പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമൊത്തുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന 

Posted On: 24 MAY 2023 4:34PM by PIB Thiruvananthpuram

പ്രധാനമന്ത്രി അല്‍ബനീസ്
ഇരു രാജ്യങ്ങളിലെയും പ്രതിനിധികളെ,
മാധ്യമ സുഹൃത്തുക്കളെ,

നമസ്‌കാരം!

എന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശന വേളയില്‍ എനിക്കും എന്റെ പ്രതിനിധി സംഘത്തിനും നല്‍കിയ ആതിഥ്യത്തിനും ആദരവിനും ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി അല്‍ബനീസിനും ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. എന്റെ സുഹൃത്ത് പ്രധാനമന്ത്രി അല്‍ബനീസ് ഇന്ത്യ സന്ദര്‍ശിച്ച് രണ്ട് മാസത്തിനുള്ളിലാണ് ഞാന്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഞങ്ങളുടെ ആറാമത്തെ കൂടിക്കാഴ്ചയാണ് ഇത് .

നമ്മുടെ സമഗ്രമായ ബന്ധങ്ങളിലെ ആഴത്തെയും നമ്മുടെ കാഴ്ചപ്പാടുകളിലെ ഒത്തുചേരലിനെയും നമ്മുടെ ബന്ധങ്ങളുടെ പക്വതയെയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ക്രിക്കറ്റിന്റെ ഭാഷയില്‍ ഞാന്‍ പറയുകയാണെങ്കില്‍, നമ്മുടെ ബന്ധം ടി-20 രീതിയിലേക്ക് പ്രവേശിച്ചു

ശ്രേഷ്ഠൻ ,

താങ്കള്‍ ഇന്നലെ പറഞ്ഞതുപോലെ, നമ്മുടെ ജനാധിപത്യ മൂല്യങ്ങളാണ് നമ്മുടെ ബന്ധങ്ങളുടെ അടിത്തറ. നമ്മുടെ ബന്ധം പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമാണ്. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം നമ്മുടെ രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ ജീവനുള്ള ഒരു പാലമാണ്. കഴിഞ്ഞ ദിവസം വൈകുന്നേരത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടിയില്‍ പ്രധാനമന്ത്രി അല്‍ബനീസും ഞാനും ചേര്‍ന്ന് ഹാരിസ് പാര്‍ക്കിന്റെ 'ലിറ്റില്‍ ഇന്ത്യ' അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ വച്ച് പ്രധാനമന്ത്രി അല്‍ബനീസിന്റെ ജനപ്രീതി മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞു.

സുഹൃത്തുക്കളെ,

ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തെ അടുത്ത ദശകത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചാണ് ഇന്ന്, പ്രധാനമന്ത്രി അല്‍ബനീസുമായുള്ള എന്റെ കൂടിക്കാഴ്ചയില്‍, ഞങ്ങള്‍ സംസാരിച്ചത്. പുതിയ മേഖലകളിലെ സഹകരണത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. കഴിഞ്ഞ വര്‍ഷം ഇന്ത്യ-ഓസ്‌ട്രേലിയ ഇ.സി.ടി.എ (ഓസ്‌ട്രേലിയ-ഇന്ത്യ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ട്രേഡ് എഗ്രിമെന്റ്) നിലവില്‍ വന്നു. സമഗ്ര സാമ്പത്തിക സഹകരണ കരാര്‍-സി.ഇ.സി.എയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഇത് നമ്മുടെ വ്യാപാര-സാമ്പത്തിക സഹകരണത്തിന് കൂടുതല്‍ ശക്തിയും പുതിയ മാനങ്ങളും നല്‍കും.
ഖനനം, നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ മേഖലകളില്‍ നമ്മുടെ തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഞങ്ങള്‍ ക്രിയാത്മക ചര്‍ച്ചകള്‍ നടത്തി. പുനരുപയോഗ ഊര്‍ജരംഗത്ത് സഹകരണത്തിനുള്ള മൂര്‍ത്തമായ മേഖലകളും ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഹരിത ഹൈഡ്രജനുമായി ബന്ധപ്പെട്ട് ഒരു ദൗത്യസേന രൂപീകരിക്കാനും തീരുമാനിച്ചു. ഓസ്‌ട്രേലിയന്‍ സി.ഇ.ഒമാരുമായി വിവിധ മേഖലകളിലെ നിക്ഷേപങ്ങളെക്കുറിച്ച് ഇന്നലെ ഞാന്‍ നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നു. ബിസിനസ് വട്ടമേശയില്‍ വ്യാപാരം, നിക്ഷേപം, സാങ്കേതിക സഹകരണം എന്നിവയെക്കുറിച്ച് ഇന്ന് ഞാന്‍ സംസാരിക്കും.
മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് (കുടിയേറ്റ ചലനക്ഷമത) കരാര്‍ ഇന്ന് ഒപ്പുവച്ചു. നമ്മുടെ ജീവനുള്ള പാലത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തും. അനുദിനം വളരുന്ന നമ്മുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനായി ഓസ്‌ട്രേലിയ ബെംഗളൂരുവില്‍ പുതിയ കോണ്‍സുലേറ്റ് തുറക്കുന്നതായി പ്രഖ്യാപിച്ച പ്രകാരം, ഞാന്‍ ഇന്നലെ പ്രഖ്യാപിച്ചതുപോലെ, ഞങ്ങള്‍ ഉടന്‍ തന്നെ ബ്രിസ്‌ബേനില്‍ ഒരു പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റും തുറക്കും.

