പ്രധാനമന്ത്രിയുടെ ഓഫീസ്
42-ാം പ്രഗതി സംവാദത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണപ്രദേശങ്ങളിലുമായി വ്യാപിച്ചിട്ടുള്ള 1,21,300 കോടിരൂപ മൂല്യമുള്ള 12 പ്രധാന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു
രാജ്‌കോട്ട്, ജമ്മു, അവന്തിപോറ, ബീബീനഗർ, മധുര, രെവാരി, ദർഭംഗ എന്നിവിടങ്ങളിലെ എയിംസിന്റെ നിർമാണ പുരോഗതി പ്രധാനമന്ത്രി അവലോകനം ചെയ്തു
പിഎം സ്വനിധി സ്കീം അവലോകനം ചെയ്യവേ, നഗരപ്രദേശങ്ങളിലെ അർഹതയുള്ള തെരുവോരക്കച്ചവടക്കാരെയും കണ്ടെത്തി പരിരക്ഷിക്കണമെന്നു ചീഫ് സെക്രട്ടറിമാരോടു പ്രധാനമന്ത്രി അഭ്യർഥിച്ചു
‘സ്വനിധി സേ സമൃദ്ധി’ യജ്ഞത്തിലൂടെ ഗവണ്മെന്റ് പദ്ധതികളുടെയെല്ലാം ആനുകൂല്യങ്ങൾ സ്വനിധി ഗുണഭോക്താക്കളുടെ കുടുംബാംഗങ്ങൾക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു
Posted On:
28 JUN 2023 7:42PM by PIB Thiruvananthpuram
കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളെ ഉൾപ്പെടുത്തിയുള്ള, സജീവ ഭരണനിർവഹണത്തിനും സമയബന്ധിത നടപ്പാക്കലിനുമുള്ള ഐസിടി അധിഷ്ഠിത ബഹുതലവേദിയായ പ്രഗതിയുടെ 42-ാം പതിപ്പിന്റെ യോഗം ഇന്നു നടന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായി.
യോഗത്തിൽ പ്രധാനപ്പെട്ട 12 പദ്ധതികൾ അവലോകനം ചെയ്തു. ഇതിൽ ഏഴെണ്ണം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽനിന്നും രണ്ടു പദ്ധതികൾ റെയിൽവേ മന്ത്രാലയത്തിൽനിന്നുമാണ്. റോഡ് ഗതാഗത - ഹൈവേ മന്ത്രാലയം, സ്റ്റീൽ മന്ത്രാലയം, പെട്രോളിയം - പ്രകൃതി വാതക മന്ത്രാലയം എന്നിവയിൽനിന്നുള്ളതാണ് ഓരോ പദ്ധതികൾ. ഛത്തീസ്‌ഗഢ്, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, ഒഡിഷ, ഹരിയാന എന്നീ 10 സംസ്ഥാനങ്ങളുമായും ജമ്മു കശ്മീർ, ദാദ്ര ആൻഡ് നാഗർ ഹവേലി എന്നീ 2 കേന്ദ്രഭരണപ്രദേശങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്ന ഈ പദ്ധതികൾക്ക് 1,21,300 കോടി രൂപയിലധികം ചെലവുവരും.
രാജ്‌കോട്ട്, ജമ്മു, അവന്തിപോറ, ബീബീനഗർ, മധുര, രെവാരി, ദർഭംഗ എന്നിവിടങ്ങളിലെ എയിംസിന്റെ നിർമാണത്തിനുള്ള പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി അവലോകനംചെയ്തു. പൊതുജനങ്ങളിൽ അവയുടെ പ്രാധാന്യം കണക്കിലെടുത്ത്, നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും പദ്ധതികൾ പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി പാലിക്കാനും പ്രധാനമന്ത്രി എല്ലാ പങ്കാളികൾക്കും നിർദേശം നൽകി.
‘പിഎം സ്വനിധി പദ്ധതി’യും ആശയവിനിമയത്തിനിടെ പ്രധാനമന്ത്രി അവലോകനം ചെയ്തു. നഗരപ്രദേശങ്ങളിലെ, പ്രത്യേകിച്ച് രണ്ടാംനിര-മൂന്നാംനിര നഗരങ്ങളിലെ, അർഹതയുള്ള എല്ലാ തെരുവോരക്കച്ചവടക്കാരെയും കണ്ടെത്തി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിമാരോട് അഭ്യർഥിച്ചു. ദൗത്യമെന്ന നിലയിൽ തെരുവോരക്കച്ചവടക്കാരുടെ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ‘സ്വനിധി സേ സമൃദ്ധി’ യജ്ഞത്തിലൂടെ സ്വനിധി ഗുണഭോക്താക്കളുടെ കുടുംബാംഗങ്ങൾക്കു ഗവണ്മെന്റ് പദ്ധതികളുടെയെല്ലാം ആനുകൂല്യങ്ങൾ നൽകുന്നതിനും അദ്ദേഹം നിർദേശം നൽകി.
ജി20 യോഗങ്ങൾ വിജയകരമായി സംഘടിപ്പിച്ചതിന് എല്ലാ ചീഫ് സെക്രട്ടറിമാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ യോഗങ്ങളിൽനിന്നുള്ള നേട്ടങ്ങൾ അവരുടെ സംസ്ഥാനങ്ങൾക്ക്, പ്രത്യേകിച്ച് വിനോദസഞ്ചാരത്തിന്റെയും കയറ്റുമതിയുടെയും പ്രോത്സാഹനത്തിനായി പരമാവധി വർധിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ഇതുവരെ പ്രഗതി യോഗങ്ങളിൽ 17.05 ലക്ഷം കോടി രൂപ ചെലവുവരുന്ന 340 പദ്ധതികൾ അവലോകനം ചെയ്തു.
--ND--
(Release ID: 1936126)
Visitor Counter : 123
Read this release in:
Telugu
,
Tamil
,
Assamese
,
Bengali
,
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Gujarati
,
Kannada