രാജ്യരക്ഷാ മന്ത്രാലയം
സാങ്കേതികമായി പുരോഗമിച്ച സൈന്യം രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ നിർണായകമെന്ന് പ്രതിരോധ മന്ത്രി
Posted On:
25 MAY 2023 2:00PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് 25, 2023
സാങ്കേതികമായി പുരോഗമിച്ച സൈന്യം രാജ്യത്തിൻറെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ നിർണായകമാണെന്ന് പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് പറഞ്ഞു. 25 മെയ് 2023ല്‍ ന്യൂ ഡൽഹിയിൽ നടക്കുന്ന ദ്വിദിന ഡിആർഡിഒ-അക്കാദമിക കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. അതിർത്തികളിൽ ഇരട്ട ഭീഷണി നേരിടുന്ന ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിന് അത്തരം ഒരു സൈന്യം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നമ്മൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരങ്ങൾ കണ്ടെത്തുന്നതിന് ഡി.ആർ.ഡി.ഒ യും അക്കാദമിക സമൂഹവും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന്, 'ഡി.ആർ.ഡി.ഒ- അക്കാദമിയ പങ്കാളിത്തം - അവസരങ്ങളും വെല്ലുവിളികളും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള സമ്മേളനത്തിൽ ശ്രീ രാജ്നാഥ് സിംഗ് പറഞ്ഞു. ഇത്തരത്തിലുള്ള പങ്കാളിത്തം പ്രതിരോധ സാങ്കേതിക വിദ്യകളിൽ മുൻനിര രാജ്യമായി ഇന്ത്യയെ മാറ്റാൻ സഹായക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡി.ആർ.ഡി.ഒയും അക്കാദമിയും തമ്മിലുള്ള സമന്വയത്തിലൂടെ ഡി.ആർ.ഡി.ഒ ക്ക് രാജ്യം ഒട്ടാകെയുള്ള പ്രമുഖ സ്ഥാപനങ്ങളായ IISC, IIT, NIT, മറ്റ് സർവകലാശാലകൾ മുതലായവയിൽ നിന്ന് വൈദഗ്ധ്യമുള്ള മാനവ വിഭവ ശേഷി ലഭിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഡി.ആർ.ഡി.ഒ യുടെ നൂതന സാങ്കേതികവിദ്യയുടെ വികസനത്തിനായുള്ള ഗവേഷണ-വികസന ഫണ്ടും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും ലാബ് സൗകര്യങ്ങളും അക്കാദമിക സമൂഹത്തിനും ലഭ്യമാകും. നമ്മുടെ രാജ്യത്തിൻറെ സ്റ്റാർട്ട്-അപ്പ് സംസ്കാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഈ പങ്കാളിത്തം വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിആർഡിഒയിലെ ശാസ്ത്രജ്ഞരെ ഒരു നിശ്ചിത കാലയളവിലേക്ക് അക്കാദമിക് സ്ഥാപനങ്ങളിൽ ഫാക്കൽറ്റിയായി വിന്യസിക്കുന്നതിന് ഡിആർഡിഒ ശാസ്ത്രജ്ഞരോടും അക്കാദമിക് പ്രവർത്തകരോടും ആലോചിക്കണമെന്നും രക്ഷാ മന്ത്രി അഭ്യർത്ഥിച്ചു. അതേസമയം അക്കാദമിക മേഖലയിലെ വിദഗ്ധർക്കും ഡിആർഡിഒയിൽ ശാസ്ത്രജ്ഞരായി ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിക്കാം.
പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഡി.ആർ.ഡി.ഓ-യിലെയും അക്കാദമിക മേഖലയിലെയും മുതിർന്ന ഗവേഷകരും ചടങ്ങിൽ പങ്കെടുത്തു.
ഡിആർഡിഒയുടെ ആവശ്യകതയ്ക്കും അക്കാദമിക മേഖലയിലെ കഴിവിനും ഇടയിൽ ഒരു പരസ്പര ബന്ധം സൃഷ്ടിക്കുകയാണ് രണ്ട് ദിവസത്തെ കോൺക്ലേവ് ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളമുള്ള 350 ഓളം മുതിർന്ന അക്കാദമിക് വിദഗ്ധർ കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്.
****************
(Release ID: 1927281)
Visitor Counter : 108