രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ സൈന്യം യുഎൻ സമാധാനസേനയുടെ 75-ാം അന്താരാഷ്ട്ര ദിനം ആഘോഷിച്ചു

Posted On: 29 MAY 2023 11:35AM by PIB Thiruvananthpuram



ന്യൂ ഡൽഹി: മെയ് 29, 2023

ഇന്ത്യൻ സൈന്യം യുഎൻ സമാധാന സേനയുടെ 75-ാമത് അന്താരാഷ്‌ട്ര ദിനം ഇന്ന് ആഘോഷിച്ചു. വീരമൃത്യു വരിച്ച സൈനികർക്ക് ന്യൂ ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചുകൊണ്ട് കരസേനാ മേധാവി, ഉപമേധാ
 വി ,  നാവിക, വ്യോമസേന, വിദേശകാര്യ മന്ത്രാലയം, ഐക്യരാഷ്ട്രസഭ എന്നിവയുടെ പ്രതിനിധികൾ എന്നിവർ ചേർന്ന് ആദരാഞ്ജലികൾ അർപ്പിച്ചു.

1948-ൽ ഇന്നേ ദിവസമാണ് ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ സമാധാന ദൗത്യമായ "യുഎൻ ട്രൂസ് സൂപ്പർവിഷൻ ഓർഗനൈസേഷൻ (UNTSO)" ഫലസ്തീനിൽ പ്രവർത്തനം ആരംഭിച്ചത് .

എല്ലാ വർഷവും ഈ ദിനത്തിൽ, യുഎൻ സമാധാന ദൗത്യങ്ങളിൽ സേവനമനുഷ്ഠിച്ച അല്ലെങ്കിൽ ഇപ്പോഴും സേവനമനുഷ്ഠിക്കുന്ന എല്ലാ പുരുഷന്മാരുടെയും വനിതകളുടെയും പ്രൊഫഷണലിസത്തിനും അർപ്പണബോധത്തിനും ധീരതയ്ക്കും യുഎന്നും ലോകമെമ്പാടുമുള്ള രാജ്യങ്ങളും കൃതജ്ഞത അർപ്പിക്കുന്നു, ഒപ്പം സമാധാന ദൗത്യത്തിനായി ജീവൻ ത്യജിച്ചവരുടെ സ്മരണയെ ആദരിക്കുകയും ചെയ്യുന്നു.

യുഎൻ സമാധാന സേനയുടെ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് നിസ്തുലമായ സംഭാവനയുടെ പാരമ്പര്യമുണ്ട്.  കൂടാതെ ഏറ്റവും കൂടുതൽ സൈനികരെ സമാധാന സേനയുടെ പ്രവർത്തനങ്ങൾക്കായി അയക്കുന്ന  രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ഇതുവരെ ഏകദേശം 2,75,000 സൈനികരെ സമാധാന ദൗത്യങ്ങൾക്കായി രാജ്യം അയച്ചിട്ടുണ്ട്. നിലവിൽ 12 യുഎൻ മിഷനുകളിലായി ഏകദേശം 5,900 സൈനികരെ വിന്യസിച്ചിട്ടുണ്ട്. ലോകമെമ്പാടും സമാധാനം ഉറപ്പാക്കാൻ 159 ഇന്ത്യൻ സൈനികർ പരമോന്നത ത്യാഗം വരിച്ചു.

സമാധാന പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നതിനായി ഇന്ത്യൻ സൈന്യം ന്യൂ ഡൽഹിയിൽ സെന്റർ ഫോർ യൂ എൻ പീസ്‌കീപ്പിങ് (CUNPK) സ്ഥാപിച്ചു. ഓരോ വർഷവും 12,000-ത്തിൽ കൂടുതൽ  സൈനികരെ കേന്ദ്രം പരിശീലിപ്പിക്കുന്നു. CUNPK ദേശീയ-അന്തർദേശീയ കോഴ്‌സുകൾ നൽകുകയും മികച്ച സമ്പ്രദായങ്ങൾ പങ്കുവെക്കുന്നതിന്റെ ഭാഗമായി വിദേശ പ്രതിനിധി സംഘങ്ങൾക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്യുന്നു .

യുഎൻ സമാധാന പരിപാലന പരിശീലന മേഖലയിൽ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സൗഹൃദ വിദേശ രാജ്യങ്ങളിലേക്ക് മൊബൈൽ പരിശീലന സംഘങ്ങളെ കേന്ദ്രം പതിവായി അയയ്ക്കുന്നു. രണ്ട് പതിറ്റാണ്ടിനിടെ സ്ഥാപനം മികവിന്റെ കേന്ദ്രമായും അനുഭവങ്ങളുടെയും മികച്ച പ്രവർത്തനങ്ങളുടെയും ശേഖരമായും വികസിച്ചു.
 
RRTN/SKY
 
*************************************************

(Release ID: 1928095) Visitor Counter : 204


Read this release in: English , Urdu , Hindi , Tamil , Telugu