രാജ്യരക്ഷാ മന്ത്രാലയം

രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, നാളെ കൊച്ചിയിൽ  ഐഎൻഎസ് വിക്രാന്ത്  കപ്പലിൽ  നടക്കുന്ന അന്താരാഷ്ട്ര യോഗ ദിന പരിപാടിയിൽ പങ്കെടുക്കും.

Posted On: 20 JUN 2023 4:43PM by PIB Thiruvananthpuram

തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നാളെ (2023 ജൂൺ 21 ന്) അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, നാവികസേനാംഗങ്ങൾക്കൊപ്പം യോഗ പ്രകടനത്തിൽ പങ്കുചേരും.

നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ,  നേവൽ വെൽഫെയർ ആൻഡ് വെൽനസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി.കലാ ഹരികുമാർ, ഇന്ത്യൻ നാവികസേനയിലെയും പ്രതിരോധ മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ഐക്യത്തിന്റെയും ക്ഷേമത്തിന്റെയും ചൈതന്യം  ഉൾക്കൊള്ളുന്ന പരിപാടിയിൽ  അഗ്നിവീരർ ഉൾപ്പെടെയുള്ള സായുധ സേനാംഗങ്ങൾ പങ്കെടുക്കും.  യോഗാ സെഷനുശേഷം രക്ഷാമന്ത്രി, യോഗത്തെ അഭിസംബോധന ചെയ്യുകയും യോഗ പരിശീലകരെ അനുമോദിക്കുകയും ചെയ്യും.

 ഈ അവസരത്തിൽ,' യോഗയുടെ സമുദ്രവലയം ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരു പ്രത്യേക വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്യും. അതേസമയം ഐ ഡി വൈ  23 ന്റെ പ്രമേയം കൂടിയായ "വസുധൈവ കുടുംബകം" എന്ന സന്ദേശത്തെ പ്രചരിപ്പിക്കുന്നതിനായി ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ നാവികസേനാ യൂണിറ്റുകൾ,  വിദേശ സുഹൃത്ത് രാജ്യങ്ങളിലെ വിവിധ തുറമുഖങ്ങൾ സന്ദർശിക്കും.   2014-ൽ ഒരു പ്രമേയത്തിലൂടെ ജൂൺ 21നെ അന്താരാഷ്ട്ര യോഗാ ദിനമായി യുഎൻ, അംഗീകരിച്ചതിന്റെ ഒൻപതാം വാർഷികമാണിത്.

പിന്നീട് നാളെ, കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിൽ ഇന്റഗ്രേറ്റഡ് സിമുലേറ്റർ കോംപ്ലക്‌സ് (ഐഎസ്‌സി) 'ധ്രുവ്'  ന്റെ ഉദ്ഘാടനവും രക്ഷാ മന്ത്രി നിർവഹിക്കും. ഇന്ത്യൻ നാവികസേനയിൽ പ്രായോഗിക പരിശീലനം ഗണ്യമായി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന  തദ്ദേശീയമായി നിർമ്മിച്ച  അത്യാധുനിക സിമുലേറ്ററുകൾ  'ധ്രുവ്' സംവിധാനത്തിൽ ഉണ്ട്.

****



(Release ID: 1933882) Visitor Counter : 89


Read this release in: English , Urdu , Hindi , Tamil