‍ഗ സമൂഹങ്ങള്‍ക്കിടയില്‍ ഞാന്‍ വളരെക്കാലം ചെലവഴിച്ചിട്ടുണ്ട്. സിക്കിള്‍ സെല്‍ അനീമിയ പോലുള്ള രോഗങ്ങള്‍ വലിയ കഷ്ടപ്പാടുകള്‍ ഉണ്ടാക്കുന്നു. രോഗികള്‍ക്ക് അവരുടെ സന്ധികളില്‍ വേദന, വീക്കം, ശാരീരിക ക്ഷീണം എന്നിവ നിരന്തരം അനുഭവപ്പെടുന്നു. ശ്വസിക്കാന്‍ പാടുപെടുന്ന അവര്‍ പുറം, കാലുകള്‍, നെഞ്ച് എന്നീ ഭാഗങ്ങളില്‍ ഉണ്ടാകുന്ന അസഹനീയമായ വേദന സഹിക്കുന്നു. നീണ്ടുനില്‍ക്കുന്ന കഷ്ടപ്പാടുകള്‍ രോഗികളുടെ ആന്തരിക അവയവങ്ങള്‍ക്കു കേടുവരുത്തുന്നു. ഈ രോഗം വ്യക്തികളെ മാത്രമല്ല അവരുടെ കുടുംബങ്ങളെയും ബാധിക്കുന്നു. ഇത് വായുവിലൂടെയോ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ പകരില്ല. ഇത് പാരമ്പര്യമായി, മാതാപിതാക്കളില്‍ നിന്ന് അവരുടെ കുട്ടികളിലേക്ക് പകരുന്നു. ഈ രോഗവുമായി ജനിക്കുന്ന കുട്ടികള്‍ അവരുടെ ജീവിതത്തിലുടനീളം വെല്ലുവിളികള്‍ നേരിടുന്നു.

സുഹൃത്തുക്കളെ,
ലോകത്തിലെ സിക്കിള്‍ സെല്‍ അനീമിയ കേസുകളില്‍ ഏകദേശം 50 ശതമാനവും നമ്മുടെ രാജ്യത്താണ് ഉണ്ടാവുന്നത്. നിര്‍ഭാഗ്യവശാല്‍, ഈ പ്രശ്‌നം ആരും ശ്രദ്ധിച്ചില്ല, കഴിഞ്ഞ 70 വര്‍ഷമായി ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കൃത്യമായ ഒരു പദ്ധതിയും തയ്യാറാക്കിയിട്ടില്ല. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് ദുരിതബാധിതരില്‍ ഏറെയും. ആദിവാസി സമൂഹത്തോടുള്ള നിസ്സംഗത കാരണം മുന്‍ ഗവണ്‍മെന്റുകള്‍ക്ക് അതൊരു പ്രശ്‌നമായി തോന്നിയിരുന്നില്ല. എന്നിരുന്നാലും, ആദിവാസി സമൂഹത്തിന്റെ ഈ വലിയ വെല്ലുവിളി പരിഹരിക്കാനുള്ള ഉത്തരവാദിത്തം ഇപ്പോള്‍ നമ്മുടെ ബിജെപി ഗവണ്‍മെന്റ് ഏറ്റെടുത്തിരിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആദിവാസി സമൂഹം എന്നതു ഗവണ്‍മെന്റിന്റെ കണക്കു മാത്രമല്ല. ഇത് നമുക്ക് സഹാനുഭൂതിയുടെയും വൈകാരികമായ ഉത്കണ്ഠയുടെയും വിഷയമാണ്. ഞാന്‍ ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് വളരെ മുമ്പുതന്നെ ഞാന്‍ ഈ ദിശയിലുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. നമ്മുടെ ഗവര്‍ണര്‍ ശ്രീ മംഗുഭായ് ആദിവാസി സമൂഹത്തിന്റെ സമര്‍പ്പിത നേതാവാണ്. ഞാനും മംഗുഭായിയും ഏകദേശം 50 വര്‍ഷമായി ആദിവാസി മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഈ രോഗത്തെ നേരിടാനുള്ള വഴികള്‍ കണ്ടെത്തുന്നതിനും ആദിവാസി കുടുംബങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനും ഞങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായതിനു ശേഷം ഇതുമായി ബന്ധപ്പെട്ട പല പ്രചാരണങ്ങളും ആരംഭിച്ചു. പ്രധാനമന്ത്രിയായ ശേഷം ഞാന്‍ ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ വെച്ച് നോബല്‍ സമ്മാന ജേതാവായ ഒരു ശാസ്ത്രജ്ഞനെ കണ്ടു. സിക്കില്‍സെല്‍ അനീമിയ രോഗത്തെക്കുറിച്ച് അദ്ദേഹം ഒരുപാട് ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. സിക്കിള്‍ സെല്‍ അനീമിയയ്ക്കുള്ള പ്രതിവിധി കണ്ടെത്തുന്നതിന് ഞാന്‍ അദ്ദേഹത്തിന്റെ സഹായം തേടിയിട്ടുണ്ട്.

