പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അ ദ്ധ്യ ക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു


ചുഴലിക്കാറ്റിന്റെ ആഘാതം ലഘൂകരിക്കാന്‍ കൈക്കൊണ്ട  നടപടികളെ കുറിച്ച്  ഉദ്യോഗസ്ഥർ   പ്രധാനമന്ത്രിയെ ധരിപ്പിച്ചു 

അപകടസാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ചുവെന്ന് ഉറപ്പാക്കാൻ  സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം: പ്രധാനമന്ത്രി

കേടുപാടുകള്‍ സംഭവിച്ചാല്‍ അവ ഉടനടി പുനഃസ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകളോടെ എല്ലാ അവശ്യ സേവനങ്ങളുടെയും പരിപാലനം ഉറപ്പാക്കണം: പ്രധാനമന്ത്രി

മൃഗങ്ങളുടേയും സുരക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു

Posted On: 12 JUN 2023 4:23PM by PIB Thiruvananthpuram

 

ആസന്നമായ ബിപോര്‍ജോയ് ചുഴലിക്കാറ്റുമൂലം ഉണ്ടാകുന്ന സ്ഥിതിഗതികള്‍ നേരിടാന്‍ കേന്ദ്രത്തിലെയും ഗുജറാത്തിലെയും മന്ത്രാലയങ്ങളുടെ/ഏജന്‍സികളുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ഒരു ഉന്നതതല യോഗം ചേര്‍ന്നു.

അപകടസാദ്ധ്യതയുള്ള പ്രദശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതമായി മാറ്റിപാര്‍പ്പിക്കുന്നതിനും വൈദ്യുതി, വാർത്താവിനിമയം , ആരോഗ്യം, കുടിവെള്ളം തുടങ്ങിയ എല്ലാ അവശ്യ സേവനങ്ങളുടെയും പരിപാലനം ഉറപ്പാക്കുന്നതിനും അവയ്ക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിനും സംസ്ഥാന ഗവണ്‍മെന്റ് സാദ്ധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. മൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇരുപത്തിനാലു മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നതിനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ജൂണ്‍ 15-ന് ഉച്ചയോടെ മാണ്ഡ്‌വിക്കും(ഗുജറാത്ത്) കറാച്ചിക്കും (പാകിസ്ഥാന്‍) ഇടയിൽ  ജഖാവു തുറമുഖത്തിന് സമീപം (ഗുജറാത്ത്) അതിതീവ്ര ചുഴലിക്കാറ്റായി കരയിലേയ്ക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗത്തില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്  അറിയിച്ചു. മണിക്കൂറില്‍ 125-135 കി.മീ മുതല്‍ 145 കി.മീ വരെ വേഗതയില്‍ കാറ്റ് വീശുന്ന അതിതീവ്ര ചുഴലിക്കാറ്റായിരിക്കും ഇതെന്നും അവര്‍ വ്യക്തമാക്കി. ജൂണ്‍14-15 തീയതികളില്‍ ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗര്‍ എന്നിവ ഉള്‍പ്പെടുന്ന തീരദേശ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കും ഗുജറാത്തിലെ പോര്‍ബന്തര്‍, രാജ്‌കോട്ട്, മോര്‍ബി, ജുനഗര്‍ ജില്ലകളിലെ ചില സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. ജൂണ്‍ 6 ന് ചുഴലിക്കാറ്റ് രൂപം കൊണ്ടതുമുതല്‍ ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും ഏറ്റവും പുതിയ മുന്നറിയിപ്പുകള്‍ ഉള്‍പ്പെടുന്ന ബുള്ളറ്റിനുകള്‍ പതിവായി പുറപ്പെടുവിക്കുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ്  അറിയിച്ചു.

സ്ഥിതിഗതികള്‍ ആഭ്യന്തര മന്ത്രാലയം  24മണിക്കൂറും അവലോകനം ചെയ്യുന്നുണ്ടെന്നും സംസ്ഥാന ഗവണ്‍മെന്റുമായും ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും യോഗത്തില്‍ അറിയിച്ചു. ബോട്ടുകള്‍, മരം മുറിക്കുന്ന യന്ത്രങ്ങള്‍, ടെലികോം ഉപകരണങ്ങള്‍ തുടങ്ങിവയോടെ ദേശീയ ദുരന്തനിവാരണസേന (എന്‍.ഡി.ആര്‍.എഫ്) യുടെ 12 ടീമുകള്‍ ഇതിനകം തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ 15 ടീമുകളെ ആവശ്യംവന്നാല്‍ ഉപയോഗിക്കാനായി  നിര്‍ത്തിയിട്ടുമുണ്ട്.

ദുരിതാശ്വാസം, തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഇന്ത്യന്‍ തീരദേശ സേനയും നാവികസേനയും കപ്പലുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. കരസേനയുടെ എഞ്ചിനീയര്‍ ടാസ്‌ക് ഫോഴ്‌സ്‌യൂണിറ്റുകളും വ്യോമസേനയും, ബോട്ടുകളും രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളും വിന്യാസിക്കുന്നതിന് സജ്ജമായി ഒരുങ്ങി നില്‍ക്കുന്നുണ്ട്. നിരീക്ഷണ വിമാനങ്ങളും ഹെലികോപ്റ്ററുകളും തീരത്ത് തുടര്‍ച്ചയായി നിരീക്ഷണം നടത്തുന്നുണ്ട്. കരസേന, നാവികസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ ദുരന്ത നിവാരണ സംഘങ്ങളും  മെഡിക്കല്‍ ടീമുകളും  സജ്ജമാണ്.

ചുഴലിക്കാറ്റിനെ നേരിടാന്‍ ഗുജറാത്ത് ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളെക്കുറിച്ചും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രി തലത്തില്‍ ജില്ലാ ഭരണകൂടവുമായി അവലോകന യോഗങ്ങള്‍ നടത്തിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ മുഴുവന്‍ സംസ്ഥാന ഭരണ സംവിധാനങ്ങളും സജ്ജമായിട്ടുമുണ്ട്. മാത്രമല്ല, ക്യാബിനറ്റ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ഗുജറാത്ത് ചീഫ് സെക്രട്ടറിയുമായും ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളുമായും/ഏജന്‍സികളുമായും തുടര്‍ച്ചയായി ബന്ധപ്പെടുന്നുമുണ്ട്.

യോഗത്തില്‍ ആഭ്യന്തര മന്ത്രി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

--ND--



(Release ID: 1931717) Visitor Counter : 115