സുഹൃത്തുക്കളെ,

ഓസ്‌ട്രേലിയയിലെ ക്ഷേത്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ചും വിഘടനവാദികളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി അല്‍ബാനീസും ഞാനും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇന്നും ഈ വിഷയത്തില്‍ ഞങ്ങള്‍ ചര്‍ച്ച നടത്തി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഊഷ്മളവും സൗഹൃദപരവുമായ ബന്ധത്തെ ചിന്തകളിലൂടെയോ പ്രവൃത്തികളിലൂടെയോ ഏതെങ്കിലും ഘടകം ദോഷം ചെയ്യുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി അല്‍ബാനീസ് സ്വീകരിച്ച നടപടികള്‍ക്ക് ഞാന്‍ അദ്ദേഹത്തിന് നന്ദി പറയുന്നു. അതേ സമയം, അത്തരം ഘടകങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി തുടരുമെന്ന് അദ്ദേഹം ഒരിക്കല്‍ കൂടി എനിക്ക് ഉറപ്പുംനല്‍കി.

സുഹൃത്തുക്കളെ,

ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിന്റെ വ്യാപ്തി കേവലം നമ്മുടെ രണ്ട് രാജ്യങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. അത് പ്രാദേശിക സ്ഥിരത, സമാധാനം, ആഗോള ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഹിരോഷിമയില്‍ നടന്ന ക്വാഡ് ഉച്ചകോടിയില്‍ ഇന്തോ-പസഫിക്കിനെ കുറിച്ചും പ്രധാനമന്ത്രി അല്‍ബനീസിനൊപ്പം ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഗ്ലോബല്‍സൗത്തിന്റെ പുരോഗതിയ്ക്കും ഇന്ത്യ-ഓസ്‌ട്രേലിയ സഹകരണം ഗുണം ചെയ്യും. ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി കാണുന്ന വസുധൈവ കുടുംബകത്തിന്റെ ഇന്ത്യന്‍ പാരമ്പര്യമാണ് ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയിലെ കേന്ദ്ര വിഷയം. ജി-20 ലെ ഞങ്ങളുടെ മുന്‍കൈകള്‍ക്ക് ഓസ്‌ട്രേലിയയുടെ പിന്തുണയ്ക്ക് ഞാന്‍ പ്രധാനമന്ത്രി അല്‍ബാനീസിന് ഹൃദയപൂര്‍വ്വം നന്ദി പറയുന്നു.

സുഹൃത്തുക്കളെ,

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യയിലേക്ക് വരാന്‍ പ്രധാനമന്ത്രി അല്‍ബാനീസിനെയും എല്ലാ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ആരാധകരെയും ഞാന്‍ ക്ഷണിക്കുന്നു. ആ സമയത്ത്, ക്രിക്കറ്റിനൊപ്പം, ദീപാവലിയുടെ ഗംഭീരമായ ആഘോഷവും നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

ആദരണീയരെ,

ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കായി ഞാന്‍ വളരെ ആവേശഭരിതനായി നിങ്ങളെ വീണ്ടും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ഒരിക്കല്‍ കൂടി വളരെ നന്ദി!

ND



(Release ID: 1926977) Visitor Counter : 104