സുഹൃത്തുക്കളെ,
സിക്കിള്‍ സെല്‍ അനീമിയയില്‍ നിന്നു മുക്തി നേടുന്നതിനുള്ള ഈ പ്രചരണം 'അമൃത് കാല'ത്തിന്റെ പ്രധാന ദൗത്യമായി മാറും. രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍, നമ്മുടെ ആദിവാസി കുടുംബങ്ങളെ സിക്കിള്‍ സെല്‍ അനീമിയയില്‍ നിന്ന് മോചിപ്പിക്കുമെന്നും 2047 ഓടെ രാജ്യത്തെ മോചിപ്പിക്കുമെന്നും ദൗത്യമാതൃകയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇതിനായി നാമെല്ലാവരും നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടതുണ്ട്. ഗവണ്‍മെന്റും ആരോഗ്യ പ്രവര്‍ത്തകരും ആദിവാസി സമൂഹങ്ങളും ഏകോപനത്തോടെ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. സിക്കിള്‍ സെല്‍ അനീമിയ ഉള്ള രോഗികള്‍ക്കു രക്തം മാറ്റിവെക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് അവര്‍ക്കായി രക്തബാങ്കുകള്‍ തുറക്കുന്നു. അവരുടെ ചികിത്സയ്ക്കായി മജ്ജ മാറ്റിവയ്ക്കുന്നതിനുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കുന്നു. സിക്കിള്‍ സെല്‍ അനീമിയ ഉള്ള രോഗികളെ പരിശോധിക്കുന്നത് എത്ര പ്രധാനമാണെന്ന് നിങ്ങള്‍ക്കറിയാം. ബാഹ്യ ലക്ഷണങ്ങളൊന്നുമില്ലാതെ പോലും, രോഗത്തിന്റെ വാഹകരാകാന്‍ ആര്‍ക്കും കഴിയും. അറിയാതെ, അത്തരം വ്യക്തികള്‍ ഈ രോഗം കുട്ടികളിലേക്ക് പകരും. അതിനാല്‍, പരിശോധനയ്ക്കു വിധേയമാക്കുകയും വാഹകരെ തിരിച്ചറിയുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്. പരിശോധനയ്ക്ക് വിധേയനാകാത്തത് രോഗിക്ക് ഈ രോഗത്തെക്കുറിച്ച് വളരെക്കാലം അറിയാതിരിക്കാന്‍ ഇടയാക്കും. മന്‍സുഖ് ഭായ് നേരത്തെ സൂചിപ്പിച്ചതുപോലെ, ജാതകവും പൊരുത്തപ്പെടുന്ന ജനന ചാര്‍ട്ടുകളും എന്ന ആശയം പല കുടുംബങ്ങളിലും പ്രബലമാണ്. അവര്‍ വിവാഹത്തിന് മുമ്പാണു ജാതകവും ജനന ചാര്‍ട്ടുകളും പൊരുത്തമുള്ളതാണെന്ന് ഉറപ്പാക്കുന്നത്. നിങ്ങളുടെ ജാതകം പൊരുത്തപ്പെടുന്നുണ്ടെങ്കിലും ഇല്ലെങ്കിലും, സിക്കിള്‍ സെല്‍ സ്‌ക്രീനിംഗ് റിപ്പോര്‍ട്ടും നല്‍കുന്ന കാര്‍ഡും പൊരുത്തപ്പെടേണ്ടത് അത്യാവശ്യമാണെന്നും അത് ഉറപ്പുവരുത്തിയശേഷം മാത്രം വിവാഹവുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

സുഹൃത്തുക്കളെ,
അങ്ങനെയാണ് ഈ രോഗം ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് പകരുന്നത് തടയാന്‍ കഴിയുക. അതിനാല്‍, സ്‌ക്രീനിംഗ് പദ്ധതിയില്‍ പങ്കെടുക്കാനും കാര്‍ഡ് നേടിയെടുക്കാനും രോഗ പരിശോധനയ്ക്ക് വിധേയരാകാനും ഞാന്‍ എല്ലാ വ്യക്തികളോടും അഭ്യര്‍ത്ഥിക്കുന്നു. സമൂഹം ഇതിന്റെ ഉത്തരവാദിത്തം എത്രത്തോളം ഏറ്റെടുക്കുന്നുവോ അത്രയും എളുപ്പമായിരിക്കും സിക്കിള്‍ സെല്‍ അനീമിയയില്‍ നിന്ന് മുക്തി നേടാന്‍.

