ഷിപ്പിങ് മന്ത്രാലയം

തോപ്പുംപടി കൊച്ചിൻ ഫിഷിംഗ് ഹാർബറിന്റെ നവീകരണത്തിനും ആധുനികവൽക്കരണത്തിനുമുള്ള പദ്ധതിക്ക് തറക്കല്ലിട്ടു

Posted On: 11 JUN 2023 3:47PM by PIB Thiruvananthpuram




കൊച്ചി: ജൂൺ 11, 2023

കൊച്ചിൻ ഫിഷിംഗ് ഹാർബറിന്റെ നവീകരണവും ആധുനികവൽക്കരണവും സംബന്ധിച്ച പദ്ധതിക്ക് തോപ്പുംപടിയിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ശ്രീ പർഷോത്തം രൂപാല, തുറമുഖ, ഷിപ്പിംഗ്- ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ എന്നിവർ ഇന്ന് തറക്കല്ലിട്ടു.

ഫിഷറീസ് & അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ട് (എഫ്‌ഐഡിഎഫ്), സാഗർമാല പദ്ധതി, പ്രധാൻമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) എന്നിവയ്ക്ക് കീഴിൽ ആധുനിക ഫിഷിംഗ് ഹാർബറുകളുടെയും ഫിഷ് ലാൻഡിംഗ് സെന്ററുകളുടെയും വികസനത്തിന് 7,500 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് ഗവൺമെന്റ് അംഗീകാരം നൽകിയതായി ചടങ്ങിൽ സംസാരിച്ച കേന്ദ്ര മന്ത്രി ശ്രീ പർഷോത്തം രൂപാല പറഞ്ഞു. കൊച്ചിൻ ഫിഷിംഗ് ഹാർബറിൻ്റെ നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. സാഗർ പരിക്രമയുടെ ഭാഗമായുള്ള കേരള സന്ദർശനത്തിന് സംസ്ഥാന സർക്കാർ എല്ലാവിധ പിന്തുണയും നൽകിയതായും അദ്ദേഹം പറഞ്ഞു. പദ്ധതികൾ നടപ്പിലാക്കുമ്പോൾ സംസ്ഥാന കേന്ദ്ര സർക്കാറുകൾ കൈകോർക്കണo, അത് പദ്ധതികളുടെ ഗുണനിലവാരം വർധിപ്പിക്കും. രാജ്യത്തിന് ഇത് പുതിയ സന്ദേശവും നൽകും. മത്സ്യമേഖലക്ക് സ്വതന്ത്ര മന്ത്രാലയം എന്നതാണ് പ്രധാനമന്ത്രി ലക്ഷ്യം വക്കുന്നത്. മത്സ്യ ബന്ധമേഖല പൂർണ്ണമായും സാങ്കേതികവത്കരിക്കും. മത്സ്യമേഖലയുടെ ശാക്തീകരണത്തിലൂടെ ഗ്രാമീണ മേഖലയുടെ വികസനമാണ് ലക്ഷ്യം. ലോക ഭക്ഷ്യ സുരക്ഷക്ക് ഭാരതം ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മത്സ്യമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടന്നും എല്ലാ മേഖലകളിലും വികസനം കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്നും ചടങ്ങിൽ വെർച്വലായി പങ്കെടുത്ത ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു. കേരളം എല്ലാ വിധ പിന്തുണയും നൽകുന്നുണ്ടെന്നും ഇന്ത്യ എല്ലാ മേഖലകളിലും സ്വയം പര്യാപ്തത കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഫിഷറീസ് വകുപ്പ്, 2022 മാർച്ചിൽ, തോപ്പുംപടിയിലെ കൊച്ചിൻ ഫിഷിംഗ് ഹാർബറിന്റെ നവീകരണത്തിനും ആധുനികവൽക്കരണത്തിനുമുള്ള  കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ നിർദ്ദേശത്തിന്  അനുമതി നൽകിയിരുന്നു. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ സാഗർമാല പദ്ധതിയുമായി ചേർന്ന് പിഎംഎംഎസ്‌വൈ പ്രകാരം 100 കോടി രൂപ കേന്ദ്ര ധനസഹായത്തോടെ ആകെ 169.17 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.

കൊച്ചിൻ ഫിഷിംഗ് ഹാർബറിൽ പ്രവർത്തിക്കുന്ന 700 മത്സ്യബന്ധന ബോട്ടുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. അതുവഴി പതിനായിരത്തോളം മത്സ്യത്തൊഴിലാളികൾക്ക് നേരിട്ടുള്ള ഉപജീവനമാർഗത്തിനും 30,000 ഓളം മത്സ്യത്തൊഴിലാളികളുടെ പരോക്ഷ ഉപജീവനത്തിനും സഹായകമാകും.  ആധുനികവൽക്കരണം ശുചിത്വത്തിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ സഹായിക്കുമെന്നും  മത്സ്യത്തിന്റെയും മത്സ്യ ഉൽപന്നങ്ങളുടെയും കയറ്റുമതിയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ആധുനികവൽക്കരണത്തിന് കീഴിൽ എയർകണ്ടീഷൻ ചെയ്ത ലേല ഹാളുകൾ, ഫിഷ് ഡ്രസ്സിംഗ് യൂണിറ്റ്, പാക്കേജിംഗ് യൂണിറ്റ്, പ്രാദേശിക റോഡുകൾ, കയറ്റിറക്ക്  പ്ലാറ്റ്‌ഫോമുകൾ, ഓഫീസ്, ഡോർമിറ്ററി, ഫുഡ് കോർട്ട് എന്നിവ സ്ഥാപിക്കുന്നതാണ് പ്രധാന പ്രവർത്തനങ്ങൾ. കോൾഡ് സ്റ്റോറേജുകൾ, സ്ലറി & ട്യൂബ് ഐസ് പ്ലാന്റുകൾ, മൾട്ടി ലെവൽ കാർ പാർക്കിംഗ് സൗകര്യം, റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ്, ഫുഡ് കോർട്ട്, ചില്ലറ വിൽപ്പന വിപണി തുടങ്ങിയവ ഉൾപ്പെടെ 55.85 കോടി രൂപയുടെ പിപിപി ഘടകമാണ് പദ്ധതിക്കുള്ളത്.

പിന്നീട്, കൊച്ചിൻ പോർട്ട് അതോറിറ്റി ഓഫീസിൽ, മത്സ്യോൽപ്പന്ന കയറ്റുമതി മേഖലയിലെ വിദഗ്ധരുമായി ശ്രീ പർഷോത്തം രൂപാല സംവദിച്ചു. സമുദ്രത്തിലെ മലിനീകരണം, സമുദ്രോത്പന്ന സംസ്‌കരണ പ്ലാന്റുകളിലെ മാലിന്യ സംസ്‌കരണം, ഡീസൽ വില തുടങ്ങിയവയെ കുറിച്ച് വിദഗ്ധർ ആശങ്ക ഉന്നയിച്ചു. മത്സ്യ ഉത്പന്ന കയറ്റുമതി മേഖലയിൽ യൂണിഫാം സ്റ്റാൻഡാർഡ് നിയമം നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ട്രോളിംഗിൽ ഉൾപ്പെടെ നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി അവർക്ക് മന്ത്രി ഉറപ്പ് നൽകി.

 



(Release ID: 1931639) Visitor Counter : 94


Read this release in: English , Urdu , Hindi , Tamil , Telugu