സുഹൃത്തുക്കളെ,
വ്യക്തിയെ മാത്രമല്ല, ഒരു കുടുംബത്തിലെ ഒരാള്‍ക്ക് അസുഖം വന്നാല്‍ അത് മുഴുവന്‍ കുടുംബത്തെയും ബാധിക്കും. ഒരു വ്യക്തി രോഗബാധിതനാകുമ്പോള്‍, കുടുംബം മുഴുവന്‍ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും ചക്രത്തില്‍ കുടുങ്ങിപ്പോകുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍, ഞാന്‍ നിങ്ങളുടേതില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു കുടുംബത്തില്‍ നിന്നല്ല. നിങ്ങളിലൂടെയാണ് ഞാനിവിടെ എത്തിയത്. അതുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും  സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്യുന്നത്. അതുകൊണ്ടാണ് ഇത്തരം ഗുരുതരമായ രോഗങ്ങളെ ഉന്മൂലനം ചെയ്യാന്‍ നമ്മുടെ ഗവണ്‍മെന്റ് അക്ഷീണം പ്രയത്‌നിക്കുന്നത്. ഈ ശ്രമങ്ങള്‍ നിമിത്തം ഇതിനകം തന്നെ രാജ്യത്ത് ക്ഷയരോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 2025-ഓടെ ക്ഷയരോഗം പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ രാജ്യം.

സുഹൃത്തുക്കളെ,
നമ്മുടെ ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നതിന് മുമ്പ് 2013ല്‍ 11,000 കാലാ അസര്‍ കേസുകള്‍ ഉണ്ടായിരുന്നു. ഇന്ന് അത് ആയിരത്തില്‍ താഴെയായി കുറഞ്ഞു. 2013-ല്‍ 10 ലക്ഷം മലമ്പനി കേസുകളുണ്ടായിരുന്നെങ്കില്‍ 2022 ആയപ്പോഴേക്കും അത് 2 ലക്ഷത്തില്‍ താഴെയായി കുറഞ്ഞു. 2013ല്‍ ഏകദേശം 1.25 ലക്ഷം കുഷ്ഠരോഗികളുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ എഴുപതിനായിരമോ എഴുപത്തി അയ്യായിരമോ ആയി കുറഞ്ഞു. മുന്‍കാലങ്ങളില്‍ മെനിഞ്ചൈറ്റിസ് ഉണ്ടാക്കിയ നാശം നമുക്കെല്ലാവര്‍ക്കും അറിയാം. സമീപ വര്‍ഷങ്ങളില്‍ ഈ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഇത് വെറും കണക്കുകളല്ല. രോഗങ്ങള്‍ കുറയുമ്പോള്‍, ആളുകള്‍ കഷ്ടപ്പാടുകളില്‍ നിന്നും വേദനകളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും മരണത്തില്‍ നിന്നുപോലും രക്ഷിക്കപ്പെടുന്നു.

സഹോദരീ സഹോദരന്മാരേ,
രോഗങ്ങളുടെ ഭാരം കുറയ്ക്കുക മാത്രമല്ല, അതുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍കൂടിയാണ് നമ്മുടെ ഗവണ്‍മെന്റിന്റെ ശ്രമം. അതുകൊണ്ടാണ് ഞങ്ങള്‍ ആയുഷ്മാന്‍ ഭാരത് യോജന അവതരിപ്പിച്ചത്, അത് ജനങ്ങളുടെ ഭാരം കുറച്ചു. ഇന്ന് മധ്യപ്രദേശില്‍ മാത്രം ഒരു കോടി ആളുകള്‍ക്ക് ആയുഷ്മാന്‍ കാര്‍ഡ് നല്‍കി. പാവപ്പെട്ട ഒരാള്‍ക്ക് എപ്പോഴെങ്കിലും ആശുപത്രിയില്‍ പോകേണ്ടി വന്നാല്‍, ഈ കാര്‍ഡ് അവന്റെ പോക്കറ്റില്‍ 5 ലക്ഷം രൂപയുടെ എടിഎം കാര്‍ഡ് പോലെ പ്രവര്‍ത്തിക്കും. ഓര്‍ക്കുക, ഇന്ന് നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന കാര്‍ഡിന് ആശുപത്രി ചെലവ് ഇനത്തില്‍ 5 ലക്ഷം രൂപ ലഭിക്കും. നിങ്ങള്‍ക്ക് ഈ കാര്‍ഡ് ഉണ്ടെങ്കില്‍, ആര്‍ക്കും നിങ്ങളുടെ ചികിത്സ നിരസിക്കാന്‍ കഴിയില്ല, അവര്‍ പണം ചോദിക്കുകയുമില്ല. നിങ്ങള്‍ ഇന്ത്യയില്‍ എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുകയും നിങ്ങള്‍ അവിടെയുള്ള ഒരു ആശുപത്രിയില്‍ പോയി മോദിയുടെ ഈ ഗ്യാരണ്ടി കാണിക്കുകയും ചെയ്താല്‍, അവിടെയും അവര്‍ നിങ്ങള്‍ക്ക് ചികിത്സ നല്‍കേണ്ടിവരും. ഈ ആയുഷ്മാന്‍ കാര്‍ഡ് പാവപ്പെട്ടവരുടെ ചികിത്സയ്ക്ക് 5 ലക്ഷം രൂപയുടെ ഗ്യാരണ്ടിയാണ്, ഇത് മോദിയുടെ ഗ്യാരണ്ടിയാണ്.

സഹോദരീ സഹോദരന്മാരേ,
ആയുഷ്മാന്‍ യോജനയ്ക്ക് കീഴില്‍, രാജ്യത്തുടനീളമുള്ള ഏകദേശം അഞ്ച് കോടി പാവപ്പെട്ട വ്യക്തികള്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ഇല്ലായിരുന്നുവെങ്കില്‍ ഈ പാവപ്പെട്ട ജനങ്ങള്‍ക്ക് രോഗചികിത്സയ്ക്കായി ഒരു ലക്ഷം കോടി രൂപയിലധികം ചെലവഴിക്കേണ്ടി വരുമായിരുന്നു. ഇവരില്‍ എത്രപേര്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് ഒന്നു ചിന്തിച്ചുനോക്കൂ. വൈദ്യചികിത്സ ലഭിക്കാന്‍ എത്ര കുടുംബങ്ങള്‍ക്ക് അവരുടെ വീടും ഒരുപക്ഷെ കൃഷിഭൂമിയും വില്‍ക്കേണ്ടി വന്നിട്ടുണ്ടാകും? എന്നാല്‍ നമ്മുടെ ഗവണ്‍മെന്റ് എല്ലാ പ്രയാസകരമായ സാഹചര്യങ്ങളിലും പാവപ്പെട്ടവര്‍ക്കൊപ്പം നിന്നു. ഈ 5 ലക്ഷം രൂപയുടെ ആയുഷ്മാന്‍ യോജന ഗാരന്റി കാര്‍ഡ് പാവപ്പെട്ടവരുടെ ഏറ്റവും വലിയ ആശങ്ക കുറച്ചുകൊണ്ടുവരുന്നതിനുള്ള ഒരു ഗ്യാരണ്ടിയാണ്. ആയുഷ്മാന്‍ നടപ്പിലാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്, ഈ കാര്‍ഡ് നോക്കൂ - അതില്‍ 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ പറയുന്നു. ഒരു പാവപ്പെട്ട ഒരാള്‍ക്ക് 5 ലക്ഷം രൂപയ്ക്ക് ഈ നാട്ടില്‍ ആരും ഇതുവരെ ഗ്യാരണ്ടി നല്‍കിയിട്ടില്ല. ഇതാണ് ബിജെപി ഗവണ്‍മെന്റ്; ഇത് മോദിയാണ്, നിങ്ങള്‍ക്ക് 5 ലക്ഷം രൂപ ഗ്യാരണ്ടിയുള്ള കാര്‍ഡ് നല്‍കുന്ന വ്യക്തി.

സുഹൃത്തുക്കളെ,
ഗ്യാരണ്ടിയെക്കുറിച്ചു പറയുമ്പോള്‍ ഓര്‍ക്കേണ്ട കാര്യം, വ്യാജ ഉറപ്പ് നല്‍കുന്നവരോടു നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നതാണ്. സ്വന്തമായി ഒരു ഗ്യാരണ്ടിയും ഇല്ലാത്ത വ്യക്തികള്‍ ഗ്യാരന്റി അടിസ്ഥാനമാക്കിയുള്ള പുതിയ പദ്ധതികളുമായി നിങ്ങളുടെ അടുക്കല്‍ വരുന്നു. അവരുടെ ഗ്യാരന്റികളില്‍ മറഞ്ഞിരിക്കുന്ന പിഴവുകള്‍ തിരിച്ചറിയുക. വ്യാജ ഉറപ്പിന്റെ പേരില്‍ അവര്‍ നടത്തുന്ന വഞ്ചനയുടെ കളിക്കെതിരെ നിങ്ങള്‍ ജാഗ്രത പാലിക്കണം.

സുഹൃത്തുക്കളെ,
അവര്‍ സൗജന്യ വൈദ്യുതി ഉറപ്പ് നല്‍കു്ന്നതിന്റെ അര്‍ഥം അവര്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു എന്നാണ്. അവര്‍ സൗജന്യ യാത്ര ഉറപ്പുനല്‍കുമ്പോള്‍, ആ സംസ്ഥാനത്തിന്റെ ഗതാഗത സംവിധാനം തകരാന്‍ പോകുന്നു എന്നതാണു വസ്തുത. വര്‍ദ്ധിച്ച പെന്‍ഷനുകള്‍ അവര്‍ ഉറപ്പുനല്‍കുമ്പോള്‍, ആ സംസ്ഥാനത്തെ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കില്ല എന്നാണ് അര്‍ഥം. അവര്‍ വിലകുറഞ്ഞ പെട്രോള്‍ ഗ്യാരന്റി നല്‍കുമ്പോള്‍, നികുതി വര്‍ദ്ധിപ്പിച്ച് നിങ്ങളുടെ പോക്കറ്റില്‍ നിന്ന് പണം പിരിച്ചെടുക്കാന്‍ അവര്‍ തയ്യാറെടുക്കുന്നു എന്നാണു മനസ്സിലാക്കേണ്ടത്. വര്‍ദ്ധിച്ച തൊഴിലവസരങ്ങള്‍ അവര്‍ ഉറപ്പുനല്‍കുമ്പോള്‍, അതിനര്‍ത്ഥം അവര്‍ അവിടെയുള്ള വ്യവസായങ്ങളെയും ബിസിനസുകളെയും നശിപ്പിക്കുന്ന നയങ്ങള്‍ കൊണ്ടുവരുമെന്നാണ്. കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികളുടെ ഗ്യാരണ്ടി വഞ്ചനയും പാവപ്പെട്ടവരോടുള്ള ദ്രോഹവും സൂചിപ്പിക്കുന്നു. ഇതാണ് അവരുടെ കളി. 70 വര്‍ഷത്തിനുള്ളില്‍ പാവപ്പെട്ടവര്‍ക്ക് തൃപ്തികരമായ ഭക്ഷണം നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ 80 കോടിയിലധികം ആളുകള്‍ക്ക് സൗജന്യ റേഷന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്, അവര്‍ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം അത് ലഭിക്കുന്നു. 70 വര്‍ഷമായി പാവപ്പെട്ടവര്‍ക്ക് താങ്ങാനാവുന്ന ആരോഗ്യ പരിരക്ഷ ഉറപ്പുനല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ ആയുഷ്മാന്‍ ഭാരത് യോജന പ്രകാരം 50 കോടി ഗുണഭോക്താക്കള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കിയിട്ടുണ്ട്. 70 വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്ക് പുക രഹിത ജീവിതം ഉറപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ ഉജ്ജ്വല യോജനയ്ക്ക് കീഴില്‍ ഏകദേശം 10 കോടി സ്ത്രീകള്‍ക്ക് പുക രഹിത ജീവിതം ഉറപ്പുനല്‍കിയിട്ടുണ്ട്. 70 വര്‍ഷത്തിനുള്ളില്‍ പാവപ്പെട്ടവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാമെന്ന ഉറപ്പു നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. എന്നാല്‍ മുദ്ര യോജന പ്രകാരം 8.5 കോടി ആളുകള്‍ക്ക് മാന്യമായ സ്വയം തൊഴില്‍ ഉറപ്പാക്കിയിട്ടുണ്ട്.

അവരുടെ ഗ്യാരണ്ടിയുടെ അര്‍ത്ഥം, അതില്‍ ഏതെങ്കിലും തരത്തിലുള്ള കുസൃതിയോ വഞ്ചനയോ ഉണ്ടെന്നാണ്. ഇന്ന് ഒന്നിച്ചുവരുമെന്ന് പറയുന്നവരുടെ പഴയ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അവര്‍ എപ്പോഴും പരസ്പരം വിമര്‍ശിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പ്രതിപക്ഷ ഐക്യത്തിന് ഒരു ഉറപ്പുമില്ല. ഈ കുടുംബ പാര്‍ട്ടികള്‍ സ്വന്തം കുടുംബത്തിന്റെ ക്ഷേമത്തിനായി മാത്രമാണ് പ്രവര്‍ത്തിച്ചത്. രാജ്യത്തെ സാധാരണക്കാരുടെ ഉന്നമനത്തിന്റെ കാര്യത്തില്‍  അവര്‍ക്ക് ഒരു ഉറപ്പുമില്ല. അഴിമതി ആരോപണ വിധേയരായവര്‍ ജാമ്യത്തില്‍ സ്വതന്ത്രരായി വിഹരിക്കുന്നു. അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ ഒരേ വേദിയില്‍ പ്രത്യക്ഷപ്പെടുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അഴിമതി രഹിത ഭരണം അവര്‍ക്ക് ഉറപ്പില്ല. ഒരേ സ്വരത്തില്‍ രാജ്യത്തിനെതിരെ പ്രസ്താവനകള്‍ നടത്തുകയാണ്. ദേശവിരുദ്ധരുമായി യോഗങ്ങള്‍ നടത്തുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവര്‍ക്ക് തീവ്രവാദ രഹിത ഇന്ത്യയെക്കുറിച്ച് ഉറപ്പില്ല. അവര്‍ വാഗ്ദാനങ്ങള്‍ നല്‍കി സ്ഥലംവിടും. എന്നാല്‍, അതിന്റെ അനന്തരഫലങ്ങള്‍ നിങ്ങള്‍ വഹിക്കേണ്ടിവരും. ഗ്യാരണ്ടി നല്‍കി അവര്‍ പോക്കറ്റ് നിറയ്ക്കും, പക്ഷേ നിങ്ങളുടെ കുട്ടികള്‍ കഷ്ടപ്പെടും. ഗ്യാരന്റി നല്‍കി അവര്‍ സ്വന്തം കുടുംബങ്ങളെ മുന്നോട്ട് കൊണ്ടുപോകും, പക്ഷേ, രാജ്യം അതിന്റെ വില നല്‍കേണ്ടിവരും. അതിനാല്‍, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളോടും അവരുടെ ഉറപ്പുകളോടും നിങ്ങള്‍ ജാഗ്രത പാലിക്കണം.

സുഹൃത്തുക്കളെ,

വ്യാജ ഉറപ്പ് നല്‍കുന്നവരുടെ സമീപനം എന്നും ആദിവാസി സമൂഹങ്ങള്‍ക്ക് എതിരാണ്. മുന്‍കാലങ്ങളില്‍, ആദിവാസി സമുദായങ്ങളിലെ യുവാക്കള്‍ക്ക് ഭാഷയുടെ കാര്യത്തില്‍ വലിയ വെല്ലുവിളി ഉണ്ടായിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇപ്പോള്‍ പ്രാദേശിക ഭാഷയില്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം നല്‍കുന്നു. എന്നാല്‍ വ്യാജ ഉറപ്പ് നല്‍കുന്നവര്‍ ദേശീയ വിദ്യാഭ്യാസ നയത്തെ വീണ്ടും എതിര്‍ക്കുകയാണ്. നമ്മുടെ ആദിവാസി സഹോദരങ്ങളുടെ മക്കള്‍ സ്വന്തം ഭാഷയില്‍ വിദ്യാഭ്യാസം നേടണമെന്ന് അത്തരക്കാര്‍ ആഗ്രഹിക്കുന്നില്ല. ആദിവാസികളുടെയും ദലിതരുടെയും പിന്നാക്കക്കാരുടെയും പാവപ്പെട്ടവരുടെയും മക്കള്‍ മുന്നോട്ടു വന്നാല്‍ തങ്ങളുടെ വോട്ട് ബാങ്ക് രാഷ്ട്രീയം തകരുമെന്ന് അവര്‍ക്കറിയാം. ആദിവാസി മേഖലയിലെ സ്‌കൂളുകളുടെയും കോളേജുകളുടെയും പ്രാധാന്യം ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് 400-ലധികം ഏകലവ്യ സ്‌കൂളുകളില്‍ ആദിവാസി കുട്ടികള്‍ക്ക് റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസം നേടാനുള്ള അവസരം നമ്മുടെ ഗവണ്‍മെന്റ് ഒരുക്കിയത്. മധ്യപ്രദേശില്‍ മാത്രം 24,000 ത്തോളം വിദ്യാര്‍ത്ഥികള്‍ ഇത്തരം സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്.

സുഹൃത്തുക്കളെ,
മുന്‍ ഗവണ്‍മെന്റുകള്‍ ആദിവാസി സമൂഹത്തെ തുടര്‍ച്ചയായി അവഗണിച്ചു. ഞങ്ങള്‍ ഗോത്രകാര്യ വകുപ്പിന് ഒരു പ്രത്യേക മന്ത്രാലയം സ്ഥാപിക്കുകയും അതിന് മുന്‍ഗണന നല്‍കുകയും ചെയ്തിട്ടുണ്ട്. ആ മന്ത്രാലയത്തിന്റെ ബജറ്റ് ഞങ്ങള്‍ മൂന്നിരട്ടിയാക്കി. മുമ്പ് കാടും ഭൂമിയും ചൂഷണം ചെയ്യുന്നവര്‍ക്ക് സംരക്ഷണം ലഭിച്ചിരുന്നു. വനാവകാശ നിയമപ്രകാരം 20 ലക്ഷത്തിലധികം പട്ടയങ്ങള്‍ ഞങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. പഞ്ചായത്ത് (പട്ടികയിലുള്ള പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കല്‍) പെസ നിയമത്തിന്റെ പേരില്‍ അവര്‍ ഇത്രയും വര്‍ഷമായി രാഷ്ട്രീയക്കളികള്‍ കളിച്ചു. എന്നിരുന്നാലും, ഞങ്ങള്‍ പെസ നിയമം നടപ്പിലാക്കുകയും ആദിവാസി സമൂഹത്തിന് അവരുടെ അവകാശങ്ങള്‍ നല്‍കുകയും ചെയ്തു. മുന്‍കാലങ്ങളില്‍, ഗോത്ര പാരമ്പര്യങ്ങളും കലാപരമായ കഴിവുകളും പരിഹസിക്കപ്പെട്ടിരുന്നു. എന്നാല്‍ ഞങ്ങള്‍ ആദി മഹോത്സവം (ഗോത്രോത്സവം) പോലുള്ള പരിപാടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.

സുഹൃത്തുക്കളെ,
കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളായി, ഗോത്രവര്‍ഗത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനുമായി നിരന്തരമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോള്‍, നവംബര്‍ 15 ന് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനത്തില്‍ രാജ്യം മുഴുവന്‍ 'ജന്‍ജാതിയ ഗൗരവ് ദിവസ്' (ദേശീയ ആദിവാസി അഭിമാന ദിനം) ആഘോഷിക്കുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ആദിവാസി സമൂഹത്തിലെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കായി സമര്‍പ്പിത മ്യൂസിയങ്ങള്‍ സ്ഥാപിക്കപ്പെടുന്നു. ഈ ശ്രമങ്ങള്‍ക്കിടയില്‍, മുന്‍ ഗവണ്‍മെന്റുകളുടെ പെരുമാറ്റം നാം മറക്കരുത്. പതിറ്റാണ്ടുകളായി രാജ്യത്ത് ഭരണം നടത്തിയവര്‍ക്ക് ആദിവാസികളോടും ദരിദ്രരോടുമുള്ള മനോഭാവം നിര്‍വികാരപരവും അനാദരവു നിറഞ്ഞതുമായിരുന്നു. ഗോത്രവര്‍ഗക്കാരിയായ വനിതയെ രാജ്യത്തിന്റെ രാഷ്ട്രപതിയാക്കണമെന്ന ചര്‍ച്ച വന്നപ്പോള്‍ പല പാര്‍ട്ടികളും സ്വീകരിച്ച നിലപാടുകള്‍ നമ്മള്‍ കണ്ടതാണ്. മധ്യപ്രദേശിലെ ജനങ്ങളും അവരുടെ മനോഭാവത്തിന് സാക്ഷിയാണ്. ഷഹ്ദോള്‍ ഡിവിഷനില്‍ സെന്‍ട്രല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി തുറന്നപ്പോള്‍, അവര്‍ അതിന് സ്വന്തം കുടുംബത്തിന്റെ പേരിട്ടു, ശിവരാജ് ജിയുടെ ഗവണ്‍മെന്റ് മഹാനായ ഗോണ്ട് വിപ്ലവകാരിയായ രാജാ ശങ്കര്‍ ഷായുടെ പേരില്‍ ചിന്ദ്വാര സര്‍വകലാശാല എന്ന് നാമകരണം ചെയ്തു. താന്ത്യാ മാമയെപ്പോലുള്ള നായകന്മാരെ അവര്‍ പാടേ അവഗണിച്ചു. എന്നാല്‍ നമ്മള്‍ പാതാളപാനി റെയില്‍വേ സ്റ്റേഷനു താന്ത്യാ മാമയുടെ പേരു നല്‍കി. മഹാനായ ഗോണ്ട് സമുദായ നേതാവായ ശ്രീ ദല്‍ബീര്‍ സിംഗ് ജിയുടെ കുടുംബത്തെയും അവര്‍ അനാദരിച്ചു. അവരെ ആദരിച്ചുകൊണ്ടു അതിനു ഞങ്ങള്‍ പ്രായശ്ചിത്തം ചെയ്തു. ഗോത്ര നേതാക്കളോടുള്ള ഞങ്ങളുടെ ആദരവ് ആദിവാസി യുവാക്കളോടുള്ള ബഹുമാനവും നിങ്ങളോടെല്ലാമുള്ള ബഹുമാനവുമാണ്.

സുഹൃത്തുക്കളെ,

നാം ഈ ശ്രമങ്ങള്‍ തുടരുകയും അവ ത്വരിതപ്പെടുത്തുകയും വേണം. നിങ്ങളുടെ സഹകരണവും അനുഗ്രഹവും ഉണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാകൂ. നിങ്ങളുടെ അനുഗ്രഹവും റാണി ദുര്‍ഗ്ഗാവതിയുടെ പ്രചോദനവും നമ്മെ ഇതുപോലെ നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. റാണി ദുര്‍ഗ്ഗാവതിയുടെ 500-ാം ജന്മവാര്‍ഷികം അടുത്തുവരുന്നു, ഒക്ടോബര്‍ അഞ്ചിനാണ് എന്ന് ശിവരാജ് ജി സൂചിപ്പിച്ചു. ഇന്ന്, റാണി ദുര്‍ഗ്ഗാവതിയുടെ വീര്യം കണ്ട ഈ പുണ്യഭൂമിയില്‍ ഞാന്‍ നിങ്ങളുടെ ഇടയില്‍ നില്‍ക്കുമ്പോള്‍, കേന്ദ്ര ഗവണ്‍മെന്റ് റാണി ദുര്‍ഗ്ഗാവതിയുടെ 500-ാം ജന്മശതാബ്ദി രാജ്യമെമ്പാടും ആഘോഷിക്കുമെന്ന് ഞാന്‍ രാജ്യത്തോട് പ്രഖ്യാപിക്കുന്നു. റാണി ദുര്‍ഗാവതിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ നിര്‍മ്മിക്കും. അവരുടെ ബഹുമാനാര്‍ത്ഥം ഒരു വെള്ളി നാണയം പുറത്തിറക്കും.  കൂടാതെ റാണി ദുര്‍ഗ്ഗാവതിയുടെ തപാല്‍ സ്റ്റാമ്പും പുറത്തിറക്കും. 500 വര്‍ഷം മുമ്പ് ജനിച്ച നമ്മുടെ ബഹുമാന്യയായ അമ്മയുടെ പ്രചോദനം ഇന്ത്യയിലെയും ലോകത്തെയും എല്ലാ വീടുകളിലും എത്തിക്കുന്നതിനുള്ള ഒരു സംരംഭം ആരംഭിക്കുകയും ചെയ്യും.

മധ്യപ്രദേശ് വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ തൊടും, വികസിത ഇന്ത്യ എന്ന സ്വപ്നം നമ്മള്‍ ഒരുമിച്ച് പൂര്‍ത്തീകരിക്കും. ഇപ്പോള്‍, ഞാന്‍ ഇവിടെയുള്ള ചില ആദിവാസി കുടുംബങ്ങളെ കാണാന്‍ പോകുകയാണ്. അവരുമായി സംസാരിക്കാന്‍ ഇന്ന് എനിക്ക് അവസരം ലഭിക്കും. നിങ്ങള്‍ ഇത്രയധികം പേര്‍ വന്നിരിക്കുന്നു... വരും തലമുറകളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള എന്റെ വലിയ പ്രചാരണം സിക്കിള്‍ സെല്‍ അനീമിയയും ആയുഷ്മാന്‍ കാര്‍ഡും സംബന്ധിച്ചാണ്. എനിക്ക് നിങ്ങളുടെ പിന്തുണ വേണം. സിക്കിള്‍ സെല്‍ അനീമിയയില്‍നിന്നു രാജ്യത്തെ മോചിപ്പിക്കണം, നമ്മുടെ ആദിവാസി കുടുംബങ്ങളെ ഈ പ്രതിസന്ധിയില്‍ നിന്ന് മോചിപ്പിക്കണം. എന്നെ സംബന്ധിച്ചിടത്തോളം, ഈ ജോലി എന്റെ ഹൃദയത്തോട് ചേര്‍ന്നതാണ്. അതില്‍ എനിക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്, എനിക്ക് എന്റെ ആദിവാസി കുടുംബങ്ങളുടെ പിന്തുണ ആവശ്യമാണ്. ഇതാണ് നിങ്ങളോടുള്ള എന്റെ അപേക്ഷ. ആരോഗ്യത്തോടെയും ഐശ്വര്യത്തോടെയും ഇരിക്കുക. ഈ ആഗ്രഹത്തോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് നന്ദി!

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

ഒത്തിരി നന്ദി!

--ND--



(Release ID: 1936980) Visitor Counter : 106